Skip to main content

എഴുത്തിനെ തിരുത്തുന്ന എഴുത്ത്

പതിറ്റാണ്ടുകളായി കനേഡിയൻ സാഹിത്യത്തിന്റെ അടയാളം രൂപപ്പെട്ടിരിക്കുന്നത് ഭൂപ്രകൃതിയുടെയും അതിജീവനത്തിന്റെയും പശ്ചാത്തലത്തിലാണ്. മാർഗരറ്റ് ആറ്റ്‌വുഡിന്റെ അതിജീവനം എന്ന ആശയം അതിന് ഉദാഹരണമാണ്. കാടും മൂടൽ മഞ്ഞും സൃഷ്ടിക്കുന്ന വിജനത കനേഡിയൻ എഴുത്തിന്റെ പ്രധാന വിഷയമായിരുന്നു.

​എന്നാൽ ആൻ കാഴ്സൺ ഈ പരമ്പരാഗത കനേഡിയൻ അനുഭവ പരിസരത്തു നിന്ന് വ്യത്യസ്തമായ വഴി തുറക്കുന്നു. ഭൂമിശാസ്ത്രപരമായ അതിർത്തികൾക്ക് പകരം സംസ്കാരങ്ങളുടെയും ചരിത്രത്തിന്റെയും അതിർത്തികളെയാണ് കാഴ്സൺ തകർക്കുന്നത്. പുരാതന ഗ്രീക്ക് സാഹിത്യവും ക്ലാസിക്കൽ തത്വശാസ്ത്രവും കാഴ്സണിന്റെ ചിന്തയുടെ കേന്ദ്രമായി മാറുന്നു.

She reimagined antiquity and changed the modern world: what is known about the 2026 Nobel Prize laureate in Literature | УНН

​കനേഡിയൻ കവിതയിലെ പ്രാദേശികതയെ കാഴ്സൺ ആഗോളവും കാലാതീതവുമായ കാവ്യാനുഭവമാക്കി മാറ്റുന്നു. സാഹിത്യരൂപങ്ങളുടെ തരംതിരിവുകളെ അവർ പൂർണ്ണമായി നിരസിക്കുന്നു. കവിത, ഉപന്യാസം, പരിഭാഷ, നാടകം എന്നിവ തമ്മിലുള്ള അതിരുകൾ ഈ കവിയുടെ കൃതികളിൽ മാഞ്ഞുപോകുന്നു.

​മറ്റ് കാനേഡിയൻ എഴുത്തുകാർ സ്വത്വത്തെ ഭൂപടങ്ങളുമായി ബന്ധപ്പെടുത്തിയപ്പോൾ, കാഴ്സൺ സ്വത്വത്തെ വാക്കുകൾക്കിടയിലെ ശൂന്യതയിലാണ് ഉറപ്പിച്ചത്. ഈ ശൂന്യതയാണ് അവരുടെ കാവ്യഭാഷയുടെ കരുത്ത്. ക്ലാസിക്കൽ ഗ്രീക്ക് ഗ്രന്ഥങ്ങളിലെ വിടവുകളും അപൂർണ്ണ തകളും കാഴ്സൺ തന്റെ കവിതകളുടെ പ്രമേയമാക്കുന്നു.

​ലിഖിതചരിത്രം മറച്ചു കളഞ്ഞ ശബ്ദങ്ങളെ വീണ്ടെടുക്കാൻ കാഴ്സൺ ശ്രമിക്കുന്നു. അതിനായി അവർ ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളെ ആധുനിക ജീവിതത്തിലേക്ക് മാറ്റുന്നു. പഴമയും പുതുമയും തമ്മിലുള്ള ഈ സങ്കരസ്വഭാവം കനേഡിയൻ സാഹിത്യത്തിൽ വേറൊരാളിലും കാണാനാകില്ല.

​ചുവപ്പിന്റെ ആത്മകഥ (Autobiography of Red) എന്ന കാവ്യനോവൽ ഈ മാറി നടക്കലിന് മികച്ച ഉദാഹരണമാണ്. ഗ്രീക്ക് കവിയായ സ്റ്റെസിക്കോറസിന്റെ അപൂർണ്ണമായ കവിതയിലെ ഗെരിയോൺ എന്ന രാക്ഷസകഥാപാത്രത്തെയാണ് കാഴ്സൺ ഇതിനായി കടമെടുക്കുന്നത്. ഒരു പുരാണ കഥാപാത്രത്തെ ആധുനിക കനേഡിയൻ നഗര പശ്ചാത്തലമുള്ള ബാലനായി കാഴ്സൺ വീണ്ടെടുക്കുന്നു.

