Skip to main content

ഒഡേസ്സ മൂവീസ് സാരഥികൾക്ക് ആദരം

മലയാള സിനിമാചരിത്രത്തിലെ ശ്രദ്ധേയമായ ജനകീയ ചലച്ചിത്ര സംരംഭം ‘ഒഡേസ മൂവീസി’ന്റെയും ‘അമ്മ അറിയാന്‍’ സിനിമയുടെയും അമരക്കാരായ അമ്മദിനെയും സി.എം.വൈ. മൂര്‍ത്തിയെയും ആദരിച്ചു. ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മയും അമ്മ അറിയാന്‍ കലക്ടീവുമാണ് ആദര സമ്മേളനത്തിന് വേദിയൊരുക്കിയത്. കൊയിലാണ്ടി, മേപ്പയൂര്‍, നിടുമ്പോയിലിലെ അമ്മദിന്റെ വീട്ടിലായിരുന്നു പരിപാടി നടന്നത്.

John Abraham

അമ്മ അറിയന്‍ കളക്ടീവ് / മീഡിയ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തകര്‍ അമ്മദിന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന് സ്‌നേഹാദരങ്ങള്‍ നല്‍കി. 1980കളുടെ തുടക്കത്തില്‍ ഫറൂഖ് ആര്‍ട്ട്‌സ് കോളേജില്‍ ആരംഭിച്ച ബോധി ഫിലിം സൊസൈറ്റിയുടെ സംഘാടനം മുതല്‍ ഒഡേസ്സ മൂവീസിന്റെ ആരംഭത്തിലും ‘അമ്മ അറിയാന്‍’ എന്ന ജനകീയ സിനിമയുടെ നിര്‍മ്മാണ കാലത്തും അമ്മദും മൂര്‍ത്തിയും ഒരുമിച്ചായിരുന്നു മുന്‍കൈയ്യെടുത്തിരുന്നത്. ഒഡേസ്സ മൂവീസിന്റെ തുടക്കം ഫറൂഖ് സോമന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ആയി 7 കോ ഓര്‍ഡിനേറ്റര്‍മാരുള്ള കമ്മിറ്റി ആയിരുന്നു. അതിലും ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നു.

അമ്മ അറിയാൻ കളക്ടീവിൻ്റെയും- മീഡിയ സ്റ്റഡി സെൻ്ററിൻ്റെയും സ്നേഹാദരം ഒഡേസ്സ അമ്മദിന് പ്രസന്നൻ പുതിയതെരുവ് സമർപ്പിക്കുന്നു.
ഫിലിം സൊസൈറ്റി കൂട്ടായ്മയുടെ ആദരവ് സി.എം.വൈ മൂർത്തിക്ക് കെ.ജെ. തോമസ് സമർപ്പിക്കുന്നു.

തുടര്‍ന്ന് അമ്മ അറിയാന്‍ സിനിമയുടെ നിര്‍മ്മാണം ആരംഭിക്കുന്ന സമയത്ത് മധു മാസ്റ്ററെ പ്രസിഡന്റായും മൂര്‍ത്തിയെ സെക്രട്ടറിയായുo തെരഞ്ഞെടുത്തു. അങ്ങനെ നിയമപരമായി മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരാള്‍ എന്ന നിലക്ക് അമ്മ അറിയാന്‍ നിര്‍മ്മാണത്തിന് ചിത്രാഞ്ജലി സ്റ്റുഡിയോയുമായുള്ള കരാറില്‍ ഒപ്പ് വെച്ചത് ഒഡേസ്സ മൂവീസിന്റെ സെക്രട്ടറി ആയ മൂര്‍ത്തി ആയിരുന്നു. സി.എം.വൈ.മൂര്‍ത്തി അമ്മ അറിയാന്‍ സിനിമയുടെ പ്രൊഡ്യൂസര്‍ ആയി. ഒഡേസ്സയോടും ജോണ്‍ അബ്രഹാമിനോടുമൊപ്പം അമ്മദ് എന്ന മുന്‍ സൈനികന്‍ നെട്ടെല്ലായി നിന്നതുകൊണ്ട് മാത്രമാണ് അമ്മ അറിയാന്‍ എന്ന ജനകീയ സിനിമ യാഥാര്‍ത്ഥ്യമായത്.

അമ്മ അറിയാൻ കളക്ടീവിൻ്റെയും- മീഡിയ സ്റ്റഡി സെൻ്ററിൻ്റെയും സ്നേഹാദരം സി.എം.വൈ. മൂർത്തിക്ക് ജയറാം ചെറുവാറ്റ സമർപ്പിക്കുന്നു.

 

ഫിലിം സൊസൈറ്റി കൂട്ടായ്മയുടെ ആദരവ് ഒഡേസ്സ അമ്മദിന് കെ.ജെ. തോമസ് സമർപ്പിക്കുന്നു.

ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ജനകീയ സിനിമയായ അമ്മ അറിയാന്‍ ഒഡേസ മൂവീസ് ജനകീയ സാമ്പത്തിക സമാഹരണത്തിലൂടെയാണ് നിര്‍മ്മിച്ചത്. അമ്മ അറിയാന്‍ കളക്ടീവ്, മീഡിയ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തകരുടെ ഒത്തുചേരലും ഒഡേസ അമ്മദിന്റെ വീട്ടില്‍ നടന്നു. ഫിലിം സൊസൈറ്റി കൂട്ടായ്മയുടെ മെമന്റോ കെ.ജെ. തോമസും
അമ്മ അറിയാന്‍ കളക്ടീവിന്റെയും മീഡിയ സ്റ്റഡി സെന്ററിന്റെയും മെമന്റോ ജയറാം ചെറുവാറ്റയും പ്രസന്നന്‍ പുതിയ തെരുവും ചേര്‍ന്ന് സമര്‍പ്പിച്ചു.

അമ്മ അറിയാന്‍ കളക്ടീവ് കോഡിനേറ്റര്‍ സ്‌കറിയാ മാത്യു അധ്യക്ഷത ചടങ്ങില്‍ വഹിച്ചു. കൃഷ്ണകുമാര്‍ ശൂരനാട്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഇബ്രാഹിം കോട്ടക്കല്‍ , അനീസ് ബാബു, വി.എം. പ്രേംകുമാര്‍, ചലച്ചിത്ര സംവിധായകന്‍ ശ്രീകൃഷ്ണന്‍, ചിത്രകാരന്‍ കെ.സി. മഹേഷ്, യൂനസ് മുസല്യാരകത്ത്, പി.കെ. പ്രിയേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒഡേസ്സ 1984 ല്‍ ആരംഭിച്ച് 41 വര്‍ഷമാകുമ്പോഴാണ് അമ്മദും മൂര്‍ത്തിയും ആദരിക്കപ്പെടുന്നത്.

No Comments yet!

Your Email address will not be published.