“ഞങ്ങളുടെ അമ്മ അവരുടെ അറുപത്തിനാലു വയസ്സിനു ശേഷം ഇടയ്ക്കിടെ പ്രവാസത്തിലായിരുന്നു. ആദ്യമൊക്കെ ചെറിയ ഇടവേളകളിലേക്ക്: അര ദിവസം. ഒരു ദിവസം. അറുപത്തിയാറു കഴിഞ്ഞപ്പോൾ പ്രവാസത്തിന്റെ നാളുകൾ നീണ്ടു: ഒരാഴ്ച, രണ്ടാഴ്ച. ഇടവേളകൾ കുറഞ്ഞു. പോകെപ്പോകെ ഇവിടം വിട്ട് പാർപ്പ് പൂർണമായും അവിടേക്ക് മാറ്റി. പിന്നെയും ഏറെ നാൾ കഴിഞ്ഞ് മറ്റൊരു ദിവസം, ഒരു നീണ്ട ഉറക്കത്തിൽ നിന്ന് ഉണർന്നെണീറ്റ പോലെ, ഒരു കടമ്പ കടന്ന്, ഒരു കതക് തുറന്ന്, ഒരു തിരശ്ശീല മാറ്റി പുറത്തേക്ക് കാലെടുത്തുവെച്ചതുപോലെ സ്വാഭാവികമായി സാവധാനത്തിൽ അമ്മ തിരിച്ചുവന്നു.”

മറവിരോഗത്തിന്റെ വിഭ്രമലോകത്ത് തന്നെത്തന്നെ മറന്നുപോയ അമ്മ. താൻ നാല്പതുകൊല്ലത്തിലേറെ അടിച്ചുതുടച്ച്, വെച്ചുവിളമ്പി, അഞ്ചു മക്കളെ പോറ്റിവളർത്തിയ വീടിനെയും, രാപ്പകലില്ലാതെ നിരന്തരം കൂടെ നിന്ന് പരിചരിച്ച മകളെയും മകനെയും ഒക്കെ മറന്ന്, ഇല്ലാത്ത വീട്ടിലേക്കുള്ള കാണാത്ത വഴികൾ തേടി, കണ്ണിൽ അമ്പരപ്പും അങ്കലാപ്പും ആധിയുമായി അസ്വസ്ഥതയോടെ നിൽക്കുന്ന ഈ അമ്മയെ നമ്മൾ കണ്ടുമുട്ടുന്നത് ‘പ്രവാസിയുടെ മകൾ: തിരസ്കാരം വേദന സ്നേഹം’ എന്ന പുസ്തകത്തിലാണ്.