Autobiography Of Red

​ദേശീയതയുടെയോ ഭൂമിശാസ്ത്രത്തിന്റെയോ അതിരുകളിൽ ഒതുങ്ങാത്ത ഒന്നാണ് കാഴ്സന്റെ എഴുത്ത്. കാവ്യഭാഷയെ നിരന്തരം അഴിച്ചുപണിയുന്ന ശൈലിയാണ് കാഴ്സന്റേത് കനേഡിയൻ സാഹിത്യത്തിലെ ആധുനികാനന്തര വായനയിൽ കാഴ്സൺ ഒരു പുതിയ വഴിത്തിരിവായി മാറുന്നത് ഈ തനതു സമീപനം കൊണ്ടാണ്.

​തത്വശാസ്ത്രപരമായ ആഴവും സൗന്ദര്യശാസ്ത്രപരമായ പരീക്ഷണങ്ങളും കാഴ്സന്റെ കവിതകളെ വേറിട്ടുനിർത്തുന്നു. സാഹിത്യത്തെ കേവലം അനുഭവങ്ങളുടെ ആവിഷ്കാരമായി കാണാതെ ചിന്തയുടെയും പരീക്ഷണങ്ങളുടെയും വേദിയായി അവർ കാണുന്നു. ഈ വീക്ഷണം കാനേഡിയൻ സാഹിത്യമേഖലയിൽ കാഴ്സണ് തനതായ ഒരു സ്ഥാനം നൽകുന്നു.

ആത്മകഥ ,പരമ്പരാഗതമായി ഒരു വ്യക്തിയുടെ സ്ഥിരമായ സ്വത്വത്തെയാണ് ആവിഷ്കരിക്കുന്നത്. ഭൂതകാലത്തെ നേർരേഖയിൽ ക്രമീകരിച്ച്, ‘ഞാൻ’ എന്ന സാന്നിധ്യത്തെ ഉറപ്പിച്ചു നിർത്താനാണ് പരമ്പരാഗത ആത്മകഥകൾ ശ്രമിക്കുന്നത്.അതിനായി ഓർമ്മകളെ സത്യസന്ധമായ തെളിവുകളായി സ്വീകരിക്കുന്നു.

​എന്നാൽ ആൻ കാഴ്സൺ ആത്മകഥയെക്കുറിച്ചുള്ള ഈ പരമ്പരാഗത യുക്തിയെ അട്ടിമറിക്കുന്നു. ‘ചുവപ്പിന്റെ ആത്മകഥ’ എന്ന കൃതിയിലൂടെ സ്വത്വം എന്നത് ഉറച്ച ഒന്നല്ലെന്നും, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും അവർ വ്യക്തമാക്കുന്നു. അങ്ങനെ ആത്മകഥ ഒരു സ്വയം വെളിപ്പെടുത്തലാകാതെ സ്വത്വത്തിന്റെ പുനർവായനയായി മാറുന്നു.

സ്റ്റെസിക്കോറസ് എന്ന ഗ്രീക്ക് കവിയുടെ അപൂർണ്ണമായ കവിതയിലെ ഗെരിയോൺ എന്ന ചുവന്ന ചിറകുകളുള്ള രാക്ഷസനാണ് ഈ കൃതിയിലെ കേന്ദ്രകഥാപാത്രം. ഒരു രാക്ഷസൻ തന്റെ ആത്മകഥ എഴുതുന്നു എന്ന ആശയം സാധാരണ ആത്മകഥാ സങ്കൽപ്പങ്ങളെ തകർക്കുന്നു. മനുഷ്യകേന്ദ്രീകൃതമായ സ്വത്വബോധത്തെ കാഴ്സൺ ഇവിടെ മറികടക്കുന്നു.

​ഗെരിയോണിന്റെ ആത്മകഥ വാക്കുകളിലൂടെ അല്ല വികസിക്കുന്നത്. ചെറുപ്പത്തിൽ ശില്പങ്ങളുണ്ടാക്കിയും പിന്നീട് ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുത്തുമാണ് തന്റെ ജീവിതം അവൻ രേഖപ്പെടുത്തുന്നത്. ചിത്രങ്ങളിലൂടെയുള്ള ഈ ആത്മകഥാ രചന സ്വത്വത്തെ നിശ്ചലമായ ഒന്നായിട്ടല്ല അടയാളപ്പെടുത്തുന്നത് കാഴ്ചകളുടെ മാറ്റങ്ങളായാണ് അടയാളപ്പെടുത്തുന്നത്.

​ഫോട്ടോഗ്രാഫി ഗെരിയോണിന്റെ അന്യവൽക്കരിക്കപ്പെട്ട അവസ്ഥയെ അഭിമുഖീകരിക്കാനുള്ള മാധ്യമമാണ്. ആത്മകഥ സ്വയം കാണാനുള്ളതല്ലെനും തന്നിലെ ‘അന്യനെ’ കണ്ടെത്തൽ കൂടിയുള്ളതാണെന്നും കാഴ്സൺ വ്യക്തമാക്കുന്നു. ഗെരിയോണിന്റെ ചുവപ്പുനിറവും ചിറകുകളും അവൻ നേരിടുന്ന വേറിട്ട അനുഭവത്തിന്റെ പ്രതീകങ്ങളാണ്.

