Skip to main content

ജൂലായ് 1 സ്വാമി ശാശ്വതീകാനന്ദ ഓര്‍മ്മ ദിനം; ശാശ്വതീകാനന്ദ സ്വാമിയെ ഇല്ലായ്മ ചെയ്തത് എന്തുകൊണ്ട്?

മുന്‍ ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദ സ്വാമിയെ ഇല്ലായ്മചെയ്യാന്‍ പ്രധാനാമായും മൂന്ന് കാര്യങ്ങളാണ് ഉണ്ടായിരുന്നത്.

ഒന്നാമത്തെ കാര്യം ആശയതലത്തില്‍ ശ്രീനാരായണ ദര്‍ശനത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്ന ലിറ്ററല്‍ കില്ലിംഗ് കൃത്യമായി ശാശ്വതീകാനന്ദ സ്വാമി തിരിച്ചറിയുകയും അതിനെതിരെ കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ശ്രീനാരായണ ദര്‍ശനത്തെ അദ്വൈത വേദാന്തത്തിന്റെ വാലാക്കി അവതരിപ്പിക്കുന്നതിനെയും ഗുരുവിനെ സുനാതന ഗുരുപരമ്പരയിലെ ആളായി അവതരിപ്പിക്കുന്നതിനെയും ചോദ്യം ചെയ്ത ആദ്യത്തെ ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദ സ്വാമി ആയിരുന്നു; അവസാനത്തെയും!

ശാശ്വതീകാനന്ദ സ്വാമി ശിവഗിരി മഠത്തിന്റെ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ഗുരുദേവ കൃതികളുടെ ഔദ്യോഗിക വ്യാഖ്യാനം എന്നതരത്തില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള പ്രൊഫ: ജി. ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ വ്യാഖ്യാനം പ്രസിദ്ധീകരിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ ശങ്കര ശിഷ്യനും ഹിന്ദു സന്യാസിയും ആക്കിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പുസ്തകമാണത്. അത് തികച്ചും വേദാന്ത ഭാഷ്യമായിരുന്നു. ആ വ്യാഖ്യാനത്തോട് യോജിപ്പുള്ള ആളായിരുന്നില്ല ശാശ്വതീകാനന്ദ. ‘മതത്തിന് അതീതമായ് മനുഷ്യന്‍’ എന്ന യഥാര്‍ഥ ഗുരുദര്‍ശനത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മതാതീതമായ ഒരു ആത്മീയതയെ കുറിച്ചായിരുന്നു ശാശ്വതീകാനന്ദ സ്വാമി പറഞ്ഞുകൊണ്ടിരുന്നത്. അങ്ങിനെ ഒരു ആത്മീയത സാധ്യമോ എന്നതൊക്കെ വേറെ കാര്യം. ഗുരു പറഞ്ഞതുപോലെ മതത്തിനതീതമായ് മനുഷ്യനെ കാണാന്‍ കഴിയണമെങ്കില്‍ ആത്മീയ ബോധമല്ല ശാസ്ത്ര ബോധമാണ് ഉണ്ടാകേണ്ടത്.

എന്തായാലും ആത്മീയവാദി ആയിരുന്നെങ്കിലും ശാശ്വതീകാനന്ദ സ്വാമി ഒരു ഹിന്ദുത്വ വാദി ആയിരുന്നില്ല. അതുകൊണ്ട് ”വ്യാഖ്യാനത്തിലെ പ്രതിപാദ്യം വ്യാഖ്യാതവിന്റെ അഭിപ്രായം മാത്രമാണ്” എന്ന് പുസ്തകത്തില്‍ രേഖപ്പെടുത്തികൊണ്ടുതന്നെയാണ് പ്രസാധകരായ ശിവഗിരി മഠം ബാലകൃഷ്ണന്‍ നായരുടെ പുസ്തകം പ്രസിദ്ധീകരിച്ചത്. ശ്വതീകാനന്ദ സ്വാമിയുടെ ഇടപെടലിനാലായിരുന്നു വ്യാഖ്യാനത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുവാന്‍ ഇടയാക്കിയത്. ഗുരുദര്‍ശനത്തെ ഹൈന്ദവ ദര്‍ശനങ്ങളുടെ ഭാഗമായി കാണാതെ സ്വതന്ത്രവും വ്യതിരിക്തവുമായി കാണുന്നതായിരുന്നു സ്വാമിയുടെ നിലപാട്. എന്നാല്‍ ഗുരുദര്‍ശനത്തെയും ഗുരുവിനെയും സുനാതന ഗുരുപരമ്പരയുടെയും സുനാതന തത്വചിന്തയുടെ പരിധിയില്‍ നിറുത്തുന്ന വ്യാഖ്യാനങ്ങളോടായിരുന്നു പൊതുവെ ശ്ലോകാഭിമാനികളായ ആസാമിമാര്‍ക്കും ശൂദ്രമാനസന്മാരായ ഭൂരിപക്ഷം ഈഴവര്‍ക്കും അന്നും ഇന്നും താത്പര്യം. ഹിന്ദുത്വവാദികളുടെ ഈ അജന്‍ഡ അന്നേ അംഗീകരിച്ചിരുന്നയാളല്ല ശാശ്വതീകാനന്ദ സ്വാമി.

