കല പലപ്പോഴും വ്യവസ്ഥാപിത സംവിധാനങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്നതായാണ് നമുക്ക് കാണാൻ സാധിക്കുക. എന്നാൽ പുതിയ തലമുറയ്ക്ക് ഇപ്പോഴും ഉൽക്കണ്ഠ നിറഞ്ഞ അസ്ഥിരതയുള്ള വിചാരങ്ങൾ അനവധിയാണ്.
ചരിത്രങ്ങളിലെ ആയുധങ്ങളേന്താതെയുള്ള എല്ലാ ചെറുത്തുനിൽപ്പുകളും കലയുമായി ബന്ധപ്പെട്ടത് മാത്രമായിരുന്നു എന്ന് നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഗൗരവതരമായ പ്രവർത്തനങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടത് എങ്ങനെയാവണം എന്ന സംശയത്തിന് സത്യസന്ധമായ പല ഉത്തരങ്ങളും ചരിത്രത്തിൽ നമുക്ക് കണ്ടെത്താനാകും.
ആസ്വാദകനെ നോക്കി പുഞ്ചിരിക്കുന്ന ഒളിമ്പിയയുടെ നഗ്നത പറഞ്ഞതിന് ഗാലറിയിൽ ആക്രമിക്കപ്പെട്ട എഡ്വേർഡ് മാനെ,
ഗുഹ്യരോമങ്ങളെ അനാവൃതമാക്കി കപടസദാചാര ആസ്വാദകരെ പ്രകോപിപ്പിച്ച മോഡിഗ്ലിയാനി,
കള്ളന്മാരെയും വേശ്യകളെയും മോഡലാക്കി ജീസസിനെയും മേരിയെയും കാൻവാസിലേക്കാവാഹിച്ച് പള്ളിയെ വെല്ലുവിളിച്ച കറവാജിയോ,
ഗോൾഡ്ഫിഷ് എന്ന ചിത്രത്തിലൂടെ സ്ത്രീനിതംബത്തെ പാർവതീകരിച്ചുകാണിച്ച് ഇത് എന്റെ വിമർശകർക്കുള്ള മറുപടിയാണെന്ന് പ്രസ്താവിച്ച ഗുസ്താവ് ക്ലിംറ്റ്,
കറുത്ത കുട്ടിയെ അംഗരക്ഷകരുടെ സഹായത്താൽ സ്കൂളിലേക്ക് കൊണ്ടുപോകുന്ന നോർമൻ റോക്‌വെൽ,
നാഗരിക അഭിസാരികകൾ ജർമൻ പട്ടാളത്തെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് നമ്മളെ കാണിച്ച ഏണസ്റ്റ് കിർച്ച്നർ,
പോമറേനിയൻ പട്ടിയുമായി സംഭോഗത്തിലേർപ്പെടുന്ന തെരുവുനായയെയും വേശ്യകളുമായി ലൈംഗിക വൈകൃതങ്ങളിൽ മുഴുകിയ മേലാളരൂപങ്ങളുടെ അരോചകനിറങ്ങളും വായയുടെ സ്ഥാനത്ത് മലദ്വാരം സ്ഥാപിച്ച മനുഷ്യരെയും വരച്ച ഓട്ടോ ഡിക്സ്,
അങ്ങനെ ചിത്രങ്ങളിലൂടെയും ശിൽപങ്ങളിലൂടെയുമുള്ള ചെറുത്തുനിൽപ്പുകളുടെ അതേ തീവ്രതയിൽ ആസ്വദിക്കാവുന്നതാണ് ഗ്രാഫിക് കലാകാരന്മാരായ എമ്മോറി ഡഗ്ലസ്, ബാസ്ക്വിയ, ഫെയ്ത്ത് റിങ്‌ഗോൾഡ് തുടങ്ങിയവരുടെ ഗ്രാഫിക്കുകൾ.

എന്നാൽ സംഗീതത്തിലാവട്ടെ, വ്യക്തമായ രാഷ്ട്രീയം പറഞ്ഞ ബില്ലി ഹോളിഡേ, നീന സൈമൺ, ജോൺ കോൾട്രേൻ തുടങ്ങി നിരവധി പ്രതിഷേധശബ്ദങ്ങളെയും നമുക്ക് ചരിത്രത്തിൽ പ്രാപിക്കാനാവും.
മുകളിൽ പറഞ്ഞവരെയൊക്കെക്കുറിച്ചുള്ളത് ത്രസിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാണെങ്കിലും ബില്ലി ഹോളിഡേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല സംഗീതരാജ്ഞിയായി വാണിരുന്ന സുഖശീതളിമയിൽ നിന്ന് അമേരിക്കൻ ഭരണകൂടത്തിനെതിരായി തുഴഞ്ഞ് കഠിനമായ ജീവിതസാഹചര്യങ്ങളിലേക്കിറങ്ങിച്ചെന്ന് ഘനപ്പെട്ട അടയാളങ്ങളുണ്ടാക്കി ഒഴുകിപ്പോയ ഒരു മഹാനദിയാണ്!
