Skip to main content

ഞാനും ‘എന്റെ ഭൂമിയും’

വര്‍ഷങ്ങളായി റീസര്‍വ്വേ ചെയ്യാതിരുന്നത് പരിഹരിക്കുന്നതിന് വേണ്ടി ഭൂമിയെ ഡിജിറ്റല്‍ ആക്കുന്നതിനു വേണ്ടിയാണ് ‘എന്റെ ഭൂമി’ എന്ന പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഗവണ്‍മെന്റിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായിരുന്നു ഇത്. ഈ പദ്ധതിയില്‍ ജോലിചെയ്യുന്ന സമയത്താണ് എനിക്ക് ഭൂമിയും ഭൂമിയുടെ അളവും സംബന്ധിച്ച് ഒരു വിവരണം ലഭിച്ചത്. കുറെ ആളുകള്‍ക്ക് കൃത്യമായ അവരുടെ ഭൂമിയെ കുറിച്ച് യാതൊരുവിധ ഐഡിയയും ഉണ്ടായിരുന്നില്ല എവിടേക്കാണ് അവരുടെ ഭൂമി ഉള്ളതെന്നുള്ള ഒരു വിവരം പോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല. മുത്തച്ഛന്‍മാരുടെ കാലത്ത് വാങ്ങിക്കൂട്ടിയ ഭൂമി കൃത്യമായ അളവുകളില്‍ രേഖപ്പെടുത്തി തരാന്‍ പോലും കഴിയുമായിരുന്നില്ല. കുറെ ആളുകളുടെ കൈകളില്‍ ഏക്കര്‍ കണക്കിന് ഭൂമിയും ചിലര്‍ക്ക് താമസിക്കാന്‍ വളരെ തുച്ഛമായ അളവില്‍ ഭൂമിയും ഉണ്ടായിരുന്നുള്ളൂ. മിക്കവാറും ദളിത് കുടുംബങ്ങളുടെ കൈവശം 10 സെന്റില്‍ താഴെ മാത്രമേ ഭൂമിയുണ്ടായിരുന്നുള്ളൂ. മിക്കവാറും അത് കോളനികളിലും മറ്റും ഉള്‍പ്പെട്ട ഭൂമിയായിരുന്നു. ഭൂമി ശരിക്ക് ഒരു മൂലധനം ആണ്. ധാരാളം ഭൂമിയുള്ളവര്‍ അതില്‍ വലിയ കെട്ടിടങ്ങളും കൃഷികളും ചെയ്തു അവരുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുമ്പോള്‍ ഭൂമിയില്ലാത്ത ആളുകള്‍ പഴയ രീതിയില്‍ മാറ്റമില്ലാതെ തുടര്‍ന്നുപോരുന്നു. ഇത് ഒരു സമൂഹത്തിന് സാമ്പത്തിക അടിത്തറ ഉണ്ടാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ഒരു കാര്യമാണ്. ഭൂമിയുണ്ടെങ്കില്‍ നമുക്ക് കെട്ടിടങ്ങള്‍ പണിയാം, വാടകയ്ക്ക് കൊടുക്കാം, പലതരത്തിലുള്ള കൃഷികള്‍ ചെയ്തു സാമ്പത്തിക അടിത്തറ ബലപ്പെടുത്താം.

ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ജോലികള്‍ക്ക് ചെന്നപ്പോഴാണ് സ്വത്തിനെ സംബന്ധിച്ച് മനുഷ്യബന്ധങ്ങളിലുള്ള ആഴവും വിരോധവും മനസ്സിലാക്കാന്‍ സാധിച്ചത്. ചിലര് തങ്ങളുടെ സ്വത്ത് ലാഭം നോക്കാതെ കൂടപ്പിറപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നതും, മറ്റുചിലരാകട്ടെ ഒരു തരി ഭൂമി പോലും വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത വൈരാഗ്യബുദ്ധിയുള്ള ആളുകളും ആയിരുന്നു.

നാല് സെന്റ് മാത്രം സ്ഥലമുള്ള ആളുകള്‍ വളരെ തുച്ഛമായ ഭൂമിയില്‍ ശ്വാസം വിടാന്‍ സ്ഥലമില്ലാതെ വീര്‍പ്പുമുട്ടി കഴിയുന്ന അവസരത്തിലും ചിലര്‍ക്ക് അളവില്‍ കൂടുതല്‍ ഭൂമി ആളുകള്‍ നോക്കാന്‍ ഇല്ലാതെ വെറുതെ കിടക്കുന്നുണ്ട്. ഇവരൊക്കെ യൂറോപ്പില്‍ താമസമുള്ള ആളുകളാണ്. വര്‍ഷങ്ങളില്‍ ഒരു പ്രാവശ്യം നാട്ടില്‍ വന്നെങ്കില്‍ ആയി. വലിയ വീടുകള്‍ നിര്‍മ്മിച്ചശേഷം ആള്‍താമസം ഇല്ലാതെ വെറുതെ കിടക്കും. നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലാത്തവര്‍ അവരുടെ ഭൂമി പല സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിന് കൈമാറ്റം ചെയ്തിട്ടുണ്ട്.

