Skip to main content

ദലമർമ്മരങ്ങൾ

കഫെറ്റീരിയയിൽ ആളൊഴിഞ്ഞിരുന്നു. മുനിഞ്ഞു പ്രകാശിക്കുന്ന ബൾബുകളും എവിടെയൊക്കെയോ ഒളിഞ്ഞിരിക്കുന്ന സ്പീക്കറുകളിൽ നിന്നുള്ള നേർത്ത ശബ്ദത്തിലുള്ള പിയാനോ സംഗീതവും അവിടമാകെ ശാന്തിയുടെ തണുത്ത അലകൾ തീർത്തു. തെല്ലുദൂരെയുള്ള ചെറിയ വെള്ളച്ചാട്ടത്തിന്റെ ആരവം. അതും സംഗീതവും കലരുമ്പോൾ അലൗകികമായ ഒരു ഭാവതലം പടരുന്നതായി അയാൾക്കു തോന്നി. പുറത്ത് പടർന്നുനിന്ന അരയാലിലെ ഇലകളിൽ കാറ്റടിക്കുമ്പോൾ ഉതിർന്നുവീണ നേർത്ത സീൽക്കാരങ്ങൾ അകത്തെ നിശ്ശബ്ദതയെ സമാധിസ്ഥമാക്കി.

വീണ്ടും വെയിറ്റർ കൊണ്ടുവന്നുവച്ച ചായക്കോപ്പയ്ക്കു മുമ്പിൽ അയാൾ തലതാഴ്ത്തി ഇരുന്നു. സീനയ്ക്കും തനിക്കുമിടയിൽ കനംതൂങ്ങുന്ന മൗനത്തെ, അതിന്റെ സാന്ദ്രതയെക്കുറിച്ച് അയാൾ പതുക്കെ ബോധവാനായിത്തുടങ്ങിയിട്ട് അൽപ്പനിമിഷങ്ങളായി.

“ആനന്ദ്, ചായ കുടിക്കൂ… ഞാൻ ഇതാ വരുന്നു…”

സീന തന്റെ മൊബൈൽ ഫോണുമെടുത്ത് നടന്നുപോയി.

അവൾ നടന്നുപോയപ്പോൾ എന്തോ ഒരു ഭാരം തെല്ലുനേരത്തേയ്ക്ക് ഇറക്കിവച്ചതുപോലെയാണ് അയാൾക്ക് അനുഭവപ്പെട്ടത്.

അയാൾ മെല്ലെ ചൂടുചായ മൊത്തിക്കുടിച്ചു തുടങ്ങി.

കാട്ടിലേക്കു കടക്കുന്ന വഴിയിൽ, ഏറുമാടത്തിൽ കെട്ടിപ്പൊക്കിയ ഒരു കഫെറ്റീരിയ ഉണ്ടെന്നും അവിടെയിരുന്നാൽ അറിയാതെ വന്നു പൊതിയുന്ന ഒരു ധ്യാനാവസ്ഥയിൽ പ്രണയികൾക്ക് പ്രണയവും വിരഹികൾക്ക് വിരഹവും കൂടുമെന്നും സീനയോടു പറഞ്ഞത് താനാണ്. അവളോട് അങ്ങോട്ടു വരാനാവശ്യപ്പെടുമ്പോൾ അയാളുടെ മനസ്സിൽ എന്തൊക്കെയോ കുഴഞ്ഞുമറിയുകയായിരുന്നു. ഏതു ചർച്ചയ്ക്കും അനുരൂപമായ ഒരു പശ്ചാത്തലമുണ്ടെങ്കിൽ വളരെ നല്ലതാണ്. രൂപലാവണ്യമുള്ള വാക്കുകൾ പിറക്കും.

ചായ കുടിച്ചുതീരുന്നതിനു മുമ്പുതന്നെ സീന തിരിച്ചെത്തി.

“ആനന്ദ്, കാലത്ത് ഒന്നും കഴിച്ചില്ലേ… ഇത് എത്രാമത്തെ ചായയാ?”

അവൾ കുസൃതിച്ചിരിയോടെ ചോദിച്ചു.

“സീനയ്ക്ക് ഈ ആമ്പിയൻസ് ഇഷ്ടപ്പെട്ടോ?”

“ഇതു കാണിക്കാനാണോ എന്നെ ഇങ്ങോട്ടു വിളിച്ചത്?”

അവളുടെ ചോദ്യത്തിലുണ്ടായിരുന്ന വാത്സല്യം എന്തുകൊണ്ടോ അയാളെ പരിക്ഷീണനാക്കി.