​ഗെരിയോണിന്റെ ഉള്ളിലെ ചുവപ്പുനിറം കേവലം ഒരു ജീവന്റെ നിറമല്ല. അവന്റെ വൈകാരികതയുടെയും സ്വത്വത്തിന്റെയും നിറമാണ്. ബാഹ്യലോകം അവനെ ഒരു രാക്ഷസനായി കാണുമ്പോൾ, അവൻ തന്റെ ആന്തരിക ലോകത്തെ കലയിലൂടെ പുനർനിർമ്മിക്കുന്നു. അങ്ങനെ സ്വത്വം എന്നത് ജനനത്തോടെ പൂർണ്ണമാകുന്ന ഒന്നല്ലാതാകുന്നു .അത് നിരന്തരമായ നിർമ്മിതിയാണെന്ന് കാഴ്സൺ വ്യക്തമാക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണത്.ഗെരിയോണിന്റെ ജീവിതം നിരന്തരം അന്യമാക്കപ്പെട്ടതാണ്. രൂപാന്തരം സംഭവിക്കുന്നതുമാണ്. തന്നിലേക്ക് താൻ ഒതുങ്ങുന്നതിനു പകരം, അവൻ ചുറ്റുമുള്ള ലോകത്തിലേക്കും കലയിലേക്കും പ്രണയത്തിലേക്കും പടരുകയാണ് ചെയ്യുന്നത്. ആത്മകഥ , ഒരു നിശ്ചിത വ്യക്തിത്വത്തിന്റെ കഥയല്ലാതായി മാറുന്നു.

​ഭാഷയുടെ അപൂർണ്ണതയെക്കുറിച്ചും കാഴ്സണ് ബോധ്യമുണ്ട്. ഗ്രീക്ക് പാഠത്തിന്റെ വിളളലുകളിൽ നിന്നാണ് ഗെരിയോണിന്റെ കഥ ഉണ്ടാകുന്നത്. അപൂർണ്ണമായ ഭാഷയിലൂടെ പൂർണ്ണമായ ഒരു ആത്മകഥ സാധ്യമല്ലെന്ന് കാഴ്സൺ ഇതുവഴി ഓർമ്മിപ്പിക്കുന്നു.സ്വത്വം എന്നാൽ പൂർവ്വ നിശ്ചിതമായ ഒന്നല്ലെന്നും, അത് നിരന്തരം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണെന്നും ഈ കൃതി തെളിയിക്കുന്നു. തത്വചിന്തയും കാവ്യാനുഭവവും ഒന്നിക്കുന്ന ഒരു പുതിയ സാഹിത്യമേഖലയാണ് ഇതുവഴി തുറന്നിടുന്നത് അതോടൊപ്പം സ്വത്വത്തെ നിശ്ചലവും പൂർണ്ണവുമായ ഒന്നായി കാണുന്ന പരമ്പരാഗത യുക്തിയെ അത് എതിർക്കുന്നു. നിരന്തരമായ പ്രവാഹവും രൂപാന്തരപ്പെടലുമാണ് ജീവന്റെ പ്രകൃതം.

​ഒരു വ്യക്തി മറ്റൊന്നാകുന്ന പ്രവർത്തനം അനുകരണമല്ല. അത് പുതിയൊരു സാധ്യതയിലേക്ക് സ്വയം തുറക്കലാണ്. ഏതെങ്കിലും ഒരു നിശ്ചിത ഘട്ടത്തിൽ അവസാനിക്കുന്ന മാറ്റമല്ല സ്ഥിരാന്തരപരിണാമം.

​ചുവപ്പിന്റെ ആത്മകഥയിൽ ഗെരിയോണിന്റെ ജീവിതം സ്ഥിരാന്തര പരിണാമംഎന്ന ആശയത്തിന്ന് മികച്ച ഉദാഹരണമാണ്. അവൻ പൂർണ്ണമായും മനുഷ്യനോ തികച്ചും രാക്ഷസനോ അല്ല. ഇവയ്ക്കിടയിലുള്ള അവസ്ഥയിലാണ് അവൻ ജീവിക്കുന്നത്.

​ചുവന്ന ചിറകുകളും അസാധാരണമായ ശരീരവും അവനെ മനുഷ്യകേന്ദ്രീകൃത അതിരുകൾക്ക് പുറത്താക്കുന്നു. രാക്ഷസനായിത്തീരൽ ഇവിടെ അപരത്വത്തെ സ്വീകരിക്കലായി മാറുന്നു. ആ അപരത്വം അവന് ലോകത്തെ കാണാൻ വേറിട്ടൊരു കാഴ്ചപ്പാട് നൽകുന്നു.