കോളേജ് അധ്യാപികയായിരുന്ന കെ. എ. ഇന്ദിരയുടെ പുസ്തകമാണിത്. 1979 മുതൽ പട്ടാമ്പി കോളേജ് ഉൾപ്പെടെ പല ഗവൺമെന്റ് കോളേജുകളിലും അവർ പ്രവർത്തിച്ചു. എൺപതുകളിലെ സ്ത്രീവിമോചന പ്രവർത്തനങ്ങളിലും ‘മാനുഷി’യിലും സജീവമായിരുന്നു. 2009-ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു.
അതിനിടെ സ്തനാർബുദം, ശസ്ത്രക്രിയ, കീമോതെറാപ്പി. വികലകോശങ്ങൾ പെരുപ്പിക്കുന്ന രോഗത്തിന്റെ ഞെണ്ടിറുക്കത്തിൽ നിന്ന് പരിപൂർണമുക്തി നേടിയെന്ന് ആശ്വസിച്ചിരിക്കെ ഏഴുവർഷത്തിനു ശേഷം രക്താർബുദം. ക്രോണിക് മൈലോയ്ഡ് ലുക്കീമിയ. വീണ്ടും കഠിനചികിത്സ. ആശുപത്രിവാസങ്ങൾ. 2021 ഡിസംബറിൽ അവർ മരിച്ചു.
ആ വർഷം മാർച്ചിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. കോവിഡ് കാലം ഉൾപ്പെടെ പല സമയങ്ങളിലായി എഴുതിയ ചെറുതും വലുതുമായ ഇരുപതിലധികം ലേഖനങ്ങളുടെ സമാഹാരമാണിത്. കവിതകളുമുണ്ട്.
തൃശൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി മൂന്നു മാസത്തിലൊരിക്കൽ പുറത്തിറക്കുന്ന ‘റീച്ചിങ് ഔട്ട്’ എന്ന പ്രസിദ്ധീകരണത്തിനു വേണ്ടി എഴുതിയതാണ് മിക്ക ലേഖനങ്ങളും.
മറവി, അർബുദം, സർജറി, ഐ.സി.യു., കൊടുംചികിത്സകൾ, ശരീരം പൊള്ളിക്കുന്ന കടുംമരുന്നുകൾ, അവയുണ്ടാക്കുന്ന പാർശ്വഫലങ്ങൾ മറികടക്കാൻ നടത്തേണ്ടിവരുന്ന പുനർചികിത്സകൾ, യാതനകൾ, വേദനകൾ. രക്ഷപ്പെടാനാവാത്ത ഒരു തടങ്കൽപ്പാളയം… ഇന്ദിരയുടെ വാക്കുകളിൽ സ്വന്തം ഔഷ്വിറ്റ്സ്.
ചിന്തകനും എഴുത്തുകാരനും സാന്ത്വനചികിത്സാരംഗത്ത് സജീവപ്രവർത്തകനും ടീച്ചറുടെ സുഹൃത്തുമായ കെ. അരവിന്ദാക്ഷൻ ആമുഖത്തിൽ പറയുന്നതുപോലെ, ഒരു പക്ഷേ, ഗതികെട്ടപ്പോൾ എഴുത്തിനെ ഒരു ശമനൗഷധമാക്കിയതാവണം ലേഖിക.
പക്ഷേ, തന്റെയും അപരരുടെയും പലതരം കഠിനാനുഭവങ്ങളെപ്പറ്റിയുള്ള (രോഗങ്ങൾ മാത്രമല്ല) ലേഖനങ്ങളിൽ ഒന്നിൽപ്പോലും ഇന്ദിര സഹതാപം തേടുന്നില്ല. ഇന്ദിരയെന്നല്ല, ആ ലേഖനങ്ങളിൽ കടന്നുവരുന്ന ഒരാളും. ഒന്നിനെക്കുറിച്ചും ഒരുതരത്തിലുമുള്ള പൊലിപ്പിക്കലില്ല, അതിഭാവുകത്വമില്ല, വൈകാരികതയുടെ അതിപ്രസരമില്ല, അനാവശ്യമായ നാടകീയതയുടെ ചെടിപ്പുകളില്ല, സൈദ്ധാന്തികതയുടെയും തത്ത്വശാസ്ത്രങ്ങളുടെയും വരൾച്ചകളില്ല, വളച്ചിലുകളില്ല.
നിർമമത്വമില്ല. താൻമഹിമകളില്ല. പോരാട്ടവീര്യനാട്യങ്ങളില്ല.
ഉള്ളത് അപരരോടും തന്നോടുമുള്ള അനുതാപമാണ്. Compassion. ചിലപ്പോൾ ആത്മനിഷ്ഠം, ചിലപ്പോൾ വസ്തുനിഷ്ഠം. സത്യസന്ധമായ വിവരണത്തിന്റെ പ്രകാശമുള്ളത്. തന്റെ മാത്രമല്ല, ചുറ്റുമുള്ളവരുടെയും യാഥാർഥ്യങ്ങൾ അറിയാനും മനസ്സിലാക്കാനുമുള്ള ത്വര. അനുഭവിച്ചതും മനസ്സിലാക്കിയതും വായനക്കാരോട് ഭംഗിയായി സംവദിക്കാനുള്ള ശ്രമമാണ് ഈ ലേഖനങ്ങൾ. ആഴത്തിലുള്ള രാഷ്ട്രീയത്തിന്റെയും വായനയുടെയും പ്രതിഫലനം ഇതിലെ എല്ലാ ലേഖനങ്ങളിലുമുണ്ട്. കേരളത്തിലെയും പുറത്തെയും നിരവധി എഴുത്തുകാരെ ലേഖിക നിർലോഭം ഉദ്ധരിക്കുന്നുമുണ്ട്.
ചില ലേഖനങ്ങൾ ചെറുകഥ പോലെയാണ്. ഉള്ളിൽ തറയ്ക്കുന്ന ഭാഷയും ചിന്തകളും. ചിലപ്പോൾ നർമ്മത്തിൽ പൊതിഞ്ഞ്. എന്നാൽ എല്ലാം ഗൗരവമുള്ള കാര്യങ്ങൾ.
രോഗം, തിരസ്കാരം: നിയമങ്ങൾക്കും സിദ്ധാന്തങ്ങൾക്കും നിർവചനങ്ങൾക്കും വിശദീകരണങ്ങൾക്കും വഴങ്ങാത്ത ബഹുരൂപിയായ വേദന, അതിന്റെ സാമൂഹികവും സാമ്പത്തികവും മാനസികവുമായ മാനങ്ങൾ, രോഗചികിത്സയുടെ സങ്കീർണത, സമഗ്രമായ പരിചരണത്തിന്റെ ആവശ്യകത… വീണ്ടും വീണ്ടും ചിന്തിക്കേണ്ടിവരുന്ന വിഷയങ്ങൾ. ചിലപ്പോൾ എത്ര ചിന്തിച്ചാലും ഉത്തരമില്ലാത്ത കാര്യങ്ങൾ.
ഇന്ദിരയുടെ എഴുത്തിന്റെ തീക്ഷ്ണത ചിലപ്പോൾ നമ്മളെ പൊള്ളിക്കും. അമ്മ എത്തിപ്പെട്ട മറവിയുടെ ലോകത്തെപ്പറ്റി ‘പ്രവാസിയുടെ മകൾ’ എന്ന ലേഖനത്തിൽ ഇങ്ങനെയാണ് പറയുന്നത്:
“ഇക്കരെ നിന്ന് നമുക്കു മനസ്സിലാവുന്നത്, അത് എത്തിനോക്കാൻ പറ്റാത്ത, ഇരുണ്ടുവരണ്ടു പച്ചപ്പ് ഒട്ടുമേയില്ലാത്ത തരിശുദേശം എന്നാണ്. ഭയപ്പെടുത്തുന്ന രഹസ്യങ്ങൾ കാക്കുന്ന ജന്തുക്കൾ മേയുന്നിടം. അവ്യവസ്ഥമായി സംഭവങ്ങളും അലങ്കോലമായി വസ്തുക്കളും കുഴഞ്ഞുമറിഞ്ഞ് ചിതറിക്കിടക്കുന്നിടം. അവിടെ ആളിക്കത്തുന്ന തീക്കുണ്ഠങ്ങൾക്കു ചുറ്റും പോതിയും പൂതവും മാടനും മറുതയും കാളികുളികളും തീ തുപ്പി കലിതുള്ളിയാടിയിരുന്നു. അതീതങ്ങളായ നിരവധി സാന്നിധ്യങ്ങളും അസാന്നിധ്യങ്ങളുമുള്ള ഒരു പ്രവാസലോകം… മാധവിക്കുട്ടി തന്റെ അമ്മയിൽ കണ്ടതുപോലെ, ‘രോഗം അവരുടെ കണ്ണിലൂടെ എത്തിനോക്കി/ അവർ മുഴുവനായും കൊള്ളയടിക്കപ്പെട്ട// ഒരലമാര പോലെ/ ഓർമകൾ മുഴുവനായുമൊഴിഞ്ഞ്’…”
തൃശൂരിലെ ഐമാക് ക്രിയേഷൻസും പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭാഗമായ സഹോദയം വേദിയും 2021-ൽ പുറത്തിറക്കിയ ഈ പുസ്തകം എനിക്ക് കിട്ടുന്നത് കഴിഞ്ഞ വർഷമാണ്. അരവിന്ദാക്ഷൻ മാഷ് ഞങ്ങളുടെ സുഹൃത്തായ പ്രതാപന് നൽകിയ രണ്ടു കോപ്പികളിൽ ഒന്ന് പ്രതാപൻ (Prathapan A) സൗമനസ്യത്തോടെ എനിക്കു തന്നു.

