Skip to main content

മൂന്നു ദശകത്തെ കൂട്ടുജീവിതം – പതിരും പൊരുളും

ജീവിതപങ്കാളി ടി. പുഷ്പയ്ക്ക് നന്ദി. പറഞ്ഞു വരുന്നത് മൂന്നു ദശകത്തെ ഞങ്ങളുടെ ദാമ്പത്യജീവിതത്തെക്കുറിച്ചാണ്. അതിലിന്നും കുടികൊള്ളുന്ന പ്രണയത്തെക്കുറിച്ചാണ്. കൗമാരത്തിൽ ഞാനെത്തുമ്പോഴേക്കും എന്നിൽ പള്ളിപ്രണയം അറ്റുപോയിരുന്നു. അപ്പോഴേക്കും മതരഹിത ദാമ്പത്യത്തെക്കുറിച്ചുള്ള ആദർശചിന്തകളിലേക്ക് എന്നെ എന്റെ നാട്ടിലെ സുഹൃത്തുക്കൾ നയിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റായി തന്നെ ജീവിച്ചു മരിക്കാനായിരുന്നു തീർപ്പ്. ആ തീർപ്പിൽ കാലം അല്പം മാറ്റം വരുത്തിയോ എന്നു ചിന്തിക്കുന്നു. ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് എന്ന ഒരു തരം ഗുരുത്വക്കേട് ഉണ്ടിപ്പോൾ. സൈദ്ധാന്തിക ന്യായക്കാരേ, മാപ്പ്. യാഥാർത്ഥ്യം രൂപപ്പെടുന്ന വഴിയേ പോകുന്നു എന്നത് ഞാനായിട്ട് ഒളിച്ചുവെയ്ക്കുന്നില്ല. സൈദ്ധാന്തികർ ന്യായപ്രമാണങ്ങൾ പുതുക്കട്ടെ.

സ്കൂൾ കാലഘട്ടം മുതലേ ഒരു പക്കാ കോൺഗ്രസ് നാട്ടിൽ കമ്മ്യൂണിസ്റ്റായി കൊടി പിടിച്ചവനാണ് ഞാൻ. പാർട്ടിയില്ലാത്തിടത്ത് ബ്രാഞ്ച് രൂപീകരിച്ചപ്പോൾ ഞാൻ നേരിട്ട് കാൻഡിഡേറ്റ് മെമ്പർഷിപ്പിൽ വരികയായിരുന്നു. അതായത്, ഗ്രൂപ്പ് അംഗമായിട്ടായിരുന്നില്ല എന്റെ തുടക്കം എന്നു ചുരുക്കം. വേദോപദേശപഠനം ഏഴിലേ അവസാനിപ്പിച്ചു. പള്ളി കാര്യങ്ങളിലും പതിവിൻപടിക്കാരനായില്ല. മതവിശ്വാസം എന്നിൽ വെറുപ്പ് പിടിപ്പിച്ചതിന് മതിയായ കാരണങ്ങൾ അന്നേ ഉണ്ടായിരുന്നു. അതിന്റെ വിസ്താരങ്ങൾ ഇവിടെ പ്രസക്തമല്ലാത്തതിനാൽ അക്കാര്യം വിടുന്നു.

ഞാൻ പറഞ്ഞുവന്നത്, ആദർശപരമായ കാരണങ്ങളാൽ യൗവനത്തിലേക്ക് പ്രവേശിക്കുമ്പോൾ എന്നിൽ വിജാതീയ വിവാഹം എന്ന സങ്കല്പം രൂപപ്പെട്ടിരുന്നു എന്നതാണ്. അതുകൊണ്ട് അതിന്റേതായ പ്രണയപരിതോവസ്ഥ സ്വപ്നം കണ്ടാണ് വിദ്യാർത്ഥിജീവിതകാലത്ത് ജീവിച്ചു തുടങ്ങിയത്. അക്കാര്യത്തിൽ തനിക്കു ചേർന്നതു സ്വീകരിക്കാനുള്ള വെമ്പലിൽ പല പരാജയങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷേ, അതിന്റെ ജൈവിക പരിണതിയായിരുന്നു ടി. പുഷ്പ എന്ന പ്രിയ സഖാവ്. ഒരു മൂത്ത സഖാവിനെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചതിന്റെ സന്തോഷവും ആഹ്ലാദവും സംതൃപ്തിയും ഞാൻ മറച്ചുവെയ്ക്കുന്നില്ല.

