Skip to main content

നാട്യം

തീൻമേശകളിൽ നിന്ന്
നൃത്തം വച്ചുപൊങ്ങി
അന്തരീക്ഷത്തിൽ
അസംഖ്യം ഫോർക്കുകൾ:

ഹേ!
വിഡ്ഢിയായ മനുഷ്യാ,
നീ വായിലാക്കുന്ന മുള്ളുകൾ
ഞങ്ങളുടെ തലയിൽ മുളച്ചതാണെന്നു നീ കരുതുന്നു.
എങ്കിൽ കേട്ടോളൂ,
ഞങ്ങളുടെ തലകൾ
ഇപ്പോൾ സ്വതന്ത്രമായിരിക്കുന്നു.
ഞങ്ങൾ
ഉരുക്കിലുരുവായ
മന്ത്രവാദിനിച്ചൂലുകൾ.
ഇപ്പോൾ
നക്ഷത്രലോകം കടക്കാറായി.

എൻ്റെ മേശപ്പുറത്ത് എന്തുണ്ടുബാക്കി?

പ്ലേറ്റുകൾ, കത്തികൾ, സ്പൂണുകൾ, കോപ്പകൾ
എല്ലാം അവയെ പിൻതുടരുന്നു.

ഞാൻ എന്നിലേക്കു കുനിഞ്ഞ്
എച്ചിൽ പുരണ്ട ദൃശ്യങ്ങൾ
ഓർമ്മയിൽ നിന്നു പെറുക്കി
ഒരോന്നായി ജoരത്തിൽ
അടുക്കി.
ഒരു ഡിഷ് വാഷറിലെന്നോണം
തലയ്ക്കുള്ളിൽ നടക്കുന്നു
വെള്ളം ചീറ്റൽ
സോപ്പിടൽ
വീണ്ടും കഴുകൽ
ഉണക്കൽ
എല്ലാം.

എന്നും വിഭ്രമം മാത്രം തരുന്ന മസ്തിഷ്ക്ക പ്രവർത്തനത്തിൽ നിന്ന്
എന്നേക്കുമായി രക്ഷനേടാൻ പൊരുതുമ്പോഴായിരുന്നല്ലോ
ഫോർക്കുകളുടെ
പുരോയാനം.
അവയുടെ നിർദ്ദയ പരിഹാസം.

മേലിൽ ചരിത്രമായി ഘോഷിക്കപ്പെടേണ്ട
ഒരസംബന്ധ കഥയുടെ ആഖ്യാനത്തിൽ
ഞാൻ എല്ലാമാകുന്നു,
പ്രത്യേകിച്ചും
തവിയും പാത്രങ്ങളും
മരമേശയും ഉപ്പുഭരണിയും
എല്ലാമടങ്ങുന്ന
നിറഞ്ഞുവറ്റി
കരിപുരണ്ട
ഒരു അടുക്കള.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.