ചില ചതികളും ഭൂമി കൈമാറ്റത്തിലും നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. അമ്മയും പെങ്ങളും അറിയാതെ വീടും സ്ഥലവും സ്വന്തം പേരില്‍ ആക്കിയ ഒരാളുടെ കരമടച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയത് ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ മാത്രമാണ് അറിയുവാന്‍ കഴിഞ്ഞത്. അധികം വിദ്യാഭ്യാസമില്ലാത്ത അമ്മയെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുത്തു. എന്നാല്‍ ആ മകന്‍ പിന്നീട് മരണപ്പെട്ടു പോയി. അത് അനുഭവിക്കാനുള്ള യോഗം അയാള്‍ക്ക് ഉണ്ടായിരുന്നില്ല. മഞ്ഞപ്പിത്തം ബാധിച്ച് അയാള്‍ മരിച്ചുപോയി. മറ്റൊരു വീട്ടില്‍ ചെന്നപ്പോള്‍ ആ വീട്ടിലെ ഉടമസ്ഥന് ഏക്കര്‍കണക്കിന് സ്ഥലമുണ്ടായിരുന്നു. അദ്ദേഹവും ഭാര്യയും മാത്രമേ അവിടെ താമസം ഉണ്ടായിരുന്നുള്ളൂ. മക്കളൊക്കെ വിദേശത്താണ്. ഞങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ കാലശേഷം ഈ സ്ഥലം നോക്കി നടത്താന്‍ ആളുണ്ടാവില്ല മക്കള്‍ ഒന്നും ഇങ്ങോട്ട് തിരിച്ചു വരില്ല. എന്നാല്‍, ഇവര്‍ കുടി കിടപ്പ് അവകാശം കൊടുത്ത ഒരു കുടുംബം ഇവരുടെ പറമ്പിന്റെ അറ്റത്ത് താമസിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് 10 സെന്റ് ആണ് കൊടുത്തിരുന്നത്. 10 സെന്റ് കൂടുതല്‍ ഉണ്ടോ എന്ന് അദ്ദേഹത്തിന് സംശയം ആയിരുന്നു. കുടികിടപ്പുകാരന് അര സെന്റ് കൂടുന്നത് അദ്ദേഹത്തെ സംബന്ധിച്ച് സമ്മതിച്ചു കൊടുക്കാന്‍ പറ്റാത്ത കാര്യമായിരുന്നു.

അതുപോലെ മൂന്ന് പെണ്‍മക്കളുള്ള ഒരു അമ്മ മക്കളെ നല്ല വിദ്യാഭ്യാസം കൊടുത്തു പഠിപ്പിച്ചു. അവര്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ഒരു ഉദ്യോഗസ്ഥയായിരുന്നു. ഭര്‍ത്താവ് മരണപ്പെട്ട് നല്ല മെച്ചപ്പെട്ട സാമ്പത്തിക നിലയുള്ള അവരുടെ സ്വത്തുക്കളും മക്കളുടെ പേരിലാക്കാന്‍ വന്നിരുന്നു അമ്മയുടെ മുഖത്ത് വളരെ ദുഃഖം നിഴലിച്ചിരുന്നു. കാരണം, മക്കള്‍ എല്ലാവരും വിദേശത്താണ്. അമ്മയെ നോക്കാന്‍ ആരുമില്ല. ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. അമ്മയെ കുറേ പൈസ കൊടുത്ത് ഒരു അനാഥമന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. സ്വത്ത് വീതം വയ്ക്കുന്ന സമയത്ത് അമ്മയുടെ ആവശ്യം വന്നപ്പോള്‍ മക്കള്‍ വിദേശത്തുനിന്നും വന്ന് അമ്മയെ കൂട്ടിക്കൊണ്ടുവന്നു. അമ്മയുടെ മുഖം വളരെ ദുഃഖത്തില്‍ ആയിരുന്നു. മക്കളുടെ കൂടെ പോവാന്‍ അമ്മ വളരെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അവര്‍ക്ക് കൊണ്ടുപോകാന്‍ എന്തുകൊണ്ടോ സാധിച്ചിരുന്നില്ല. ഡിജിറ്റല്‍ ജോലി ചെയ്തപ്പോള്‍ മനസ്സിലായ ഒരു കാര്യം സ്വാര്‍ത്ഥതയും നീതിയില്ലായ്മയും ചതിവുകളും മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ആണെന്നാണ്…

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.