ശ്രീനാരായണ ഗുരുവിന്റെത് മതാതീത മാനവ ദര്‍ശനമാണെന്നും ഗുരു ഒരു ഹിന്ദു സന്യാസി അല്ലെന്നുമുള്ള കര്‍ശന നിലപടുകാരന്‍ ആയിരുന്നു അദ്ദേഹം. ആത്മീയവാദി ആയിരുന്നെങ്കിലും ചാതുര്‍വര്‍ണ്യത്തിന്റെ മറ്റൊരു പേരാണ് ഹിന്ദുമതം എന്ന സഹോദരന്‍ അയ്യപ്പന്റെ നിലപാട് തന്നെയായിരുന്നു സ്വാമിക്കും. ഈ സമീപനം മൂലം വര്‍ണ്ണവാദികളായ ഹിന്ദുത്വര്‍ക്ക് ഹിന്ദുത്വ അഭിനികളും ഗുരുഭക്തരുമായ ഇഴവരെ സ്വാമിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാനും അവമതിപ്പ് ഉണ്ടാക്കാനും ഇടയാക്കി തീര്‍ക്കുകയും അതില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.

അവര്‍ ന്യൂനപക്ഷ മതങ്ങളെ പ്രത്യേകിച്ചും ഇസ്ലാംമതത്തെ ശത്രുപക്ഷത്തു നിറുത്തി ഭൂരിപക്ഷമത ശക്തീകരണത്തിന് കളമൊരുക്കാന്‍ ശിവഗിരി മഠത്തെയും ഉപയോഗിക്കുകയായിരുന്നു പിന്നീട്. ഗുരുവിനെ സുനാതന സന്യാസ പരമ്പരയിലെ കേവലം ഒരു സന്യാസി മാത്രമായി സാമാന്യവത്കരിക്കുകയും ശ്രീനാരയണ ദര്‍ശനം മൗലീകമല്ലെന്നും സുനാതന ദര്‍ശനത്തിന്റെ ഭാഗമാണെന്നുമൊക്കെ വ്യാഖ്യാനിച്ച് ഹിന്ദുമതതിന്റെ ചട്ടക്കൂട്ടില്‍ പരിമിതപ്പെടുത്തി. പിന്നീട് ഗുരുമന്ദിരങ്ങള്‍ ഗുരുദേവ ക്ഷേത്രങ്ങളായതും ജീവിതാവസാനം വരെ ചാതുര്‍വര്‍ണ്യത്തിനതിരെ പോരാടിയ നാരയണഗുരുവിനെപ്പിടിച്ച് മഹാവിഷ്ണുവിന്റെ അവതാരമാക്കിയതും. അവിടെ ഓം നമോ നാരായണായഃ വിളിപ്പിക്കുന്നതും പൂണൂല്‍ധാരികള്‍ ആയ ചോകാമ്പൂരിമാര്‍ പ്രത്യക്ഷപ്പെട്ടതുമൊക്കെ വെറുതെ സംഭവിച്ചതല്ല. അത് ഹിന്ദുത്വര്‍ ആസൂത്രിതമായി നടപ്പിലാക്കിയ ശൂദ്രവല്‍ക്കരണത്തിന്റെ ഭാഗമായി തന്നെയാണ്. ശാശ്വതീകാനന്ദ സ്വാമി അത് മുന്‍കൂട്ടി തിരിച്ചറിയുകയും സംഘടിതവും അസൂത്രിതവുമായ ഹിന്ദുത്വവത്കരണത്തിന് എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തയാളാണ്. അത് അവര്‍ക്ക് സ്വാമിയോടുള്ള ശത്രുത വര്‍ദ്ധിപ്പിച്ചു.

