Skip to main content

ചരിത്രത്തിന് ഒരു തിരുത്ത് എന്ന ചലചിത്രം

സീന്‍ 1

ഉച്ചനേരം. തിളങ്ങുന്ന ചായം തേച്ച് മിന്നിച്ച പ്രാര്‍ത്ഥനാമന്ദിരത്തിന്റെ ആകാശത്തോളം ഉയര്‍ന്ന മണിഗോപുരത്തില്‍നിന്ന് ളുഹര്‍* നിസ്‌കാരത്തിനുള്ള ബാങ്കുവിളി ഉയര്‍ന്നു. ഒട്ടനേകം വൃദ്ധരും കുട്ടികളും ചെറുപ്പക്കാരുമടങ്ങുന്ന ഒരു സംഘം തന്നെ പള്ളി മന്ദിരത്തിലേക്ക് ഒഴുകി അടുക്കുന്നു.

സീന്‍ 2

നിരത്തിന്റെ ഇരുവശങ്ങളിലായി തങ്ങളുടെ ഉപജീവനത്തിനായി സ്ഥാനം ഉറപ്പിച്ച ഒട്ടു വളരെ ചെറുകിട കച്ചവടക്കാര്‍. അതില്‍ മഞ്ഞ നിറമുള്ള പ്ലാസ്റ്റിക് ചാക്ക് വിരിച്ച് പച്ച മാങ്ങകള്‍ കുന്നുകൂട്ടി വില്‍ക്കുന്ന ആലിച്ച. ഒരു വട്ടി നിറയെ നെയ് തുടിക്കുന്ന മത്തിയുമായി താന്‍ ഇന്നൊരു പൊടിപൊടിക്കും എന്ന ആത്മവിശ്വാസത്തോടെ ഉറച്ചു നില്‍ക്കുന്ന നങ്ങിണിയേട്ടി. ”ആദായ വിലയ്ക്ക് ഹല്‍വ. അതും കോഴി ക്കോടന്‍.”’എന്ന ബോര്‍ഡുമായി തലയില്‍ തളങ്കര തൊപ്പിവെച്ച് നില്‍ക്കുന്ന തേഞ്ഞിപ്പാലം ഹമീദും മുന്‍പന്തിയില്‍ തന്നെയുണ്ട്.

സീന്‍ 3

തടിച്ചു നീണ്ട് ഉയര്‍ന്നു നില്‍ക്കുന്ന വളഞ്ഞുപുളഞ്ഞ ശിഖരങ്ങളാല്‍ ഉറച്ച ഒരു മരത്തിന്റെ ചില്ലയിലേക്ക് പെട്ടെന്ന് കണ്ടാല്‍ ഉള്ളില്‍ ഭയം പരത്തുന്ന ഒരു പരുന്ത് പാറിവന്ന് കാലുറപ്പിച്ചു നില്‍പ്പായി. സസൂഷ്മം ആളുകളെ അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

സീന്‍ 4

നിസ്‌ക്കരിക്കാന്‍ പള്ളിയിലേക്ക് പോയ ദീനിക്കൂട്ടം നിസ്‌ക്കാരവും കഴിഞ്ഞ് നിരത്തിലേക്കിറങ്ങി. റോഡിന്റെ പല വക്കുകളിലേക്കും വളവുകളിലേക്കും പിരിഞ്ഞ് മറഞ്ഞു.

സീന്‍ 5

വാനമേഘ കീറില്‍നിന്നും പെട്ടെന്ന് പാളിയ മിന്നല്‍ പിണരുപോലെ പൊടുന്നനെ ഒരു ജീപ്പ് കറുത്ത നിരത്തിലൂടെ ശരവേഗത്തില്‍ കുതിച്ചു പാറി.

സീന്‍ 6

ആലിച്ച കൂട്ടിയിട്ട മാങ്ങക്കുന്ന് കട്ടച്ചളി കെട്ടിപ്പിടിച്ചു. നങ്ങിണിയേട്ടിയുടെ മീന്‍ വട്ടിയിലേക്ക് ഒരു കട്ട കഫം വന്നുവീണ് കുമിഞ്ഞു. ഹമീദിന്റെ ഹലുവയിലേക്ക് മുറുക്കാന്‍ ചാറിന്റെ ചുവപ്പ് ചിത്രം വരച്ചു. നായിന്റെമോന്റെ മക്കളെ മൂന്നുപേരും ഒരുമിച്ച് ഒരേ ഒച്ചയില്‍ ഐക്യം ചേര്‍ന്ന് ചീത്തവിളിച്ചു. ‘ഈ നാറികളൊക്കെ ആരെ മറ്റേയിലേക്ക് കുത്തിക്കേറ്റാനാന്ന് ഈ പടപ്പാച്ചില് പായുന്നത്.’ ഉള്ളില്‍ തിളച്ച് ഇളകുന്ന ഈര്‍ഷ്യയോടെ ആലിച്ച അലറി.

