Skip to main content

യൂജിൻ ദെലക്രോയുടെ ‘Christ on the lake of Gennesaret’

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഫ്രഞ്ച് ചിത്രകലയിൽ രൂപപ്പെട്ട റൊമാന്റിക് ധാരയുടെ ഏറ്റവും ശക്തനായ പ്രയോക്താക്കളിൽ ഒരാളായിരുന്നു യൂജിൻ ദെലക്രോ (Eugene Delacroix). ഫ്രാൻ‌സിൽ നിയോ ക്ലാസിക്കൽ ശൈലി ആധിപത്യം പുലർത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. തന്റെ രചനകളിലൂടെ ദെലക്രോ ഫ്രഞ്ചുകലയെ അക്കാദമിക് രീതികളെ മറികടന്ന് പുതിയ മാനങ്ങളിലേയ്ക്കു നയിക്കുന്നതിന് നേതൃത്വം നൽകി.

1798 -ൽ ഫ്രാൻ‌സിൽ ജനിച്ച ദെലക്രോ പതിനെട്ടാം വയസ്സിൽ ചിത്രകല പഠിക്കാനായി അന്നത്തെ പ്രശസ്തമായ ഒരു കലാസ്ഥാപനത്തിൽ ചേർന്നു. അക്കാദമിക് രീതിയിലായിരുന്നു പഠനം. തിയോഡോർ ജെറിക്കോയെപ്പോലെ അപൂർവ്വം ചിലരെ ഒഴിച്ചുനിർത്തിയാൽ നിയോ ക്ലാസിക്കൽ എന്നുപറയാവുന്ന നിലവിലുള്ള ഒരു രചനാ രീതിയോട് ആഭിമുഖ്യമുള്ളവരായിരുന്നു അവിടുത്തെ അദ്ധ്യാപകരും ഭൂരിപക്ഷം സഹപാഠികളും.

ചരിത്രത്തിലെയും പുരാവൃത്തങ്ങളിലെയും ഇതിവൃത്തങ്ങളെ ഗ്രീക്കോ റോമൻ ശില്പമാതൃകകളെ അനുകരിക്കുന്ന രീതിയിൽ അല്ലെങ്കിൽ നവോത്ഥാനകാലത്തെ പ്രശസ്ത ചിത്രകാരന്മാരായ മൈക്കലാഞ്ചലോയുടെയോ റാഫേലിന്റെയോ രീതിയിൽ വരയ്ക്കുന്ന നിയോ ക്ലാസ്സിസിസ്റ്റുകളുടെ പൊതുരീതി ദെലക്രോയ്ക്ക് സ്വീകാര്യമായിരുന്നില്ല. അതിൽനിന്നു വ്യത്യസ്തമായി മാറുന്ന കാലത്തിന്റെ ചിത്രഭാഷയെയും ഭാവുകത്വത്തെയും സ്വാംശീകരിക്കാൻ നന്നേ ചെറുപ്പത്തിൽത്തന്നെ ദെലക്രോയ്ക്ക് കഴിഞ്ഞു. വിക്ടർ ഹ്യൂഗോ അടക്കമുള്ള റൊമാന്റിക് ആഭിമുഖ്യമുള്ള എഴുത്തുകാരോടും ഫ്രഡറിക് ചോപ്പിനെപ്പോലെയുള്ള സംഗീതജ്ഞരോടും മറ്റുമുള്ള അടുത്ത ബന്ധം ചിത്രകലാരംഗത്തെ തന്റെ പ്രവർത്തനങ്ങൾക്ക് സൈദ്ധാന്തികമായ പിൻബലമുണ്ടാക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ചു.
അക്കാദമിയിലെ പഠനത്തിനുശേഷം പലപ്പോഴായി ഇംഗ്ലണ്ടിലേയ്ക്കും സ്പെയിനിലേയ്ക്കും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മോറോക്കോയിലേയ്‌ക്കും നടത്തിയ ദീർഘയാത്രകൾ ദെലക്രോയിലെ ചിത്രകാരനെ സ്വാധീനിച്ചു. ഇംഗ്ലണ്ടിൽ ജോൺ കോൺസ്റ്റബിളിന്റെ ചിത്രങ്ങൾ അദ്ദേഹത്തെ ആഴത്തിൽ ആകർഷിച്ചു. എന്നാൽ കോൺസ്റ്റബിളിനെപ്പോലെ, അല്ലെങ്കിൽ മറ്റു പല റൊമാന്റിക്കുകളെയും പോലെ, പ്രകൃതിദൃശ്യങ്ങൾ വരയ്ക്കാൻ ദെലക്രോ കാര്യമായി ശ്രമിച്ചിട്ടില്ല. യാത്രകളിൽ ആയിരക്കണക്കിന് സ്കെച്ചുകളും ജലച്ചായ – പേസ്റ്റൽ പഠനങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. പ്രത്ത്യേകിച്ചും താൻ കണ്ട ആഫ്രിക്കൻ ജീവിതദൃശ്യങ്ങളോട് അദ്ദേഹത്തിന് ഒരു പ്രത്യേക ആഭിമുഖ്യമുണ്ടായിരുന്നു എന്ന് പിൽക്കാല ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.