ഈയിടെ സെക്കുലർ ഫോറത്തിന്റെ ഒരു അമരക്കാരൻ പറഞ്ഞു: പുഷ്പയെ പങ്കാളിയായി ലഭിച്ചത് ഡേവീസിന്റെ ഭാഗ്യമാണ്. ജീവിതഭാരത്തിന്റെയും ദാരിദ്ര്യത്തിന്റെയും നടുക്കടലിൽ കിടന്ന് മുങ്ങിത്തുടിക്കുമ്പോൾ തന്നെയാണവൾ ജീവിതത്തിലേക്കു കയറിവന്നത്. സഖാവെന്ന വാക്കിന് എത്ര മഹനീയതയുണ്ടെന്ന് എന്നെ അറിയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വമല്ല. എന്നെ വളർത്തിയ ഒത്തിരി സഖാക്കളാണ്. അതിലൊരാളാണ് പുഷ്പ. പക്ഷേ, എന്നെ ചോദ്യോത്തരമില്ലാതെ പാർട്ടി പുറത്താക്കി. അതോടെ പുഷ്പയുടെ പാർട്ടി അംഗത്വവും ബന്ധപ്പെട്ടവർ നിഷ്‌കരുണം അവസാനിപ്പിച്ചു.

എന്നെ പാർട്ടിയിൽ നിന്നു പുറത്താക്കിയപ്പോൾ പുഷ്പ നന്നായി കരഞ്ഞു. അവൾക്ക് നന്നായി വേദനിച്ചു. എന്നേക്കാൾ അധികം തന്നെ. ഞാൻ പാർട്ടി വിരുദ്ധജ്വരത്തിൽ അമരുമോ എന്നു ചിന്തിച്ച് ചില സന്ദർഭങ്ങളിൽ കലഹിച്ചു. മറ്റുതരം ദാമ്പത്യകലഹങ്ങൾ ഉണ്ടായിട്ടുള്ളതായിപ്പോലും ഞങ്ങൾ ഓർക്കുന്നില്ല. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു പറഞ്ഞാൽ എനിക്ക് വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മാതൃകാപരമായി ജീവിക്കുന്ന സഖാക്കളാണ്. അവർ ഞങ്ങൾക്കു നൽകുന്ന സ്നേഹവും കരുതലും പരിഗണനയും ഞങ്ങളുടെ ജീവിതത്തിന്റെ മധുരമാണ്.

നാലു പെണ്ണും മൂന്ന് ആൺമക്കളും ഉള്ള ദരിദ്ര കുടുംബത്തിലേക്കാണ് പുഷ്പ കാലെടുത്തു വെച്ചത്. പ്രണയം പോലെയല്ലല്ലോ ദാമ്പത്യജീവിതം. അതിന് മധുരം എത്രയുണ്ടായാലും ജീവിതത്തിന്റെ കയ്പും ചവർപ്പും കൂടിയുണ്ട് എന്നത് ചരിത്രയാഥാർത്ഥ്യം. അവകാശബോധത്തിലല്ല, ഉത്തരവാദിത്തബോധത്തിലാണ് അതിന്റെ നൈരന്തര്യവും ആത്യന്തികമായ സാക്ഷാത്കാരവും.

