Skip to main content

മരിച്ചുകിടക്കുമ്പോൾ

മരിച്ചു കിടക്കുമ്പോൾ
കണ്ണുകൾ പാതി തുറന്നു
ചുറ്റിലും കണ്ണോടിക്കണം.
പതുങ്ങിയ ശബ്ദങ്ങൾക്ക്
കാതോർക്കണം.
സാധ്യമാകില്ല. എങ്കിലും ,
കൃത്രിമബുദ്ധിയെ വിശ്വസിച്ച്
വൃഥാ ശ്രമിക്കുക.

മുറിയിൽ മരണഗന്ധമുള്ള
ചന്ദനപ്പുകയിലൂടെ
ഒരിക്കലും കാണില്ലെന്ന് കരുതിയ
പുതിയതും പഴയതുമായ
പരിചിത മുഖങ്ങൾ
നിലാവില്ലാത്ത ഗ്രഹങ്ങളെ പോലെ
പതുക്കെ പ്രദക്ഷിണം വയ്ക്കുന്നുണ്ടാകും.

വിധവയായെന്നു വിലപിച്ച് കൊണ്ട്
അകത്ത് പത്നി നെഞ്ച്പൊട്ടി
കരയുന്നുണ്ടാകും.

സ്വത്ത് വിഹിതത്തിന്
സാവകാശം ചോദിച്ചതിന്
നെഞ്ചിൽ തൊഴിച്ച മകന്റെ
കണ്ണിൽ ആനന്ദ ബാഷ്പം കാണാം
വിദേശത്തുനിന്നും വന്ന മകൾ
കുഞ്ഞിന് ജാലകത്തിലൂടെ
ജന്മനാടിന്റെ മനോഹാരിത
കാണിക്കുകയാകും.

കടം വാങ്ങിയവരുടെ ചുണ്ടിലെ
ചെറുപുഞ്ചിരി കണ്ടതായി നടിക്കരുത്.
അടുത്ത കൂട്ടുകാരും
പഴയ സഹപ്രവർത്തകരും
മരണമെന്ന കോമാളിയെ
വികാരാധീനരായി വിചാരണ ചെയ്യും.

വഴിയിൽ കണ്ടാൽ
പുഞ്ചിരിക്കാറില്ല എന്ന് കരുതിയ
സ്ഥലത്തെ പൌരപ്രമുഖരെല്ലാം
പിരിയാത്ത കൂട്ടുകാരെപ്പോലെ
വിഷാദരായി അരികത്തിരിക്കും.
നേര് പറഞ്ഞതിന്
യഥാസമയം പ്രതികരിച്ചതിന്
സമിതിയിൽ നിന്ന്
പേര് നീക്കം ചെയ്ത
സന്നദ്ധ സംഘടനകളുടെ
സാരഥികൾ
പുഷ്പചക്രങ്ങളുമായി
പാദഭാഗത്ത് വന്നു പ്രാർത്ഥിക്കുന്നുണ്ടാകും.

ശവമെടുക്കുമ്പോൾ,
അന്നം നല്കി വളർത്തിയ നായ
കൂട്ടിൽനിന്നു പുറത്ത് വരാൻ
പരാക്രമം കാണിക്കും.
സങ്കടശബ്ദമുണ്ടാക്കി
കണ്ണീരൊഴുക്കി
വാലാട്ടി യാത്രാമൊഴി നേരും.

കണ്ട കാഴ്ച്ചകളിൽ
കേട്ട ശബ്ദങ്ങളിൽ
അത് മാത്രമാണ് സത്യം.

ഇനി കണ്ണടയ്ക്കുക.

***

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.