വി. മുസഫര്‍ അഹമ്മദിന്റെ പുതിയ പുസ്തകം ‘ബഷീറും എം.ടിയും പാമുക്കും മലബാറിലെ പന്തയക്കുതിരകളും’ എഴുത്തിന്റെയും വായനയുടെയും പരിഭാഷയുടെയും വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൃതിയാണ്. സാമൂഹികവും സാംസ്‌കാരികവുമായ ചിന്തകളുടെയും നിരീക്ഷണങ്ങളുടെയും സാന്നിധ്യംകൊണ്ട് സമ്പന്നമാണ് 16 ലേഖനങ്ങള്‍ അടങ്ങിയ ഈ സമാഹാരം. അതിനൊപ്പം ഒരു കാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന മലബാര്‍ നേരിട്ട ദുരനുഭവങ്ങളും അതിനെതിരെയുള്ള പോരാട്ടങ്ങളും വംശവെറിയുടെ പേരില്‍ ഒരു പ്രത്യേകവിഭാഗത്തെ ഭ്രാന്താശുപത്രിയില്‍ തള്ളിയതിന്റെ മനസാക്ഷി മരവിപ്പിക്കുന്ന അനുഭവസാക്ഷ്യങ്ങളും ഇതിലുണ്ട്.
ഡി.എച്ച് ലോറന്‍സിന്റെ ‘ദ റോക്കിംഗ് ഹോഴ്സ് വിന്നര്‍’ എന്ന കഥ കെ.എ. കൊടുങ്ങല്ലൂര്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 1991 ഡിസംബറില്‍ കെ.എ കൊടുങ്ങല്ലൂര്‍ അനുസ്മരണ സമിതി പ്രസിദ്ധീകരിച്ച അത്ഭുതങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന സമാഹാരത്തിലാണ് ഈ കഥയുള്ളത്. മലബാര്‍: മലബാര്‍ എന്നാണ് പരിഭാഷയില്‍ കഥയുടെ പേര് 1926ലാണ് ഡി.എച്ച് ലോറന്‍സിന്റെ ഈ കഥ ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വനിതാ ഫാഷന്‍ മാസികയായ ഹാര്‍പേഴ്സ് ബസാറില്‍ വരുന്നത്. പോള്‍ എന്ന കുട്ടിയിലൂടെയാണ് കഥ വികസിക്കുന്നത്. പണം ഒന്നിനും തികയാതെ വരുന്നത് മൂലമുള്ള ദാരിദ്ര്യമാണ് കഥയുടെ വിഷയം. പോള്‍ എന്ന കുട്ടി തന്റെ മരക്കുതിരയില്‍ കയറി സഞ്ചരിക്കുന്നതായി ഭാവിക്കുന്ന രംഗം കഥയിലുണ്ട്. ഒടുവില്‍ അവന്‍ കുതിരപന്തയക്കാരനായി മാറുന്നു. പന്തയത്തിലൂടെ പോളിന് 5000 പവന്‍ വരെ കിട്ടുന്നുണ്ട്. പിന്നീടാണ് മലബാര്‍ എന്ന കുതിരയുടെ മേല്‍ പന്തയം വെക്കുന്നത്. അതുവഴി എണ്‍പതിനായിരം പവന്‍ നേടുകയുണ്ടായി. ഒടുവില്‍ ജ്വരം ബാധിച്ച് പോള്‍ മരണമടയുകയാണ്. ഡി.എച്ച് ലോറന്‍സ് ഈ കഥയെഴുതുന്ന കാലത്ത് മലബാര്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷ് കോളനികളാണ്. മലബാറിനെ ഊറ്റികുടിക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടം. തന്റെ രാജ്യത്തിന്റെ കോളനിയായ മലബാര്‍ ലോറന്‍സിനെ സംബന്ധിച്ചിടത്തോളം ഒരു പന്തയക്കുതിരയായിരുന്നു. അതുകൊണ്ടുതന്നെ പന്തയക്കുതിരക്ക് മലബാര്‍ എന്ന് പേരിട്ടത് യാദൃച്ഛികമല്ല എന്നാണ് ലേഖകന്റെ നിരീക്ഷണം. മലബാര്‍ കലാപം അടിച്ചൊതുക്കി നാലുവര്‍ഷം കഴിഞ്ഞാണ് ലോറന്‍സിന്റെ കഥ പുറത്തുവരുന്നത്. മലബാര്‍: മലബാര്‍ എന്ന പേരില്‍ ഈ കഥ വിവര്‍ത്തനം ചെയ്തപ്പോള്‍ ഇത്തരമൊരു കഥയുടെ പോസ്റ്റ് കൊളോണിയല്‍ വിവര്‍ത്തനത്തിന്റെ മാതൃക സൃഷ്ടിക്കുക എന്ന ദൗത്യമാണ് കൊടുങ്ങല്ലൂര്‍ ഏറ്റെടുത്തതെന്ന് മുസഫര്‍ അഹമ്മദ് ചൂണ്ടിക്കാട്ടുന്നുണ്ട്. വിവര്‍ത്തനത്തിലെ പേരുമാറ്റം തന്നെയാണ് കൂടുതല്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമം. കഥയുടെ പ്രസക്തിയും ഇതാണെന്ന് ലേഖകന്‍ വാദിക്കുന്നു. എന്നാല്‍ അത്തരം ചിന്തകളിലേക്ക് പോസ്റ്റ് കൊളോണിയല്‍ ചിന്തകരും ബുദ്ധിജീവികളും കടന്നുപോയിട്ടില്ല എന്ന വസ്തുതയും ലേഖനം പങ്കുവെക്കുന്നു.
