തടഞ്ഞുനിർത്തും, നീയെൻ വീട്ടിൽ
വരുന്ന വഴിയൊരു ചെറുചില്ല
ആരാണെന്നൊരു ചോദ്യമുയർത്തും
പൂക്കൾ നിറഞ്ഞോരെൻ വേലി
നിൻ കാൽപ്പാടുകളേറ്റൊരു മണ്ണിൻ
നനുത്ത ഗന്ധമറിഞ്ഞേക്കും
അനാദി തൊട്ടീ നനഞ്ഞ മണ്ണിൽ
ഒളിച്ചിരിക്കും മണ്ണിരകൾ
തൊടിയിൽ, പഴയൊരു വർഷസുഗന്ധം
ശ്വസിച്ചു നിൽക്കേ ഇലവംഗം
മന്ത്രിച്ചേക്കും, പിന്തുടരുന്നു നൂറു നിറങ്ങളുമായ് നിന്നെ
ഓർമ്മയിൽ നിന്നുമടർന്നു വരും
മഴ പെയ്തു കുതിർന്നൊരു മധ്യാഹ്നം.
നനഞ്ഞ കാറ്റോ,
നിൻ മുടിയിഴയിൽ
കഴിഞ്ഞകാലക്കഥ തിരയും,
നിൻറെയുടുപ്പിൽ പതിഞ്ഞിരിക്കും
എന്നോർമ്മകൾതൻ പൊരുൾ തേടും.
വിളിച്ചുപറയും പക്ഷികൾ പണ്ടേ
മറന്നുപോയൊരു പ്രിയനാമം
പാതിയുറക്കത്തിൽ ചോദിക്കും
വഴിയിൽ കാണും മുൾച്ചെടികൾ:
“ഏതു വിദൂരതയിൽ നീ കാണാതൊളിച്ചിരുന്നു ഇതുവരെയും?”
അതിരിലെ നന്ത്യാർവട്ടപ്പൂക്കൾ
അഴിഞ്ഞു മൃദുവായി വീണേക്കും
നിശ്ശബ്ദനായി നീ നിൽക്കേ,
വാനം
പതുക്കെ താഴോട്ടൂർന്നേക്കും
പടർന്ന പാഷൻ വള്ളിയിലാടാൻ
തുടക്കമിട്ടു കഴിഞ്ഞേക്കും.
ചോദ്യങ്ങൾ, നിരാകരണങ്ങൾ,
നീയിനി തങ്ങണമെന്നൊരു പ്രാർത്ഥനയും,
പോകാൻ പറയലുമില്ലാതങ്ങനെ
നിൽക്കുന്നുണ്ടാകും വീട്.
ഇടയിൽ,
ചുവരിൽ തൂങ്ങിയ ക്ലോക്കിൽ
കണ്ണോടിക്കുന്നുണ്ടാകും.
നിൻ സാന്നിധ്യം നീളില്ലെന്നൊരു
സത്യമറിഞ്ഞതുപോലപ്പോൾ
പടിവാതിൽക്കൽ പേരമരത്തിൻ
ഇലകൾ കൊഴിയുന്നുണ്ടാകും.
***
കവിപരിചയം:

ഇമ്മാനുവല്‍ മെറ്റ്ല്‍സ്
Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist. Write in Telugu English and Malayalam.
ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം :

അരുണ്‍ ഗാന്ധിഗ്രാം
അരുൺ ഗാന്ധിഗ്രാം മലയാള കവിയും എഴുത്തുകാരനുമാണ്. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ‘മടിച്ചി’ എന്ന പുസ്തകം ഉൾപ്പെടെയുള്ള കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ജീവിതപ്പുസ്തകം’, ‘രണ്ടു ദേശീയപാതകൾ’, ‘അച്ഛൻ’ എന്നിവ ശ്രദ്ധേയമായ രചനകളാണ്.







No Comments yet!