Skip to main content

സ്കൈലാബ് – ഭീതിയുടെ ആകാശവും ജീവിതത്തിൻ്റെ ഭ്രമണപഥവും

കവിതയിൽ ചരിത്രവും വ്യക്തിസ്മരണയും ജീവിതദർശനവും എങ്ങനെ ഇഴചേരുന്നു എന്നതിന്റെ സവിശേഷമായ ആവിഷ്കാരമാണ് എം.എസ്. ബനേഷിന്റെ ‘സ്കൈലാബ്’. 1979-ൽ അമേരിക്കയുടെ ബഹിരാകാശനിലയം ഭൂമിയിൽ പതിക്കുമെന്ന വാർത്ത ലോകത്തെ ആശങ്കയിലാഴ്ത്തിയപ്പോൾ, കൊടുങ്ങല്ലൂർ സ്വദേശിയായ കവി മുസിരിസിലെ ഒരു ഗ്രാമം ആ ഭീതിയുടെ ദിനങ്ങൾ എങ്ങനെ അനുഭവിച്ചുവെന്ന് ബാല്യകാലസ്മരണകളിലൂടെ പുനരാവിഷ്കരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ ഭീതിയെ ഓർമയുടെയും രാഷ്ട്രീയത്തിന്റെയും മനുഷ്യജീവിതത്തിന്റെയും വിശാലമായ കാൻവാസിലേക്ക് വികസിപ്പിക്കുകയാണ് ഈ കവിത.

സ്കൈലാബ് സംഭവത്തിനുള്ളിൽ ബാല്യത്തിൻ്റെ മാനസികഭൂപടം, ശീതയുദ്ധരാഷ്ട്രീയത്തിൻ്റെ നിഴൽ, മനുഷ്യൻ്റെ അടിസ്ഥാനഭയങ്ങൾ, സമൂഹാനുഭവത്തിൻ്റെ സാന്ദ്രത, മരണബോധം, പ്രകൃതിയുടെ സ്ഥിരത, ജീവിതത്തിൻ്റെ പുനരുജ്ജീവനശക്തി എന്നിവ ഇഴചേർന്നു കിടക്കുന്നു. ആകയാൽ, ഓർമയുടെയും ഭയത്തിൻ്റെയും ജീവിതദർശനത്തിൻ്റെയും കവിതയാണിത്.

ഒറ്റ അർത്ഥത്തിൽ ഉറപ്പിച്ചുനിർത്താൻ കഴിയുന്ന കവിതയല്ലിത്. പല അർത്ഥകേന്ദ്രങ്ങളിലേക്ക് അത് പിരിയുന്നു. ഒന്നാമത്, അധികാരത്തിൻ്റെ തകർച്ചയെക്കുറിച്ചുള്ള കവിത എന്നാണ്. രണ്ടാമത്തേത് ബാല്യമനസ്സിലെ മരണഭയത്തിൻ്റെ വായന.

ഈ രണ്ടിനെയും ഉൾക്കൊള്ളുകയും മറികടക്കുകയും ചെയ്യുന്ന മൂന്നാംവായനയിലാണ് കവിതാസത്യം തെളിയുന്നത്. ആ വായനയിൽ സ്കൈലാബ് അധികാരത്തിൻ്റെയോ മരണഭയത്തിൻ്റെയോ മാത്രമല്ല, മനുഷ്യൻ സൃഷ്ടിക്കുന്ന എല്ലാ പ്രളയസങ്കൽപ്പങ്ങളുടെയും രൂപമാണ്.

ചരിത്രത്തിലെ വസ്തുതകൾ ആദ്യമേ വ്യക്തമാക്കാം. സ്കൈലാബ് അമേരിക്ക വിക്ഷേപിച്ച ബഹിരാകാശനിലയമായിരുന്നു. 1979 ജൂലൈ 11-ന് അത് അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങി. അവശിഷ്ടങ്ങൾ പ്രധാനമായും ഇന്ത്യൻ മഹാസമുദ്രത്തിലും പടിഞ്ഞാറൻ ഓസ്ട്രേലിയയിലുമാണ് വീണത്. വീഴ്ച പൂർണമായും നിയന്ത്രിതമായിരുന്നില്ല. ജനവാസം കുറഞ്ഞ ഇടങ്ങളിൽ വീഴ്ത്താൻ നാസ ശ്രമിച്ചിരുന്നു.

മുസിരിസിൽ സ്കൈലാബ് വീണില്ല; വീഴുമെന്ന ഭയമാണ് ആ ജനതയുടെ ദൈനംദിനജീവിതത്തെ മാറ്റിമറിച്ചത്. കവിതയിലെ ജൂലൈ പത്ത് ഭീതിയുടെയും കാത്തിരിപ്പിൻ്റെയും ദിവസമാണ്. യഥാർത്ഥ പതനം പിറ്റേന്നായിരുന്നു.

കവിതയുടെ കാലം വാർത്തയുടെ കാലമല്ല, കാത്തിരിപ്പിൻ്റെ കാലമാണ്. ശാസ്ത്രീയവിവരങ്ങൾ കവിയുടെ ലക്ഷ്യവുമല്ല. ചരിത്രത്തെ കൃത്യമായി പകർത്തുന്നതിനെക്കാൾ, അത് മനുഷ്യമനസ്സിൽ ഉണ്ടാക്കിയ അനുഭവത്തെ പുനർനിർമിക്കുകയാണ് കവി.

കാവ്യാരംഭം കൂട്ടായ പരിഭ്രാന്തിയുടെ ചിത്രമാണ്. സ്കൈലാബ് ശാസ്ത്രനേട്ടമായല്ല വരുന്നത്. “അരാജകവാദിയായ ഒരുന്മത്തതളികയായി” എന്ന രൂപകത്തിലാണ്. നിയന്ത്രണമില്ലാതെ വീഴാവുന്ന വസ്തുവിനെ അരാജകവാദിയെന്നും ഉന്മത്തതളികയെന്നും വിളിക്കുമ്പോൾ ശാസ്ത്രത്തിൻ്റെ യുക്തിഭാഷ വിട്ട് കവിത കുട്ടിയുടെ ഭാവനയിലേക്ക് കടക്കുന്നു. പറക്കുംതളികയുടെ രൂപവും നിയന്ത്രണം നഷ്ടപ്പെട്ട വസ്തുവിൻ്റെ അപകടവും ചേരുന്നു.

അരാജകവാദിയെന്ന രാഷ്ട്രീയപദം ഭയത്തിൻ്റെ രൂപകമാകുന്നു. മനുഷ്യൻ നിർമിച്ച സാങ്കേതികവിദ്യ നിയന്ത്രണത്തിനു പുറത്തുപോകുമ്പോൾ ഭീകരസാന്നിധ്യമായി അനുഭവപ്പെടുന്നതിൻ്റെ കാവ്യാവിഷ്കാരമാണിത്. ശാസ്ത്രത്തിൻ്റെ വിജയനിമിഷം തന്നെ അതിൻ്റെ പരാജയസാധ്യത ഉൾക്കൊള്ളുന്നുവെന്ന തിരിച്ചറിവും ഒളിഞ്ഞിരിപ്പുണ്ട്. ആകാശത്ത് ഭ്രമണം ചെയ്തിരുന്ന വസ്തു നിയന്ത്രണം വിട്ടപ്പോൾ രാഷ്ട്രത്തിൻ്റെ നേട്ടമല്ലാതായി. ലോകമെങ്ങുമുള്ള സാധാരണ മനുഷ്യരുടെ പേടിസ്വപ്നമായി.

“മാനപ്പേടിയുള്ള വവ്വാലുകളെപ്പോലെ 79 ജൂലൈ പത്തിന് പകലിനെയും രാത്രിയാക്കി ഞങ്ങള്‍ വീടുകള്‍ മാളങ്ങളാക്കി.” വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് പിൻവാങ്ങുന്ന ജീവികളാണ് വവ്വാലുകൾ. പരിഷ്കൃതജീവിതം നിമിഷംകൊണ്ട് ആദിമമായ അതിജീവനാവസ്ഥയിലേക്ക് മടങ്ങുന്നതിനെയാണ് ഈ ബിംബം സൂചിപ്പിക്കുന്നത്. സുരക്ഷയുടെയും സ്വകാര്യതയുടെയും ഇടമായ വീട് ഭീതിയുടെ അഭയകേന്ദ്രമാകുന്നു. പകലിനെ രാത്രിയാക്കുമ്പോൾ പ്രകൃതിയുടെ സമയക്രമവും മനുഷ്യൻ്റെ ജീവിതക്രമവും ഒരുപോലെ അട്ടിമറിക്കപ്പെടുന്നു.