ഡി.എച്ച് ലോറന്‍സിന്റെ കഥയെ അവലംബിച്ച് 1949ല്‍ സിനിമ പുറത്തുവന്നു. ഒലിവര്‍ ട്വിസ്റ്റായി അഭിനയിച്ച പ്രശസ്ത ബാലനടന്‍ ജോണ്‍ ഹൊവാര്‍ഡ് ഡേവിസ് ആണ് ‘ദ റോക്കിംഗ് ഹോഴ്സ്’ എന്ന പേരില്‍ തന്നെ ഇറക്കിയ ചിത്രത്തില്‍ പോള്‍ ആയി വേഷമിട്ടത്. ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചുവോ, എന്തായിരുന്നു പ്രതികരണം എന്നൊന്നും അറിയാന്‍ വഴിയുണ്ടായിട്ടില്ല.
മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി 1923ല്‍ ഇറ്റലിയില്‍ ‘ലാ റിവോള്‍ട്ടാ ഡെല്‍ മലബാര്‍’ എന്ന ചിത്രവും പുറത്തിറങ്ങുകയുണ്ടായി. ഇതെല്ലാം യൂറോപ്യന്‍ സാഹിത്യത്തിലേക്ക് മലബാര്‍ പ്രവേശിച്ചതില്‍ മലബാര്‍ കലാപത്തിന് പങ്കുണ്ട് എന്ന് വ്യക്തമാക്കുന്നതായി മുസഫര്‍ അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
മലബാര്‍ പെണ്‍കുട്ടിയെ മലയാളി പെണ്‍കുട്ടിയാക്കി മാറ്റിയ ഒരു പരിഭാഷയെപ്പറ്റിയും ഈ ലേഖനത്തില്‍ പറയുന്നുണ്ട്. ബോദ്‌ലേര്‍ എഴുതിയ ‘എ യുന്‍ മലബാറിസെ (മലബാര്‍ പെണ്‍കുട്ടിയോട്) എന്ന കവിത ആറ്റൂര്‍ രവിവര്‍മ്മ മൊഴിമാറ്റിയപ്പോള്‍ മലബാര്‍ പെണ്‍കുട്ടി മലയാളി പെണ്‍കുട്ടിയായി മാറി. മൗറീഷ്യസില്‍ ഫ്രഞ്ചുകാരന്റെ തോ്ട്ടത്തില്‍ അടിമവേലക്ക് നിന്നിരുന്ന ഒരു സ്ത്രീയുടെ മകളായിരുന്നു ബോദ്്ലേര്‍ വിവരിച്ച പെണ്‍കുട്ടി എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ബോദ്ലേര്‍ വിവരിച്ച മലബാറി പെണ്‍കുട്ടി ആണോ ശരി അതോ, മലയാളിപെണ്‍കുട്ടി എന്ന ആറ്റൂരിന്റെ വിവര്‍ത്തനമാണോ ശറി എന്ന ചോദ്യം ഗവേഷകര്‍ക്കും കൊളോണിയല്‍ പണ്ഡിതന്മാര്‍ക്കും വിടുകയാണ് ലേഖകന്‍. ഏതായാലും കൊടുങ്ങല്ലൂരിന്റെയും ആറ്റൂരിന്റെയും വിവര്‍ത്തനങ്ങളും അതിന്റെ ഊന്നലുകളും പരിഭാഷയുടെ പ്രാധാന്യത്തെയും പ്രസക്തിയെയും അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു.