സീന്‍ 7

മരത്തിന്മേല്‍ കാലുറപ്പിച്ച പരുന്ത് ഭ്രാന്തിളകിയ മനുഷ്യനെപ്പോലെ വലിച്ചു നീട്ടിയ അമ്പ് കൈയിളകി വിട്ടു പായുംപോലെ ചീറിയ ജീപ്പിനുനേരെ ചിറകടിച്ചു പാഞ്ഞു.

സീന്‍ 8

ആ ജീപ്പ് ആള്‍പ്പാര്‍പ്പില്ലാത്ത കുറേ നാളുകളായി കൂട്ടിക്കിടന്ന ഒരു വീടിനു മുന്നില്‍ നിന്നു. ഒരു പഴയ പ്രതാപിയുടെ വീടായിരുന്നു അത്. മൂന്നാളുകളും ജീപ്പില്‍ നിന്നിറങ്ങി. വീടിന്റെ പൂട്ട് തുറന്ന് അകത്തു കയറി. മാറാലയും പൊടിയും പിടിച്ച് ആകെ അലങ്കോലപ്പെട്ട് കിടക്കുന്ന വീടിന്റെ അകം കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് ഒരു തരം വിഭ്രാന്തി ഉള്ളില്‍ നുരച്ചു പൊട്ടി.

സീന്‍ 9

ഒന്നാമന്‍ പറഞ്ഞു- ‘നേതാവ് പറഞ്ഞതാണ് എത്രയും പെട്ടെന്ന് ഇവിടെ ചുമരുകളില്‍ ഒട്ടിച്ചു ചേര്‍ത്ത ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും എന്നന്നേക്കുമായി തുടച്ചു നീക്കി ഇല്ലാതാക്കണം.
രണ്ടാമന്‍ ‘എന്നാല്‍ സമയം കളയാന്‍ നിക്കണ്ട. വേഗം നോക്ക്.
മൂന്നാമന്‍ കൊണ്ടുവന്ന പേപ്പറും പേനയും പെന്‍സിലും കളറും പ്രതലത്തില്‍ നിരത്തിയിട്ട് പണി തുടങ്ങി. അങ്ങനെ സൂര്യന്‍ മറഞ്ഞു രാത്രി അടുത്തടുത്ത് വരവായി ഗ്രാമം ഉറങ്ങി. നഗരം ഉറങ്ങി. തെരുവീഥികള്‍ മയങ്ങി. മലയിടുക്കില്‍ നിന്ന് സൂര്യന്‍ പൊങ്ങിവരുന്ന ഒരു ചിത്രം സ്വപ്‌നം കണ്ട് ഞെട്ടി ഉണര്‍ന്ന ഒരു കര്‍ഷകന്‍ പുതിയ പ്രഭാതത്തിലേക്കും നവചരിത്രാഖ്യാനങ്ങളിലേക്കും കണ്‍തുറന്ന് നടന്നു.

*ളുഹര്‍ – ഉച്ചനേരം

***


മുഹമ്മദ് ഹാഫിൽ

കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശി. ആദ്യകഥ മരണമെന്നസത്യം, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വെളിച്ചം കണ്ടു. ഒളിച്ചുകളിയുടെ സ്ക്രീൻപ്ലേ ആദ്യകഥ സമാഹാരം (2020) പുറത്തുവന്നു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച ഒ. വി. മൈക്രോ കഥാമത്സരത്തിൽ ആണി എന്ന കഥ ഒന്നാം സമ്മാനം നേടി. ആനുകാലികങ്ങളിലും, സോഷ്യൽ മീഡിയയിലും എഴുതുന്നു. ഇപ്പോൾ എറണാകുളം കേന്ദ്രീകരിച്ചു പ്രവർവർത്തിക്കുന്ന മിറാക്കിൾ എജ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്‌റ്റിൽ ജോലി നോക്കുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.