1937-ൽ മീറോപോൾ എഴുതി ബില്ലി ഹോളിഡേ പാടിയ ‘സ്ട്രേഞ്ച് ഫ്രൂട്ട്’ എന്ന കവിതയെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ബില്ലിയുടെ അതിതീക്ഷ്ണമായ ശബ്ദത്തിൽ ലോകത്തിനുമുന്നിൽ അത് അനാവൃതമായപ്പോഴാണ് അമേരിക്കയിൽ കറുത്ത വർഗക്കാരെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നതിനെതിരെ സംഗീതത്തിലൂടെ ഒരു യുദ്ധപ്രഖ്യാപനമായിരുന്നു ബില്ലി നടത്തിയതെന്ന ചരിത്രം നമ്മൾ പഠിക്കാൻ തുടങ്ങിയത്.
സാമൂഹികവിഷയങ്ങളിൽ സംഗീതത്തിന് ഇടപെടാവുന്ന പ്രാധാന്യത്തിന്റെ പരമാവധിയായിരുന്നു ബില്ലി ഹോളിഡേയുടെ സംഗീതജീവിതം.
ഈ കവിതയിൽ ഇരകളെ ഉപമിച്ചിരിക്കുന്നത് മരങ്ങളിലുണ്ടാവുന്ന പഴങ്ങളോടാണ്.
“തെക്കൻ മരങ്ങളിൽ അസാധാരണമായ ഒരു ഫലം കായ്ക്കുന്നു.
ഇലകളും വേരുകളും ചോരയിൽ കുളിച്ചിരിക്കുന്നു.
തെക്കൻ കാറ്റിൽ കറുത്ത ശരീരങ്ങൾ ആടിക്കളിക്കുന്നു.
പോപ്ലാർ മരങ്ങളിൽ വിചിത്രമായ ഫലങ്ങൾ തൂങ്ങുന്നുണ്ട്.
മഹത്തായ തെക്കിന്റെ മനോഹരമായ ഗ്രാമീണഭംഗി,
കണ്ണുകൾ തുറിച്ചും വായയെ വക്രിപ്പിച്ചും,
മഗ്നോളിയ പൂക്കളുടെ മധുരമുള്ള സുഗന്ധം
പിന്നെ അത് കരിയുന്ന മാംസത്തിന്റെ ഗന്ധമായി പരിണമിക്കുന്നു…
ഇതാ കാക്കകൾക്ക് കൊത്തിപ്പറിക്കാനുള്ളൊരു പുതിയ ഫലം…”
അങ്ങനെ കഠിനമായി പെയ്തിറങ്ങിയ ഒരു കവിതയായിരുന്നു ‘സ്ട്രേഞ്ച് ഫ്രൂട്ട്’.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ കറുത്തവരെ കൊന്നൊടുക്കുക എന്നത് സർവസാധാരണമായിരുന്നു.
1930-കളുടെ അവസാനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ വേദികളിൽ ഒരു പ്രതിഷേധഗാനമായി ഇത് അവതരിപ്പിക്കാൻ തുടങ്ങി.
1978-ൽ ഗ്രാമി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുകയും റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെയും നാഷണൽ എൻഡോവ്‌മെന്റ് ഫോർ ദി ആർട്‌സിന്റെയും ‘Songs of the Century’ പട്ടികയിൽ ഇത് ഇടം നേടുകയുമുണ്ടായി.
2002-ൽ, ലൈബ്രറി ഓഫ് കോൺഗ്രസിന്റെ നാഷണൽ റെക്കോർഡിംഗ് രജിസ്ട്രിയിൽ സ്ഥിരസംരക്ഷണത്തിനായി ‘സ്ട്രേഞ്ച് ഫ്രൂട്ട്’ തിരഞ്ഞെടുക്കപ്പെട്ടു.
പല വേദികളിലും വിലക്കുകളെ മറികടന്ന് ഈ ഗാനം പാടിയതിനുശേഷം അറസ്റ്റ് വരിക്കുക ബില്ലിയുടെ ഒരു രീതിയായിരുന്നു.
മയക്കുമരുന്നിന് അടിമയായിരുന്ന ബില്ലിയെ പല കേസുകളിലും കുടുക്കി ഭരണകൂടം നീണ്ടകാലം ജയിലിലടക്കുകയും വലിയ വേദികളിൽ പാടാനുള്ള ലൈസൻസുകൾ മരവിപ്പിക്കുകയും ചെയ്തതോടെ, 1959-ൽ എഴുപതാമത്തെ വയസ്സിൽ വർണവെറിക്കെതിരെ വ്യക്തമായി അടയാളങ്ങളുണ്ടാക്കി അവർ യാത്രയായത് അസമത്വങ്ങളിൽ അസ്വസ്ഥയായി, രോഗാതുരയായി, ഒറ്റപ്പെടലിൽ നിന്നുള്ള ഒരു പിൻവാങ്ങലായിരുന്നു.
![]()
ഗോപികുമാര്‍







No Comments yet!