അതായത്, പുഷ്പ ശീലിച്ച സംസ്കാരമുറകളൊന്നുമില്ലാത്ത ക്രിസ്ത്യൻ കുടുംബം. നാട്ടുരീതുകളും ഭാഷാരീതികളും വേറെ. സ്വന്തം നിലപാടുകൾ ഏതു കാര്യത്തിലുമുള്ളപ്പോഴും, അവിടെ അചിന്ത്യമായ രീതിയിൽ നല്ലവണ്ണം ഇണങ്ങി ജീവിച്ചു. യാതൊരു സമ്മർദങ്ങളും ആരിൽ നിന്നുമില്ലാതെ. ഉചിതജ്ഞതയുടെ ആൾരൂപമായി മാറി. എന്റെ അപ്പനും അമ്മയ്ക്കും സ്വന്തം മകൾ തന്നെയായിരുന്നു അവർ. ഒരുപക്ഷേ, എന്നെക്കാളധികം അവരെ അവർ സ്നേഹിച്ചു. സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനവും കഴിഞ്ഞ്, പഴയതുപോലെ നേരം വൈകി പാതിരാത്രിക്കു കയറിവരുമ്പോൾ അപ്പൻ എന്നെ പഴിക്കും. “ഒരു കുട്ടി ഇവിടെ ഉണ്ടെന്ന ധാരണ വേണം.” ഞാൻ പിന്നെപ്പിന്നെ പണി മാറ്റി. അതായത്, ജീവിതശൈലി മാറ്റി.

പ്രവർത്തനരംഗത്തിന്റെ ദിശ കക്ഷിരാഷ്ട്രീയം വിട്ട് സാംസ്കാരിക-രാഷ്ട്രീയ കാര്യങ്ങളിലേക്ക് മാറി. അതിനും ഉള്ള ഇടം നഷ്ടപ്പെടുത്തിയപ്പോൾ പതുക്കെപ്പതുക്കെ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടും ഞാൻ ഇടയ്ക്കൊക്കെ ലോക്കൽ, ഏരിയാ ഓഫീസുകളിൽ പോകും. എന്നെ സഖാക്കൾ ഒരിക്കലും പാർട്ടി ഓഫീസിൽ നിന്നു പുറത്താക്കിയില്ല. ചിലർ ഞാൻ പോന്നുകഴിഞ്ഞാൽ കൂടെയുള്ളവരെ വിളിച്ച് ചീത്ത പറയും. എന്തിന് കൊണ്ടുവന്ന് സ്വീകരിച്ച് ഇരുത്തി എന്നൊക്കെ. പ്രത്യേകിച്ച് ഏരിയാ സെക്രട്ടറിയും മറ്റു ചിലരും അവരോട് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

പുഷ്പയ്ക്കും ഒരു കൂട്ടം സഖാക്കളുടെ സ്നേഹവും പിന്തുണയും ലഭിച്ചുവന്നു. ഗ്രൂപ്പിസം ബാധിച്ചുകഴിഞ്ഞ പാർട്ടി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ സെക്രട്ടറി വന്നപ്പോൾ പുഷ്പയുടെ അപ്പീൽ എടുത്തു. മെമ്പർഷിപ്പ് തിരിച്ചുകൊടുക്കാൻ പറഞ്ഞു. പുഷ്പയെ വീണ്ടും ഗ്രൂപ്പിൽ സ്വീകരിച്ചു. ഒരു ദശകം പിന്നെയും മെമ്പറായി പ്രവർത്തിച്ചു. പിന്നീട് ഒരു ചതിയിലൂടെ വീണ്ടും മെമ്പർഷിപ്പിൽ നിന്ന് ഒഴിവാക്കി. അയിത്തം കൽപ്പിച്ചാലും അടിയനും വിജാതീയനും ഭണ്ഡാരപ്പെട്ടിയിൽ ഇടുന്ന ദ്രവ്യത്തിന് അയിത്തമില്ലല്ലോ എന്നതുപോലെയുള്ള വ്യവഹാരങ്ങൾ ഇന്നും മുറപോലെ പുഷ്പ നിർവഹിച്ചു വരുന്നു.

അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരകത്തിലെ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴും വീട് ഞങ്ങളുടേത് മാത്രമായിരുന്നില്ല. എല്ലാവരുടേതുമായിരുന്നു. കോവിഡ് കാലത്തുപോലും ഞങ്ങളുടെ വീടിന് ആരെയും അകറ്റിനിർത്തേണ്ടി വന്നിട്ടില്ല. അതിനെല്ലാമുള്ള കൃത്യമായ ശാസ്ത്രീയ പരിചരണനടപടികൾ പുഷ്പ തന്നെ ക്രമീകരിച്ചിരുന്നു. എന്നിട്ടും ഞങ്ങൾക്കാർക്കും കോവിഡ് വന്ന് ചികിത്സിക്കേണ്ടി വന്നില്ല. അത് പുഷ്പയുടെ ശാസ്ത്രീയമായ ചിട്ടകളുടെ കാർക്കശ്യം മൂലം തന്നെ. അസമയത്ത് നഗരത്തിൽ എത്തിയ എത്രയോ സഖാക്കൾ വന്നും പോയുമിരുന്നു. ഇപ്പോൾ വരാക്കരയിൽ താമസിക്കുമ്പോഴും അങ്ങനെത്തന്നെ. അടഞ്ഞ വാതിലായി വീടിനെ പ്രവർത്തിപ്പിക്കാറില്ല. ഇതെല്ലാം പുഷ്പ എന്ന സഖാവിന്റെ മുൻകൈ കൊണ്ടുകൂടിയായിരുന്നു. ഇതിനു വേണ്ടി മാത്രമാണിതെല്ലാം പറഞ്ഞത്. കുടുംബജീവിതം എന്ന പച്ചപ്പിന്റെ പവിത്രത എന്നെ അറിയിച്ചതിൽ പ്രധാനി പുഷ്പ തന്നെ. വീട്ടിൽ സുഹൃത്തുക്കളും സഖാക്കളും വരുന്നത് അവരും ആസ്വദിക്കുന്നു. എന്നെയും മൂല്യനിഷ്ഠ പഠിപ്പിക്കുന്നു.

വെയിലേറെ കൊണ്ടതാണ് എന്റെ കുടുംബം. അതിനകത്ത് വിദ്യാഭ്യാസപരമായും സാംസ്കാരികമായും വലിയ നേട്ടങ്ങൾ ഉള്ളവരില്ല. ശരാശരിയിലും താഴ്ന്ന അവർക്കിടയിൽ ആശ്വാസവാക്കായി അവർ നിലകൊണ്ടു. വഴികാട്ടിയായി, തണലായി ഒരു മരം ഉണ്ടാകുമ്പോൾ അതൊരു അപാരതയായി മാറുമ്പോൾ ആ സഹവർത്തിത്തത്തിനു മുമ്പിൽ ഞങ്ങൾ തൊഴുതുപോകുന്നു.

ദാമ്പത്യജീവിതത്തിൽ ചില പാഠങ്ങൾ സൃഷ്ടിക്കാനുള്ള ഗൃഹപാഠങ്ങൾ പുരുഷനും സ്ത്രീക്കും ആവശ്യമാണ്. രണ്ടു സംസ്കാരങ്ങൾ ഒന്നിച്ചു ചേരുമ്പോഴുള്ള friction / ഉരസൽ ഒഴിവാക്കാനാവില്ല. അത് കഴിയുന്നത്ര ലഘൂകരിക്കലാണ് കുടുംബ മാനേജ്മെന്റ്. വിജാതീയരാകുമ്പോൾ സമുദായങ്ങൾ സൃഷ്ടിക്കുന്ന frictions ഇരട്ടിയാണ്. അത്തരം സന്ദർഭങ്ങളിലെല്ലാം harmony നിലനിർത്തുക എന്നത് വളരെ വളരെ പ്രധാനമാണ്. ജീവിതത്തെ സംബന്ധിച്ച വലിയ ദാർശനിക കാഴ്ചപ്പാട്, ഓരോരോ ജീവിതവും രൂപപ്പെട്ടുവന്നതിന്റെ ചരിത്രപരമായ പിന്നാക്കാവസ്ഥകൾ അപഗ്രഥിച്ച് ഉൾക്കൊള്ളാനുള്ള ശേഷി, ഉദാരമായ മാനവികത, വൈവിധ്യത്തെ സ്വാംശീകരിക്കാനുള്ള ശേഷി — ഇതെല്ലാം ഉണ്ടാകുമ്പോഴാണ് ദാമ്പത്യം വിജയിക്കുന്നത്.