മലബാറിലെ സമരപോരാളികളെ കുതിരവട്ടം മെന്റല്‍ അസൈലത്തില്‍ അടച്ച ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരതയും തുടര്‍ന്നുള്ള ലേഖനത്തില്‍ പറയുന്നുണ്ട്. (27 മലബാര്‍ സമരപോരാളികളെ കുതിരവട്ടം മെന്റല്‍ അസൈലത്തില്‍ ബ്രിട്ടീഷുകാര്‍ അടച്ചത് എന്തുകൊണ്ട്?) സമരപോരാളികളെ മനോരോഗികളായി ചിത്രീകരിച്ച് മെന്റല്‍ അസൈലങ്ങളില്‍ അടക്കുന്ന രീതി ബ്രിട്ടീഷ്ഭരണകൂടം അവലംബിച്ചിരുന്നു. 1896ല്‍ മഞ്ചേരിയില്‍ നടന്ന കാര്‍ഷിക കലാപത്തില്‍ പങ്കെടുത്ത 32 പേരെയാണ് പിടികൂടിയത്. ഇതില്‍ 27 മാപ്പിള യുവാക്കളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ (ഇന്നത്തെ പ്രയോഗം) എത്തിക്കുകയുണ്ടായി. ബ്രിട്ടീഷുകാരുടെ യന്ത്രത്തോക്കിന് മുന്നില്‍ വിരിമാറു കാണിച്ച നവയുവാക്കള്‍ക്ക് ഭ്രാന്തല്ലാതെ പിന്നെ എന്താണ് എന്ന ചോദ്യമാണ് ബ്രിട്ടീഷുകാര്‍ ഉന്നയിച്ചത്. കലാപത്തിന് പിന്നില്‍ മത (ഭ്രാന്ത്) ആണെന്ന് സ്ഥാപിക്കാന്‍ ബ്രിട്ടീഷ്ഭരണം ശ്രമിച്ചു. 1871ല്‍ ഊളമ്പാറയിലും 1872ല്‍ കുതിരവട്ടത്തും മെന്റല്‍ അസൈലങ്ങള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ 1893-94 കാലത്ത് ഹെമ്പ് ഡ്രഗ് കമ്മീഷനും ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചു. കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും സംബന്ധിച്ച് പരിശോധിക്കാനായിരുന്നു ഇത്. അതാണ് പിന്നീട് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ആയി പരിണമിക്കുന്നത്.

ഏതായാലും മെന്റല്‍ അസൈലങ്ങള്‍ അക്കാലത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു. കെ.ജെ ബേബിയുടെ ഗുഡ്ബൈ മലബാര്‍ എന്ന നോവലില്‍ ഈ വിഷയം കടന്നുവരുന്നത് മുസഫര്‍ അഹമ്മദ് എഴുതുന്നുണ്ട്. മലബാര്‍ മാന്വല്‍ എഴുതിയ വില്യം ലോഗനും ഭാര്യ ആനിയും കഥാപാത്രങ്ങളായി വരുന്ന നോവലില്‍ പക്ഷെ, രാഷ്ട്രീയ പോരാളികളെ മെന്റല്‍ അസൈലത്തില്‍ അടയ്ക്കുന്ന പ്രവണതയെപ്പറ്റി പറയുന്നില്ല. ഇത് ഒരു പരിമിതിയാണെന്ന് ലേഖകന്‍ പറയുന്നുണ്ട്.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തെ പണ്ടുമുതല്‍ ഭ്രാന്താശുപത്രിയെന്നാണ് വാമൊഴിയായി വിളിച്ചുവന്നത്. മെന്റല്‍ അസൈലം എന്നതിന്റെ പശ്ചാത്തലത്തിലാണത്. സാമൂഹികമാറ്റത്തിനുവേണ്ടി ശ്രമിക്കുന്നവരെ ഭ്രാന്തന്മാരായി ചിത്രീകരിക്കുന്ന പ്രവണത നമുക്കുണ്ട്. ആ പ്രയോഗവും ആശയവും ബ്രിട്ടീഷുകാര്‍ മെന്റല്‍ അസൈലം വഴി പ്രാവര്‍ത്തികമാക്കി എന്നേയുള്ളുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. മലബാര്‍ സമര പഠനങ്ങളും സംവാദങ്ങളും പുതിയ തലത്തിലേക്ക് പോവുന്ന സാഹചര്യത്തില്‍ സാമൂഹികനീതിയും മനോചിത്തതയും കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്നാണ് ലേഖനത്തില്‍ പറയുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീര്‍, എം,ടി വാസുദേവന്‍ നായര്‍ എന്നിവരുടെ കൃതികള്‍ പ്രത്യേകമായ വീക്ഷണത്തിലൂടെ പുനര്‍വായന നടത്തുന്നു എന്ന പ്രത്യേകതയും ഈ പുസ്തകത്തിന് അവകാശപ്പെട്ടതാണ്. സാമൂഹികവും സാംസ്്കാരികവുമായ ചിന്തകളുടെയും നിരീക്ഷണങ്ങളുടെയും സാന്നിധ്യംകൊണ്ട് സമ്പന്നമാണ് 16 ലേഖനങ്ങള്‍ അടങ്ങിയ ഈ സമാഹാരം.
