Skip to main content

കന്യാസ്ത്രീയുമൊത്തൊരു തിരുവത്താഴം

വൈകാരിക കഥകള്‍ അവയെ വട്ടമിടുന്ന പക്ഷികള്‍ക്ക് നല്‍കുന്ന ആകര്‍ഷകത്വം ഗണിതമാണ്. അങ്കഗണിതം. കണക്കുകള്‍. കാഴ്ചക്കാരുടെ, വായനക്കാരുടെ, വിശകലനക്കാരുടെ, നാണയമാണ് ഈ ഗണിതം. അവരാല്‍ ബാധിതരായ സ്ത്രീകളില്‍ അശക്തരായവരോട്, അംഗവിഹീനത്വം സംഭവിച്ചവരോട് അനുമതി വാങ്ങാന്‍ പുരോഹിതര്‍ക്ക് വൈകാരികതയും സന്മനസ്സും ആര്‍ദ്രചിത്തമായ ബഹുമാനവും വേണം. ഞാന്‍ അത്തരത്തിലുള്ള അര്‍ത്ഥവത്തായ ഒരു യാത്രയില്‍ ഒന്നിലേറെ തവണ കേരളത്തിന്റെ ഉള്ളകങ്ങളിലേക്ക് എത്തിയിട്ടുണ്ട്. കാതലിക് സഭയുടെ ആഗോള ചരിത്രത്തില്‍ ഈയ്യിടെ പ്രകമ്പനം സൃഷ്ടിച്ച അപവാദങ്ങളുടെ കേന്ദ്രബിന്ദുവായത് കേരളത്തില്‍ നിന്നുള്ള ഒരു കന്യാസ്ത്രീ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രങ്കൊ മുളയ്ക്കലിനെതിരെ ബലാത്സംഗാരോപണം നടത്തിയതാണ്. അതിനെത്തുടര്‍ന്നുണ്ടായ കേസിനൊപ്പം പ്രതിഷേധങ്ങളും ആക്ടിവിസവും പൊതുജന പിന്തുണയുടെ രൂപം പ്രാപിച്ചു. ബിഷപ്പ് ഫ്രാങ്കൊയുടെ അറസ്റ്റും തുടര്‍ന്ന് കുറ്റവിമുക്തനായി മോചിതനാകുന്നതും, കന്യാസ്ത്രീകളുടെ ക്‌ളേശങ്ങളും പോരാട്ടങ്ങളുമെല്ലാം മാധ്യമ ചരിത്രമാണ്. സര്‍ക്കാര്‍ സംരക്ഷണത്തില്‍, തന്റെ വ്യക്തിവിവരങ്ങള്‍ മറച്ചു വച്ചു ജീവിക്കുന്ന സിസ്റ്റര്‍, മാധ്യമങ്ങളുടെ തിളക്കങ്ങളില്‍ നിന്നകന്ന് നിത്യജീവിതം തള്ളിനീക്കുന്നു. എന്നാല്‍, മാനവികവും മാനവികതയില്ലാത്തതുമായ സ്വാധീനങ്ങളുടെ അറിവുകളും, ഒളിപ്പിച്ചു നിര്‍ത്തിയിട്ടുള്ളതും എന്നാല്‍ മൊത്തമായി ഒളിപ്പിക്കാന്‍ അനുമതിയില്ലാത്തതും, സ്വതന്ത്രമായി ശ്വസിക്കാനോ രക്ഷപ്പെടാനോ ആകാത്തുതുമായ സ്വാധീനങ്ങളും അവരുടെ അസ്തിത്വമായി മാറുന്നു. സഭയുടെ പൊലിഞ്ഞസ്തമിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വത്തിനാല്‍ വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ, നീതിയില്ലാതെ, തീരുമാനങ്ങളില്ലാതെ, അവരും മറ്റുള്ളവരും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. തന്റെ സംസ്ഥാനമായ കേരളത്തിലെ, ഏക്കറു കണക്കിനു വരുന്ന റബ്ബര്‍ എസ്റ്റേറ്റിനു നടുക്കുള്ള, നിരാശയും, ഈര്‍പ്പവും, ഒതുക്കമില്ലായ്മയും നിറഞ്ഞു നില്‍ക്കുന്ന ഒരു കോണ്‍വന്റില്‍. അവര്‍ക്കാകെ കൂട്ടായുള്ളത് ഈ കോളിളക്കത്തിന്റെ ആരംഭം മുതല്‍ ഒപ്പം നിന്ന രണ്ടു കന്യാസ്ത്രീമാര്‍ മാത്രം.