രണ്ടാമത്തെ കാര്യം അയോദ്ധ്യയില്‍ പള്ളിപൊളിച്ച് ക്ഷേത്രം പണിയാന്‍ സംഘപരിവാര്‍ നടത്തിയ രാമശിലാ പൂജയുടെ സമയത്തുണ്ടായ സംഭവങ്ങളാണ്. അന്ന് രാമഭക്തന്മാരുടെ കേരള എഡിഷന്‍ സൈന്യം കല്ലുകള്‍ പൂജിക്കുന്നത് വലിയ മത-രാഷ്ട്രീയ സംഭവമാക്കാന്‍ തീരുമാനിച്ചു. 1992 ഡിസംബര്‍ 6-ലെ ആ കറുത്ത ദിനത്തിന്റെ മുന്നൊരുക്കത്തിന് അവര്‍ അന്ന് തെരഞ്ഞെടുത്തത് ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന് ആധാരശിലയിട്ട അരുവിപ്പുറം ക്ഷേത്രത്തില്‍ നിന്നായിരുന്നു. അയോധ്യയില്‍ കര്‍സേവയ്ക്ക് കൊണ്ടുപോകുന്ന ശിലാപൂജയുടെ കേരളത്തിലെ ഉദ്ഘാടനം അരുവിപ്പുറം ക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്ന് വിശ്വഹിന്ദുപരിക്ഷത്ത് നോട്ടീസടിച്ച് പ്രചരിപ്പിച്ചു. കേരളം മുഴുവന്‍ പോസ്റ്ററും പതിച്ചു. പക്ഷേ രാം എന്ന് ഹിന്ദിയില്‍ രേഖപ്പെടുത്തിയ കല്ലുമായി അരുവിപ്പുറത്ത് എത്തിയവരെ കാത്തിരുന്നത് നാണക്കേടിന്റെ ഒരു കേരളചരിത്രമാണ്. മരണം വരെ വിവാദങ്ങള്‍ ധാരാളം കൂടെ കൂട്ടിയ സ്വാമി ശാശ്വതീകാനന്ദയുടെ കടുത്ത നിലപാട് വി.എച്ച്.പി-യെ ഞെട്ടിച്ചു.

നടന്നത് എന്താണെന്നു സ്വാമി തന്നെ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അതിപ്പ്രകാരം ആണ്- ”ബാബറി മസ്ജിദ് പൊളിക്കാനുള്ള കരസേവന യാത്രയുടെ തുടക്കം ”ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന് ഗുരു എഴുതിവെച്ച അരുവിപുറത്തു നിന്നും തുടങ്ങണം എന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ അഭ്യര്‍ത്ഥന അന്നത്തെ ശിവഗിരി മഠം അധിപതി ആയിരുന്ന ഞാന്‍ നിരസിച്ചതോടെ തുടങ്ങിയതാണ് ശിവഗിരി പിടിച്ചെടുക്കാന്‍ സംഘ പരിവാരത്തിന്റെ മാസ്‌റര്‍ പ്ലാന്‍. അത് രൂപം കൊണ്ടത് അന്നുമുതലാണ്, അന്നുമുതല്‍ ഒരുപാട് അപവാദങ്ങള്‍ ഞാന്‍ കേള്‍ക്കുന്നതാണ്. കേരളത്തിലെ ഹൈന്ദവ വര്‍ഗീയ വാദത്തിനു ശിവഗിരി തടസം ആകുമെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞിരുന്നു” – ഇന്ന് അദ്ദേഹം നമ്മൊടൊപ്പമില്ലെങ്കിലും ഇത് വളരെ ഗൗരവമുള്ള ഒരു സ്റ്റേറ്റ്‌മെന്റ് ആണ്.