ഭയം ഓരോരുത്തരുടെയും സ്വകാര്യഭയമായി നിൽക്കുന്നില്ല. “മരിക്കുന്നെങ്കില്‍ ഒരുമിച്ച് എന്ന് അയല്‍പക്കങ്ങള്‍ ഞങ്ങളുടെ പെട്ടകത്തില്‍ കൂടി.”

ഈ വരികളിലാണ് കവിതയുടെ സാമൂഹികഹൃദയമിടിപ്പ്. മനുഷ്യർ മരിക്കുമ്പോൾ തനിച്ചാകാൻ ആഗ്രഹിക്കുന്നില്ല. ദുരന്തവേളയിൽ വ്യക്തി സമൂഹമാകുന്നു. അയൽപക്കബന്ധം ജീവൻ പങ്കിടുന്ന കൂട്ടായ്മയായി വളരുന്നു. ജാതിയോ മതമോ വർഗമോ സാമ്പത്തികനിലയോ അവിടെ പ്രധാനമല്ല. ഭയം എല്ലാവരെയും ഒരേ നിലത്തേക്ക് കൊണ്ടുവരുന്നു. അങ്ങനെയാണ് വീട് ‘നോഹയുടെ പെട്ടകം’ എന്ന ബൈബിൾബിംബമായി വികസിക്കുന്നത്. മഹാപ്രളയത്തിൽനിന്നുള്ള രക്ഷയുടെ പ്രതീകമാണ് ആ പെട്ടകം.

കവിതയിൽ സാഹചര്യം തിരിഞ്ഞിരിക്കുന്നു. പ്രളയം ഭൂമിയിൽ നിന്നല്ല, ആകാശത്തുനിന്നാണ് വരുന്നത്. മതപരമായ അത്ഭുതത്തിൻ്റെ ഇടവുമല്ല ഈ പെട്ടകം. പുൽപ്പായ വിരിച്ച നടുമുറിയിൽ അച്ഛനും അമ്മയും അമ്മൂമ്മയും കുട്ടികളും അയൽക്കാരും ഏഴെട്ടു പൂച്ചകളും ഒരുമിച്ചിരിക്കുന്ന സാധാരണവീടാണത്. രക്ഷയ്ക്കുള്ള പ്രതീക്ഷയും ഭീതിയും അതിൽ ഒരുപോലെയുണ്ട്. മതാതീതമായ ജൈവജനാധിപത്യത്തിൻ്റെ രൂപമാണ് അത് കൈവരിക്കുന്നത്.

ഓർമകളും ബന്ധങ്ങളും രാഷ്ട്രീയസംവാദങ്ങളും പുസ്തകങ്ങളും ബാല്യകൗതുകങ്ങളും അതിൽ തിങ്ങിനിറയുന്നു. യാഥാർത്ഥ്യത്തിനും പുരാണത്തിനും ഇടയിലെ മാനസികമായ അതിർത്തിയാണ് ഈ പെട്ടകം.

പിന്നീട് വരുന്ന “പുഴുപല്ലിപുലിയാനതിമിംഗലസമൃദ്ധമായ അന്തര്‍ലോകം” ജീവലോകത്തിൻ്റെ വൈവിധ്യത്തെ കൂടുതൽ വിടർത്തുന്നു. ഭീതി മനുഷ്യനെ സ്വന്തം ജീവൻ മാത്രം നോക്കുന്ന സ്വാർത്ഥതയിലേക്ക് ചുരുക്കുമ്പോഴും, കവിതയിലെ വീട് അനേകം ജീവികളുടെ അഭയമായി നിൽക്കുന്നു. ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമല്ലെന്ന ബോധം കവിതയുടെ അടിയൊഴുക്കാണ്.

ഈ പെട്ടകത്തിനുള്ളിൽ കുട്ടിയുടെ രാഷ്ട്രീയബോധവും വളരുന്നു. “അമേരിക്കയുടെ അഹങ്കാരത്തിൻ്റെ എഴുപത്തേഴായിരം കിലോ ഞങ്ങളുടെ വീട്ടില്‍ എന്തിന് വീഴണം എന്ന് ഞാൻ ആത്മരോഷം കൊണ്ടു.”

കുട്ടിയുടെ ഭയം രാഷ്ട്രീയരോഷമായി മാറുന്നു. ശാസ്ത്രസംരംഭത്തിൻ്റെ അവശിഷ്ടമെന്ന അറിവിനെക്കാൾ, അത് വിക്ഷേപിച്ച രാജ്യത്തിൻ്റെ അധികാരത്തോടാണ് കുട്ടി പ്രതികരിക്കുന്നത്. ഇത് തമാശയല്ല, ശാസ്ത്രസംരംഭം രാഷ്ട്രീയാധിപത്യത്തിൻ്റെ രൂപകമാകുന്നതിൻ്റെ സൂചനയാണ്.

ബഹിരാകാശം കീഴടക്കിയ രാജ്യത്തിൻ്റെ നേട്ടം ആഘോഷിക്കുമ്പോൾ, അതിൻ്റെ അനന്തരഫലം ചുമക്കേണ്ടിവരുന്നവരുടെ ആശങ്ക ആർ പരിഗണിക്കുമെന്ന ചോദ്യം അതിലുണ്ട്. ലോകവിഭവങ്ങളും ആപത്തുകളും തമ്മിലുള്ള അസമത്വത്തിനെതിരായ ചോദ്യവുമാണത്.

ശീതയുദ്ധകാലമാണ് പശ്ചാത്തലം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശാസ്ത്രസാങ്കേതിക മത്സരത്തിൽ ബഹിരാകാശപര്യവേക്ഷണം ദേശീയാഭിമാനത്തിൻ്റെയും സൈനികശക്തിയുടെയും ആഗോളാധിപത്യത്തിൻ്റെയും പ്രകടനവേദി കൂടിയായിരുന്നു. ആണവായുധഭീതിയുടെയും ബഹിരാകാശസാങ്കേതികവിദ്യയുടെ അപകടസാധ്യതയെക്കുറിച്ചുള്ള ആശങ്കയുടെയും നിഴലും കവിതയിൽ ഒളിഞ്ഞിരിപ്പുണ്ട്. അതിൻ്റെ ബാല്യരൂപമാണ് അടുത്ത വരി.

“റഷ്യയാണ് തൊടുത്തിരുന്നതെങ്കില്‍ സ്കൈലാബ് വീഴില്ലായിരുന്നുവെന്ന് ഞാൻ വിചാരപ്പെട്ടു.”

ലളിതമായ നർമമുണ്ട് അതിൽ. എങ്കിലും രാഷ്ട്രീയമായ പക്ഷംചേരലിൻ്റെ ബാല്യകാലരൂപവുമാണ്.

അമേരിക്കയോടുള്ള വിരോധം സോവിയറ്റ് യൂണിയനോടുള്ള വിശ്വാസമായി മാറുന്നു. ശീതയുദ്ധകാല മലയാളി ഇടതുപക്ഷബോധത്തിൻ്റെ സാംസ്കാരികസ്മരണയാണിത്. മുതിർന്നവരുടെ പ്രത്യയശാസ്ത്രം കുട്ടിയുടെ ഭാവനയിലേക്ക് എങ്ങനെ കടന്നുവരുന്നുവെന്നും ഇത് കാണിക്കുന്നു.

ഇഷ്ടികത്തൊഴിലാളി നേതാവ് ഭാസ്കരൻ ചേട്ടൻ്റെ സാന്നിധ്യം ഇതിനോട് ചേർത്തു വായിക്കണം. “ഇഷ്ടികത്തൊഴിലാളി നേതാവ് ഭാസ്കരൻ അമേരിക്കൻ പ്രസിഡൻ്റ് ജിമ്മി കാര്‍ട്ടറിനെതിരെ കാലില്‍ കാല്‍ കയറ്റിവച്ച് കിടന്നുകൊണ്ട് ഒരു പ്രഭാഷണം നടത്തി.”

ഈ രംഗത്തിൻ്റെ ഹാസ്യം അതിൻ്റെ വൈരുധ്യത്തിലാണ്. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിൻ്റെ പ്രസിഡൻ്റിനെതിരെ സാധാരണ തൊഴിലാളിനേതാവ് സ്വന്തം വീട്ടിൽ കിടന്നു പ്രസംഗിക്കുന്നു. ഏറ്റവും വലിയ അധികാരവും ഏറ്റവും ചെറിയ മനുഷ്യൻ്റെ ശബ്ദവും മുഖാമുഖം വരുന്നു. പ്രസിഡൻ്റ്  ആ പ്രസംഗം കേൾക്കില്ല. എങ്കിലും പ്രസംഗിക്കുന്നയാൾ രാഷ്ട്രീയമായ ആത്മാഭിമാനം വീണ്ടെടുക്കുന്നു. കാലിൽ കാൽ കയറ്റിവച്ചുള്ള കിടപ്പ് ഭയത്തിൻ്റെ അന്തരീക്ഷത്തിലെ നിസ്സംഗതയുടെയും പരിഹാസത്തിൻ്റെയും അടയാളമാണ്. സ്കൈലാബ് വീഴുന്നത് തടയാൻ അയാൾക്കാവില്ല. അതിനു പിന്നിലെ അധികാരത്തെ വിമർശിക്കാനുള്ള അവകാശം അയാൾ വിടുന്നില്ല. ആഗോളാധികാരത്തിനു മുന്നിൽ പ്രാദേശിക തൊഴിലാളിയുടെ ശബ്ദം സ്ഥാപിക്കുകയാണ് കവി.