ഈ കഥയുടെ കേന്ദ്രബിന്ദുവായ സിസ്റ്ററിന്റേയും മറ്റു പലകാരണങ്ങളാല്‍ സന്യാസജീവിതത്തില്‍ അടിച്ചമര്‍ത്തപ്പെട്ട് വാടിക്കൊഴിഞ്ഞുകൊണ്ടിരിക്കുന്ന മറ്റു സിസ്റ്റര്‍മാരുടേയും വിവരങ്ങളില്‍ അസ്വസ്ഥയായ ഞാന്‍, ഈ സിസ്റ്റര്‍മാരുടെ സുഹൃത്തായ ഒരു സിനിമക്കാരനും മറ്റു ചില സഹായികളുമൊത്ത് ഒരു യാത്രയ്ക്കിറങ്ങി. ഈ സിസ്റ്ററുടെ ജീവിതത്തിലെ ഒരു ദിവസം പകര്‍ത്തുകയായിരുന്നു ലക്ഷ്യം. നിഴലില്‍ നിന്നു പുറത്തു വരാന്‍ അവര്‍ സമ്മതിച്ചു. അതിനു കാരണം എനിക്കൊപ്പമുണ്ടായിരുന്ന സിനിമക്കാരനായിരുന്നു. അയാള്‍ കോണ്‍വന്റിലെ അവരുടെ മുള്ളുകളിലൂടെ ഒപ്പം യാത്ര ചെയ്തിട്ടുള്ളതാണ്. നിശ്ശബ്ദമായ ഇരുപത്തി നാല് അര്‍ത്ഥവത്തായ മണിക്കൂറുകള്‍ ഷൂട്ട് ചെയ്തതിനു ശേഷം ഞങ്ങള്‍ ഞങ്ങളുടെ മേഖലകളിലേക്ക് തിരിച്ചു പോയി. ഞങ്ങളുടെ മനസ്സില്‍ ആ അനുഭവങ്ങള്‍ സൃഷ്ടിച്ച എന്തുകൊണ്ടെന്നു വ്യഖ്യാനിക്കാനാകാത്ത ചലനവുമായി.

കന്യാസ്ത്രീകള്‍ തയ്യല്‍ വേല ചെയ്യുന്നതും കൈത്തുന്നല്‍ നടത്തുന്നതും ഞങ്ങള്‍ ചിത്രീകരിച്ചു. ആ മുറികളിലെ അനേകം നിശ്ശബ്ദതകള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുകയും അത് റെക്കോഡ് ചെയ്യുകയുമുണ്ടായി. ഒരു സന്ദര്‍ഭത്തില്‍ സൂചിമുനയില്‍ നിന്നു വന്ന തിളക്കം മാത്രമാണവിടെ ചിത്രീകരണത്തിനുള്ള വെളിച്ചമായുണ്ടായിരുന്നത്. അതല്ലാതുള്ള വിളക്കുകളെല്ലാം അണച്ചിരുന്നു. അവരുടെ ജീവിതത്തിനോട് നല്ല സാദൃശ്യമുള്ള ഒന്നായി ആ നിമിഷം. അതിനു ശേഷം സംഘം അടുക്കളയിലേക്കു നീങ്ങി. അവിടെയവര്‍ സംസാരിച്ചും സഹായിച്ചും അരച്ചും, ചിരകിയും, തേങ്ങാപ്പാലുണ്ടാക്കിയും നമ്മുടെ സ്വന്തം അടുക്കളയിലെ സഹോദരീസഹോദരന്മാരെപ്പോലെയായിരുന്നു. കേരളത്തിലെ മറ്റേതൊരു പാചകയിടത്തേയും പോലെ അവരുടെ ചലനങ്ങളും വിഭവങ്ങളും എല്ലാവിധ രുചികളും സുഗന്ധങ്ങളുമുയര്‍ത്തി. മൃദുത്വമുള്ള സഹോദരീ നിപുണതകളുടേയും ആശങ്കകളുടേയും രുചികളും സുഗന്ധങ്ങളും.
ഞാന്‍ കൈവശം ഏതാനും ടേബിള്‍ നാപ്കിന്‍ കരുതിയിരുന്നു. പൂക്കളുള്ളത്. പരുത്തികൊണ്ടു നിര്‍മ്മിച്ചത്. നല്ല തിളക്കമുള്ളത്. അവര്‍ക്ക് നല്‍കാനായി കരുതിയവയാണവ. അതവര്‍ സന്തോഷത്തോടെ സ്വീകരിച്ച് അവരുടെ അടുക്കളയിലോ ഭക്ഷണം കഴിക്കുന്നിടത്തോ ഇതുകൊണ്ടെന്തൊക്കെ ഉപകാരങ്ങളുണ്ടാകും എന്ന് ഊഹിക്കാന്‍ ശ്രമിച്ചു. തുണി കണ്ടപ്പോള്‍ അവര്‍ അവരുടെ തുന്നല്‍ ആവശ്യങ്ങള്‍ക്കായുള്ള തുണി വ്യവസായത്തിനെക്കുറിച്ച് ചോദിക്കുന്നതിലേക്കും അവര്‍ നീങ്ങി.

