കുന്നംകുളത്തിന്റെ സാംസ്കാരികമേഖലയില്‍ നിറഞ്ഞുനിന്ന, പരിചയക്കാര്‍ക്കിടയില്‍ വിജയേട്ടനെന്നും, അടുത്ത വൃത്തങ്ങളില്‍ കെ.എസ്സ് എന്ന ചുരുക്കപ്പേരിലും അറിയപ്പെട്ടിരുന്ന കെ.എസ്സ് വിജയന് കുന്നംകുളത്തിന് നഷ്ടമായിട്ട് പത്താണ്ട് തികയുന്നു. 2014 അഗസ്റ്റ് 30ാം തിയ്യതി ആയിരുന്നു കെ. എസ്സിന്റെ വിയോഗം. സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നിട്ടും ‘നാടകം തന്നെ ജീവിത’ മാക്കി മാറ്റിയ വിജയേട്ടന് നാടക രചന, സംവിധാനം , അഭിനയം, ഗാനരചന എന്നിവയിലെല്ലാം നിറഞ്ഞു നിന്ന ഒരു പ്രതിഭയായിരുന്നു… നാടകം എന്ന ഒരു കള്ളിയില്‍ മാത്രം ഒതുങ്ങാത്ത കെ. എസ് അദ്ധ്യാപകനായും, പത്രപ്രവര്‍ത്തകനായും, ട്രേഡ് യൂണിയന് സംഘാടകനായും യുക്തിവാദ പ്രവര്‍ത്തകനായും കുന്നംകുളത്തിന്റെ സാംസ്കാരിക മേഖലയില്‍ തിളങ്ങി നിന്നിരുന്നു.
1972-ലാണ് കെ.എസ്സ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കുന്നംകുളത്ത് സുധ കോളേജ് ആരംഭിച്ചത്.
‘ഈ വ്യവസ്ഥിതിയില്‍ ജനിച്ചു പോയ ഞാന്‍, ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്തതു കൊണ്ട് ആത്മഹത്യ ചെയ്യുന്നു’ എന്ന് നോട്ടീസടിച്ച് ആത്മഹത്യ ചെയ്ത ‘സുധ കാണിയാമ്പാല്‍’ എന്ന എ.കെ. സുധാകരന്റെ ഓര്‍മ്മക്കുവേണ്ടി യാണ് സ്ഥാപനത്തിന് ‘സുധ കോളേജ് ‘ എന്ന് പേരിട്ടത്. പുത്തന്‍ സൂര്യോദയം സ്വപ്നം കണ്ട്, വ്യവസ്ഥിതിയെത്തന്നെ മാറ്റിമറിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം യുവാക്കളുടെ കേന്ദ്രം കൂടിയായിരുന്നു സുധ കോളേജ്. (അടിയന്തിരാവസ്ഥയില്‍ പോലീസ് നരനായാട്ടു നടത്തിയ കാലത്ത് കൊടുങ്ങല്ലൂര്‍കാരനായ ഹുസൈന് മാഷെ സുധ കോളേജില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം സുഭാഷ് എന്ന പേരില്‍ സുധയില്‍ അദ്ധ്യാപകനായിരുന്നു )