സാങ്കേതിക പുരോഗതി ആരുടെ നിയന്ത്രണത്തിലാണ്, നേട്ടം ആർക്ക്, അപകടം ഏറ്റെടുക്കുന്നത് ആര് എന്നീ ചോദ്യങ്ങൾ ഉയരുന്നു. ഉൽപ്പാദനത്തിൻ്റെയും സാങ്കേതികവിദ്യയുടെയും അധികാരമുള്ളവർക്ക് അനന്തരഫലങ്ങളിൽനിന്ന് ഒഴിയാം. സാധാരണ മനുഷ്യർക്ക് അതിനാവില്ല. ഭാസ്കരൻ്റെ പ്രസംഗം ഈ അസമത്വത്തോടുള്ള ജനകീയപ്രതിഷേധമാണ്. കവിത അതിനെ മുദ്രാവാക്യമായി പരിമിതപ്പെടുത്തുന്നില്ല. ഗ്രാമത്തിൻ്റെ ഭയവും തമാശയും മനുഷ്യബന്ധങ്ങളും ചേർത്താണ് അവതരിപ്പിക്കുന്നത്.

“റേഡിയോ വയ്ക്കാൻ അച്ഛൻ ഭയന്നു.”

ഈ വരിയിൽ ഭീതിയുടെ മനഃശാസ്ത്രമുണ്ട്. പുറംലോകത്തെ അറിയിക്കേണ്ട മാധ്യമം തന്നെ ഭയത്തിൻ്റെ ഉറവിടമാകുന്നു. അറിയാനുള്ള ആഗ്രഹവും അറിഞ്ഞാൽ ഭയം കൂടുമോ എന്ന ആശങ്കയും ഒരുമിച്ചുണ്ട്. റേഡിയോ ഇവിടെ അനിശ്ചിതത്വത്തിൻ്റെ ശബ്ദമാണ്.

അതിനു പിന്നാലെ വായനയുടെ രംഗം വരുന്നു. “ഞാറോത്തെ ശേഖരേട്ടൻ്റെ വീട്ടില്‍ നിന്ന് വായിക്കാൻ കൊണ്ടുവന്ന സോവിയറ്റ് നാട് വിരിച്ച് അതില്‍ പകുതി തലവച്ച് ഞാൻ യുദ്ധവും സമാധാനവും വായിച്ചു. ഓട്ടുചില്ല് വെളിച്ചമടിച്ചുതന്നു.” അമേരിക്കൻ ബഹിരാകാശവസ്തുവിൻ്റെ ഭീഷണിക്കു താഴെ കിടക്കുന്ന കുട്ടി വായിക്കുന്നത് സോവിയറ്റ് പ്രസിദ്ധീകരണവും റഷ്യൻ നോവലുമാണ്. ടോൾസ്റ്റോയിയുടെ കൃതിയുടെ പേരുതന്നെ കവിതയുടെ രാഷ്ട്രീയാന്തരീക്ഷവുമായി സംവദിക്കുന്നു. യുദ്ധവും അധികാരവും സമാധാനവും എത്ര ഇഴചേർന്നിരിക്കുന്നുവെന്ന വലിയ ചോദ്യം അതിൽ തുറക്കുന്നു.

ലോകത്തിലെ യുദ്ധങ്ങൾ വായിക്കുന്ന കുട്ടി സ്വന്തം വീട്ടിൽ സാങ്കൽപ്പികദുരന്തത്തെ കാത്തുകിടക്കുന്നു എന്ന വൈരുധ്യവുമുണ്ട്. ബദൽരാഷ്ട്രീയവായനകളുടെ ലോകവും ഇതിലൂടെ തുറക്കുന്നു.

ഓട്ടുചില്ല് ആകാശത്തേക്ക് നോക്കാനുള്ള ഏക ജനാലയാണ്. അതിലൂടെ വരുന്ന വെളിച്ചം ഭയപ്പെടുത്തുകയും വായിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഭീതിയുടെയും അറിവിൻ്റെയും വെളിച്ചമാണത്. വെളിച്ചം എപ്പോഴും മോചനത്തിൻ്റെ പ്രതീകമല്ലെന്നും ചിലപ്പോൾ അജ്ഞാതത്തിൻ്റെ ഭീഷണിയാകാമെന്നും ആ ദൃശ്യം ഓർമിപ്പിക്കുന്നു.

കുട്ടിയുടെ ലോകം രാഷ്ട്രീയത്തിലും ദർശനത്തിലും ഒതുങ്ങുന്നില്ല. അതിന് മാങ്ങയുടെ ചുനമണമുണ്ട്. “നിക്കര്‍കീശയിലെ പച്ചക്കണ്ണിമാങ്ങകള്‍ തറയിലമര്‍ന്ന് ചുനമണം പടര്‍ത്തി.”

കവിത പെട്ടെന്ന് ശരീരത്തിന്റെ ഇന്ദ്രിയാനുഭവത്തിലേക്ക് മടങ്ങുന്നു.

ഭയത്തിൻ്റെ അടഞ്ഞ ലോകത്തിലും കുട്ടിയുടെ ശരീരം സ്വാഭാവികമായി ജീവിക്കുന്നു. വീഴാനിരിക്കുന്ന സ്കൈലാബിനെക്കാൾ അവൻ്റെ മനസ്സിൽ ഉള്ളത് മാഞ്ചോട്ടിലെ കിളിമാങ്ങകളാണ്. വലിയ ചരിത്രസംഭവത്തെ ചെറുതും വ്യക്തിപരവുമായ അനുഭവംകൊണ്ട് മറികടക്കുന്ന കലാപ്രവർത്തനമാണിത്.

“കിളിമാങ്ങകള്‍ വീണോയെന്നറിയാൻ മാഞ്ചോട്ടിലേക്ക് ഞാൻ കുതിച്ചു. ‘അയ്യോ പോകല്ലേ’ന്ന് വള്ളിട്രൗസറില്‍ പത്തിരുപതു കയ്യുകള്‍…” വായിക്കുമ്പോൾ ചിരി വരും. അതിനടിയിൽ ഭയത്തിൻ്റെ സാമൂഹികമനഃശാസ്ത്രമുണ്ട്.

കുട്ടിക്ക് പുറംലോകം ഇപ്പോഴും കളിയുടെയും കൗതുകത്തിൻ്റെയും ഇടമാണ്. മുതിർന്നവർക്ക് അതേ ലോകം മരണസാധ്യതയുടെ ഇടമാണ്. ബാല്യത്തിൽ മരണഭയവും കൗതുകവും ഒരുമിച്ചു നിൽക്കുന്നു. ഈ വൈരുധ്യമാണ് കവിതയെ ജീവനുള്ളതാക്കുന്നത്.

യുദ്ധവും സമാധാനവും വായിക്കുന്ന അതേ ബാലനാണ് മാങ്ങ വീണോ എന്നറിയാൻ ഓടുന്നത്. വള്ളിട്രൗസറിൽ പിടിക്കുന്ന കൈകളിൽ രക്ഷിക്കാനുള്ള കരുതലുണ്ട്. സ്വാതന്ത്ര്യം തടയുന്ന അധികാരവുമുണ്ട്. സ്നേഹവും നിയന്ത്രണവും ഒരേ പ്രവൃത്തിയിൽ ചേരുന്നതിൻ്റെ ചെറിയ ഉദാഹരണമാണത്.

ഈ ഘട്ടത്തിൽ ഭയം ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

“ആകാശം ഒരു പരാജയപ്പെട്ട പരീക്ഷണശാലയാണെന്നും അതിൻ്റ അമ്ലഭാരം മുഴുവൻ ഞങ്ങളിലേക്ക് പതിക്കുകയാണെന്നും ഞാൻ കിടുങ്ങി.” കവിതയെ ചിന്തയുടെ കേന്ദ്രത്തിലേക്ക് നയിക്കുന്ന വരിയാണിത്.