ഞങ്ങള്‍ ഞങ്ങളുടെ കാലടികളാല്‍, സ്വരങ്ങളാല്‍, മന്ത്രണങ്ങളാല്‍, ആ ചിത്രീകരണ വേളയില്‍ അവിടത്തെ സമതുലിതാവസ്ഥയ്‌ക്കോ ആവൃത്തിക്കോ ശല്യം വരുത്തുന്നില്ലായിരുന്നു. ഓരോ സ്വരവും മൃദുചലനവും അതിന്റെ പൂര്‍ണ്ണതയില്‍, ഒട്ടും സമവായപ്പെടാതെ, പിടിച്ചെടുത്തുകൊണ്ടിരുന്നു. ഇടപെടാത്ത, പങ്കെടുകാത്ത, രഹസ്യമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിനു സമാനമായ, ഈ സാങ്കേതിക വിദ്യയുടെ സൂക്ഷ്മ വശങ്ങള്‍ സിസ്റ്റര്‍മാരെ കാണാന്‍ പോകുന്ന യാത്രക്കിടയില്‍ എനിക്ക് വിശദീകരിച്ചു തന്നിരുന്നു.
ക്യാമറ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, നിശ്ശബ്ദതയോടൊരു പുതിയ ഭയഭക്തിയോടെ ഞാന്‍ യാഥാര്‍ത്ഥ്യ-ചിത്രീകരണത്തിന്റെ സുന്ദരമായ അടിസ്ഥാന വസ്തുതകള്‍ സ്വായത്തമാക്കി. ക്യാമറയുടെ മോണീട്ടറില്‍ ആ സിസ്റ്റര്‍മാരുടെ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് വിചിത്രമാം വിധം സ്പര്‍ശനീയമായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ എനിക്ക് സിനിമക്കാരന്റെ കണ്ണുകളില്‍ തീവ്രമായ വികാരം പുതഞ്ഞിരിക്കുന്നത് കാണാനിടവന്നു. അയാളപ്പോള്‍ കണ്ണിമ ചിമ്മാതെ മോണിട്ടറില്‍
തന്നെ നോക്കിനില്‍ക്കുകയായിരുന്നു.

പോലീസ് ഔട്ട്‌പോസ്റ്റില്‍ നിന്നുള്ള വാക്കി-ടോക്കിയുടെ സ്വരം അപ്പോഴേക്കും ഞങ്ങളുടെ റെക്കോഡിങ്ങിനു പരിചിതമായിട്ടുണ്ടായിരുന്നു. അത് ബാഹ്യമായ സ്വരമല്ലാതായിട്ടുണ്ടായിരുന്നു. ജൈവികമായി തന്നെ അവരുടെ ജീവിതം ഞങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായി. ആ ചിത്രീകരണത്തിന്റെ അനന്തിര ഫലം സാന്ത്വനം നല്‍കുന്നതും സംതൃപ്തവുമായിരുന്നു. അതിനു കാരണം അവര്‍ സ്വാഭാവിക പ്രവര്‍ത്തനങ്ങളിലായിരുന്നു എന്നതല്ല, പ്രവര്‍ത്തനങ്ങളേ ഇല്ലായിരുന്നു എന്നതാണ്. ക്യാമറയ്ക്ക് മുന്നില്‍ അവര്‍ നിഷ്‌കളങ്കരായി. ക്യാമറയോട് അവര്‍ക്കുള്ള അറിവില്ലായ്മയും സ്പര്‍ശനീയമായിരുന്നു. പ്രത്യക്ഷമായിരുന്നു. ചില അവസരങ്ങളില്‍ അവര്‍ റെക്കോഡിങ്ങിനെ കുറിച്ച് ബോധമുള്ളവരായതും അതുപോലെ സ്പര്‍ശനീയമായി.
അവര്‍ ഞങ്ങള്‍ക്ക് അത്താഴം വിളമ്പിയതും സ്വാഭാവികമായും ഞങ്ങള്‍ ചിത്രീകരിച്ചു. അവരോട് ഒരിക്കല്‍ കൂടി വിഭവങ്ങള്‍ അടുക്കളയില്‍ നിന്ന് മേശപ്പുറത്തെത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടയി. അതു കേട്ട് ഒരു സിസ്റ്റര്‍ അത്ഭുതപ്പെട്ടു.

”അപ്പോള്‍ ഒരേ പാത്രവും കയ്യില്‍ വച്ച് ഞങ്ങളിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ശരിയാകുമോ? നിങ്ങള്‍ക്കായി അധികം വിഭവങ്ങളൊന്നും ഒരുക്കിയിട്ടില്ല എന്നു ഞങ്ങള്‍ സത്യസന്ധരാകണോ?”