‘സുധ കോളേജ് ‘എന്ന അടിത്തറയില്‍ വിജയേട്ടനും സംഘവും കച്ചവട കേന്ദ്രമായ കുന്നംകുളത്തിന്റെ സാംസ്കാരിക മേഖലയില്‍ നിരവധി പുത്തനധ്യയങ്ങള് എഴുതിച്ചേര്‍ത്തു.
അടിയന്തിരാവസ്ഥക്കാലത്ത് ശ്രീ വാസന് പുത്തൂര്‍ എഴുതിയ, മലയാളത്തിലെ ആദ്യത്തെ അസംബന്ധ നാടകം ‘കബന്ധങ്ങള്‍’ സംവിധാനം ചെയ്തതും, ഗാനങ്ങള്‍ എഴുതിയതും വിജയേട്ടനായിരുന്നു. രംഗത്ത് അവതരിപ്പിച്ചത് സുധ കോളേജ് ടീമും. അതുവരെ കണ്ടുവന്നിരുന്ന നാടകങ്ങളില്‍ നിന്ന് വിഭിന്നമായി,പുത്തന്‍ സങ്കേതങ്ങള്‍ ഉയോഗിച്ച് .ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിച്ച നാടകമായിരുന്നു, തലയില്ലാത്ത കാലത്തെക്കുറിച്ചുള്ള ‘കബന്ധങ്ങള്‍’
( ഈ നാടകം 2018-ല്‍ തൃശൂരിലെ Page leaf പബ്ലിക്കേഷന്‍,പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രകാശന വേളയില്‍,’കബന്ധങ്ങളു’ടെ ആദ്യാവതരണ കാലത്ത് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെ അടയാളപ്പെടുത്തുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ഓര്‍ക്കുന്നു)

1978 ല്‍ സുധ കോളേജിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി കുന്നംകുളം ബോയ്സ് ഹൈസ്കൂളില്‍ നടന്ന ‘സുധ 78’ കുന്നംകുളത്ത് നടന്ന ഒരു സാംസ്കാരിക വെളിച്ചമായിരുന്നു.
കവിയരങ്ങ്, ഫോട്ടോ- ചിത്ര പ്രദര്‍ശ്ശനം തുടങ്ങി നാടകം (കബന്ധങ്ങള്‍) വരെയുള്ള പരിപാടികളായിരുന്നു. കുന്നംകുളത്ത് ആദ്യമായി പ്രമുഖ കവികളെ അണിനിര്ത്തിക്കൊണ്ട് കവിസമ്മേളനം നടത്തിയത് കെ.എസ്സിന്റെ നേതൃത്വത്തില്‍ ആയിരുന്നു.
കവികളായ ആറ്റൂര്‍ രാമവര്‍മ്മ, ബാലചന്ദ്രന് ചുള്ളിക്കാട്, സിവിക് ചന്ദ്രന്, ഐ. ഷണ്മുഖദാസ് , സാറാ ജോസഫ്, രാധാകൃഷ്ണന് വെങ്കിടങ്ങ്, കളര്‍ക്കോട് വാസുദേവന്‍ നായര്‍ തുടങ്ങി നിരവധി കവികള്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചിരുന്നു..

1977-ല്‍ കെ. എസ്സിന്റെ നേതൃത്വത്തിലായിരുന്നു കുന്നംകുളത്തെ ആദ്യ ഫിലിം സൊസൈറ്റി രൂപീകരിച്ചത്. ‘നവചിത്ര’ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിലിം സൊസൈറ്റിക്ക് ഭാവനാപൂര്ണ്ണതയുണ്ടായിരുന്നെങ്കിലും,സാമ്പത്തിക പ്രശ്നങ്ങളാല്‍ വളരെ ഞരുക്കത്തിലായിരുന്നു. നോട്ടീസിനുള്ള മാറ്റര്‍ തയ്യാറാക്കുന്നതും പ്രൂഫ് നോക്കുന്നതും, ചാര്‍ട്ട് പേപ്പര്‍ വാങ്ങി ഇന്ത്യനിങ്കു കൊണ്ട് ചിത്രങ്ങള്‍ വരച്ച് പോസ്റ്റര്‍ തയ്യാറാക്കുന്നതുമെല്ലാം വിജയേട്ടനായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലവട്ടം സൊസൈറ്റി പ്രവര്‍ത്തനം നിന്നുപോയെങ്കിലും തുടര്‍ന്നുള്ള ഉയര്ത്തെഴുന്നേല്പ്പിലെ ല്ലാം കെ.എസ്സ് തന്നെയായിരുന്നു നയിച്ചത്.വിജയേട്ടന്റെ നേതൃത്വത്തില്‍ നിരവധി സിനിമകളും ഫെസ്റ്റിവലുക ളും നവചിത്ര നടത്തിയിരുന്നു.1987 ലെ സത്യന് ഫെസ്റ്റിവല്‍ വരെ അത് തുടര്‍ന്നു. കുന്നംകുളം ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സത്യന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത് കുന്നംകുളത്ത് ജനിച്ച ജനകീയ ചലച്ചിത്രകാരനായ ജോണ്‍ അബ്രഹാമായിരുന്നു.. അതായിരുന്നു ജോണ്‍ അബ്രഹാമിന്റെ അവസാനത്തെ പൊതുപരിപാടി.