ആകാശം പ്രകൃതിയുടെ അതിരില്ലാത്ത സൗന്ദര്യമല്ല. മനുഷ്യൻ്റെ ശാസ്ത്രപരീക്ഷണങ്ങൾ പരാജയപ്പെട്ട് അവശിഷ്ടം പതിക്കുന്ന പരീക്ഷണശാലയാണ്. ശാസ്ത്രവും രാഷ്ട്രീയവും യുദ്ധവും സാങ്കേതികവിദ്യയും ചേർന്ന സിവിലൈസേഷൻ്റെ മഹാപരീക്ഷണങ്ങളുടെ ഭാരം ഒടുവിൽ അനുഭവിക്കുന്നത് അധികാരകേന്ദ്രങ്ങളല്ല, സാധാരണ ജനങ്ങളാണ്.

അമ്ലഭാരം എന്ന പ്രയോഗം ബഹിരാകാശനിലയത്തിൻ്റെ പതനത്തെ രാസദുരന്ത ഭാവനയിലേക്ക് വളർത്തുന്നു. ആകാശം സുരക്ഷിതമായ മേൽക്കൂരയല്ലാതാകുന്നു. ആധുനികാധികാരം നേരിട്ടുള്ള ബലപ്രയോഗംകൊണ്ടു മാത്രമല്ല, അറിവും നിരീക്ഷണവും ഭീഷണിയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുംകൊണ്ടും ശരീരത്തെയും ജീവിതത്തെയും നിയന്ത്രിക്കുന്നു.

സ്കൈലാബ് എവിടെ വീഴുമെന്നറിയാത്ത ജനത അദൃശ്യമായ നിയന്ത്രണത്തിലാകുന്നു. ആരും നേരിട്ടുവന്ന് അവരെ അടച്ചിടുന്നില്ല. ആകാശത്തുനിന്നുള്ള ഭീഷണിയുടെ വാർത്ത സഞ്ചാരത്തെയും ഉറക്കത്തെയും നിയന്ത്രിക്കുന്നു. നിയന്ത്രണത്തിൻ്റെ ഉറവിടം സ്ഥാപനത്തിൻ്റെ നിരീക്ഷണമല്ല, ആഗോളസാങ്കേതികസംവിധാനം സൃഷ്ടിച്ച അനിശ്ചിതത്വവും അതിനോടുള്ള സാമൂഹികഭീതിയുമാണ്. അധികാരത്തിൻ്റെ പരോക്ഷപ്രവർത്തനവും ഭീതിയുടെ ശരീരത്തിലേക്കുള്ള ആന്തരവൽക്കരണവുമെന്ന നിലയിലാണ് ബന്ധം പ്രസക്തമാകുന്നത്.

“പൊടി കയറിയാല്‍ മാത്രം ശ്വാസംമുട്ടാറുള്ള ഞാൻ പൊടുന്നനെ ഉറക്കെ കുറുകാൻ തുടങ്ങി, മേല്‍ക്കൂര താഴുന്ന കുടുസ്സുമുറിയിലെന്ന പോലെ ശ്വാസകോശം ചുരുങ്ങി കണ്ണുകള്‍ തുറിക്കാൻ തുടങ്ങി.” ആകാശത്തുനിന്ന് ഒന്നും വീണിട്ടില്ല, വീട് തകർന്നിട്ടുമില്ല. കുട്ടിയുടെ ശ്വാസകോശം മാത്രമാണ് ചുരുങ്ങുന്നത്.

മനഃശാസ്ത്രപരമായി ഏറ്റവും പ്രധാനം ശ്വാസംമുട്ടലിൻ്റെ വിവരണമാണ്. ബാഹ്യഭീഷണി ശരീരത്തിനകത്തെ യാഥാർത്ഥ്യമാകുന്നു. ഇത് അസ്തിത്വഭീതിയുടെ ശാരീരികാവിഷ്കാരമാണ്, വെറും ആസ്ത്മലക്ഷണമല്ല. കടുത്ത ഭീതിയും ഉത്കണ്ഠയും ശരീരപ്രവർത്തനങ്ങളിൽ പ്രകടമാകാം. പൊടിയോടുള്ള അലർജിയോ ശ്വാസതടസ്സമോ കുട്ടിക്ക് നേരത്തേയുണ്ടായിരുന്നുവെന്ന സൂചനയും കവിതയിലുണ്ട്. അതിനാൽ ഇത് വെറും ഭാവനയല്ല. മുമ്പേയുള്ള ദൗർബല്യത്തെ ഭയം രൂക്ഷമാക്കിയതാകാം. കവിത രോഗനിർണയം നടത്തുന്നില്ല, ഭയത്തിൻ്റെ അനുഭവസത്യമാണ് ആവിഷ്കരിക്കുന്നത്.

ആധുനികലോകത്തിൻ്റെ അമിതഭാരവും പരിസ്ഥിതിനാശവും മനുഷ്യൻ്റെ ശ്വാസോച്ഛ്വാസത്തിൽ വരുത്തുന്ന പ്രതിസന്ധിയായും വായിക്കാം.

“മേൽക്കൂര താഴുന്ന കുടുസ്സുമുറിയിലെന്ന പോലെ” എന്ന ഉപമയിൽ ആകാശത്തിൻ്റെ ഭീഷണി വീടിൻ്റെ മേൽക്കൂരയിലൂടെ ശരീരത്തിലേക്ക് കടക്കുന്നു. പുറവും അകവും തമ്മിലുള്ള അതിർത്തി മായുന്നു. സുരക്ഷയ്ക്കായി പണിത വീട് ശ്വാസംമുട്ടിക്കുന്ന ഇടമാകുന്നു.

അതോടെ പെട്ടകത്തിന് പുതിയ അർത്ഥം കിട്ടുന്നു. രക്ഷയുടെ പ്രതീകമായ പെട്ടകം വിട്ട് പുറത്തിറങ്ങേണ്ടിവരുന്നു. “ചാവുന്നെങ്കില്‍ ചാവട്ടെ എന്ന് ആകാശമുദ്രാവാക്യം വിളിച്ച് നോഹയുടെ പെട്ടകത്തില്‍ നിന്ന് അച്ഛനും അമ്മയും പുഴുപല്ലിപുലിയാനതിമിംഗലസമൃദ്ധമായ അന്തര്‍ലോകവും എന്നെ തോളിലിട്ട് ആശുപത്രിയിലേക്ക് പേടിപ്പമ്മലോടെ പുറത്തിറങ്ങി.” ആഖ്യാനത്തിൽ വലിയ മാറ്റം കവി കൊണ്ടുവരുന്നു.

സ്വന്തം ജീവൻ രക്ഷിക്കാൻ അഭയം തേടിയവർ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആ രക്ഷ ഉപേക്ഷിക്കുന്നു. ഭയത്തിൽനിന്ന് രക്ഷപ്പെടാൻ ഉണ്ടാക്കിയ ഇടം തന്നെ മറ്റൊരു ഭീഷണിയാകുമ്പോൾ മനുഷ്യർ അതിനെ വിടുന്നു. ‘പേടിപ്പമ്മൽ’ ഭയവും തിടുക്കവും സ്നേഹവും ചേർന്ന വാക്കാണ്. കവിതയുടെ ഭാഷാസവിശേഷതയാണത്. ദുരന്തത്തെക്കുറിച്ചുള്ള സൈദ്ധാന്തികചർച്ചകളെല്ലാം ആ നിമിഷം അപ്രസക്തമാകുന്നു. മനുഷ്യജീവൻ്റെ നേരിട്ടുള്ള സംരക്ഷണമാണ് പ്രധാനം. അനിശ്ചിതത്വത്തിൻ്റെ നടുവിലും ജീവിതം കൈവിടാതെ പൊരുതുന്ന മനുഷ്യരുടെ പ്രതീകമാണ് ഈ കുടുംബം. കുട്ടിയുടെ ജീവൻ എന്ന ലക്ഷ്യം പെട്ടകത്തിലെ കൂട്ടായ്മയ്ക്ക് ഇപ്പോൾ പുതിയ അർത്ഥം നൽകുന്നു.

വഴിത്തിരിവ് ആശുപത്രിയിലേക്കുള്ള ഈ യാത്രയിലാണ്. “പുറത്ത് അതേ ആകാശം താഴ്ന്ന് താഴ്ന്ന് വരുന്നുണ്ടോ എന്ന് ഞങ്ങള്‍ തെല്ലിട നോക്കി.” പുറത്തിറങ്ങുമ്പോൾ കാണുന്നത് ദുരന്തത്തിൻ്റെ ആകാശമല്ല, പതിവുലോകമാണ്. ‘അതേ’ എന്ന വാക്ക് പ്രധാനമാണ്.