​അങ്ങനെ ഗെരിയോണിനുള്ളിലെ ചുവപ്പുനിറം കേവലം ഒരു നിറമല്ലാതാകുന്നു. അത് സ്ഥിരാമായി പരിണമിക്കുന്ന ചുവപ്പ് എന്ന ആന്തരിക അനുഭവമാണ്. അത് അവന്റെ ഉള്ളിലെ അഗ്നിയും വികാരങ്ങളും ആഗ്രഹങ്ങളും അടയാളപ്പെടുത്തുന്നു.

​ഹെരാക്കിൾസുമായുള്ള പ്രണയം ഗെരിയോണിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണ്. പ്രണയത്തിലൂടെ അവൻ അപരനായിത്തീരുന്നു. എന്നാൽ ഈ പ്രണയഭംഗം അവനെ തകർക്കാതെ പുതിയൊരു ആന്തരിക മാറ്റത്തിലേക്ക് നയിക്കുന്നു.

​ക്യാമറ കൈയിലെടുക്കുന്നതോടെ ഗെരിയോൺ കാഴ്ചയുടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നു. ഫോട്ടോഗ്രാഫിയിലൂടെ അവൻ സ്ഥിരാന്തര പ്രതിബിംബത്തെ സാധ്യമാക്കുന്നു. പിന്നീട് അവൻ ലോകത്തെ നിരീക്ഷിക്കുന്നത് സ്വന്തം ക്യാമറയുടെ ലെൻസിലൂടെയാകുന്നു.

​ദക്ഷിണ അമേരിക്കയിലെ അഗ്നിപർവ്വത യാത്ര ഗെരിയോണിന്റെ രൂപാന്തരപ്പെടലിന്റെ പരമകോടിയിലെത്തിക്കുന്നു. അഗ്നിപർവ്വതത്തിന്റെ ചുവപ്പും ചൂടും അവനിൽ അഗ്നിപർവ്വതാവസ്ഥ സൃഷ്ടിക്കുന്നു. അവൻ തന്റെ ചിറകുകളുടെ യഥാർത്ഥ ശേഷി ഇവിടെവെച്ച് തിരിച്ചറിയുന്നു.

​ചിറകുകൾ ശാപമോ വൈകല്യമോ അല്ലാതാകുന്നു. അത് അതിരുകളെ മറികടക്കാനുള്ള ശേഷിയായി തിരിച്ചറിയുന്നു. കാഴ്സൺ, ഗെരിയോണിനെ ഭൂമിക്കും ആകാശത്തിനും ഇടയിലുള്ള നിരന്തരമായ ഒരു പ്രവാഹമായി തിരിച്ചു വിടുന്നു.ഇതിലൂടെ അവസാനമില്ലാത്ത ഒരു യാത്രയാണ് സ്വത്വം എന്ന് കാഴ്സന്റെ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.

ഗ്രീക്ക് പുരാണങ്ങളെയും ക്ലാസിക്കൽ സാഹിത്യത്തെയും പുനർവായിക്കുക എന്നത് ആൻ കാഴ്സന്റെ പ്രമേയസ്വഭാവമാണ്. പുരാതനമായ കഥകളെ ആധുനിക മനുഷ്യന്റെ ആന്തരിക ജീവിതത്തിലേക്ക് മാറ്റിയെഴുതാൻ അവർ പുരാണങ്ങളെ ഉപാധിയാക്കുന്നു എന്നാണ് തിരിച്ചറിയേണ്ടത്.

​ബിസി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്റ്റെസിക്കോറസ് എന്ന ഗ്രീക്ക് കവിയുടെ ഗെരിയോണെയ്സ് എന്ന അപൂർണ്ണ കാവ്യമാണ് ഇതിന് ആധാരം. ഹെരാക്കിൾസ് ,ഗെരിയോൺ എന്ന രാക്ഷസനെ വധിച്ച് അവന്റെ ചുവന്ന പശുക്കളെ കവരുന്നതാണ് പരമ്പരാഗത ഗ്രീക്ക് പുരാണം.എന്നാൽ കാഴ്സൺ ഈ പരമ്പരാഗത വീരകഥയെ തികച്ചും വ്യത്യസ്തമായ രീതിയിൽ പുനർനിർമ്മിക്കുന്നു. പുരാണത്തിലെ വില്ലനായ ഗെരിയോണിനെ അവർ കഥയുടെ വൈകാരിക കേന്ദ്രവും നായകനുമാക്കുന്നു.

​പരമ്പരാഗതമായി വീരനായകനായ ഹെരാക്കിൾസ് , ഗെരിയോണിന്റെ ജീവിതത്തിലേക്ക് തകർച്ചയും വേദനയും കൊണ്ടുവരുന്ന കഥാപാത്രമായി മാറുന്നു. വീരത്വത്തെക്കുറിച്ചുള്ള ക്ലാസിക്കൽ സങ്കൽപ്പങ്ങളെ കാഴ്സൺ ഇവിടെ അട്ടിമറിക്കുന്നു.പുരാണങ്ങൾ നിശ്ചലമായ ചരിത്രശേഷിപ്പുകളല്ലെന്ന് ഈ പുനർവായന വ്യക്തമാക്കുന്നു. അവ വർത്തമാനകാലത്തെ അനുഭവങ്ങളോട് നിരന്തരം സംവദിക്കുന്ന ചലന രൂപങ്ങളാണെന്ന് കാട്ടിത്തരുന്നു.