വിഷയത്തിലേക്കു വരാൻ താൻ പ്രയാസപ്പെടുന്നത് അവൾ അറിയുന്നുണ്ട്. പക്ഷേ, അവൾ ഉദാരമതിയാണ്. വളരെ തിരക്കുള്ള ഉദ്യോഗമാണ് അവൾക്ക്. രണ്ടുവർഷത്തിലൊരിക്കൽ നാട്ടിലെത്തുമ്പോഴും, സമയം കിട്ടുമ്പോഴൊക്കെ അവൾ ഉദ്യോഗകാര്യങ്ങളിൽ മുഴുകുന്നു.

“ആനന്ദ്, കുരങ്ങന്റെയും മുതലയുടെയും കഥ കേട്ടിട്ടുണ്ടോ?”

“ഉവ്വ്…”

“അതിലെ കുരങ്ങനെപ്പോലെയാണ് ഞാൻ. ഹൃദയം മരക്കൊമ്പിൽ കെട്ടിവച്ച് മുതലയുടെ പുറത്ത് കയറി ട്രിപ്പടിച്ച കുരങ്ങൻ…”

“മരത്തിനു പകരം ഇവിടെ ഓഫീസ്, അല്ലേ?”

“യെസ്…”

അവൾ കുലുങ്ങിച്ചിരിച്ചു.

“ആനന്ദ് എന്തു പറഞ്ഞിട്ടാ വീട്ടീന്ന് ചാടിയേ?”

“പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. രണ്ടുമൂന്നാളുകളെ കാണാനുണ്ടെന്നു മാത്രം പറഞ്ഞു…”

ലതയ്ക്കിപ്പോൾ ചോദ്യങ്ങളില്ലെന്ന് അയാൾ ഓർത്തു. താൻ അവളിൽനിന്ന് പതിയെപ്പതിയെ ഊർന്നുപോകുന്നത് അവൾ അറിയുന്നുണ്ടായിരിക്കണം. ആ തിരിച്ചറിവിൽ അവളുടെ നിയന്ത്രണങ്ങൾ അയഞ്ഞുവന്നു. അവൾ പതുക്കെപ്പതുക്കെ തന്നിലേക്കുതന്നെ ഉൾവലിഞ്ഞുതുടങ്ങി.

ഡാലസിൽ സീന താമസിക്കുന്നത് ഒരു ബംഗ്ലാവുപോലെ വിശാലമായ ഭവനത്തിലാണ്. രണ്ടുമൂന്ന് പരിചാരകർ, പന്ത്രണ്ടോളം മുറികൾ.

“അത്രയും വലിയ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുമ്പോൾ സീനയ്ക്ക് ബോറടിക്കുമോ, അതോ പേടി തോന്നുമോ?”

ഒരിക്കൽ ചോദിച്ചു.

“രണ്ടുമില്ല…”

അവൾ പൊട്ടിച്ചിരിച്ചു.

ശ്യാമുമായുള്ള ബന്ധം പിരിയുന്നതിനുമുമ്പ് അവൾ അസ്വസ്ഥയായിരുന്നു.

“അൺസഹിക്കബിൾ ആണ് ശ്യാം…”

അവൾ പറഞ്ഞു:

“കുട്ടികൾ ഇല്ലാതിരുന്നത് ഭാഗ്യമായി. അല്ലെങ്കിൽ അതു വേറെ കൺഫ്യൂഷൻ ആയിരുന്നേനെ…”

കുട്ടികൾ ഇല്ലാത്തത് ശാപമായി കരുതുന്ന താനും ഭാഗ്യമായി കരുതുന്ന സീനയും ഒരു ചുമരിന്റെ അപ്പുറവും ഇപ്പുറവുമാണെന്ന് തോന്നിപ്പോയി.

മാന്യമായിത്തന്നെ ശ്യാം സീനയുമായി പിരിഞ്ഞു. അങ്ങനെയാണ് സീന പറഞ്ഞത്. രണ്ടുപേരും കണ്ടമാനം സമ്പാദിച്ചിരുന്നു. അതുകൊണ്ട് പരസ്പരം സഹായിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നില്ല.

“അതുകൊണ്ട് സീനയ്ക്ക് ഒരു നിസ്സഹായാവസ്ഥ ഉണ്ടായില്ല, അല്ലേ?”

അവൾ അതു ശരിവച്ചു.