രണ്ടാം ദിവസം ചുറ്റിലുമുള്ളവര്‍ ഈ ദൗത്യവുമായി നിരന്തരത്വത്തോടെ പൊരുത്തപ്പെട്ടത്, ഏകകാലികമായത്, എനിക്ക് അവിശ്വസനീയമായി തോന്നി. കോണ്‍വന്റിലെ രീതികള്‍ അപ്പോള്‍ ഞങ്ങള്‍ക്കും എളുപ്പമായി. പ്രഭാതത്തിലെ കാപ്പിയ്ക്ക് ശേഷം അര്‍ഹിക്കുന്ന നിശ്ശബ്ദതയോടെ ഞങ്ങള്‍ അവരുടെ സംയുക്ത പ്രഭാത പ്രാര്‍ത്ഥന ചിത്രീകരിച്ചു. അവരുടെ കപ്പേളയിലായിരുന്നു അത്. പഴയ കെട്ടിടത്തിന്റേയും പുതിയതിന്റേയും വാസ്തുവിദ്യകള്‍ ഒരു സിസ്റ്റര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അതിനു ശേഷം പഴങ്ങളും പച്ചക്കറികളും ശേഖരിച്ചും ചുറ്റുപാടൊക്കെ നടന്നു കണ്ടും കൃഷിയും കോഴിവളര്‍ത്തലും കണ്ടും അവര്‍ ജോഷി ജോസഫിന്റെ സൂചകങ്ങളോട് കര്‍ത്തവ്യബോധത്തോടെ അനുസരണയുള്ളവരായി. ഇടയ്ക്കു ലഭിച്ച ചെറിയ ഇടവേളകളില്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വയം കാവലുകള്‍ ഉപേക്ഷിച്ചു. തമാശ പങ്കുവച്ചു. ചിരിച്ചു. പരസ്പരം ഇടപഴകി.
ചിത്രീകരണ സംഘം ജോലിയിലല്ലാത്തപ്പോള്‍ ഞാന്‍ അവരുടെ വിശ്രാന്തിയ്ക്ക് സഹായിച്ച് സമയം ചിലവിട്ടു. ഞങ്ങള്‍ കട്ടന്‍ കാപ്പിയും ആശ്വാസം തരുന്ന ചായയുമിട്ടു. അവരുടെ നിറം മങ്ങിയ എന്നാല്‍ മാനുഷികബോധമണ്ഡലത്തിനപ്പുറത്തുള്ള ജീവിതവുമായി ഞങ്ങളുടെ ഇരുപത്തിനാലു മണിക്കൂര്‍ നീളുന്ന ഇടപഴകലില്‍ അവര്‍ കരുണയുള്ളവരും സൗഹൃദമുള്ളവരും, അന്യാഭിലാഷണങ്ങളോട് ഇണങ്ങുന്നവരുമായിരുന്നു. ഞങ്ങളുടെ ലക്ഷ്യത്തിന്റെ കഥാതന്തുവിലേക്ക് അവര്‍ വളരെ എളുപ്പത്തില്‍ ഒഴുകിയെത്തി. നിറയെ വിലക്കലുകളുള്ള അവരുടെ ലോകത്തില്‍ നിന്നു വിട്ട്, ഒരുവിധ വിലക്കുകളും ബാധകമല്ലാത്ത ലോകത്തില്‍ നിന്നുള്ള ഞങ്ങളില്‍ അവരുടെ പാദമുദ്രകള്‍ പതിപ്പിച്ചു.

ഒരിക്കല്‍ ഞങ്ങളുടെ സംഘം മറ്റൊരിടത്തു ചിത്രീകരിച്ചുകൊണ്ടിരിക്കെ സിസ്റ്റര്‍ ഒരു സോസറില്‍ കുറച്ച് ചാറും ഒരു തുണ്ടു കോഴിയിറച്ചിയുമായെത്തി. എന്നോട് രുചി നോക്കാന്‍ ആവശ്യപ്പെട്ടു. ഞാനതു ചെയ്തു. എന്റെ അഭിപ്രായവും പറഞ്ഞു.

പെട്ടെന്നു തന്നെ അവര്‍ ”ആ ചാറൊന്ന് കുടിച്ചോളൂ. മര്യാദയൊന്നും നോക്കേണ്ടതില്ല” എന്നായി.

ഞാന്‍ അതുവേണ്ടെന്ന പുഞ്ചിരി മറുപടിയായി നല്‍കിയപ്പോള്‍ ഒരു കുഞ്ഞിനെപ്പോലെ അവര്‍ അവരുടെ കൈവിരല്‍ തുമ്പിലുള്ള കോഴിയിറച്ചിക്കറിയുടെ ചാറ് നക്കി.

എന്നിട്ട് ”ഇത് അണിയറയ്ക്കുള്ളതാണ്. അങ്ങനെയല്ലേ അവര്‍ ഇതിനെ വിളിക്കാറുള്ളത്?” എന്ന് ചോദിച്ചു.

ഞാന്‍ അവര്‍ക്കരികിലെത്തി അവരുടെ ഉടുപ്പിന്റെ ചുമലില്‍ ചുംബിച്ചു. തിരിച്ചു പോന്നു. അവരപ്പോള്‍ ഉച്ചത്തില്‍ ചിരിച്ചു.