​പുരാണത്തിലെ ക്രൂരനായ രാക്ഷസൻ ആധുനിക ലോകത്തിൽ സൂക്ഷ്മ വൈകാരികതയുള്ള ഒരു കലാകാരനായി മാറുന്നു. ശാരീരികമായ അപരത്വം അവന്റെ ആന്തരിക ഭംഗിയുടെ അടയാളമായി അനുഭവപ്പെടുന്നു.ഇതിലൂടെ പുരാതനവും ആധുനികവുമായ ലോകങ്ങൾ തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്നു. കാലങ്ങളെ മറികടന്ന് വ്യക്തി അനുഭവിക്കുന്ന വേദനയുടെ പൊതുസ്വഭാവം പുനർവായന വെളിപ്പെടുത്തുന്നു.

​കഥാപാത്രങ്ങളുടെ ഈ സ്ഥാനമാറ്റം സാഹിത്യചരിത്രത്തോടുള്ള കാഴ്സന്റെ രാഷ്ട്രീയമായ പ്രതികരണമാണ്. ഇതിലൂടെ ചരിത്രത്തിൽ നിശബ്ദരാക്കപ്പെട്ടവർക്ക് ശബ്ദം നൽകുകയാണ് കാഴ്സൺ ചെയ്യുന്നത്.

ആൻ കാഴ്സന്റെ മറ്റ് കൃതികളിലും ഭാഷയുടെയും നിശ്ശബ്ദതയുടെയും പ്രമേയങ്ങൾ ശക്തമായി കടന്നുവരുന്നതു കാണാം. ചുവപ്പിന്റെ ആത്മകഥയിലെപ്പോലെ തന്നെ ഇവയിലും വേദനയുടെ ആഴം പ്രകടമാണ്.

​ദി ഗ്ലാസ് എസ്സേ എന്ന കവിത പ്രണയനഷ്ടവും അതിൽനിന്നുണ്ടാകുന്ന ആന്തരിക തകർച്ചയുമാണ് ചർച്ച ചെയ്യുന്നത്. കവി,തന്റെ വ്യക്തിപരമായ വേദനയെ എമിലി ബ്രോണ്ടിയുടെ ജീവിതത്തോടും കൃതികളോടും ചേർത്തുനിർത്തുന്നു.

​വേദനയെ കേവലം വിലാപമായി കാണാതെ അതിനെ തത്വശാസ്ത്രപരമായി വിലയിരുത്താനാണ് കാഴ്സൺ ശ്രമിക്കുന്നത്. ഏകാന്തതയും ദുഃഖവും മനുഷ്യ- കാഴ്ചപ്പാടിനെ എങ്ങനെ മാറ്റുന്നു എന്ന് ഈ കവിത വ്യക്തമാക്കുന്നു.

​ഷോർട്ട് ടോക്സ് എന്ന സമാഹാരത്തിൽ ചുരുങ്ങിയ വരികളിലൂടെ വലിയ ആശയങ്ങൾ കൈമാറുന്നു. നിശബ്ദതയ്ക്ക് വാക്കുകളേക്കാൾ പ്രാധാന്യമുണ്ടെന്ന് ഈ കവിതകൾ തെളിയിക്കുന്നു.അങ്ങനെ പറയാതെ ബാക്കിവെക്കുന്ന കാര്യങ്ങളിലൂടെ കാഴ്സന്റെ കവിതകളുടെ ജീവൻ തുടിക്കുന്നു. ഇതു വഴി ഭാഷയുടെ അതിരുകളെ നിശ്ശബ്ദതകൊണ്ട് വികസിപ്പിക്കുകയാണ് കവി ചെയ്യുന്നത്.

​മെൻ ഇൻ ദി ഓഫ് അവേഴ്സ് എന്ന കൃതിയിൽ ചരിത്രവും വ്യക്തിപരമായ ദുഃഖവും തമ്മിൽ ഒന്നിപ്പിക്കുന്നു. സ്വന്തം അമ്മയുടെ മരണം കാഴ്സൺ ഇതിൽ ആവിഷ്കരിക്കുന്നുണ്ട്.
​മരണം സൃഷ്ടിക്കുന്ന ശൂന്യതയെ പൂർണ്ണമായി ഉൾക്കൊള്ളാൻ സാധാരണ ഭാഷയ്ക്ക് കഴിയില്ലെന്ന് കാഴ്സൺ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ അക്ഷരങ്ങൾക്കിടയിലെ വിടവുകൾ അവിടെ നിർണ്ണായകമാകുന്നു.
​വേദന അനുഭവിക്കുന്ന മനുഷ്യൻ ഭാഷയുടെ പരമ്പരാഗത യുക്തിയിൽനിന്ന് പുറത്തുകടക്കുന്നു. ഈ പുറത്തുകടക്കൽ പുതിയൊരു കാവ്യാനുഭവത്തിന് വഴിയൊരുക്കുന്നു.ചരിത്രത്തിലെയും വർത്തമാനത്തിലെയും നിശബ്ദതകളെ ദുഃഖത്തിന്റെ പശ്ചാത്തലത്തിൽ കാഴ്സൺ വായിച്ചെടുക്കുന്നു. വ്യക്തിപരമായ ദുഃഖം പൊതുവായ മനുഷ്യാനുഭവമായി മാറുന്നു.

