മാസങ്ങളോളം
വീടില്ലായ്മയുടെയും പീഡനത്തിന്റെയും
നീണ്ട ഇരുട്ടിലൂടെ നടന്നശേഷം,
ഒടുവിൽ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ
ഞാൻ ഞെട്ടിപ്പോയി.
അവിടെ കണ്ട മുഖം
എന്റേതാണെന്ന്
എനിക്ക് തിരിച്ചറിയാനായില്ല.
കട്ടിയുള്ള താടിയിൽ
നര പടർന്നിരുന്നു;
നെറ്റിയിലാകെ
വഴിതെറ്റിയൊഴുകുന്ന പുഴകളെപ്പോലെ
ചുളിവുകൾ പടർന്നുകിടന്നു.
അവശിഷ്ടങ്ങളുടെ ചാരം
എന്റെ ചർമ്മത്തിൽ
മുറിവുകളുടെ ഭൂപടം വരച്ചിരുന്നു—
നാശത്തിന്റെ നഖങ്ങൾ
എന്നെ കീറിപ്പറിച്ചുവെന്നപോലെ.
മാസങ്ങളുടെ പീഡനം,
അവസാനമില്ലാത്ത ഭയം.
ഓരോ രാത്രിയും
ഒരു ഭയാനക കഥയുമായി വന്നു;
ഓരോ പകലും
മനസ്സിനെ ഊറ്റിയെടുക്കാൻ പോന്ന
ഭീതിയുടെ നിമിഷങ്ങൾ
കൊണ്ടുവന്നു.
ഹൃദയം
ആഴത്തിൽ വേദനിച്ചു—
ജീവിച്ചിരിക്കാനുള്ള
അവസാനത്തെ നേർത്ത മിടിപ്പിൽ
പിടിച്ചുനിന്നുകൊണ്ട്.
ഞാൻ
എനിക്ക് തന്നെ അപരിചിതനായ ഒരാളായി.
ഒരിക്കൽ പരിചയമുണ്ടായിരുന്ന
ഒരു അന്യനെപ്പോലെ
ഞാൻ എന്റെ ഉള്ളിൽ നിന്നു.
അവസാനമില്ലാത്തൊരു യാത്രയിലായിരുന്നു ഞാൻ—
സുരക്ഷിതമായ ഒരിടം തേടി,
എന്റെ മക്കളെയും
എന്റെ സകല ഭാരങ്ങളെയും ചുമന്ന്.
ഭയവും അപകടവും നിറഞ്ഞ
ഒരു കാട്ടിലൂടെ
വഴിതെറ്റിയ കാട്ടുകുതിരയെപ്പോലെ
ഞാൻ ഓടിക്കൊണ്ടിരുന്നു.
തേടിയത്
ഒരു നിമിഷം മാത്രം—
സമാധാനത്തിന്റെ ഒരു നിമിഷം,
സുരക്ഷയുടെ ഒരു നിമിഷം,
വീണ്ടും
ഞാൻ തന്നെയാകാനുള്ള ഒരു നിമിഷം.
***
കവി പരിചയം :

അഹ്മദ് മിഖ്ദാദ്
പലസ്തീനിൽ നിന്നുള്ള കവിയും ആക്ടിവിസ്റ്റുമാണ്. യുദ്ധം, മനുഷ്യജീവിതം, അഭയാർഥിത്വം, സ്വന്തം മണ്ണിൽനിന്നുള്ള വേർപാട് തുടങ്ങിയ അനുഭവങ്ങളുമായി ബന്ധപ്പെട്ട കവിതകളിലൂടെയാണ് അദ്ദേഹത്തിന്റെ രചനകൾ വായനക്കാരിലേക്ക് എത്തുന്നത്.
വിവര്ത്തക പരിചയം :

ഷർമില ഷെറിൻ
കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ജനനം. ഗവൺമെന്റ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ ഫറോക്ക്, ഫാറൂഖ് കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രൊജക്റ്റ് അസിസ്റ്റന്റ്, കോഴിക്കോട് ആകാശവാണി നിലയത്തിൽ ബ്രോഡ്കാസ്റ്റിംഗ് അസിസ്റ്റന്റ്, എന്നീ തസ്തികകകളിൽ പ്രവർത്തിച്ചു. ഇപ്പോൾ മലപ്പുറം പ്രിയദർശിനി കോളേജ് മലയാള വിഭാഗം മേധാവിയാണ്.







No Comments yet!