“നോക്കൂ, ആനന്ദ്… പഴയ കാലമൊന്നുമല്ല. യു ഷുഡ് ഏൺ ഫോർ യുവർസെൽഫ്… അതിലെന്താ തെറ്റ്? തെറ്റില്ലെന്നു മാത്രമല്ല, അതല്ലേ ശരി?”

വിവാഹം എന്നത് അറുപഴഞ്ചൻ ആശയമാണെന്ന് സീന പറഞ്ഞു. അതിൽ കടിച്ചുതൂങ്ങാൻ പുതിയ തലമുറയ്ക്ക് താൽപര്യമില്ല.

“അങ്ങനെ പറയാമോ, സീനാ? നമ്മുടെ നാട്ടിലൊക്കെ ഇപ്പഴും…”

അവൾ ഈർഷ്യയോടെ തലകുടഞ്ഞു.

“ഇവിടെ എവിടെയാ, ആനന്ദേ, മനുഷ്യർക്ക് സ്വാതന്ത്ര്യമുള്ളത്?”

നാട്ടിലെ മനുഷ്യർ പലതുകൊണ്ടും അശാന്തരാണെന്നാണ് അവളുടെ പക്ഷം. പ്രധാന കാരണം ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള വൈമനസ്യമാണ്. കൂടാതെ ഭയവും. പക്ഷേ, മാറ്റങ്ങൾ സംഭവിക്കുകതന്നെ ചെയ്യും.

“എനിക്ക് വിയോജിപ്പുണ്ട്, സീനാ… എന്തൊക്കെ മാറിയാലും അടിസ്ഥാനപരമായി ഒരു കൾച്ചർ ഉണ്ട്. അതു മാറുമെന്നു തോന്നുന്നില്ല…”

അതിനു ന്യായീകരണങ്ങൾ നിരത്താൻ തനിക്കുണ്ടായിരുന്നു. എത്രയോ മതങ്ങളും ജാതികളുമുണ്ട്. വിവാഹം എന്ന സംഗതിയില്ലാത്ത ഏതെങ്കിലും ജാതിയോ മതമോ ഉണ്ടോ?

“ആനന്ദ് എന്തൊക്കെ പറഞ്ഞാലും എനിക്ക് അതിൽ വിശ്വാസമില്ല… എന്റെ ജീവിതത്തിൽ അങ്ങനെയൊന്ന് ഇനി ഉണ്ടാവുകയുമില്ല…”

സീന തീർത്തുപറഞ്ഞു.

എന്തോ ഒരു വൈവശ്യം തന്റെയുള്ളിൽ നിറയുന്നത് അയാൾക്കനുഭവപ്പെട്ടു.

“ലതയും ആനന്ദും തമ്മിൽ സത്യത്തിൽ സ്നേഹമുണ്ടോ?”

സീന ചോദിച്ചു.

ആ ചോദ്യം തന്നെ പെട്ടെന്ന് ഇരുട്ടിലേക്ക് എടുത്തെറിഞ്ഞതായി അയാൾക്കു തോന്നി. എന്തുത്തരമാണ് പറയേണ്ടത്? ചോദ്യം പ്രസക്തമാണ്. സദാ കലഹിക്കുന്ന, എന്തിനുമേതിനും ഭർത്താവിനെ സംശയിക്കുന്ന ഒരു ഭാര്യയാണ് ലത. അവളോട് തനിക്ക് സ്നേഹമുണ്ടായിരുന്നില്ലെന്ന് പറഞ്ഞുകൂടാ. പക്ഷേ, കത്തുന്ന തീയിലേക്ക് താങ്ങാവുന്നതിലേറെ കുപ്പ വാരിയിട്ടാൽ അത് കെട്ടുപോവുകയേയുള്ളൂ.

സീനയുടെ ചോദ്യം അതിന്റെ എല്ലാ തീക്ഷ്ണതയോടെയും ഉള്ളിൽ കറങ്ങി, മനസ്സിനെ ഉഴുതുമറിച്ചു. അനുഭവിച്ച നിരാശകളുടെയും നിരാസങ്ങളുടെയും അവഗണനകളുടെയും ആത്മനിന്ദയുടെയും ഇരുട്ടിൽ സ്നേഹമെന്നത് ദൂരെയെങ്ങോ മങ്ങിക്കത്തുന്ന മെഴുകുതിരിവെട്ടം പോലെയായി.

രാവിലെ പുറത്തേക്കിറങ്ങുമ്പോൾ ലത പറഞ്ഞത് അയാൾ ഓർത്തു.

“പറ്റിയാൽ സീനയെയും കൂടി കണ്ടിട്ടു വരൂ… ആ കുട്ടി മറ്റന്നാൾ പോവില്ലേ?”