പിറുപിറുപ്പ് എന്ന പ്രയോഗം എം.ടിയുടെ കൃതികളില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന അന്വേഷണം എം.ടിയുടെ പിറുപിറുക്കുന്ന വീടുകളും കോവിഡ്കാല മണങ്ങളും എന്ന ആദ്യലേഖനത്തില്‍ കാണാം. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അടയാളമാകാം പിറുപിറുക്കല്‍. ഉറക്കെ പറയാന്‍ വയ്യാത്ത കാര്യങ്ങള്‍ പിറുപിറുക്കലില്‍ കലാശിക്കുന്നു. ഭാഷ ഭാഷ രൂപപ്പെടും മുമ്പ് മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തനമാരംഭിച്ച ഒന്നായിരിക്കാം പിറുപിറുക്കലും ദീര്‍ഘശ്വാസവും മറ്റും എന്ന് തെറപ്പിസ്റ്റും പ്രചോദക എഴുത്തുകാരിയുമായ ഷാനന്‍ എല്‍. ആല്‍ഡര്‍ പറയുന്ന കാര്യം ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യവികാരങ്ങളുടെ ശക്തമായ പ്രാതിനിധ്യം പിറുപിറുക്കലിന് ഉണ്ട്. എം.ടിയുടെ ഇരുട്ടിന്റെ ആത്മാവ് എന്ന കഥയിലെ വേലായുധന്റെ പിറുപിറുക്കല്‍ അവനെ ബന്ധിച്ച ചങ്ങലയുടെ കിലുക്കം പോലെ നമുക്ക് അനുഭവവേദ്യമാകുന്നു. ഭാഷക്ക് മുമ്പുള്ള വിനിമയരീതിയില്‍ തുടങ്ങി ഭാഷയുടെ നിലനില്‍ക്കുന്ന എല്ലാ സങ്കേതങ്ങളിലൂടെയും കയറിയിറങ്ങിയാണ് എം.ടിയുടെ കഥകള്‍ സഞ്ചരിക്കുന്നത് എന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
എം.ടിയുടെ നിന്റെ ഓര്‍മ്മക്ക് എന്ന കഥയിലും പിറുപിറുപ്പ് കടന്നുവരുന്നുണ്ട്. ബാലനായ ആഖ്യാതാവ് വീട്ടിലെ രംഗങ്ങള്‍ കാണുമ്പോഴും ഓര്‍ക്കുമ്പോഴും ചില കുശുകുശുക്കല്‍ അറിയുകയാണ്. അച്ഛന്റെ കൂടെ വന്ന ലീല എന്ന പെണ്‍കുട്ടിയാണ് കുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ പിറുപിറുക്കലിന് കാരണമാവുന്നത്. പിന്നീടത് വലിയ പൊട്ടിത്തെറിയിലേക്ക് മാറുകയും അച്ഛനൊപ്പം പെണ്‍കുട്ടി യാത്രയാവുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു. യുവാല്‍ നോവാ ഹരാരി ‘കള്‍ച്ചര്‍ ഓഫ് വിസ്പെയര്‍’ എന്ന പുസ്തകത്തില്‍ ഈയിടെയാണ് അടക്കം പറച്ചില്‍ എന്ന സങ്കല്‍പം അവതരിപ്പിച്ചത്. എം.ടിയാകട്ടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇത് അവതരിപ്പിച്ചു. ഇത് വായനക്കാര്‍ക്ക് പുതിയ ഉള്‍വെളിച്ചം നല്‍കുന്നതാണെന്ന് ലേഖകന്‍ പറയുന്നു.