ഞങ്ങള്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയാല്‍ തയ്യല്‍ വേല പഠിക്കാനെത്തിയ പെണ്‍കുട്ടികള്‍ക്ക് അവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. വീട്ടില്‍ നിന്നു വരുന്ന ഫോണെടുക്കും. സുഹൃത്തുക്കളുള്‍പ്പെട്ട സര്‍ക്കാര്‍ യന്ത്രസംഹിതയോട് പ്രതികരിക്കും. ചെടികളെ പരിപാലിക്കും. കെട്ടിടം ശുചിയാക്കും. ഞങ്ങള്‍ക്കായി പാചകം ചെയ്യും. എന്റെ വാതില്‍ക്കല്‍ അവര്‍ ഒരു ബക്കറ്റ് നല്ല ചൂടുള്ള വെള്ളം വച്ചിരുന്നു. കാലത്ത് കാപ്പി തരാന്‍ ഉണര്‍ന്നപ്പോഴാണതവര്‍ വച്ചത്. പിന്നീട് അവര്‍ എനിക്ക് അപ്പോള്‍ പറിച്ചെടുത്ത പേരക്ക തന്നു. മുളകു പറിച്ച് അടുക്കളയിലേക്ക് നീങ്ങി. പുറത്ത് അവരുടെ വയലില്‍ സാഹിക്കുന്നയാള്‍ക്ക് നല്ല ഭക്ഷണം പൊതിഞ്ഞു കൊടുത്തു.

ചിത്രീകരണത്തിനിടയില്‍ ഒരിക്കല്‍, മറ്റൊരു സിസ്റ്റര്‍ എന്നോട്, അവിടെ നില്‍ക്കാതെ അവരുടെ കസേരക്കരികില്‍ വന്നിരിക്കൂ എന്നാംഗ്യം കാണിച്ചു. അത് ക്യാമറ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മേഖലയാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. സിനിമക്കാരന്റെ കലാപരമായ സ്വപ്നങ്ങളും, ക്യാമറ കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ നിപുണതയും, ശബ്ദം റെക്കോഡ് ചെയ്തുകൊണ്ടിരുന്നയാളുടേയും ഏതാനും സഹായികളുടേയും സംഘവും, നിശ്ശബ്ദം, ബഹുമാനത്തോടെ, അവരുടെ ആതിഥേയത്വത്തിന്റെ ഇടനാഴികളിലുടെ, അവരുടെ വിവേകത്തിന്റെ ഇടനാഴികളിലൂടെ, സഞ്ചരിച്ച് മറ്റു കാഴ്ചകളിലേക്കും സ്വരങ്ങളിലേക്കും നീങ്ങി. അവര്‍ സന്നിഹിതമല്ലാത്തവയിലേക്ക്.
ചിത്രീകരണത്തിനും പരസ്പര സംഭാഷണങ്ങള്‍ക്കും വളരെ ഉതകുന്ന ഒരിടമാണ് ടെറസ് എന്ന് കലാപരമായി കണ്ടെത്തപ്പെട്ടു. ആയിടത്തിനു പ്രദാനം ചെയ്യാനാകുന്ന സ്വാതന്ത്ര്യമായിരുന്നു അതിനു കാരണം. വിശാലദൃശ്യങ്ങളെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഞങ്ങള്‍ ആ സ്ഥലത്തിന്റേയും, അവിടെ, ടെറസില്‍ മൂന്നു പേര്‍ നില്‍ക്കുന്നതിന്റേയും സുന്ദരമായ ഒരു ദൂരക്കാഴ്ചയുണ്ടാക്കി. ഹൃദ്യമായ ആ കാലവര്‍ഷ സായാഹ്നത്തിലെ കാലാവസ്ഥയും സൗഹൃദമുള്ളതായിരുന്നു. അസ്തമയത്തിനു മുമ്പുള്ള വെളിച്ചം കൃത്യം, വിഷണ്ണമായ മേഘങ്ങള്‍ മങ്ങി നില്‍ക്കുന്നു. സിസ്റ്റര്‍മാര്‍ സ്വയം ഒരിക്കല്‍ കൂടി ക്യാമറ എന്നൊന്നിനെ വിസ്മൃതിയിലാക്കി. താഴെയുള്ള ഇടനാഴികളുടെ ഇരുണ്ട നിശ്ശബ്ദതയില്‍ നിന്നു ഞാന്‍ ടെറസിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ബിഷപ്പ് ഫ്രാങ്കൊയുടെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍, ന്യൂസ് മിനിട്ടില്‍ വന്നവ, എന്നെ അസ്വസ്ഥയാക്കി. കന്യാസ്ത്രീത്വത്തെ അങ്ങനെ അതിജീവിക്കുക അല്ലെങ്കില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നശിക്കുക എന്നതിനായി അരികുകളിലേക്ക് ഈ കന്യാസ്ത്രീകളെ തള്ളിമാറ്റിയിരിക്കുന്നു. അയാളുടെ എതിര്‍ക്കപ്പെടേണ്ട ലൈംഗിക ടിപ്പണികളില്‍ പറഞ്ഞത് വിരലടയാളമെടുത്താല്‍ ഒരു സ്ത്രീ എത്ര പുരുഷന്മാരുമായി സഹവസിച്ചിട്ടുണ്ടെന്ന് അറിയാനാകും എന്നാണ്. `പരീക്ഷണ സ്വഭാവത്തിലെ` അല്ലെങ്കില്‍ `പരീക്ഷണ അതിരുകളിലെ` അയാളുടെ പദവിക്കു ചേരാത്ത പ്രകൃതമോ അല്ലെങ്കിലതിലെ ഗോത്രമുഖ്യപ്രാമുഖ്യഭാഷയോ അല്ല എനിക്ക് അരോചകമായി തോന്നിയത്. പൊതുജനത്തിന്റേയും വിശ്വാസികളുടേയും കണ്ണില്‍ കുറ്റാരോപിതനും സ്വയം കുറ്റവിമുക്തനുമായ, ബിഷപ്പ് ഇവിടെ ചിലപ്പോഴൊക്കെ താമസിച്ചിട്ടുണ്ട്, ഈ വഴികളിലൂടെ നടന്നിട്ടുണ്ട് എന്നതും അങ്ങനെയുള്ളയാളാണീ വാക്കുകള്‍ പറഞ്ഞതെന്നതുമാണ്.
ടെറസില്‍ കോണ്‍വന്റിനെ നോക്കി നില്‍ക്കുന്ന ഒരു കുരിശുണ്ട്. സിസ്റ്റര്‍മാര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഞങ്ങള്‍ റെക്കോഡ് ചെയ്തു. അവരുമൊത്ത് ചര്‍ച്ച ചെയ്തു, തമാശ പറഞ്ഞു, സംശയം ചോദിച്ചു. ആ സ്ഥലവുമായി നല്ല പരിചയമുള്ളതുപോലെ അവിടെ നടന്നു. സിസ്റ്റര്‍ സ്വസ്ഥയായപ്പോള്‍ മുന്‍ പദ്ധതിയില്ലാത്ത ഒരു ആംഗ്യത്തോടേ ജോഷി അവരെ ഒരു കസേരയിലിരുത്തി. അയാള്‍ സ്വയം താഴെ സിമന്റിലിരുന്നു. ഞങ്ങളുമായി നടന്നതില്‍ രേഖപ്പെടുത്തപ്പെട്ട ഏക സംഭാഷണത്തിനു തയ്യാറെടുത്തു. ഇരുപത്തി നാലുമണിക്കൂര്‍ ചിതീകരണത്തിന്റെ ഇരുപത്തി നാലാം മണിക്കൂറായിരുന്നു അത്. ചര്‍ച്ച അവരുടെ ജീവിതത്തെക്കുറിച്ചും വിഷമാവസ്ഥകളെക്കുറിച്ചുമായിരുന്നു. അവരുടെ മുഖമപ്പോള്‍ സംക്ഷുബ്ധമായിരുന്നു എന്നാല്‍ സഹകരണഭാവവും അവിടെ നിഴലിച്ചു.