​ഭാഷ നിശ്ശബ്ദതയിലേക്ക് വഴിമാറുന്നിടത്താണ് കാഴ്സന്റെ കവിത പൂർണ്ണമാകുന്നത്. ചിന്തയെയും വികാരത്തെയും ഒരുപോലെ ഉൾക്കൊള്ളാൻ ഈ രീതിക്ക് സാധിക്കുന്നു.

അതുപോലെ ആൻ കാഴ്സന്റെ കവിതകളിൽ ശരീരവും ലിംഗപദവിയും സുസ്ഥിരമായ സങ്കൽപ്പങ്ങളല്ല. ആണധികാര കേന്ദ്രീകൃതമായ പരമ്പരാഗത നിർവ്വചനങ്ങളെ അവർ നിരന്തരം ചോദ്യം ചെയ്യുന്നു.

​ചുവപ്പിന്റെ ആത്മകഥയിലെ ഗെരിയോണിന്റെ ശരീരം ഇതിന് മികച്ച ഉദാഹരണമാണ്. സാധാരണ മനുഷ്യ ശരീരങ്ങളുടെ മാനദണ്ഡങ്ങൾക്ക് പുറത്താണ് അവൻ ജീവിക്കുന്നത്. ചിറകുകളും ചുവപ്പുനിറവുമുള്ള അവൻ ഒരു പരമ്പരാഗത ആണോ പെണ്ണോ അല്ല.

​ഹെരാക്കിൾസുമായുള്ള ഗെരിയോണിന്റെ ബന്ധം ക്വിയർ സൗന്ദര്യശാസ്ത്രത്തിന്റെ തലത്തിലാണ് വികസിക്കുന്നത്. ഈ പ്രണയം കേവലം ഒരു ലൈംഗിക തിരഞ്ഞെടുപ്പല്ല. അത് വ്യവസ്ഥാപിതമായ കുടുംബ സങ്കൽപ്പങ്ങൾക്കും ലിംഗ വർഗ്ഗീകരണങ്ങൾക്കും പുറത്തുനിൽക്കുന്ന ഒന്നാണ്.

​ക്വിയർ സ്വത്വം നേരിടുന്ന ഏകാന്തതയും ഒറ്റപ്പെടലും കാഴ്സൺ വളരെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. സമൂഹം വിചിത്രമെന്നും രാക്ഷസീയമെന്നും മുദ്രകുത്തുന്ന ശരീരത്തെ അവർ അതി തീവ്രമായ ആന്തരിക ഭംഗിയോടെ അവതരിപ്പിക്കുന്നു.ശരീരം ഒരു രാഷ്ട്രീയ ഇടമായി കാഴ്സന്റെ എഴുത്തിൽ മാറുന്നു. അത് അനുഭവങ്ങളുടെയും മുറിവുകളുടെയും ശേഖരമാണ്. ജൈവികമായ അതിരുകൾക്കപ്പുറം വികസിക്കുന്ന ഒന്നാണ് ശരീരം.

​ഗ്രീക്ക് പുരാണങ്ങളിലെ പുരുഷാധിപത്യ യുക്തിയെ അട്ടിമറിക്കാൻ കാഴ്സൺ ക്വിയർ കാഴ്ചപ്പാടുകൾ ഉപയോഗിക്കുന്നു. വീരനായകനായ പുരുഷന്റെ പരമ്പരാഗത പ്രതിച്ഛായയെ അവർ ഇതിലൂടെ തകർക്കുന്നു.

​സ്ത്രീ അനുഭവങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട ശരീരങ്ങളും അവരുടെ കാവ്യലോകത്ത് വലിയ പ്രാധാന്യം നേടുന്നു. പരമ്പരാഗതമായി മറച്ചുവെക്കപ്പെട്ട പെൺവേദനകളെയും ആഗ്രഹങ്ങളെയും അവർ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നു.

​ലിംഗപരമായ അതിരുകൾ മായ്ച്ചുകളയുന്നതിലൂടെ ഒരു പുതിയ സ്വാതന്ത്ര്യമാണ് കാഴ്സൺ പുറത്തിടുന്നത്. ശരീരം ഒരു അടഞ്ഞ വ്യവസ്ഥയല്ലെന്നും അത് നിരന്തരമായ രൂപാന്തരീകരണത്തിന്റെ ഉപാധിയാണെന്നും ഈ കവിതകൾ തെളിയിക്കുന്നു.