കേരളത്തിലെ കുടുംബങ്ങളില്‍ ഇപ്പറഞ്ഞ മനുഷ്യസ്വഭാവം പ്രതിഫലിക്കുന്നതിന്റെ ആര്‍ക്കൈവ് ആയി എം.ടിയുടെ രചനകളെ കാണാം എന്നാണ് മുസഫര്‍ അഹമ്മദ് പറഞ്ഞുവെക്കുന്നത്. എം.ടിയുടെ രചനാലോകത്തേക്കുള്ള താക്കോല്‍വാക്കായി ഈ പിറുപിറുപ്പ് മാറുകയാണ്.
വീട് ആളുകള്‍ക്ക് താമസിക്കാനുളള ഇടം മാത്രമല്ല, അതൊരു ചിന്താരീതിയാണെന്ന് എം.ടി പറഞ്ഞിട്ടുണ്ട്. നാലുകെട്ട് പൊളിച്ചുമാറ്റി പകരം കാറ്റും വെളിച്ചവും കടക്കുന്ന പുതിയ വീട് നിര്‍മിക്കുന്നതാണല്ലോ എം.ടിയുടെ നാലുകെട്ടിലെ കഥ. ഇത് സാമൂഹികമായും സാംസ്‌കാരികമായും വലിയ അര്‍ത്ഥതലങ്ങളിലേക്ക് പോകുന്ന ഒന്നാണ്. വി.സി ഹാരിസ് ഇതു സംബന്ധമായി പറഞ്ഞ കാര്യം ലേഖകന്‍ ആലോചിക്കുന്നുണ്ട്. ഇന്ദുലേഖയില്‍ നിന്ന് നാലുകെട്ടിലേക്ക് വരുമ്പോള്‍ ചില പൊളിച്ചെഴുത്തുകള്‍ നടക്കുകയാണ്. ഇത് വീടിന്റെ മാത്രം കാര്യമല്ല, സാമൂഹികജീവിതത്തിന്റെയും രൂപഘടനയില്‍ വരുന്ന മാറ്റമാണ്. കുടികിടപ്പുകാര്‍ എന്ന ലേഖനത്തില്‍ എം.ടി എടുപ്പുകളും വീടുകളും സൗധങ്ങളും നിലനിര്‍്ത്തണോ പൊളിക്കണോ എന്ന ചോദ്യത്തിന് ഉത്തരം തേടുന്നുണ്ട്. ബര്‍ണാഡ് മാലെമൂഡിന്റെ കുടികിടപ്പുകാര്‍ എന്ന നോവല്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് കിളിവാതിലിലൂടെ എന്ന സമാഹാരത്തില്‍ കുടികിടപ്പുകാര്‍ എന്ന ലേഖനം എം.ടി എഴുതുന്നത്. നാലുകെട്ടിലെ അപ്പുണ്ണി പൊളിക്കാന്‍ ശ്രമിക്കുന്നത് പഴയ എടുപ്പിനെയല്ല, അത് ഉയര്‍ത്തുന്ന ചിന്താരീതിയെയാണ് എന്ന് ലേഖകന്‍ പറയുന്നു.
വായനയെപ്പറ്റി എം.ടി ധാരാളം പറഞ്ഞിട്ടുണ്ട്. എം.ടിയുടെ എഴുത്തിലും പ്രസംഗത്തിലും വായന കടന്നുവരും. വായന എങ്ങനെ എങ്ങനെ രോഗത്തിനുളള ഔഷധമായി മാറുന്നു എന്ന വിഷയവും ചര്‍ച്ചയാവുന്നു. കോവിഡ് കാലത്ത് ബാധിച്ച ഡിപ്രഷനില്‍ നിന്ന് മുക്തി നേടാന്‍ വായനയിലൂടെ നടത്തിയ ശ്രമത്തെപ്പറ്റി എം.ടി പറയുന്നുണ്ട്. ബന്ധത്തില്‍പെട്ട രാഹുലന്‍ എന്ന കുട്ടി ലുക്കേമിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുമ്പോള്‍ വായിക്കാന്‍ പുസ്തകങ്ങള്‍ എത്തിച്ചത് എം.ടിയായിരുന്നു. എത്തിച്ച പുസ്തകങ്ങള്‍ വളരെ പെട്ടെന്ന് രാഹുലന്‍ വായിച്ചുതീര്‍ത്തു. വീണ്ടും ആവശ്യപ്പെടാന്‍ തുടങ്ങി. കൂടുതല്‍ പേജുള്ള വലിയ പുസ്തകങ്ങള്‍ രോഗാവസ്ഥയിലും രാഹുലിന്റെ വായനക്ക് ഭാരമായില്ല. രാഹുലന്റെ കിടക്കയില്‍ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ മറ്റു പലരും എടുത്തുകൊണ്ടുപോയി വായിക്കാന്‍ തുടങ്ങി. രാഹുലന്‍ മരണത്തിന് കീഴടങ്ങിയെങ്കിലും വായന മരിക്കുന്നില്ല എന്ന് തെളിയിക്കപ്പെട്ടു. എം.ടിയുടെ മഞ്ഞ് എന്ന നോവലിലും ഷെര്‍ലക്ക് എന്ന കഥയിലും മറ്റും വായനയുടെ സാധ്യതകളും അതിലൂടെയുള്ള മോചനവും കടന്നുവരുന്നുണ്ട്.