ആകാശത്തിന് മാറ്റമില്ല, മാറിയത് മനുഷ്യൻ്റെ കാഴ്ചയാണ്. വീടിനുള്ളിൽ ഭീതിയുടെ പ്രതീകമായ ആകാശം ഇപ്പോൾ നേരിട്ടു നോക്കാവുന്ന പ്രകൃതിവിസ്മയമാണ്. ഭയത്തിൽനിന്ന് പൂർണമായി മോചനം നേടിയിട്ടില്ല. എങ്കിലും ഭയത്തെ നേരിടാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. ഭയത്തിൻ്റെ മനഃശാസ്ത്രം കാഴ്ചയെയും അനുഭവത്തെയും എത്ര മാറ്റുന്നുവെന്ന് ഈ വാക്ക് കാണിക്കുന്നു.

തുടർന്ന് പ്രകൃതി പ്രത്യക്ഷപ്പെടുന്നു. “അഞ്ചാറ് കൃഷ്ണപ്പരുന്തുകള്‍, മാഞ്ചില്ലയില്‍ അതേ കുയിലിൻ്റെ ഹംസധ്വനി, ഞാഞ്ഞൂളുകളുടെ സ്മരണയില്‍ ജമീലയുടെ വീട്ടിലെ കരിങ്കോഴിയുടെ പതിവുഖനനം, ഇനിയും പൂക്കാത്ത തൊടികളില്‍ ഒരു തുമ്പിയുടെ പരാഗണശ്രമം, അത് നോക്കി വാലുവീശിയിരിക്കുന്നു ഉച്ചയ്ക്ക് പന്ത്രണ്ടുമണിയുടെ വെയിലില്‍ ഞങ്ങളുടെ വീട്ടിലെ അന്തര്‍മുഖപ്പൂച്ച.” ഇത് പ്രകൃതിവർണനയല്ല, കവിതയുടെ ജൈവികമായ പുനർജന്മമാണ്.

ഓരോ ജീവിക്കും സ്വന്തം താളമുണ്ട്. മനുഷ്യൻ സൃഷ്ടിച്ച ഭീതിയുടെ സമയക്രമത്തെ അവയൊന്നും അംഗീകരിക്കുന്നില്ല. മനുഷ്യർക്ക് ലോകം അവസാനിക്കുകയാണെന്നു തോന്നിയപ്പോഴും പ്രകൃതിയുടെ പ്രവാഹം തടസ്സപ്പെട്ടിരുന്നില്ല. മനുഷ്യചരിത്രത്തിലെ മഹാസംഭവങ്ങൾ പോലും പ്രകൃതിയുടെ കാഴ്ചപ്പാടിൽ അത്ര വലുതാകണമെന്നില്ല. ജീവിതത്തിൻ്റെ യഥാർഥ കേന്ദ്രം രാഷ്ട്രീയമോ ശാസ്ത്രമോ ദുരന്തവാർത്തയോ അല്ല. തുമ്പിയുടെ പരാഗണശ്രമവും കുയിലിൻ്റെ പാട്ടും പൂച്ചയുടെ വാലാട്ടലുമാണ്.

‘ഹംസധ്വനി’ കുയിലിൻ്റെ സ്വാഭാവികശബ്ദത്തെ സംഗീതാനുഭവമാക്കുന്നു. കർണാടകസംഗീതത്തിലെ രാഗനാമം കൂടിയാണത്. ആകാശത്തിൻ്റെ ഭീതിശബ്ദത്തിനു പകരം പ്രകൃതിയുടെ സംഗീതം തിരിച്ചുവരുന്നു. ജമീലയെന്ന വ്യക്തിനാമം കവിതയുടെ ലോകത്തെ കൂടുതൽ വ്യക്തവും സാമൂഹികവുമാക്കുന്നു. പെട്ടകത്തിൽ ഒരുമിച്ചുകൂടിയ ഭാസ്കരൻ, നദീറ, കാർത്തു, ദീപ, തോമാച്ചൻ, പ്രഭാകരൻ, ജോജോപ്പട്ടി എന്നിവർ ഒരു പ്രദേശത്തിൻ്റെ വൈവിധ്യമാർന്ന മനുഷ്യബന്ധങ്ങളുടെ അടയാളങ്ങളായിരുന്നു.

ജമീലയുടെ കോഴിയും ആ ജീവിതത്തിൻ്റെ ഭാഗമാകുന്നു. മതപരവും സാമൂഹികവുമായ വേർതിരിവില്ലാതെ അയൽവീടുകളിലേക്കു പടരുന്ന ഗ്രാമജീവിതമാണ് രൂപപ്പെടുന്നത്

“ഇനിയും പൂക്കാത്ത തൊടികളില്‍” എന്ന പ്രയോഗത്തിൽ ഭാവിയിലേക്കുള്ള സൂചനയുണ്ട്. പൂക്കൾ വിരിയും മുമ്പേ പരാഗണസാധ്യതയ്ക്കായി പ്രകൃതി ശ്രമിക്കുന്നു. ജീവിതം പൂർത്തിയായതല്ല, നിരന്തരപ്രക്രിയയാണ്. പ്രതിസന്ധിയിലും പ്രകൃതി ഭാവിയിലേക്കുള്ള പ്രവർത്തനം നിർത്തുന്നില്ല. പരിസ്ഥിതിദർശനത്തിൻ്റെ വായനയും ഇവിടെ സാധ്യമാണ്.

സാങ്കേതികശക്തികൊണ്ട് ആകാശത്തെയും ഭൂമിയെയും നിയന്ത്രിക്കാമെന്ന് മനുഷ്യൻ കരുതുന്നു. പ്രകൃതിയുടെ ജീവപ്രവാഹം അവൻ്റെ അധികാരത്തിനും ഭീതിക്കും അതീതമായി തുടരുന്നു. മനുഷ്യൻ പ്രകൃതിയുടെ ഉടമയല്ല, അതിലെ ജീവി മാത്രമാണ്. പതനഭീതി ആ സഹജീവിതത്തെ നിമിഷനേരത്തേക്ക് മറപ്പിച്ചു. പുറത്തിറങ്ങിയപ്പോൾ അവൻ അതിനെ വീണ്ടും തിരിച്ചറിയുന്നു.

ഈ തിരിച്ചറിവിൻ്റെ കേന്ദ്രത്തിൽ അന്തർമുഖപ്പൂച്ചയുണ്ട്. ഉച്ചവെയിലിൽ പ്രകൃതിയുടെ ചലനങ്ങൾ നോക്കി വാലാട്ടിയിരിക്കുന്ന വീട്ടുപൂച്ചയ്ക്ക് സ്കൈലാബിനെപ്പറ്റി അറിവില്ല, ആശങ്കയുമില്ല. തൊടിയും വെയിലും തുമ്പിയും കിളികളുമാണ് അതിൻ്റെ ലോകം. മനുഷ്യൻ്റെ ആഗോളഭീതിക്കു പുറത്തുള്ള ജീവിതക്രമത്തെ അത് പ്രതിനിധാനം ചെയ്യുന്നു. പ്രകൃതിയുടെ പ്രതീകമായി മാത്രം പൂച്ചയെ കാണേണ്ടതുമില്ല. മനുഷ്യന് നഷ്ടപ്പെട്ട സ്വാഭാവികമായ വർത്തമാനകാലബോധത്തിൻ്റെ പ്രതിനിധി കൂടിയാണത്. മനുഷ്യൻ ഭാവിയിലെ ദുരന്തത്തെ ഓർത്ത് ആശങ്കപ്പെടുമ്പോൾ പൂച്ച വർത്തമാനത്തിൽ ജീവിക്കുന്നു.

“തോളിലിരുന്ന് ഞാൻ പറഞ്ഞു ശ്വാസംമുട്ടല്‍ മാറി.”

ശ്വാസംമുട്ടലിൻ്റെ ഇരയായിരുന്ന കുട്ടി ഇപ്പോൾ സ്വന്തം ശരീരത്തിൻ്റെ സുഖവിവരം അറിയിക്കുന്നു. അതിലും പ്രധാനമായി അവൻ വീണ്ടും ലോകവുമായി സംസാരിച്ചുതുടങ്ങുന്നു. ഭയത്തിൻ്റെ പിടിയിൽനിന്ന് ഭാഷയിലേക്കും ബന്ധത്തിലേക്കും മടങ്ങിവരികയാണ്.

“ലോകം പഴയതുപോലെയായി.” ലളിതമായ പ്രഖ്യാപനമാണ്, അർത്ഥം ലളിതമല്ല. ലോകം പഴയതുപോലെ ആയിട്ടില്ല എന്നതാണ് സത്യം. ആകാശവും മാഞ്ചില്ലയും പക്ഷികളും പൂച്ചയും പഴയതുതന്നെ. മാറിയത് മരണഭീതിയിലൂടെ കടന്നുപോയ കുട്ടിയുടെ അനുഭവത്തിലെ ലോകാർത്ഥമാണ്.