ഉള്ളിൽ ഒരു മിന്നലുണ്ടായി. ആരോടും പറയാതെ മനസ്സിൽ തീർച്ചപ്പെടുത്തിയ കാര്യങ്ങൾ ഇവൾക്കറിയില്ലല്ലോ. പാവം തോന്നി.

ലതയുടെ ഒരു കണ്ണും കാതും മങ്ങിത്തുടങ്ങിയിരുന്നു. പാരമ്പര്യമായി അവൾക്കു കിട്ടിയ അസുഖം. ഇടയ്ക്കെപ്പോഴോ കടന്നുവന്ന് സ്ഥിരവാസമുറപ്പിച്ച ഇടുപ്പുവേദന അവളുടെ നടത്തത്തെ ബാധിച്ചിരിക്കുന്നു. താൻ തളർച്ചയിലേക്കു നീങ്ങുകയാണെന്ന് അവൾ തിരിച്ചറിഞ്ഞുവെന്ന് പലപ്പോഴും തോന്നാറുണ്ട്.

“ആനന്ദ്, പാസ്‌പോർട്ട് കോപ്പി കൊണ്ടുവന്നിട്ടുണ്ടോ?”

“ഇല്ല, സീനാ…”

“അതെന്തേ?”

അയാൾ മിണ്ടിയില്ല.

“സാരമില്ല… എനിക്ക് വാട്‌സാപ്പ് ചെയ്താൽ മതി. ഞാൻ അവിടെ എത്തിയിട്ട് വിസ റെഡിയാക്കാം…”

അപ്പോഴും അയാൾ മിണ്ടിയില്ല.

“എന്തേ… പരിപാടി മാറ്റിയോ?”

അവൾ ചോദിക്കുന്നു.

ഡാലസിൽ ചെന്നാൽ അവൾക്കൊപ്പം ബംഗ്ലാവിൽ താമസിക്കാം. ഒരു ജോലിയും അവൾ ശരിയാക്കിത്തരും. ഭാര്യാഭർത്താക്കന്മാരെ ‘പോലെ’ ജീവിക്കാം. പരസ്പരം ചോദ്യങ്ങളില്ലാത്ത, ബോധ്യപ്പെടുത്തലുകൾ വേണ്ടാത്ത ജീവിതം നയിക്കാം. നിറം മങ്ങി പാണ്ടുകൾ വീണ ചുവരുകളുള്ള രണ്ടുമുറി വീട്ടിലെ നിരന്തര കലഹങ്ങളിൽ നിന്നും തനിക്കു മോചനമാവും.

പക്ഷേ…

യൗവ്വനത്തിന്റെ മങ്ങിത്തുടങ്ങിയ വെയിലിൽ, തന്റെ വയ്യായ്മകളുമായി, കാഴ്ചയും കേൾവിയും മങ്ങിയ കലഹിണി. അവൾ നിസ്സഹായതയുടെ കൂരിരുട്ടിലേക്ക് കൂപ്പുകുത്തിയേക്കാം.

“ഞാൻ വരുന്നില്ല, സീനാ…”

“ആനന്ദ്… എല്ലാം ഞാൻ അറേഞ്ച് ചെയ്യാന്നേ…”

അയാൾ പതുക്കെ എഴുന്നേറ്റു.

“നമുക്കിറങ്ങിയാലോ?”

അവൾക്ക് ഒന്നും മനസ്സിലായില്ല.

അയാൾ ബില്ല് കൊടുത്തു.

കഫെറ്റീരിയയുടെ താഴെ, അവളുടെ ആഡംബര കാറിനു സമീപം നിർത്തിയിട്ട തന്റെ പഴയ കാറിൽ അയാൾ കയറി.

സീന അമ്പരന്നു നിൽക്കുകയാണ്.

“ലതയ്ക്കു വയ്യാ, സീനാ… ഞാനില്ലാതെ അവൾക്കു ബുദ്ധിമുട്ടാണ്…”

അയാൾ കാർ സ്റ്റാർട്ട് ചെയ്തു.

“എനിക്കിതു മതി, സീനാ… വല്ലപ്പോഴും വരുമ്പോൾ ഇതുപോലെ ഒരിത്തിരി നേരം… രണ്ടുമൂന്നു ചായ കുടിച്ച്…”

അയാൾ കാർ മുന്നോട്ടെടുത്തു.


സന്തോഷ് കേശവ്

ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്. അകത്തേത്തറ, പാലക്കാട് താമസം.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.