എം.ടി നാലുകെട്ടിനകത്തെ ജീവിതം പറഞ്ഞപ്പോള്‍, നാലുകെട്ടിന്റെ പാര്‍ശ്വങ്ങളില്‍ കഴിഞ്ഞ അധ: സ്ഥിതരുടെ ജീവിതം പറഞ്ഞ ടി.കെ.സി വടുതലയുടെ കഥകളും ചര്‍ച്ച ചെയ്യുന്നുണ്ട്. ‘പവാസരേഖയായി മാറിയ ഷെര്‍ലക്കിന്റെ നഖങ്ങള്‍’ എന്ന ലേഖനത്തില്‍ ഇതുകാണാം. ശങ്കരന്‍ എന്ന ക്ഷുരകന്റെ ജീവിതമാണ് നിനക്കതുമതി’ എന്ന കഥയില്‍ പരമര്‍ശിക്കുന്നത്. ജന്മി ഗോവിന്ദന്‍നായരുടെ പറമ്പില്‍ കുടില്‍കെട്ടി താമസിക്കുന്ന ശങ്കരന്‍, അമ്പട്ടന്‍ എന്ന വിളിപ്പേര് കേട്ട് സഹികെട്ട് നാടുവിട്ടുപോയി പട്ടാളത്തില്‍ ചേരുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് അല്‍പകാലം കഴിഞ്ഞ് സാമ്പത്തികമായി മെച്ചപ്പാടുമായി തിരിച്ചെത്തുന്നു. സ്വന്തമായി അല്‍പം മണ്ണ് വാങ്ങി പുര കെട്ടുകയെന്നതാണ് ശങ്കരന്റെ സ്വപ്നം. ഇതിനായി ആശ്രയിക്കാനുള്ളത് ജന്മി ഗോവിന്ദന്‍നായര്‍ തന്നെയാണ്. വസ്തു ഇടപാട് നടന്നെങ്കിലും ആധാരം വിട്ടുകൊടുക്കാന്‍ ഗോവിന്ദന്‍നായര്‍ തയാറായില്ല. ഒടുവില്‍ ഒരു പൊതി അദ്ദേഹം ശങ്കരന് കൈമാറുന്നു. അതില്‍ ശങ്കരന്റെ പഴയ പണിയായുധങ്ങളായ കത്തിയം കല്ലും ചീര്‍പ്പുമാണ് ഉണ്ടായിരുന്നത്. അതായിരുന്നു ഗോവിന്ദന്‍നായര്‍ കരുതിയ ‘ആധാരം’ .ഇപ്രകാരം പുറമ്പോക്കില്‍ കഴിഞ്ഞവര്‍ കൂടുതല്‍ പുറമ്പോക്കിലേക്ക് മാറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. എം.ടിയുടെ നാലുകെട്ട് ചര്‍ച്ച ചെയ്യുമ്പോള്‍ ടി.കെ.സി വടുതലയുടെ ഇതുപോലുള്ള കഥകള്‍ കൂടി ചര്‍ച്ച ചെയ്യണമെന്നാണ് ലേഖകന്‍ പറയുന്നത്. എന്നാല്‍ മാത്രമെ സാഹിത്യചരിത്രപഠനം പൂര്‍ത്തിയാവുകയുള്ളു.