ഇക്കഴിഞ്ഞ ആഗസ്റ്റ് 3 ന് കേരളത്തിലെ ഫിലിം സൊസൈറ്റി കൂട്ടായ്മ വിജയേട്ടന്റെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തെ മുന്‍ നിര്‍ത്തി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി
കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ദ്രവീഡിയന്‍ എന്‍സൈക്ലോപീഡിയയുടെ പ്രൂഫ് പരിശോധന ടീമിനെ നയിച്ചതും വിജയേട്ടനാണ്. ‘സര്‍ഗ്ഗ സുധ’ എന്ന ക്യാമ്പസ് മാഗസീന്, വഴി മാസിക, മനില ദ്വൈവാരിക, മണി മുഴക്കം സായാഹ്ന ദിനപത്രം തുടങ്ങി കുന്നംകുളത്തു നിന്നും ആരംഭിച്ച എല്ലാ പ്രസിദ്ധീകരണങ്ങളുടേയും മുഖ്യ സംഘാടകനും എഡിറ്ററും കെ.എസ്സ് തന്നെയായിരുന്നു.

തന്റെ തൊഴില്‍ മേഖലയില്‍ NEPTE യുടെ മേഖല നേതാവായിരുന്ന കെ.എസ്സ്,തൊഴിലാളികളോടൊപ്പം ഉറച്ചു നിന്നു. തന്റെ യൂണിയന് നേതൃത്വത്തിന് വിയോജിപ്പുണ്ടെങ്കില്‍ പോലും ന്യായമായ തൊഴില്‍ സമരങ്ങളില്‍ തൊഴിലാളികളോടൊപ്പം നില്ക്കാന് അദ്ദേഹം ധീരത കാട്ടി. ശബരിമലയില്‍ ഉയര്‍ന്നു കാണുന്ന മകരജ്യോതിയുടെ രഹസ്യം പുറത്തു കൊണ്ടു വരുന്നതിന് പൊന്നമ്പലമേട്ടിലേക്ക് കേരള യുക്തിവാദി സംഘം നടത്തിയ ആദ്യയാത്രാ സംഘത്തില്‍ വിജയേട്ടനും അംഗമായിരുന്നു. മകരജ്യോതി മനുഷ്യ നിര്‍മ്മിതമാണെന്നു കണ്ടെത്തുകയും മകരജ്യോതി കത്തിക്കുന്ന ഫോട്ടോ സഹിതം ലഘുലേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.


പലരും സുവനീറുകളിലേക്ക് ലേഖനങ്ങള്‍ക്കോ , കഥക്കോ, കവിതക്കോ വേണ്ടിയൊക്കെ അദ്ദേഹത്തെ സമീപിക്കാറുണ്ട്. ഏറ്റെടുത്ത എഴുത്ത് പെട്ടെന്നു തന്നെ തീര്‍ത്തു നല്‍കും. ചോദിച്ചു വന്നയാള്‍ ഒരു ചായ കുടിച്ചു തീരും മുന്‍പേ തന്നെ… എഴുത്ത് പെട്ടെന്നാണെങ്കിലും ആശയഗാംഭീര്യത്തില്‍ അത് മുമ്പില്‍ തന്നെയായിരിക്കും. വിഷയത്തിനനുയോജ്യമായ ഭാഷയില്‍, തെളിമയോടെ ഒരു കെ.എസ് ടച്ചുള്ള എഴുത്ത്.