മരണം ജീവിതത്തിൽനിന്ന് പൂർണമായി ഒഴിവാക്കാനാവാത്ത സാധ്യതയാണ്. മരണബോധം ജീവിതത്തിൻ്റെ മൂല്യം തിരിച്ചറിയാനും സഹായിക്കുന്നു. കുട്ടി മരണത്തെ നേരിട്ടറിഞ്ഞിട്ടില്ല. മരണം അടുത്തെത്തിയെന്ന അനുഭവത്തിലൂടെ ജീവിതത്തിൻ്റെ സാധാരണത്വത്തിൻ്റെ വില അവൻ അറിയുന്നു. അതുകൊണ്ട് ലോകം പഴയതുപോലെയായതിൽ പുതിയ സന്തോഷമുണ്ട്.

“സ്കൈലാബ് നയത്തില്‍, ദൂരെ ദൂരെ ഒരു കടലില്‍ പതുങ്ങിപ്പതിച്ചു.” തുടക്കത്തിലെ അരാജകവാദിയായ ഉന്മത്തതളികയും ഒടുവിലെ നയത്തിൽ പതുങ്ങിപ്പതിച്ച സ്കൈലാബും തമ്മിൽ വലിയ ഭിന്നതയുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ഭീകരവസ്തു ശബ്ദമില്ലാതെ ദൂരേക്ക് മാറിപ്പോകുന്നു. പതനം പൂർണമായി നിയന്ത്രിതമായിരുന്നില്ല എന്നും അവശിഷ്ടങ്ങൾ ഓസ്ട്രേലിയയിലെ ജനവാസം കുറഞ്ഞ ഭാഗങ്ങളിൽ വീണെന്നും നേരത്തേ പറഞ്ഞു. അതിനാൽ ‘നയത്തിൽ’ ശാസ്ത്രീയ കൃത്യതയല്ല, ഭീതിയുടെ അനുഭവത്തെ ഇല്ലാതാക്കുന്ന കാവ്യഭാഷയാണ്.

കവിതയുടെ യഥാർത്ഥ പര്യവസാനം പതനത്തിലല്ല, മാഞ്ചോട്ടിലാണ്. “മാഞ്ചോട്ടില്‍ മഞ്ഞശംഖുപോലെ എനിക്കായൊരു മാമ്പഴവും. അതിൻ്റെ ചുനച്ചുണ്ടില്‍ ചുണ്ടമര്‍ത്തി ഞാൻ ശംഖനാദമുയര്‍ത്തി.” മാമ്പഴം സാധാരണ പഴമല്ലാതാകുന്നു. (മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുൻപേ – വൈലോപ്പിള്ളി) ജീവിതത്തിൻ്റെ വിളവും ബാല്യത്തിൻ്റെ പ്രതിഫലവും മരണഭയത്തിനു ശേഷമുള്ള പുനർജന്മത്തിൻ്റെ പ്രതീകവുമാണത്.

ശംഖ് പരമ്പരാഗതമായി മംഗളത്തിൻ്റെയും വിജയത്തിൻ്റെയും നവാരംഭത്തിൻ്റെയും സൂചനയാണ്. മതാചാരങ്ങളിലും യുദ്ധത്തിൻ്റെ അവസാനത്തിലും ശംഖനാദത്തിന് സ്ഥാനമുണ്ട്. മഹാഭാരതത്തിലെ യുദ്ധാരംഭവും ശംഖനാദത്തോട് ബന്ധപ്പെട്ടതാണ്. കവിതയിൽ ശംഖൂതുന്നത് കുട്ടിയാണ്, അവൻ്റെ കൈയിൽ ശംഖില്ല, മഞ്ഞമാമ്പഴമേയുള്ളൂ.

പഴത്തിൻ്റെ ചുണ്ടും കുട്ടിയുടെ ചുണ്ടും ഒന്നാകുമ്പോൾ പ്രകൃതിയുടെ രുചി ശരീരത്തിലേക്ക് കടക്കുന്നു. അവിടെനിന്ന് ശംഖനാദം ഉയരുന്നു. മരണഭീതിയുടെ നിശ്ശബ്ദതയെ ജീവിതത്തിൻ്റെ ശബ്ദംകൊണ്ട് കുട്ടി മറികടക്കുന്നു. ശ്വാസംമുട്ടിയ കുട്ടി ശബ്ദമുയർത്തുന്നുവെന്നതിനാൽ പുനർജന്മത്തിൻ്റെ ബിംബം കൂടിയാണിത്. ആകാശത്തുനിന്ന് പതിക്കുമെന്നു ഭയന്ന വസ്തുവിൻ്റെ ശബ്ദത്തിനു പകരം ഭൂമിയിൽനിന്ന് കിട്ടിയ മാമ്പഴത്തിൻ്റെ ശബ്ദമുയരുന്നു.

ബഹിരാകാശസാങ്കേതികവിദ്യയും ഭൂമിയുടെ ജൈവജീവിതവും തമ്മിലുള്ള സംഘർഷത്തിൽ ഒടുവിൽ ജയിക്കുന്നത് ഭൂമിയുടെ ജീവിതമാണ്. ഇക്കവിതയിൽ മഞ്ഞനിറം സൂര്യപ്രകാശത്തിൻ്റെയും പാകത്തിൻ്റെയും സമൃദ്ധിയുടെയും നിറമാണ്. ആകാശത്തുനിന്നു വന്ന വെളിച്ചം ഭീതിയായിരുന്നു. ഇപ്പോൾ പ്രകൃതിയുടെ വെളിച്ചം പഴത്തിൻ്റെ നിറത്തിലും രുചിയിലും ശരീരാനുഭവത്തിലും തിരിച്ചെത്തുന്നു. വെളിച്ചം ഭീതിയിൽനിന്ന് ആസ്വാദനത്തിലേക്ക് മാറുന്നു.

“ശ്വാസം അതിൻ്റെ ഭ്രമണപഥം കണ്ടെത്തി.”

ഈ അവസാനവരിയിലാണ് കവിതയുടെ കലാപരമായ നേട്ടം. തുടക്കത്തിൽ ഭ്രമണപഥം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത് സ്കൈലാബാണ്. ഒടുവിൽ ഭ്രമണപഥം മനുഷ്യൻ്റെ ശ്വാസത്തിൻ്റേതാകുന്നു.

രണ്ട് ഭ്രമണപഥങ്ങളുണ്ട്. ഒന്ന് മനുഷ്യൻ നിർമിച്ച സാങ്കേതികവസ്തുവിൻ്റേത്. മറ്റൊന്ന് പ്രകൃതി മനുഷ്യന് നൽകിയ ജീവൻ്റെ താളം. ആദ്യത്തേത് നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നു. രണ്ടാമത്തേത് താളം തെറ്റിയശേഷം സ്വാഭാവികപാത വീണ്ടെടുക്കുന്നു.

സ്കൈലാബിൻ്റെ കഥ പതനത്തിൻ്റെയും പരാജയത്തിൻ്റെയും കഥയാണ്. കുട്ടിയുടെ കഥ തിരിച്ചുവരവിൻ്റെയും പുനഃസ്ഥാപനത്തിൻ്റെയും കഥയാണ്. ശ്വാസത്തിന് ഭ്രമണപഥമുണ്ടെന്ന സങ്കൽപ്പംതന്നെ മനോഹരമാണ്.

ശ്വാസം ശരീരത്തിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരമാണ്. അതിന് താളവും ആവർത്തനവും സ്വാഭാവികക്രമവുമുണ്ട്. ഭയം ആ ക്രമം തകർക്കുന്നു. ജീവിതത്തിലേക്കുള്ള മടക്കം ആ ക്രമം വീണ്ടെടുക്കലാണ്.

മനുഷ്യൻ ആകാശത്തെ കീഴടക്കാൻ ശ്രമിക്കുന്നു. സ്വന്തം ശ്വാസത്തിൻ്റെ താളംപോലും എപ്പോഴും അവൻ്റെ നിയന്ത്രണത്തിലല്ല. അതിനാൽ പരിസ്ഥിതിദർശനത്തിൻ്റെയും അസ്തിത്വചിന്തയുടെയും സംഗമമായി ഈ വരിയെ കാണാം. ഇത് ‘അമേരിക്കയുടെ അഹങ്കാരം’ എന്ന പ്രയോഗത്തോടു ചേർത്തുവായിക്കുമ്പോൾ അർത്ഥം പൂർണമാകുന്നു.

ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്ന അധികാരമോഹം ഒരു വശത്ത്. ശ്വാസമെടുക്കാൻപോലും കഴിയാതെ ഭയന്നുപോകുന്ന ദുർബലത മറുവശത്ത്. എത്ര വലിയ സാങ്കേതികശക്തി നേടിയാലും ശ്വാസത്തിനു പകരംവയ്ക്കാൻ മനുഷ്യന് ഒന്നും സൃഷ്ടിക്കാനാവില്ല.