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഷെര്‍ലക്ക് എന്ന കഥയില്‍ എം.ടി അവതരിപ്പിക്കുന്നതും ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ഷെര്‍ലക്ക് എന്ന പൂച്ചയുടെ നഖങ്ങള്‍ പ്രവാസി (പുറംവാസി എന്നാണ് മുസഫര്‍ അഹമ്മദ് പ്രയോഗിക്കുന്നത്്)ക്കു നേരെ തിരിയുന്ന ഭീഷണിയും അവഗണനയും പരിഹാസവും എല്ലാമാണ്. ഷെര്‍ലക്ക് ബാലുവിന്റെ മുന്നില്‍ ചിലപ്പോള്‍ മര്യാദക്കാരനാണ്. എന്നാല്‍ ഏതു നിമിഷവും അക്രമകാരിയാവാം. കൂര്‍ത്തനഖങ്ങള്‍ ഏതു നിമിഷവും പ്രവാസിയുടെ നേരെ നീണ്ടുവരാം. ഷെര്‍ലക്കിന്റെ സംരക്ഷണത്തില്‍ ജീവിക്കേണ്ടിവരികയും അതേസമയം, അരക്ഷിതമായ അവസ്ഥ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന പ്രവാസിയുടെ നിസ്സഹായത ഇവിടെ കാണാം. അമേരിക്കന്‍ ഭരണാധികാരി ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാലത്തെ നയങ്ങളും മറ്റും ഇതുമായി ചേര്‍ത്തുവായി്ക്കാവുന്നതാണ്.
ലോകസാഹിത്യത്തില്‍ അടയാളപ്പെടുത്തേണ്ട ബഷീര്‍ പിന്നിലായിപ്പോയതെന്തുകൊണ്ട് എന്ന വിഷയവും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. പരിഭാഷയുടെ പോരായ്മയാണ് അതിന് കാരണമായി കണ്ടെത്തുന്നത്. ബഷീറിന്റെ ബാല്യകാലസഖി, ന്റപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് തുടങ്ങിയ കൃതികള്‍ ലോകഭാഷകളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അത് വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടുവോ എന്നതാണ് പ്രശ്നം. ബഷീറിനെ പരിഭാഷയിലൂടെ വായിച്ചവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടുവെന്നാണ് റി്പ്പോര്‍ട്ട്. എന്നാല്‍ പരിഭാഷ കുറ്റമറ്റതായില്ല എന്ന പരിമിത പലരും ഉന്നയിച്ചിട്ടുണ്ട്. ശബ്ദങ്ങള്‍ എന്ന കൃതി വി. അബ്ദുല്ല ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയപ്പോള്‍ വേണ്ടത്ര നന്നായില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. കന്നഡ എഴുത്തുകാരനായ വിവേക് ശാന്‍ഭാഗ് ബഷീര്‍ കൃതികളുടെ ഇംഗ്ലീഷിലുള്ള മോശം പരിഭാഷ വായിച്ചതിന്റെ ചവര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ബഷീറിന്റെ പൊട്ടന്‍ഷ്യാലിറ്റി പുറത്തുളളവരെ അറിയിക്കാന്‍ മതിലുകള്‍, ശബ്ദങ്ങള്‍ ഉള്‍പ്പെടെയുള്ള കൃതികളുടെ മെച്ചപ്പെട്ട പരിഭാഷ എസന്‍ഷ്യല്‍ ബഷീര്‍ എന്ന നിലയില്‍ വരണമെന്നാണ് ലേഖകന്‍ പറയുന്നത്.
ബഷീറിന്റെ ടൈഗര്‍, ഒരു ജയില്‍പുള്ളിയുടെ ചിത്രം എന്നീ കഥകള്‍ ഭരണകൂട ഭീകരതയുടെ നിദര്‍ശനങ്ങളാണ്. ഇതും കൂടുതല്‍ പഠനാര്‍ഹമാണ്. സ്വയം അനുകരിക്കാതിരിക്കാന്‍ തീവ്രശ്രമം നടത്തുന്ന കവി ആറ്റൂര്‍ രവിവര്‍മ്മയുടെ വ്യത്യസ്തമായ കാവ്യവ്യക്തിത്വം നിരീക്ഷിക്കുന്ന കാടാണ് കവിത, തോട്ടമല്ല എന്ന ലേഖനവും ചിന്താബന്ധുരമാണ്. സ്വയം അനുകരിക്കാതിരിക്കാന്‍ കവിതയെഴുത്തിന് ഇടവേള നല്‍കി വിവര്‍ത്തനത്തിലേക്ക് പോകുന്ന ആറ്റൂരിനെ ഇവിടെ കാണാം. മേഘരൂപനും മൊട്ടയും മറ്റും പരാമര്‍ശിക്കപ്പെടുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കാന്‍ മന്ത്രിയും പരിവാരങ്ങളും എത്തിയപ്പോള്‍ ഉണ്ടായ ബ്ലോക്ക് കാരണം അയല്‍ക്കാര്‍ക്ക് ഉണ്ടായ നീരസം പുരസ്‌കാരത്തേക്കാള്‍ ഗൗരവമായി കാണുന്ന ആറ്റൂരിന്റെ നിലപാടും പരാമര്‍ശിക്കപ്പെടുന്നു. പുരോഗമന സാഹിത്യ സംഘത്തില്‍ നിന്നൊക്കെ നേരത്തെ വിടുതല്‍ നേടിയ കവിയുടെ ഏകാന്ത ജാഗ്രതയും മുസസഫര്‍ അഹമ്മദ് കാണുന്നുണ്ട്. നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്‍, പാണ്ടി, നഗരത്തില്‍ ഒരു യക്ഷന്‍ എന്നീ കവിതകള്‍ ലേഖകന്‍ പരിശോധിക്കുന്നു. വൈലോപ്പിള്ളിയുടെ സ്‌കൂളില്‍ പെട്ടുപോകാതിരിക്കാന്‍ വെമ്പല്‍കൊള്ളുന്ന ആറ്റൂരിനെയും ഇവിടെ കാണാം.
