രാത്രിയില്‍ മാത്രം തുറക്കുന്ന
ജനാലകളുള്ള
ഒരു വീടുണ്ടെനിക്ക്….
മുറിയിലാകെ
ഇരുട്ട് നിറയുമ്പോള്‍
ലഹരി നുണഞ്ഞുമയങ്ങിയ
ആത്മാക്കളെ ഒറ്റക്കാക്കി
ഞാനാ ജനാലയിലൂടെ
പുറത്തേക്കിറങ്ങും.
നിലാവപ്പോള്‍
ഇരുട്ടില്‍നിന്ന് വേര്‍പെട്ട്
നിഴലുറങ്ങുന്ന വഴികളില്‍
എനിക്ക് വഴികാട്ടിയാകാന്‍
ഓടിവരും.
ചേലുള്ളൊരു നിശാശലഭം
ദിക്കറിയാതെ,
പൂവിന്‍ മണം തേടി
എനിക്ക് ചുറ്റും പാറിക്കളിക്കും….
പുല്ലാഞ്ഞികാടുകളുടെ
മറപറ്റി
ഇണചേരുന്ന രണ്ടുരഗങ്ങള്‍
രതിഭംഗം നേരിട്ട
പകയോടെയപ്പോള്‍
എനിക്കുനേരെ ഒന്നിച്ചുചീറ്റും…..
പാമ്പും പഴുതാരയും
പാടത്തിന്‍ കരയിലെ തവളകളും
എന്നേക്കളെത്രയോ
ഭാഗ്യവതികളെന്ന്
തന്നത്താന്‍ ഞാനപ്പോള്‍
പരിഹസിച്ച് ചിരിക്കും…
ഇരുട്ട് വെളിച്ചത്തിലേക്ക്
മറയാന്‍ തുടങ്ങുമ്പോള്‍
കനം തൂങ്ങുന്ന
കാണ്‍പോളകള്‍ക്ക്
മോക്ഷം കൊടുത്ത്
ഞാനാ
ജനാലകള്‍ വീണ്ടും
ഭദ്രമായി അടച്ചിടും.
നാളെയും തുറക്കേണ്ടതാണ്…
***








No Comments yet!