അപ്പോൾ മുതൽ ഞാൻ ആലോചിക്കുന്നുണ്ട്, ഈ പുസ്തകം ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ട് പൊതുസമൂഹത്തിനുണ്ടായ നഷ്ടത്തെപ്പറ്റി. നമുക്ക് പ്രശസ്ത അമേരിക്കൻ എഴുത്തുകാരി സൂസൻ സൊൻടാഗിന്റെ 1978-ൽ പുറത്തിറങ്ങിയ Illness as Metaphor എന്ന പുസ്തകം അറിയാം. അവർക്ക് സ്തനാർബുദവും ഗർഭാശയാർബുദവും രക്താർബുദവും വന്നുവെന്നും 2004-ൽ അവർ മരിച്ചുവെന്നുമറിയാം. 2015-ൽ മുപ്പത്തിയേഴാം വയസ്സിൽ മരിച്ചുപോയ ന്യൂറോസർജൻ പോൾ കലാനിധിയുടെ When Breath Becomes Air എന്ന പുസ്തകത്തെപ്പറ്റിയറിയാം. കാൻസർരോഗവിദഗ്ധനും ഗവേഷകനുമായ സിദ്ധാർഥ മുഖർജിയുടെ The Emperor of All Maladies: A Biography of Cancer എന്ന പുസ്തകത്തെപ്പറ്റിയറിയാം. പക്ഷേ, രോഗ-ചികിത്സാ-വേദനകളെപ്പറ്റി മലയാളത്തിൽ വന്ന മികച്ച ഒരു പുസ്തകത്തെപ്പറ്റി നമുക്ക് അറിയില്ല. അതെന്തുകൊണ്ടാവാം? എങ്ങനെയാണ് നമുക്ക് അശ്രദ്ധ വരുന്നത്? എത്രയെത്ര പുസ്തകങ്ങൾ ഒരു കാര്യവുമില്ലാതെ കൊണ്ടാടപ്പെടുന്നു!