”ഒരിക്കല്‍ താങ്കള്‍ `ജയിച്ചാലും പരാജയപ്പെട്ടാലും എനിക്കതൊരു കുരിശാകും` എന്നു പറഞ്ഞിരുന്നു. അതുകൊണ്ടെന്താണുദ്ദേശിച്ചത് സിസ്റ്റര്‍?” ജോഷി ചോദിച്ചു.

ഒരു ഉത്തരം കിട്ടാതെ അവര്‍ വിഷമിച്ചു. അവരുടെ അന്തര്‍ബോധം തീവ്രവേദനയാല്‍ പുളയുകയായിരുന്നു. അയാള്‍ ഊഷ്മളമായി ആ സായാഹ്നമവസാനിപ്പിച്ചു. സംരഭമവസാനിപ്പിച്ചു.

അതിനായി ”തുടക്കത്തില്‍ ഒരു സ്ഥലം മാറ്റം മാത്രമാണു താങ്കള്‍ ചോദിച്ചത്, അല്ലേ?” എന്ന ചോദ്യമുന്നയിച്ചു. അവര്‍ കരച്ചിലടക്കാന്‍ പാടുപെടുന്നതു കണ്ടു. വിറച്ചുകൊണ്ടിരുന്ന കവിളുകളിലൂടെ കണ്ണുനീരൊഴുകി.

”അതിലേക്ക് പ്രവേശിക്കുമ്പോള്‍ സംവിധാനത്തിന്റെ കരുത്തെന്തെന്തെന്ന് അറിഞ്ഞിരുന്നു എങ്കില്‍ ഒരു പോരാട്ടത്തിനൊരു പക്ഷേ ഞാന്‍ തയ്യാറാകില്ലായിരുന്നു. എനിക്ക് നീതി ലഭിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചു.

പക്ഷേ ഞെരിച്ചമര്‍ത്തപ്പെട്ടു.” അവരുടേ ശോകാവഹമായ യാഥാര്‍ത്ഥ്യം കണ്ടും കേട്ടും ജോഷിയുടെ കണ്ണു നിറഞ്ഞു. അവര്‍ ആത്മാര്‍ത്ഥമായ നിസ്സഹായതയോടെ പരാജയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു.

”പക്ഷേ, എന്നെ ഇതുവരെ എത്തിച്ചതിനാല്‍, ഞാന്‍ ചെറുത്തു നില്‍ക്കും. തുടരും.” അവര്‍ പറഞ്ഞു.

