Skip to main content

പ്രഭാത കാഴ്ചകള്‍

പുലരി വാതില്‍ തുറന്നപ്പോള്‍
ആകാശം രക്തത്തില്‍
കുതിര്‍ന്നിരുന്നു.
ഇടിച്ചു തകര്‍ന്ന
വാഹനങ്ങള്‍ക്കിടയില്‍ നിന്ന് ഒരു
കുഞ്ഞു പൂവ്
സൂര്യനെ നോക്കി വിടര്‍ന്നു.

മൂടല്‍ മഞ്ഞിന്‍
പാളികള്‍ക്കിടയില്‍
ഉറങ്ങി കിടന്ന ഹിമക്കരടി
സൂര്യ കിരണങ്ങളേറ്റ്
ഉരുകി ഒലിച്ചു
താഴേക്ക് ചിന്നി ചിതറി.
പെട്ടെന്ന് ചാറിയ മഴയിലെ വെയിലില്‍
വെള്ള തുള്ളികള്‍
മുത്തു മണികളായി…

മിന്നുന്ന കടലിലെ
മീനെന്ന് കരുതി
മുക്കുവന്‍
വലിച്ചു കയറ്റി
ആരോ കൊന്ന് കടലില്‍ തള്ളിയ
മത്സ്യ കന്യകയൊരുത്തിയെ…

രാത്രി മഴ തീര്‍ത്ത
വെള്ളക്കുഴിയിലേക്ക്
ആണ്ടു പോയി
വെയിലില്‍ തുള്ളി കളിച്ച കുഞ്ഞി കാലൊരെണ്ണം.
പൊടുന്നനെ കുഞ്ഞിനെ വാരിയെടുത്തമ്മ
മുത്തമിട്ടൊന്ന് മാറോടു ചേര്‍ത്തു ചിരിച്ചു.
സ്‌നേഹവായ്‌പോടെ നോക്കി നിന്ന
സൂര്യനും കൂടെ ചിരിച്ചു…

***

No Comments yet!

Your Email address will not be published.