Skip to main content

തിരശ്ശീലയ്ക്കപ്പുറം

രാവിലെ പത്രമെടുക്കാൻ ഗേറ്റിനടുത്തേക്ക് ചെന്നപ്പോഴാണ് നേരെ എതിരെയുള്ള വീട്ടിലെ പുതിയ കർട്ടനുകൾ ശ്രദ്ധിച്ചത്. വെളുത്ത, ആകർഷകമായ ലേസ് കർട്ടനുകൾ.

രണ്ട് ദിവസമായി പുതിയ താമസക്കാർ വന്നതിന്റെ ചലനങ്ങൾ കാണാമായിരുന്നു. ആ നേരത്ത് ആളനക്കമൊന്നും കാണാത്തതിനാൽ പിന്നീട് പരിചയപ്പെടാമെന്ന് നിശ്ചയിച്ച് പള്ളിയിൽ പോകാൻ തയ്യാറായി.

അന്നയുടെ ചരമവാർഷികമാണ്. അഭിയും കുടുംബവും നേരിട്ട് പള്ളിയിലെത്താമെന്ന് പറഞ്ഞിട്ടുണ്ട്. പ്രാർത്ഥനയ്ക്കുശേഷം അവളെയൊന്ന് പോയി കാണണം. അവളുടെ പ്രിയപ്പെട്ട മഞ്ഞ റോസാപ്പൂക്കൾ കല്ലറയിൽ വെക്കണം.

പിന്നെ അനാഥാലയത്തിലേക്ക് പോകണം. ഉച്ചഭക്ഷണം അവിടെയാണ്; അവളുടെ ഓർമയ്ക്ക്. പത്ത് വർഷമായുള്ള പതിവ്. അവൾ ഉള്ളപ്പോഴും എന്റെയും അവളുടെയും ജന്മദിനത്തിന് അങ്ങനെ മതി എന്നവൾ വാശിപിടിച്ചിരുന്നു. അങ്ങനെ ഒരുപാട് പിടിവാശികൾ അവൾക്കുണ്ടായിരുന്നു —

കുട്ടിക്ക് അഭിയെന്ന് പേര് വേണമെന്ന്, കാറിന് നീല കളർ മതിയെന്ന്, ഓഫീസിൽ ഞാൻ കഞ്ഞി മുക്കിയ കോട്ടൺ ഷർട്ട് തന്നെ ഇടണമെന്ന്…

അന്നത്തെ ദിവസത്തെ തിരക്കുകൾ കഴിഞ്ഞെത്തിയപ്പോൾ വൈകിട്ട് അഞ്ചുമണിയായിരുന്നു. ഗേറ്റ് കടക്കുമ്പോൾ പുതിയ താമസക്കാരിയെ കണ്ടു. വെളുത്ത ടോപ്പും കടുംനീല നിറത്തിലുള്ള ഒരു നീളൻ പാവാടയും ധരിച്ച, ചുരുണ്ട മുടിക്കാരി. ഇരുനിറം, മധ്യവയസ്‌ക, ഒതുങ്ങിയ ശരീരം, ചുറുചുറുക്കോടെ മുറ്റത്തെ ചെടിച്ചട്ടികൾ ഒരുക്കുന്നു.

മിണ്ടാൻ എന്തോ ഒരു സങ്കോചം തോന്നി. ഞാൻ ഒന്ന് പുഞ്ചിരിച്ചു. അവൾ ചിരി മടക്കി.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഒരു ഒളിഞ്ഞുനോട്ടക്കാരനായി മാറി. അവർ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കി. പത്രമെടുക്കാൻ പോകുമ്പോഴും അല്ലാത്തപ്പോഴും കർട്ടനുകൾ നീങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരുന്നു. അവിടെനിന്ന് ഒളിച്ചുകടന്ന് നേർത്ത ഗസലിന്റെ ഈണം കാതിൽ എത്തിയപ്പോഴെല്ലാം മനസ്സിൽ മേഘമൽഹാർ പെയ്തു.