റെക്കോഡിങ്ങിലുണ്ടായിരുന്നവരും സഹായികളുമെല്ലാം റവറന്‍സ്റ്റ് സിസ്റ്ററില്‍ സമാഹരിക്കപ്പെട്ട കരുത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെന്നപോലെ ദീര്‍ഘസമയത്തേക്ക് നിശ്ശബ്ദരായി. അവരുടെ ജീവിതത്തിനാണു ഞങ്ങള്‍ സാക്ഷിയായത്. പൂര്‍ണ്ണ സത്യസന്ധതയിലും സൗമ്യതയിലുമുള്ള ജീവിതത്തിന്.

ഞങ്ങള്‍ കാര്യപരിപാടികളവസാനിപ്പിച്ച് ടെറസില്‍ നിന്നിറങ്ങിക്കൊണ്ടിരുന്നപ്പോള്‍ `ഈ വീട്ടില്‍ തെളിച്ചമുള്ള വിളക്കുകളില്ല, ചുമരുകള്‍ക്ക് നല്ല പെയ്ന്റില്ല, നിലത്തിനൂഷ്മളതയില്ല, മേല്‍ക്കൂര സുരക്ഷിതമല്ല, കെട്ടിടത്തിനു ജീവനില്ല,` എന്നു ചിന്തിച്ചത് ഞാന്‍ മാത്രമാണെന്നെനിക്കു തോന്നി. എന്നിരുന്നാലും ഈ വിരുദ്ധമായ, വിദ്വേഷമുള്ള അന്തരീക്ഷത്തില്‍ അവശിഷ്ടങ്ങളെപ്പോലെ മൂന്നു ജീവനുകള്‍ തുഴഞ്ഞു നീങ്ങുന്നു. മൂവരും അവരുടെ അനിവാര്യമായ ജീവിതം ജീവിക്കേണ്ടുന്ന അസ്വാസ്ഥ്യത്തില്‍ തുഴഞ്ഞു നീങ്ങുന്നു.

സിസ്റ്റര്‍മാരെ ആലിംഗനം ചെയ്ത് യാത്ര ചോദിച്ചപ്പോള്‍ ഈ പൊരുതലുകളെക്കുറിച്ച് എഴുതണം എന്ന തീരുമാനത്തില്‍ ഞാനെത്തിയിരുന്നു. മടക്കയാത്ര എന്നെ സംബന്ധിച്ചിടത്തോളം നിശ്ശബ്ദമായിരുന്നു. സംഘത്തിലെ ഏക സ്ത്രീ ഞാനായിരുന്നു. ശീലം കൊണ്ട്, ഔദ്യോഗിക വേഷം കൊണ്ട് സ്ത്രീയാകുക. കെട്ടിട നിര്‍മ്മാണ തൊഴിലിലും നെല്‍വയലിലും വൃത്തിഹീനമായ സാരിയുടുത്ത് വളഞ്ഞു നില്‍ക്കുന്ന സ്ത്രീയാകുക. ഒരു ആക്രമണത്തിനു ശേഷം വേദനിക്കപ്പെടുന്ന സ്‌ത്രൈണത അതിന്റെ ലജ്ജയില്‍ നിന്ന് സ്വയം വീണ്ടെടുക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ കമ്പനം കൊള്ളുന്ന സത്തയുടെ ആന്തര കാതല്‍ പുരുഷന്റെ നോട്ടത്താല്‍ സൃഷ്ടിക്കപ്പെട്ടവയാണ്. ആ ആന്തര തകര്‍ച്ചയോട് എങ്ങനെ പ്രതികരിക്കണം എന്നത് തീര്‍ത്തും സ്വകാര്യമാണ്. സചേതനവും വ്യാഖ്യാനിക്കാനാകാത്തതുമാണ്. സ്ത്രീത്ത്വത്തിന്റെ ആത്മാവിനേല്‍ക്കുന്ന ആദ്യ ആഘാതങ്ങള്‍ അവരുടെ പ്രതിരോധത്തെ എരിയിച്ചു കളയും. പ്രത്യേകിച്ചും സമൂഹത്തിന്റെ ലേസര്‍ നോട്ടങ്ങള്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കകത്തുള്ള ലൈംഗിക വിവരങ്ങളിലാകുമ്പോള്‍. അതിനേക്കാള്‍ ഉപരിയായി നിങ്ങള്‍ പോരാടുന്നത് അറിയപ്പെടുന്ന ഒരുവനോടാകുമ്പോഴും അയാള്‍ കരുത്തോടെ മൂര്‍ത്തമാക്കുന്ന വ്യവസ്ഥയോടാണ് നിങ്ങളിലെ പ്രലോഭനീയത എതിരിടാന്‍ ശ്രമിക്കുന്നതെങ്കിലും. പിന്നെ അവശേഷിക്കുന്നത്, വെറുപ്പിക്കുന്ന ഭാണ്ടക്കെട്ടുകളുമായുള്ള വ്യവസ്ഥകളോട് ഒത്തുപോയി തീവ്രവേദനകളെ സഹിക്കാനുള്ള ഒരു പ്രതിാരോധ ശക്തി വികസിപ്പിക്കുക എന്നതാണ്. ഈ ക്ഷീണം സിസ്റ്ററുടെ പുഞ്ചിരികളിലും നിശ്ശബ്ദതകളിലും വശ്യമായി എഴുതിക്കാണപ്പെട്ടു.