നിയോ ക്ലാസിക്കൽ രീതിയിലുള്ള നിയന്ത്രിതവും അച്ചടക്കമുള്ളതുമായ ആവിഷ്കാരശൈലിക്കു പകരം വൈകാരിക തീവ്രതയെ ആവിഷ്കരിക്കുന്ന തരത്തിലുള്ള ഒരുതരം ‘ആക്രമണോൽസുക’മായ രീതിയായിരുന്നു ദെലക്രോ തന്റെ ചിത്രങ്ങളിൽ പൊതുവിൽ സ്വീകരിച്ചത്. ആ രചനാ ശൈലിയുടെ സവിശേഷതകൾ സാമാന്യമായി ഉൾക്കൊള്ളുന്ന ഒരു ചിത്രമാണ് ഗന്നസ്രേത് തടാകത്തിലൂടെ ക്രിസ്തുവും ശിഷ്യന്മാരും വഞ്ചിയിൽ യാത്രചെയ്യുന്ന ചിത്രം അഥവാ ‘Christ on the lake of Gennesaret'(1853). (കേവലം 50 X 60 സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഈ ചിത്രം ദെലക്രോ വരച്ചിട്ടുള്ള വലിയ ക്യാൻവാസുകളോടും കൂറ്റൻ ഭിത്തിചിത്രങ്ങളോടും താരതമ്യപ്പെടുത്തുമ്പോൾ തീരെച്ചെറുതാണ്.)

അവതരിപ്പിക്കുന്ന വിഷയത്തിന്റെ ഭാവപരതയെ ഉൾക്കൊണ്ടുകൊണ്ട് പരിഭ്രാന്തി, ഉദ്വേഗം, ഭയം, തുടങ്ങിയ വികാരങ്ങളെ തീവ്രമായി പ്രകടിപ്പിക്കാനാണ് ഈ ചിത്രത്തിൽ ദെലക്രോ ശ്രമിക്കുന്നത്. അതിനായി അദ്ദേഹം സവിശേഷമായ നിറങ്ങളും ബ്രഷ് സ്ട്രോക്കുകളും രൂപങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശാരീരികനിലകളും അവലംബിക്കുന്നുണ്ട്. ഉയർന്ന വീക്ഷണകോണിൽനിന്ന് കാണുന്നതുപോലെയാണ് വഞ്ചി അവതരിപ്പിച്ചിരിക്കുന്നത്.

കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്ന ആകാശത്തിനു താഴെ അപകടകരമായ രീതിയിൽ തിരയിളക്കങ്ങളുള്ള കടലിൽ, വഞ്ചിയിൽ, ശാന്തനായി ഉറങ്ങുന്ന ക്രിസ്തുവിനെ ചിത്രത്തിൽ കാണാം. ഭയചകിതരായ ശിഷ്യന്മാരെയും. ശൈലീപരമായി റൊമാന്റിക് ഭാവനയുടെ ക്ലാസ്സിസിസത്തിൽനിന്നുമുള്ള വ്യതിയാനങ്ങൾ ഈ ചിത്രത്തിൽ സാമാന്യമായി നമുക്ക് വായിച്ചെടുക്കാം.

യൂജിൻ ദെലക്രോ
ജനനം: 1798
മരണം: 1863

 

*****

 

One Reply to “യൂജിൻ ദെലക്രോയുടെ ‘Christ on the lake of Gennesaret’”

Your Email address will not be published.