മെറ്റമോര്‍ഫോസിസ് എഴുതിയ ഫ്രാന്‍സ് കാഫ്ക എഴുത്തുകാരന്‍ എന്നതുപോലെ മികവുറ്റ ചിത്രകാരനുമായിരുന്നു എന്ന് ചിത്രം വരച്ച് വരച്ച് കാഫ്ക എഴുത്തുകാരനായി -എന്ന ലേഖനത്തില്‍ പറയുന്നു.
ഒര്‍ഹാന്‍ പാമുക്കിന്റെ നൈറ്റ്സ് ഓഫ് പ്ലേഗ് എന്ന നോവലിന്റെ വിശകലനവും പ്രധാനപ്പെട്ടതാണ്. ആല്‍ബേര്‍ കാമുവിന്റെ പ്ലേഗില്‍ നിന്ന് 39 വര്‍ഷം പിന്നിട്ടിട്ടാണ് ഒര്‍ഹാന്‍ പാമുക്കിന്റെ പ്ലേഗ് വരുന്നത്. കോവിഡ് കാലത്ത് പാമുക്കിന്റെ നോവല്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്ന അനുഭവം തീവ്രമാണ്. എലികള്‍ ചത്തുവീഴുന്നതും ആളുകള്‍ ക്വാറന്റൈനില്‍ പോകുന്നതും മറ്റും ഇതിലുണ്ട്.
അറബ് പ്രണയകവിതകള്‍ പരിശോധിക്കുന്ന ‘അവളുടെ ഉമിനീരിന് വീഞ്ഞിന്റെ ഗന്ധവും തേനിന്റെ മധുരവും’ എന്ന ലേഖനം പ്രണയ രക്തസാക്ഷിത്വമാണ് വിശദീകരിക്കുന്നത്. എപ്പോഴും യാത്രക്ക് അഥവാ പലായനത്തിന് തയാറായി നില്‍ക്കുന്ന ഫലസ്തീനികളുടെ ദുരിതജീവിതം അനാവരണം ചെയ്യുന്ന ലേഖനവും ഈ പുസ്തകത്തിലുണ്ട്. സല്‍മാന്‍ റുഷ്ദിയുടെ ഭീഷണികളുടെ മുള്‍മുനയില്‍ കഴിയുന്ന ‘നിര്‍ഭയജീവിതം’ അവസാനലേഖനത്തില്‍ പറയുന്നു.
ലോകസാഹിത്യത്തില്‍ അറിയപ്പെടുന്ന നിരവധി കൃതികള്‍, എഴുത്തുകാര്‍ ഒക്കെ 182 പേജുള്ള ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അസ്വസ്ഥപ്പെടുത്തുകയും ആകാംക്ഷയും അനുഭൂതിയും ഉളവാക്കുകയും ചെയ്യുന്നതാണ് ഈ കൃതി. മുസഫര്‍ അഹമ്മദിന്റെ ഗ്രന്ഥപരിചയം, വായനാസംസ്‌കാരം എന്നിവ ഇതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.
ബഷീറും എം.ടിയും പാമുക്കും മലബാറിലെ പന്തയക്കുതിരകളും
(ലേഖനങ്ങള്‍)
രചന : വി. മുസഫര്‍ അഹമ്മദ്
പ്രസാധകര്‍ : മാതൃഭൂമി
വില : 290 രൂപ
No Comments yet!