ഈ പുസ്തകത്തിന് ഔപചാരികമായ റിലീസ് ഉണ്ടായിരുന്നില്ല. അപ്പോഴേക്കും എഴുത്തുകാരിയുടെ അസുഖം മൂർച്ഛിച്ചിരുന്നു.

അച്ചടിച്ചുവന്ന പുസ്തകത്തിന്റെ ഒരു കോപ്പി ഇന്ദിര ടീച്ചറുടെ കയ്യിലെത്തിച്ചിരുന്നു എന്ന് അരവിന്ദാക്ഷൻ മാഷ് പറഞ്ഞു.

അവർക്കത് തുറന്നുനോക്കാനെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമോ എന്തോ. പുസ്തകത്തിന്റെ അവസാനത്തെ ഏതാനും കോപ്പികൾ തൃശൂർ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഓഫീസിലെ പെട്ടിയിൽ സുരക്ഷിതമായി കിടക്കുന്നുണ്ട്, അല്ലലേതുമില്ലാതെ.
മിനിഞ്ഞാന്ന് (13-ന്), തൃശൂരിലെ പാലിയേറ്റീവ് സൊസൈറ്റിയുടെ ചെറിയ ഹാളിൽ, ചെറിയൊരു സദസ്സിനു മുമ്പിൽ ഈ പുസ്തകത്തെപ്പറ്റി ഒരു മണിക്കൂറോളം ഞാൻ സംസാരിച്ചു. എന്റെ വായനാനുഭവം കേൾവിക്കാരിലേക്ക് എത്തിക്കാൻ ആത്മാർഥമായി ശ്രമിച്ചു. ഇന്ദിരയെ വളരെ അടുത്തറിയുന്നവരായിരുന്നു സദസ്സിൽ പലരും. അവരിൽ ചിലരും സംസാരിച്ചു.
അങ്ങനെ ഈ പുസ്തകത്തെപ്പറ്റിയുള്ള ആദ്യചർച്ച കഴിഞ്ഞു.
ഇനിയെന്തെന്ന് ആർക്കറിയാം!







No Comments yet!