നാനാഭാഗത്ത് നിന്നും കല്ലുമായി അരുവിപ്പുറത്ത് എത്തിയ വി.എച്ച്.പി പ്രവര്‍ത്തകരെ ശാശ്വതീകാനന്ദയുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്ര അധികൃതര്‍ തടഞ്ഞു. വിഷയം അവതരിപ്പിക്കാന്‍ ശിവഗിരിയിലെത്തി സ്വാമിയെ കണ്ടവരെ അദ്ദേഹം നന്നായി ശകാരിച്ചു. ആരുടെ അനുവാദം വാങ്ങിയിട്ടാണ് നിങ്ങള്‍ നാടൊട്ടുക്ക് പോസ്റ്റര്‍ പതിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. ‘മതാതീത ആത്മീയത’ പ്രചരിപ്പിക്കുക എന്ന ഗുരുലക്ഷ്യമാണ് ശിവഗിരി മഠം അനുവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലുമൊരു മതത്തിന്റെ പ്രചരണമല്ലെന്നും സ്വാമി ശാശ്വതീകാനന്ദ തുറന്നടിച്ചു. അവസാനം കര്‍സേവക്ക് ശിലയുമായി പോകാന്‍ തയ്യാറായി വന്ന വാനരക്കുഞ്ഞുങ്ങള്‍ അരുവിപ്പുറം ക്ഷേത്രത്തിനു മുന്നില്‍ നിന്ന് തീപ്പെട്ടി ഉരച്ചു കത്തിച്ചിട്ടാണ് പോയത്. അല്ലാതെ അരുവിപ്പുറം ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്ന് ദീപം പകരാന്‍ അദ്ദേഹം അനുവദിച്ചില്ല.

ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ദൗത്യം ഗുരു ഉയര്‍ത്തിയ ധര്‍മ്മ പ്രചരണമാണെന്നും ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്ക് അരുവിപ്പുറം ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്ന് തിരിതെളിയിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും ചോദിച്ച സ്വാമി ശാശ്വതീകാന്ദ ഞാന്‍ ജീവനോടെയുള്ളിടത്തോളം കാലം അത് അനുവദിക്കില്ലെന്നും അന്ന് പറഞ്ഞിരുന്നു.

മൂന്നാമത്തെ കാര്യം വെള്ളാപ്പള്ളി നടേശനെതിരെ ശാശ്വതീകാനന്ദ നടത്തിയ കേസാണ് മൂന്നാമത്തെ കാര്യം. 1995 ല്‍ ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ പിന്നീട് കസേര ഒഴിയാതെ എസ്എന്‍ഡിപി യോഗത്തില്‍ പിടിമുറുക്കിയപ്പോള്‍, SNDP യോഗത്തില്‍ സമൂലമായ ഉടച്ചു വാര്‍ക്കലിന് കളം ഒരുക്കാന്‍ വേണ്ടി ജി. കൃഷ്ണമൂര്‍ത്തി IPS വഴി ശാശ്വതീകാനന്ദ സ്വാമി എറണാകുളം ജില്ലാ കോടതിയില്‍ ഒരു കേസ് കൊടുത്തിരുന്നു. എന്നാല്‍ 2002ല്‍ സ്വാമി ദുരൂഹമായ രീതിയില്‍ മരണപെട്ടതോടെ കേസ് കോര്‍ഡിനേറ്റ് ചെയ്യാന്‍ ആളില്ലാതെ ആകുകയും, വാദികളില്‍ പലരെയും നടേശന്‍ കൂറ് മാറ്റുകയും ആയിരുന്നു. സ്‌കീം സ്യൂട്ടിന് വേണ്ട നിയമ ഉപദേശങ്ങള്‍ നല്‍കിയത് അന്തരിച്ച മുന്‍ സ്പീക്കറും മുതിര്‍ന്ന അഭിഭാഷകനുമായ സഖാവ് വര്‍ക്കല രാധാകൃഷ്ണന്‍ ആയിരുന്നു. അരുവിപ്പുറം പ്രഭാകരനും, മണ്ണന്തല ദിലീപും, സ്വാമി ശാശ്വതികാനന്ദയും, വര്‍ക്കല രാധാകൃഷ്ണനും, ജി. കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് SNDP യോഗത്തില്‍ ജനാധിപത്യം സ്ഥാപിക്കാനും നടേശവാഴ്ച അവസാനിപ്പിക്കാനുമായി ജി. കൃഷ്ണമൂര്‍ത്തി IPS വഴി ആ സ്‌കീം സ്യൂട്ട് ഫയല്‍ ചെയ്തത്.

ശാശ്വതീകാനന്ദ സ്വാമിയുടെ മരണവുമായി ഇതെല്ലാം കൂട്ടിവായിക്കപ്പെടേണ്ടത് തന്നെയാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.