Who is Anne Carson, the Canadian author who won the 2026 Nobel Prize in  Literature? - The Economic Times

ക്ലാസിക്കൽ വിവർത്തനം ആൻ കാഴ്സണ് കേവലം ഒരു ഭാഷാന്തരീകരണമല്ല. അത് തത്വശാസ്ത്ര- രാഷ്ട്രീയ പ്രവർത്തനമാണ്.

​ഗ്രീക്ക് സാഹിത്യ പണ്ഡിത എന്ന നിലയിൽ അവർ പ്രാചീന പാഠങ്ങളെ സൂക്ഷ്മമായി സമീപിക്കുന്നു. എന്നാൽ അക്കാദമിക് ലോകത്തിന്റെ നിശ്ചലമായ നിയമങ്ങളെ അവർ പൂർണ്ണമായും അംഗീകരിക്കുന്നില്ല.സാഫോ, ഈസ്കിലസ്, യൂറിപ്പിഡീസ് തുടങ്ങിയവരുടെ കൃതികൾ കാഴ്സൺ വിവർത്തനവും ചെയ്യുന്നു. വിവർത്തനത്തെ ഒരു പുതിയ സർഗ്ഗാത്മക സൃഷ്ടിയായാണ് അവർ കാണുന്നു.

​മൂലകൃതിയുടെ സൗവർണ്യം കാഴ്സൺ അട്ടിമറിക്കുന്നു. പ്രാചീന കൃതികളിലെ വിടവുകളും അപൂർണ്ണതകളും അവർ വിവർത്തനത്തിന്റെ ഭാഗമാക്കുന്നു.സാഫോയുടെ കവിതകളിലെ ഉടഞ്ഞ വരികളെ കാഴ്സൺ മാറ്റമില്ലാതെ നിലനിർത്തുന്നു. അത്തരം വിടവുകൾ ഭാഷയുടെ അതിരുകളെയും നിശബ്ദതയെയും പ്രതിനിധീകരിക്കുന്നുവെന്ന ഉറപ്പോടെ.

​പുരുഷാധിപത്യപരമായ കാഴ്ചപ്പാടിലൂടെയാണ് ഗ്രീക്ക് കൃതികൾ വിവർത്തനം ചെയ്തിരിക്കുന്നത്. ഇത് അക്കാദമിക് രീതിയിലെ ലിംഗപരമായ പക്ഷപാതമാണ്.അതിനെ കാഴ്സൺ തുറന്നുകാട്ടുന്നു.ആധുനിക ഭാഷാ ശൈലികളും പ്രാചീനമായ വാക്കുകളും അവർ വിവർത്തനത്തിൽ കൂട്ടിക്കലർത്തുന്നു. അത് കാലങ്ങൾ തമ്മിലുള്ള ചരിത്രപരമായ അകലത്തെ ഇല്ലാതാക്കുന്നു.

​വിവർത്തനം എന്നത് മൂലകൃതിയോടുള്ള നിരന്തരമായ സംവാദമാണ്. അത് നിശ്ചലമായ കൃതിക്ക് പുതു ജീവൻ നൽകുന്ന പ്രവൃത്തനമാണ്.
​കൂടാതെ ചരിത്രത്തിൽ മറഞ്ഞുപോയ ശബ്ദങ്ങളെ വീണ്ടെടുക്കാൻ കാഴ്സൺ തന്റെ വിവർത്തന രീതിശാസ്ത്രം ഉപയോഗിക്കുകയും ചെയ്യുന്നു. അത് ക്ലാസിക്കൽ പഠന മേഖലയിൽ വലിയൊരു മാറ്റത്തിനും വഴിതുറന്നു.

ആധുനികാനന്തര കാവ്യസൗന്ദര്യശാസ്ത്രത്തിന്റെ സവിശേഷമായ ആവിഷ്കാരമാണ് ആൻ കാഴ്സന്റെ എഴുത്തുകളിൽ കാണുന്നത്. പരമ്പരാഗത സാഹിത്യരൂപങ്ങളുടെ അതിരുകളെ അട്ടിമറിക്കുക എന്നത് അവരുടെ പ്രധാന ശൈലിയാണ്.