ഇന്ന് ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ വളരെ മാറിയിരിക്കുന്നു. ആ മാറ്റത്തിനു പിന്നിൽ യാഥാർത്ഥ്യത്തിന്റെ പൊള്ളലുകളുണ്ടാകാം. അതുപോലെ വിഭ്രമജനകമായ പ്രതിലോമ തത്ത്വശാസ്ത്രങ്ങളും ഉണ്ടാകാം. ജനാധിപത്യപരമായ അസംതൃപ്തികളുണ്ട്. പ്രണയം പലവിധമുണ്ട്. പ്രണയനാട്യങ്ങളും, പ്രണയവ്യതിചലനങ്ങളും, ദ്രവ്യപ്രണയങ്ങളും, വിഷലിപ്തതകളും, പ്രണയരഹിത അജണ്ടകളും ഉണ്ട്.

യഥാർത്ഥ പ്രണയത്തിനും ബഹുസ്വരമായ പരിതോവസ്ഥകളുണ്ട്. ഏതു വിശുദ്ധ പ്രണയത്തിനും പ്രതികൂലതകൾ സംഭവിക്കാം. വസ്തുനിഷ്ഠ സാഹചര്യങ്ങൾ കൊണ്ടും ആന്തരിക ജീവിതദാരിദ്ര്യം കൊണ്ടും അതു സംഭവിക്കാം. അതൊരൊറ്റ തീർപ്പിനു വിധേയമല്ല. അതായത്, യാദൃശ്ചികമായി രൂപപ്പെട്ടുവരുന്ന യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ ഏതു പരിശുദ്ധ പ്രണയത്തെയും അടിച്ചുപറത്തിയേക്കാം. ചുരുക്കത്തിൽ, പ്രണയത്തിലും ദാമ്പത്യത്തിലും വിജയിച്ച മോഡലും അതിനേക്കാളേറെ പരാജയപ്പെട്ടവയും ഉണ്ട്. ആരെയും കുറ്റപ്പെടുത്താനാകില്ല. ചേരുംപടിയല്ലാത്ത ചേർച്ചയാണ് മിക്കതും.

ഇന്ന് ദാമ്പത്യം എന്നാൽ മിക്കതും ലാഭലോഭഭോഗസുഖങ്ങളാൽ നിർണയിക്കപ്പെടുന്ന തത്ത്വശാസ്ത്രത്തിന്മേലാണ് അടയിരുത്താൻ ശ്രമിക്കുന്നത്. പ്രശ്നം ലിംഗാസമത്വത്തിന്റേതു മാത്രമാണോ? അല്ല. കേരളത്തിൽ അത്തരം പ്രവണതകൾ ഒട്ടൊക്കെ പഴങ്കഥയാകുകയാണ്. മതപരമായ ആചാരങ്ങളാൽ ഉണ്ടായ ദാമ്പത്യബന്ധങ്ങളിൽ പോലും ഇന്ന് പുരുഷമേൽക്കോയ്മയുടെ അളവ് അല്പമാത്രമാണ്. അതിന്റെ തുലാസ് നിരന്തരം നേരെയായി വരുന്നുണ്ട്. പക്ഷേ, ദാമ്പത്യകലഹത്തിന്റെ അടിസ്ഥാനം അതു മാത്രമല്ല. പ്രണയത്തെയും വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച ചിന്തകളിൽ വന്നിട്ടുള്ള സ്വാർത്ഥപരതയുടെ പ്രവണതകൾ വർധിച്ചതാണ്. അതിന്റെ അളവുകോൽ വർധിച്ച ഉപഭോഗപരത ആവശ്യപ്പെടുന്നുണ്ട്. പ്രണയം വെറും ക്രീഡാകൗശലബുദ്ധിയാൽ നെയ്തെടുക്കാനാണ് പലർക്കും മോഹം. ദാമ്പത്യജീവിതത്തിലേക്ക് എത്തുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളായ സാറാമ്മയുടെയും കേശവൻനായരുടെയും (പ്രേമലേഖനം) കാഴ്ചപ്പാട് പോലൊന്ന് തുലോം ദുർബലം.