സംവിധായകന്‍ : ജോഷി ജോസഫ്

അടിക്കുറിപ്പ്: ആദ്യ ദിവസം, കുസൃതി നിറഞ്ഞ വിധം, ഭക്ഷണപ്രിയരേയും ലജ്ജാലുവാക്കും വിധം, രഹസ്യമായി മണ്‍ചട്ടിയില്‍ നിന്ന് അടുക്കളയിലിരുന്ന് ആഹാരിക്കുക എന്ന ഒരു പ്രവര്‍ത്തി എന്നില്‍ നിന്നുണ്ടായത് എന്നെ തന്നെ അത്ഭുതപ്പെടുത്തി. ചിക്കന്‍ കറി ഊണുമേശയിലേക്കു മാറ്റപ്പെട്ടപ്പോള്‍, കറിവച്ച പാത്രം അടുക്കളയില്‍ പാത്രം കഴുകുന്നിടത്തേക്ക് ഒരു കന്യാസ്ത്രി കൊണ്ടുപോകുന്നതു കണ്ടു. ഞാനതിനെ തിരിച്ചു വിളിച്ചു. എന്റേതാക്കി. അതിനൊപ്പം അവിടെ കണ്ട ബ്രഡും വേണം എന്നാവശ്യപ്പെട്ടു. അപ്പോള്‍ മറ്റൊരു കന്യാസ്ത്രിയെത്തി. എനിക്ക് വീട്ടുകാര്യമായ, സ്‌ത്രൈണതയുള്ള അടുക്കള രഹസ്യം പറഞ്ഞു തന്നു. ഞാന്‍ ആ സിസ്റ്റര്‍ക്കൊപ്പം ബ്രഡ് പൊട്ടിച്ചു തിന്നു. അങ്ങനെ സൗഹാര്‍ദത്തോടെ, നാണമില്ലാതെ ഞങ്ങള്‍, ചട്ടിയിലെ ചെറു ചുടുള്ള, അരവും എരിവും വൃത്തിയാക്കി.

എന്റെ ആ അടുക്കള അനുഭവത്തിന്റെ പ്രമുഖഭാഗം എന്തായിരുന്നു എന്നാല്‍, അന്ന് എനിക്കൊപ്പം ആ കുറ്റകൃത്യത്തില്‍ പങ്കെടുത്ത സുഹൃത്ത്, പിറ്റേന്ന് എന്നെ വിളിച്ച് ”വാ. മീന്‍ ചട്ടി സ്വതന്ത്രയായിരിക്കുന്നു, തയ്യാറായിരിക്കുന്നു” എന്നു വിളിച്ചു പറഞ്ഞതാണ്. ഞങ്ങള്‍ ആ ചട്ടി കൂടുതല്‍ ബ്രഡുകൊണ്ട് വൃത്തിയാക്കുക എന്ന പ്രവര്‍ത്തനം നടത്തി. മുമ്പ് സ്‌കൂളില്‍ ചെയ്തുകൊണ്ടിരുന്നതുപോലെ. അടുക്കളയിലെ പരിഷ്‌കൃതികളില്ലാത്ത സാഹോദര്യം. അത് അമൂല്യമാണ്. വീട്ടിലെത്തിയ ഞാന്‍ എന്നോട് ”സത്യമായും ഞാന്‍ ആ സിസ്റ്ററുമൊത്ത് തിരുവത്താഴം പങ്കിട്ടില്ലേ?” എന്നു ചോദിക്കുകയുണ്ടായി.

**********

വിവര്‍ത്തനം : സുരേഷ് എം.ജി.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “കന്യാസ്ത്രീയുമൊത്തൊരു തിരുവത്താഴം”

  1. ആന്റണി എം ടി കടമക്കുടി,

    എല്ലാമുണ്ട് ഒന്നും പറയാനില്ല കാലം എങ്ങനെ കടക്കുന്നു…. ഇതെല്ലാം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നമ്മൾക്ക് പ്രായമാകും നമ്മൾ മരിച്ചുപോകും നമ്മളെ മറക്കും ഈ ലോകത്ത് ഒരു തലമുറ കൂടി കഴിഞ്ഞാൽ ഇതെല്ലാം ആരോ ഓർക്കാൻ ആർക്കറിയാം അതുകൊണ്ട് ഇപ്പോൾ ഉള്ള നന്മകളെല്ലാം നന്മകൾ മാത്രം ഈ നന്മയെ ലാളിച്ചും സ്നേഹിച്ചും ജീവിച്ചു പോവുക….. എന്താണേലും കുറച്ചുനേരം വേറെ ലോകത്ത് 🙏👏👍

Your Email address will not be published.