വീഴുന്നത് സ്കൈലാബാണ്, യഥാർത്ഥത്തിൽ തകർന്നുവീഴുന്നത് മനുഷ്യൻ്റെ ഭ്രമങ്ങളാണ്. അമേരിക്കയുടെ സാങ്കേതിക അജയ്യത തകരുന്നു. ആകാശം സുരക്ഷിതമെന്ന വിശ്വാസം തകരുന്നു. ലോകം ഏതു നിമിഷവും അവസാനിക്കാമെന്ന ഭയവും ഒടുവിൽ തകരുന്നു.

വീഴാതെ നിൽക്കുന്നത് ചെറിയ ചെറിയ ജീവിതരൂപങ്ങളാണ്. കുയിൽ, തുമ്പി, പൂച്ച, മാമ്പഴം, ശ്വാസം. ചരിത്രത്തെക്കാൾ ശക്തം ജീവിതമാണെന്ന് കവിത തുറന്നുകാട്ടുന്നു. സ്കൈലാബ് ഭ്രമണപഥം വിട്ടുവീണു. ശാസ്ത്രസംവിധാനം പരാജയപ്പെട്ടിട്ടും ജീവിതം പരാജയപ്പെട്ടില്ല.

ആകാശം നിയന്ത്രണം വിട്ടപ്പോൾ ശ്വാസം നിയന്ത്രണം വീണ്ടെടുത്തു. ശാസ്ത്രത്തിൻ്റെ പരാജയപ്പെട്ട പരീക്ഷണശാലയിൽനിന്ന് കുട്ടി പുറത്തുകടന്ന് പ്രകൃതിയുടെ വലിയ പരീക്ഷണശാലയിലേക്ക് തിരിച്ചെത്തുന്നു. അവിടെ ജീവിതം ഇപ്പോഴും പൂക്കാൻ ശ്രമിക്കുന്നു, മാമ്പഴം പഴുക്കുന്നു, ശ്വാസം താളം തേടുന്നു.

ഓർമയുടെ രാഷ്ട്രീയവും ഈ കവിതയിൽ പ്രധാനമാണ്. 1979-ലെ സംഭവത്തെ വർഷങ്ങൾക്കുശേഷം ഓർക്കുമ്പോൾ കവി സംഭവം പകർത്തുന്നില്ല. കുട്ടിയുടെ ഓർമയിൽ ശേഷിച്ച മനുഷ്യരെയും വസ്തുക്കളെയും ഗന്ധങ്ങളെയും ശബ്ദങ്ങളെയും ചേർത്ത് പുതിയ അനുഭവലോകം പണിയുന്നു. ഭാസ്കരൻ, നദീറ, കാർത്തു, ദീപ, തോമാച്ചൻ, പ്രഭാകരൻ, ജോജോപ്പട്ടി, ജമീല, ശേഖരേട്ടൻ എന്നീ പേരുകൾ വരുന്നത് അതുകൊണ്ടാണ്.

ഇവർ ചരിത്രത്തിലെ പ്രമുഖരല്ല. കുട്ടിയുടെ ഓർമയിൽ ചരിത്രത്തെക്കാൾ വലിയവരാണ്. ചരിത്രം രാഷ്ട്രത്തലവന്മാരെയും ശാസ്ത്രജ്ഞരെയും യുദ്ധങ്ങളെയും സാങ്കേതികവിദ്യകളെയും രേഖപ്പെടുത്തുന്നു. സാധാരണ മനുഷ്യരുടെ ഓർമയിൽ കാലഘട്ടം നിലനിൽക്കുന്നത് വീടുകളിലൂടെയും അയൽപക്കങ്ങളിലൂടെയും കളികളിലൂടെയും ഭക്ഷണത്തിലൂടെയും ഭീതികളിലൂടെയുമാണ്.

ഔദ്യോഗികചരിത്രത്തിലില്ലാത്തവരെ ഓർമയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ കീഴാളചരിത്രവായനയ്ക്കും കവിത വഴിയൊരുക്കുന്നു. ഓരോ പേരും ഓരോ ജീവിതത്തിൻ്റെ സാന്നിധ്യമാണ്.

ഭാസ്കരൻ തൊഴിലാളിനേതാവാണ്. നദീറയും കാർത്തുവും ദീപയും തോമാച്ചനും അയൽപക്കത്തിൻ്റെ വൈവിധ്യമാണ്. ജമീലയുടെ കരിങ്കോഴി ആ പ്രദേശത്തിൻ്റെ ദൈനംദിനജീവിതമാണ്. ചരിത്രസംഭവത്തെ ചെറുമനുഷ്യരുടെ അനുഭവങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഈ രീതിയാണ് കവിതയുടെ ജനാധിപത്യസ്വഭാവം നിർണയിക്കുന്നത്.

അച്ഛനും അമ്മയും അമ്മൂമ്മയും അയൽക്കൂട്ടുകാരും കുട്ടികളും പെട്ടകത്തിലുണ്ട്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അച്ഛനോടൊപ്പം അമ്മയും പുറത്തിറങ്ങുന്നു. മാതൃത്വത്തിൻ്റെ സംരക്ഷണാത്മകമായ അനുഭവതലമാണ് അമ്മയുടെ സാന്നിധ്യം. സ്ത്രീകളുടെ സ്വതന്ത്രമായ അനുഭവലോകത്തിന് കവിതയിൽ കൂടുതൽ ഇടം കിട്ടുന്നില്ല. അവർ പ്രധാനമായും കുടുംബത്തിൻ്റെയും അയൽക്കൂട്ടത്തിൻ്റെയും ഭാഗമായാണ് വരുന്നത്. കവിതയെ പരിചരണത്തിൻ്റെയും കൂട്ടായ്മയുടെയും ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കവിതയായി കാണുന്നതാണ് ഉചിതം.

ഭാഷയിലും കവിത സവിശേഷമാണ്. കുട്ടിക്കാലത്തെ പ്രാദേശികഭാഷയുടെ സ്വാഭാവികതയും ഓർമയുടെ താളവുമുണ്ട്. ചില വാക്കുകൾ നർമം സൃഷ്ടിക്കുന്നു, ചിലത് ഭീതിയുടെ അന്തരീക്ഷം. അന്തർമുഖപ്പൂച്ച, പേടിപ്പമ്മൽ, മഞ്ഞശംഖുപോലെ തുടങ്ങിയ പ്രയോഗങ്ങൾ കവിതയുടെ സ്വന്തം ഭാഷാലോകം പണിയുന്നു. അമിതമായ അലങ്കാരമില്ല.

ദൃശ്യങ്ങൾക്കുള്ളിൽ കവിത്വം സ്വാഭാവികമായി രൂപപ്പെടുന്നു. വവ്വാൽ, പൂച്ച, പുഴു, പല്ലി, പുലി, ആന, തിമിംഗലം, കൃഷ്ണപ്പരുന്ത്, കുയിൽ, കരിങ്കോഴി, തുമ്പി എന്നിങ്ങനെ ജീവികളുടെ പേരുകൾ ജീവലോകത്തെ സമ്പന്നമാക്കുന്നു. കവിത, മനുഷ്യകേന്ദ്രിതമായ ആഖ്യാനത്തെ മറികടന്ന് ബഹുജീവലോകം സൃഷ്ടിക്കുന്നുണ്ട്. മനുഷ്യനോടൊപ്പം അനേകം ജീവികൾ പങ്കിടുന്ന പൊതുജീവിതമാണ് ഭൂമി. സഹജീവിതത്തിൻ്റെയും പരിസ്ഥിതിബോധത്തിൻ്റെയും ദർശനമാണ് അതിൻ്റെ സ്വാഭാവികമായ അടിത്തറ.

വൈരുധ്യങ്ങളുടെ വിന്യാസവും സൗന്ദര്യമാണ്. ആകാശവും ഭൂമിയും, പകലും രാത്രിയും, ഭയവും കൗതുകവും, പെട്ടകവും പുറത്തേക്കുള്ള യാത്രയും, ശ്വാസംമുട്ടലും ശ്വാസത്തിൻ്റെ വീണ്ടെടുപ്പും, സ്കൈലാബും മാമ്പഴവും പരസ്പരം പ്രതിപ്രവർത്തിക്കുന്നു.

തുടക്കത്തിൽ ആകാശം ഭീതിയുടെ ഇടമാണ്, ഒടുവിൽ മാഞ്ചോട്ടിൽ ജീവിതാനന്ദം കിട്ടുന്നു. തുടക്കത്തിൽ മനുഷ്യർ വീടിനകത്തേക്ക് ചുരുങ്ങുന്നു, ഒടുവിൽ കുട്ടി പുറംലോകവുമായി വീണ്ടും ബന്ധപ്പെടുന്നു. തുടക്കത്തിലെ കേന്ദ്രം ആകാശത്തുനിന്ന് പതിക്കാനിരിക്കുന്ന വസ്തുവാണ്, ഒടുവിലെ കേന്ദ്രം ഭൂമിയിൽനിന്ന് കിട്ടുന്ന മാമ്പഴമാണ്. ഈ വൈരുധ്യങ്ങളെല്ലാം ഭ്രമണപഥമെന്ന രൂപകത്തിൽ ഒന്നിക്കുന്നു. അതുകൊണ്ട് അവസാനവരി മനോഹരമായ പ്രയോഗം മാത്രമല്ല, കവിതയുടെ ഘടനയെയും പ്രമേയത്തെയും ദർശനത്തെയും ഒരേസമയം പൂർത്തിയാക്കുന്ന വരിയാണ്.

അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള കുട്ടിയുടെ രോഷവും സോവിയറ്റ് യൂണിയനോടുള്ള അനുകൂലചിന്തയും രാഷ്ട്രീയമായി രസകരമാണ്. അതിൻ്റെ പ്രത്യയശാസ്ത്രപരമായ സങ്കീർണത കവിത വികസിപ്പിക്കുന്നില്ല. അമേരിക്കൻ സാങ്കേതികാധികാരത്തെ വിമർശിക്കുന്ന കുട്ടി സോവിയറ്റ് ബഹിരാകാശരാഷ്ട്രീയത്തെ വിമർശനാത്മകമായി കാണുന്നില്ല. കുട്ടിയുടെ പ്രായത്തിൻ്റെയും അന്നത്തെ രാഷ്ട്രീയബോധത്തിൻ്റെയും സ്വാഭാവികപരിമിതിയാണിത്. കവിതയുടെ ദൗർബല്യമെന്നതിനെക്കാൾ, ആഖ്യാനത്തിലെ കുട്ടിക്കാഴ്ചയുടെ സവിശേഷതയായി ഇതിനെ മനസ്സിലാക്കാം.

ഈ കവിതയുടെ വിശേഷം, വിഷയത്തിൻ്റെ വലുപ്പത്തിലല്ല, വിഷയത്തെ സമീപിക്കുന്ന കാഴ്ചയുടെ വലുപ്പത്തിലാണ്. ലോകത്തെ ഏറ്റവും വലിയ സാങ്കേതികശക്തികളിലൊന്നിൻ്റെ അവശിഷ്ടം വീഴുമെന്ന ഭീതിയെ ഗ്രാമത്തിലെ കുട്ടിയുടെ അനുഭവത്തിലൂടെ അവതരിപ്പിക്കുന്നു. ആഗോളരാഷ്ട്രീയത്തിലെ ഗൗരവമുള്ള ചോദ്യങ്ങളെ ബാല്യത്തിൻ്റെ കൗതുകവും നർമവുംകൊണ്ട് മൃദുവാക്കുന്നു. വലിയ ചരിത്രത്തെ ചെറിയ ജീവിതത്തിൻ്റെ അളവുകോലിൽ അളക്കുന്നു. ലോകത്തിൻ്റെ മറുതലയ്ക്കലെ സാമ്രാജ്യത്വശക്തികളുടെ ആധിപത്യവും ശാസ്ത്രപരീക്ഷണങ്ങളും ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ ഭയത്തെയും അതിജീവനത്തെയും എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യമാണ് കവിത ഉയർത്തുന്നത്. ഗ്രാമീണജീവിതത്തിൻ്റെ നന്മയും പ്രകൃതിയുടെ സാന്ത്വനവുംകൊണ്ട് സാങ്കേതികവിദ്യയുടെ ഭയപ്പെടുത്തലിനെ കവിത പ്രതിരോധിക്കുന്നു.
ഇതാണ് ഇതിൻ്റെ അടിസ്ഥാനസ്വഭാവം. ഓർമക്കവിതയാണെങ്കിലും ആന്തരിക ഘടനയിൽ രാഷ്ട്രീയകവിതയും പരിസ്ഥിതികവിതയും മനഃശാസ്ത്രപരമായ അനുഭവാഖ്യാനവും ദാർശനികതയും ഒന്നിക്കുന്നു. ഒന്നും മറ്റൊന്നിനെ വിഴുങ്ങുന്നില്ല എന്നതാണ് ബനേഷിന്റെ ആഖ്യാനമികവ്. ബാല്യത്തിൻ്റെ നിഷ്കളങ്കത നിലനിർത്തിക്കൊണ്ടുതന്നെ ചരിത്രത്തിൻ്റെയും അധികാരത്തിൻ്റെയും ഭയത്തിൻ്റെയും ജീവിതത്തിൻ്റെയും സങ്കീർണതകൾ അതിൽ ചേർക്കാൻ കവിക്ക് കഴിഞ്ഞു.

മനുഷ്യൻ ആകാശത്തേക്ക് നോക്കുന്നത് പലപ്പോഴും അത്ഭുതത്തോടെയാണ്. ആകാശം അപകടത്തിൻ്റെ ഇടമാകുമ്പോൾ അവൻ സ്വന്തം വീട്ടിലേക്ക് പിൻവാങ്ങുന്നു. അവിടെനിന്ന് പുറത്തിറങ്ങാൻ അവനെ സഹായിക്കുന്നത് ശാസ്ത്രത്തിൻ്റെ ഉറപ്പുകളോ രാഷ്ട്രീയത്തിൻ്റെ വാഗ്ദാനങ്ങളോ അല്ല, ചുറ്റുമുള്ള ജീവലോകമാണ്. കുയിലിന്റെ ശബ്ദം, തുമ്പിയുടെ ചലനം, പൂച്ചയുടെ വാലാട്ടം, മാമ്പഴത്തിൻ്റെ മണം. ജീവിതം ഇപ്പോഴും തുടരുന്നു എന്നതിൻ്റെ ചെറിയ അടയാളങ്ങളാണവ.

സ്കൈലാബ് കടലിൽ ചിതറിപ്പോയി. അതിനെക്കുറിച്ചുള്ള ഭീതി കുട്ടിയുടെ ഓർമയിൽ പതിഞ്ഞുകിടന്നു. വർഷങ്ങൾക്കുശേഷം ആ ഓർമയെ കവിതയാക്കുമ്പോൾ കവി അതിനെ മരണത്തിൻ്റെ കഥയാക്കുന്നില്ല, ജീവിതത്തിൻ്റെ തിരിച്ചുപിടിക്കലിൻ്റെ കഥയാക്കുന്നു.

ആകാശത്തുനിന്ന് പതിക്കുമെന്ന് ഭയന്നത് സ്കൈലാബായിരുന്നു. താളം തെറ്റിയത് മനുഷ്യൻ്റെ ശ്വാസത്തിനായിരുന്നു. ഒടുവിൽ ആകാശമല്ല, ജീവിതമാണ് കുട്ടിയെ രക്ഷിച്ചത്.

വീഴുന്നത് സ്കൈലാബാണ്, നിലനിൽക്കുന്നത് ശ്വാസമാണ്. തകരുന്നത് മനുഷ്യൻ്റെ ഭ്രമങ്ങളാണ്, നിലനിൽക്കുന്നത് ജീവിതമാണ്. വലിയ ലോകദുരന്തത്തിൻ്റെ നിഴലിൽനിന്ന് മാമ്പഴത്തിൻ്റെ ചുനമണത്തിലേക്കുള്ള ആ സഞ്ചാരത്തിലാണ് ‘സ്കൈലാബി’ൻ്റെ കവിത്വം.


കവി പരിചയം

M.S. Banesh is an Indian poet and novelist writing in Malayalam. He is also a documentary filmmaker and journalist

എം.എസ്. ബനേഷ്

കവിയും നോവലിസ്റ്റും മാധ്യമപ്രവർത്തകനും ഡോക്യുമെൻററി സംവിധായകനുമായ എം.എസ് ബനേഷ് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതൽ മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നു. നെഞ്ചുംവിരിച്ച് തലകുനിക്കുന്നു (ഡിസി ബുക്സ്, 2007), കാത്തുശിക്ഷിക്കണേ (ഡിസി ബുക്സ്, 2011), നല്ലയിനം പുലയ അച്ചാറുകൾ (ഡിസി ബുക്സ് 2017), പേരക്കാവടി (ഡിസി ബുക്സ് 2022) എന്നിവയാണ് പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾ. ആദ്യനോവൽ ജലഭരദിനരാത്രങ്ങൾ 2022 ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ഡിസി 2025ൽ പ്രസിദ്ധീകരിച്ച ‘പ്രേമലേപനം’ ആണ് രണ്ടാമത്തെ നോവൽ.


ലേഖകപരിചയം :

താജ് മന്‍സൂര്‍

റിട്ട. പ്രിൻസിപ്പൽ, WOHSS പിണങ്ങോട്, വയനാട്. മുൻ ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ, വയനാട്. ‘മഴ വന്നുപോയതും മരം നിന്നു പെയ്തതും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.