എങ്ങനെ രഞ്ജിപ്പാനാ-
ണെന്നുടെ സങ്കല്പവും
നിന്നുടെ യാഥാർത്ഥവും

എന്ന കവിവാക്യത്തിന് (വൈലോപ്പിള്ളി) പ്രസക്തി വർധിച്ചിരിക്കുന്നു. കവിയുടെ ദാമ്പത്യജീവിതം തന്നെ അതീവ ക്രൂരമായ ഒരു തരം കണ്ണീർപ്പാടമായിരുന്നല്ലോ. കവി ഇവിടെ പാവം ക്രൂരനല്ല. കുക്രൂരനാണ്. കഥയില്ലാത്തവന്റെ കഥയിൽ എം. എൻ. പാലൂർ പ്രസ്താവിച്ചതും ഓർത്തുപോകുന്നു. അതു പിന്നെ, വിദ്യാസമ്പന്നയായ ആ സ്ത്രീക്ക് ബുദ്ധിജീവിപ്പൊരുത്തം ഇല്ലാതെ പോയതാകാം മുഖ്യകാരണം. വിദ്രോഹിവിചാരങ്ങൾക്ക് അടിപ്പെട്ടതാരാണാവോ? മഹാകവിയുടെ മുൻവിധികളാകാം അതിൽ പതിരായത് എന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. കവിയെന്ന നിലയിൽ അദ്ദേഹം മഹാദാർശനികൻ കൂടിയാണ്. ആശാൻ കഴിഞ്ഞാൽ മറ്റൊരു മഹാകവി മലയാളത്തിൽ പിറന്നിട്ടുള്ളത് അദ്ദേഹം തന്നെ. ആശാനാകട്ടെ, വളരെ വൈകിയാണല്ലോ അങ്ങോട്ടെത്തിയത്.

ദാമ്പത്യവല്ലരിയിൽ പൂത്തവൻ ഇടയ്ക്ക് പുഷ്പയുടെ അമ്മയെ നോക്കി പറയും. ഓർമ്മിപ്പിക്കും: അച്ഛന്റെ ഒരു തീരുമാനം മാത്രം കറക്ടാണ്. അത് അമ്മയെ കണ്ടെത്തിയതാണ്. പുഷ്പയുടെ മനോഗതം എന്തെന്ന് ആർക്കറിയാം? എന്നു കേട്ടുനിൽക്കുന്നവരും പറയും. ഞങ്ങളുടെ കുടുംബകാര്യങ്ങളും മറ്റും ചർച്ചാവിധേയമാകുന്ന സന്ദർഭങ്ങളിൽ ചിലപ്പോഴെല്ലാം ശാസ്ത്രസാഹിത്യ പരിഷത്തിലെ സുഹൃത്തുക്കൾ പറയാറുണ്ട്: “ആ പാവം പുഷ്പയുടെ സഹനശക്തി അപാരം തന്നെ.” ഇതെല്ലാം കേട്ടുകേട്ട് എനിക്കിപ്പോൾ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിന്ത തന്നെ നഷ്ടമായിരിക്കുന്നു. എന്തായാലും ഇങ്ങനെയൊന്നും പറയിപ്പിച്ചില്ലല്ലോ.

നിർദ്ദയ ലോകത്തിൽ നാ-
മിരുവരുമൊറ്റപ്പെട്ടോർ
അത്രയുമല്ലാ തമ്മിൽ
തമ്മിലുമൊറ്റപ്പെട്ടോർ

എന്നൊന്നും തോന്നിപ്പിച്ചില്ലല്ലോ.

ഞങ്ങളെ ഇന്നും സഹിക്കുന്ന, സ്നേഹിച്ചു വളർത്തിയ കാലമേ, സഖാക്കളേ, സുഹൃത്തുക്കളേ, ഗുരുപരമ്പരകളേ, എല്ലാവർക്കും നന്ദി. പുസ്തകം നിറഞ്ഞൊരു ലോകം ഉണ്ടാക്കിത്തന്ന എന്റെ പുഷ്പയ്ക്ക്, അവളിലെ ടീച്ചർക്ക്, അവളിലെ അമ്മയ്ക്ക് നന്ദി.


No photo description available.

 

ഈ.ഡി. ഡേവീസ്‌

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.

No related posts found.