Skip to main content

ഉടയോൻ

മുഴുത്ത വരയാടിന്നിറച്ചി
പതിവായി അയാളുടെ പ്രാതൽ.

പുലർകാലേ തേയിലക്കൊളുന്തുനുള്ളും
പെണ്ണുങ്ങളുടെ കണക്കെടുപ്പു കഴിഞ്ഞിരിക്കും അന്നേരം.

വീർത്ത കുഴിനഖത്തിലാഴ്ന്ന
അട്ടകളെ അയാൾ നിരുപാധികം
ചവിട്ടിയരയ്ക്കും
കൺകോണിലൂടതുകണ്ടു പെണ്ണുങ്ങൾ ഊറിച്ചിരിക്കും.

അവർ അട്ടകളെ ഭയന്നില്ല,
പകരം
കൊളുന്തുനുള്ളിക്കറുത്ത
വിരലുകൾക്കിടയിൽ പുളയുന്നയവയെ
ചുള്ളിക്കമ്പെടുത്തു
കളയുംപോലെ ദൂരേയ്ക്കെറിയും,
പാടിയിലെ പൊട്ടിയഴുകിയ കക്കൂസ് മാലിന്യത്തെക്കുറിച്ചു വേവലാതിപ്പെടും,
പലിശക്കാരൻ അണ്ണാച്ചിയെ പേടിച്ച്
വീടിന്നോരത്തെ കുപ്പച്ചതുപ്പിൽ
.ഒളിച്ചിരുന്നവരുടെ കഥ പറയും,
ഒളിച്ചോടി കുന്നിൻനെറുകയിൽ
ഓലപ്പുരകെട്ടിയ തമിഴത്തിയെ
കുശുമ്പോടെ ഓര്‍ക്കും,
സന്ധ്യക്കുപാചകം ചെയ്യേണ്ട
അന്നത്തിൻ്റെ ചേരുവകളിൽ ഇളവ് പ്രഖ്യാപിച്ച്

സ്വയം ചിരിക്കും.

അന്നും പതിവുപോലെ
കുഴിഞ്ഞ കണ്ണുകളിൽ
പ്രകാശം ചുരത്തി പെണ്ണുങ്ങൾ
നിരനിരയായി പാടിയിലലിഞ്ഞു.

സന്ധ്യയ്ക്കപ്പുറം,
തലേന്നത്തെ ഇളവെടുത്ത് വച്ച അരി
പാകമാക്കും നേരത്ത്
പുഴയിൽ കുതിർന്ന കാടു
നാട്ടാരേംകൂട്ടി
പാടിയെ കുത്തിമറിച്ചിട്ടു.

എരിവോടെ ചുട്ടെടുത്ത
പ്രാതൽ ബാക്കിവച്ച ഇറച്ചി
അത്താഴത്തിന്
കഴിച്ചുകൊണ്ടിരുന്ന അയാളേയും.

പുഴ വറ്റി.
തുടച്ചുവെടിപ്പാക്കി
വരമ്പുകൾ,
കുന്നിൻചെരുവ്
പാടിമുറ്റങ്ങൾ,
സ്കൂൾ മൈതാനം

വഴിനീളെ
ചത്തമരങ്ങൾ
കാടിൻ്റെസ്ഥികൂടങ്ങൾ.

നാളുകൾക്കുശേഷം
അയാൾ പോയ ശൂന്യയിടത്തിൽ
വരയാടുകൾ പെറ്റുപെരുകി
നൂലിഴകൾപോലെ അട്ടകളും.

***


കവിപരിചയം :

സുജാത അപ്പോഴത്ത്

പാലക്കാടു ജില്ലയിൽ ഷൊർണ്ണൂരിനടുത്ത് വാടാനാംകുറുശ്ശിയിൽ ജനനം. പട്ടാമ്പി SNGS College ൽ ഡിഗ്രി (BA Economics). Ottappalam NSS College ൽ PG Economics ൽ.

2007 ൽ ഈറ്റക്കാടിൻ്റെ മക്കൾ എന്ന ആദ്യ നോവൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു
ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതാറുണ്ട്. കലാകൗമുദി, ജനയുഗം, മംഗളം ദിനപത്രം, ഉറവ Oneline (ഏഷ്യാനെറ്റ്, WTP, കലാകൗമുദി മിഡിൽ ഈസ്റ്റ് ) കവല മാസികകളിൽ കവിത അച്ചടിച്ചു വരാറുണ്ട്‌.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.