‘നന്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. മലയാളത്തിലെ എല്ലാ വിഭാഗം കലാകാരന്മാരേയും ഒരേ കുടക്കീഴില് അണിനിരത്തുക എന്ന ലക്ഷ്യത്തോടെ, ഒരു സംഘടന രൂപീകരിക്കുന്നതില്‍ കെ. എസ്സിന് മുഖ്യ പങ്ക് ഉണ്ടായിരുന്നു. സംഘടനാരൂപം ധാരണയിലെത്തിയപ്പോള്‍ ഉചിതമായ പേര് നിര്‍ദ്ദേശിക്കാനുള്ള ചുമതല വിജയേട്ടനായിരുന്നു. അദ്ദേഹം നിര്‍ദ്ദേശിച്ച പേരാണ് , ‘ നാഷണല്‍ അസ്സോസിയേഷന് ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്സ് ‘ (നന്മ). നന്മയുടെ ലോഗോ രൂപകല്‍പ്പന നിര്‍വ്വഹിച്ചതും കെ.എസ്സ് തന്നെയായിരുന്നു.
നന്മയുടെ പ്രഥമ ജനറല്‍ സെക്രട്ടറി സ്ഥാനം മാത്രമല്ല, വാര്‍ത്താ പത്രികയുടെ മുഖ്യപത്രാധിപരും വിജയേട്ടനായിരുന്നു.

വിജയേട്ടന്റെ നിര്യാണത്തിന്റെ പത്താം വര്‍ഷത്തിലാണ് കെ. എസ്സിന്റെ പേരില്‍ ഒരു അവാര്‍ഡ് പ്രഖ്യാപിച്ചത്. നാടക അഭിനയരംഗത്ത് നിരവധി സംഭാവനകള്‍ നല്കിയ ബാബു പറശ്ശേരി രചിച്ച ‘നാടകം തന്നെ ജീവിതം ‘ എന്ന ആത്മകഥയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. വര്‍ഷങ്ങളായി നടന്നുവരുന്ന എടക്കളത്തൂര്‍ ദേശാഭിമാനി നാടകോത്സവ വേദിയില്‍ നിറഞ്ഞ നാടക പ്രേക്ഷകരെ സാക്ഷിയായി ആഗസ്റ്റ് 24ാം തിയ്യതി മുന്‍ എം.എല്‍.എ യും CPIM ജില്ലാ സെക്രട്ടറിയുമായ K.V അബ്ദുള്‍ ഖാദര്‍,ബാബു പറശ്ശേരിക്ക് അവാര്‍ഡ് സമര്‍പ്പിച്ചു. ആലങ്കോട് ലീലാകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. കെ.എസ്സ്. വിജയന് സുഹൃദ്സംഘം സംഘാടകരായ വാസന് പുത്തൂര്‍, രാജു പൊടിയന്, സ്കറിയ മാത്യു, ദേശാഭിമാനി നാടകോത്സവ സമതി സംഘാടകനായ ഷാജു എന്നിവര്‍ സംസാരിച്ചു
11000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
വിപ്ലവപ്രസ്ഥാനത്തിന്റെ സഹചാരിയും സംഘാടകനുമായിരുന്ന കെ.എസ്സ് . വിജയേട്ടന്റെ, കഠിനമായ അനുഭവങ്ങളുടെ പരീക്ഷണ ശാലയില്‍ വിളഞ്ഞ സംഭവ ബഹുലമായ ജീവിതം, ഒരുതുറന്ന പുസ്തകം പോലെ അര്‍ത്ഥ സമ്പുഷ്ടവും അതീവ സുതാര്യവുമായിരുന്നു. ആ ജീവിതത്തില്‍ നിന്ന് പുതിയ തലമുറക്ക് ഏറെ പാഠങ്ങള്‍ പകര്‍ത്തുവാനുണ്ട്.







No Comments yet!