വൈകുന്നേരങ്ങളിൽ എന്റെ യാത്ര വരാന്തയുടെ ഒരറ്റത്തുനിന്ന് തുടങ്ങി മറ്റേ അറ്റത്ത് അവസാനിച്ചു. അടുത്ത മുറ്റത്തെ ചെടികളെപ്പോലെ മനസ്സിൽ നഷ്ടപ്പെട്ട ഊഷ്മളത മൊട്ടിട്ടു. ഇന്നും അത് ഓർക്കുമ്പോൾ…

അങ്ങനെയിരിക്കെ ഒരു ദിവസം ആ വീട്ടുമുറ്റത്ത് കുറെ ആളുകളെ കണ്ടു. അതുവരെ വല്ലപ്പോഴും വരുന്ന അവളുടെ ചില പെൺസുഹൃത്തുക്കൾ ഒഴികെ വേറെ ആരും അങ്ങനെ സന്ദർശിക്കാൻ വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പെട്ടെന്നുണ്ടായ ആ തിരക്കുപിടിച്ച നീക്കങ്ങൾ എന്നെ പരിഭ്രാന്തനാക്കി. അവളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മുകളിലത്തെ നിലയിൽനിന്ന് താഴേക്ക് ഇറക്കുമ്പോൾ ആളുകളുടെ ആകുലതയിൽ നിന്നുതന്നെ എന്തോ ഗുരുതരമായ അസുഖമാണെന്ന് മനസ്സിലായി. ഞാൻ അന്നയെ വീണ്ടും കൺമുന്നിൽ കണ്ടു.

രണ്ടു പകൽ ധൈര്യം ചുരണ്ടിയെടുത്ത്, മനസ്സിനെ ഒന്ന് നേരെ നിർത്തി ഞാൻ അവളെ കാണാൻ പോയി. ആ രണ്ട് ദിവസം നിസ്സഹായമായ അസ്വസ്ഥത ഉള്ളിൽ ഇഴഞ്ഞു. കൂടെ നിൽക്കുന്ന ഒരു സ്ത്രീയല്ലാതെ ആരുമുണ്ടായിരുന്നില്ല. വിളറിയതെങ്കിലും പ്രസന്നമായ മുഖത്തോടെ അവൾ മന്ദഹസിച്ചു.

ആശ്വാസത്തോടെ ചോദിച്ചു:

“എങ്ങനെയുണ്ട് ഇപ്പോൾ?”

“ഏയ്, എനിക്കങ്ങനെ വലിയ കുഴപ്പമൊന്നുമില്ല.”

പിന്നീട് സംഭാഷണം നീണ്ടു. കുറച്ചു ദിവസങ്ങൾക്കുശേഷം അവൾ ഹോസ്പിറ്റലിൽനിന്ന് തിരിച്ചുവന്നു.

സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സുഗന്ധം പരന്ന വൈകുന്നേരങ്ങളിൽ രണ്ടു കപ്പ് ചായ ഉണ്ടാക്കി ഞാൻ കാത്തിരുന്നു. വായിച്ച പുസ്തകങ്ങളെപ്പറ്റി, പല ജനുസ്സിൽപ്പെട്ട സംഗീതത്തെപ്പറ്റി, പോയ സ്ഥലങ്ങളെപ്പറ്റി, അവിടത്തെ പട്ടി, പൂച്ച, പാറ്റകളെപ്പറ്റി പോലും അവൾ വാചാലയായി. അന്ന പോയപ്പോൾ നഷ്ടപ്പെട്ട ജീവൻ വീട്ടിൽ തിരികെ വന്നുവെന്ന് തോന്നി.

ഒരു ദിവസം പതിവുപോലെ ചായ ഉണ്ടാക്കി വച്ച് ഞാൻ കാത്തിരുന്നു. ഇരുട്ട് പതിയെ ഭൂമിയിലേക്ക് താണിറങ്ങുമ്പോൾ മനസ്സും ഇരുണ്ടുപോയിരുന്നു. ചായക്കപ്പുകൾ തണുത്ത് മേശപ്പുറത്തിരുന്നു.

അതേ സമയത്താണ് കൊള്ളിയാൻപോലെ ഒരു നീളം കുറഞ്ഞ വാക്യം ഓർമയിൽനിന്ന് മനസ്സ് റീപ്ലേ ചെയ്തത്:

“കുറച്ച് അടുത്ത് കഴിയുമ്പോൾ, പ്രിയപ്പെട്ടതാവുമെന്ന് ഭയം ജനിക്കും. ഭയന്നു തുടങ്ങുമ്പോൾ എനിക്ക് ശ്വാസം മുട്ടും. അപ്പോൾ പിന്തിരിഞ്ഞു നോക്കാതെ വന്ന വഴിയേ തിരിച്ചു നടക്കാൻ തോന്നും.”

ഓർമയിൽ കൈതട്ടി ചായക്കപ്പുകളിലൊന്ന് ചരിഞ്ഞു. തണുത്ത ചായത്തുള്ളികൾ നിലത്തേക്കിറ്റുവീണ് ഇരുണ്ട ഹൃദയത്തിന്റെ ഒരു ചിത്രം രൂപപ്പെടാൻ തുടങ്ങി.


 

അഫ്ര സഫീർ

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.