​ആധുനികോത്തരതയുടെ പ്രധാന സവിശേഷതകളായ പാഠാന്തരത, അധ്യായങ്ങളുടെ ഖണ്ഡന സ്വഭാവം, അപൂർണ്ണത എന്നിവ അവരുടെ കവിതകളിൽ ഉടനീളം ദൃശ്യമാണ്. ചരിത്രത്തിലെയും പുരാണത്തിലെയും പാഠങ്ങളെ അവർ വർത്തമാനകാലത്തെ ചിന്തകളുമായി കൂട്ടിയോജിപ്പിക്കുന്നു.എഴുത്ത് എന്നത് പൂർണ്ണമായ ഒരു സത്യമല്ലെന്ന ബോധ്യത്തോടെ ആണ് കാഴ്സൺ അതുചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്വന്തം പാഠങ്ങളെ അവർ നിരന്തരം ചോദ്യം ചെയ്യുകയും പുനഃപരിശോധിക്കുകയും ചെയ്യുന്നു.പണ്ഡിതോചിതമായ അറിവിനെയും വൈകാരികമായ കാവ്യാനുഭവത്തെയും ഒരുപോലെ സമന്വയിപ്പിക്കാൻ അവർക്ക് അതുവഴി സാധിക്കുന്നു.ക്ലാസിക്കൽ പഠനങ്ങളെ അക്കാദമിക് അതിരുകളിൽനിന്ന് പുറത്തെടുത്ത് സർഗ്ഗാത്മക സാഹിത്യത്തിന്റെ ഭാഗമാക്കാൻ അവർക്ക് കഴിഞ്ഞുവെന്നത് ലോക സാഹിത്യത്തിന് ലഭിച്ച വലിയൊരു സംഭാവനയാണ്.

​കാവ്യനോവൽ, ഹൈബ്രിഡ് ഉപന്യാസം എന്നീ സാഹിത്യരൂപങ്ങൾക്ക് പുതിയ ജനപ്രീതിയും അർത്ഥവും നൽകാൻ കാഴ്സന്റെ കൃതികൾക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പുതിയ തലമുറയിലെ സമകാലിക എഴുത്തുകാർക്ക് അവർ വലിയൊരു പ്രചോദനമായി മാറി.

​കനേഡിയൻ സാഹിത്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളിൽനിന്ന് തുടങ്ങി ക്ലാസിക്കൽ ഗ്രീക്ക് പുരാണങ്ങളുടെ പുനർവായനയിലൂടെ വികസിച്ചതാണ് കാഴ്സന്റെ കാവ്യലോകം.ആത്മകഥയുടെ സ്ഥിരതയുള്ള സ്വത്വസങ്കൽപ്പങ്ങളെ തകർത്ത്, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രവാഹമായി സ്വത്വത്തെ അവർ അടയാളപ്പെടുത്തി എന്നത് സവിശേഷമായ ഒന്നാണ് . ശരീരത്തിന്റെ രാഷ്ട്രീയം, ക്വിയർ അനുഭവങ്ങൾ, വിവർത്തനത്തിന്റെ വിപ്ലവകരമായ വായന എന്നിവയെല്ലാം ഇതിലൂടെ വെളിപ്പെടുന്നു.

​നിശ്ശബ്ദതയും ദുഃഖവും ഭാഷയുടെ അതിരുകളോട് സംവദിക്കുന്ന ഈ കാവ്യപ്രയാണം സാഹിത്യത്തിന്റെ സാധ്യതകളെ വിപുലമാക്കുന്നു. മനുഷ്യന്റെ ആന്തരിക അനുഭവങ്ങളെയും തത്വചിന്തയെയും കൂട്ടിയിണക്കുന്നതിൽ ആൻ കാഴ്സന്റെ സാഹിത്യം കാലാതീതമായ ഒന്നായി അങ്ങനെ മാറുന്നു.

​ ​പ്രണയം, വിരഹം, ദുഃഖം, നിശബ്ദത എന്നിവയെ കേവലം വികാരങ്ങളായി കാണാതെ തത്വചിന്താപരമായ അന്വേഷണങ്ങളാക്കി മാറ്റാൻ കാഴ്സണ് സാധിക്കുന്നു. ക്വിയർ സൗന്ദര്യശാസ്ത്രം, ശരീരത്തിന്റെ രാഷ്ട്രീയം, വിവർത്തനത്തിലെ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവയിലൂടെ അവർ ആധുനിക സാഹിത്യത്തിൽ തനതായ ഒരു പാത വെട്ടിത്തുറക്കുന്നു.

​അപൂർണ്ണമായ ഭാഷയ്ക്കുള്ളിലെ അപൂർണ്ണതകളെയും നിശ്ശബ്ദതകളെയും കാവ്യാനുഭവമാക്കി മാറ്റുന്നിടത്താണ് കാഴ്സൺ മാറുന്നത്. ചരിത്രത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകിക്കൊണ്ട്, കവിതയും ഉപന്യാസവും തമ്മിലുള്ള അതിരുകൾ മായ്ച്ചുകളയുന്ന ഈ സാഹിത്യസമീപനം എഴുത്തിനെ തിരുത്തുന്നു.തിരുത്തിക്കൊണ്ട് എഴുത്തിന്റെ മറുകരയിലേക്ക് “നോക്സി”ലെ സഹോദരനെ തേടി അലയുന്നതു പോലെ.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.