
നിങ്ങളെ കാണും വരെ ഉമർ,
എനിക്കറിയില്ലായിരുന്നു
പവിത്രമായ പാപത്തിന്
ഇങ്ങനെ ഒരു രൂപം സ്വീകരിക്കാനാകുമെന്ന്.
അമ്മയുടെ കയ്യിൽ നിന്ന് ലഭിക്കുന്ന ഭക്ഷണ കഷ്ണത്തിന്
കണ്ണീരിന്റെ രുചിയുണ്ടാവുമെന്ന്
അത് ചവക്കും വരെ എനിക്ക്
അറിയില്ലായിരുന്നു ഉമർ
നിങ്ങൾ സൂര്യനെ വിഴുങ്ങുന്ന കറുത്ത ഉറുമ്പാണ്.
അന്ധകാരം മോഷ്ടിക്കുന്നവനെന്ന് ആരോപിച്ചു
നിങ്ങളെ അവർ തുറുങ്കിലേക്ക് വലിച്ചിഴച്ചു.
കാറ്റ് വീശുന്നത് വരെ ഏതൊരു ഋതുവിനും
ഉണങ്ങിയ ഇലകൾ വലിച്ചെറിയാമെന്നും
അങ്ങനെ കബളിപ്പിക്കാമെന്നും
എനിക്ക് അറിയില്ലായിരുന്നു ഉമർ.
ആ താടി, വൃത്തികെട്ട ചുരുണ്ടമുടി
നിങ്ങൾ ധരിക്കാറുള്ള അയഞ്ഞ ജുബ്ബ
അവയോട് വെട്ടി ഒതുക്കി, ഇണങ്ങി,
നരക്കാൻ ആവശ്യപ്പെടാറുള്ളത്
നിങ്ങളുടെ കണ്ണിൽ നോക്കും വരെ
എനിക്ക് അറിയില്ലായിരുന്നു ഉമർ
ഈ ഇരുമ്പ് ചങ്ങലകൾക്ക് അപ്പുറത്തും
ഒരു മനുഷ്യ ലോകത്തിന് ജീവിക്കാനാവുമെന്ന്.
കാറ്റു പോലും ഒരു എലിയുടെ
യജമാനൻ ആയി നടിക്കുന്ന കാലത്ത്
ശ്വാസം എടുക്കുന്നത് പോലും
കലാപമായി കരുതപ്പെടുന്നു.
നിന്റെ വിരലുകൾ
അവശേഷിക്കുന്ന വേരുകളിൽ സ്പർശിക്കും വരെ
എനിക്ക് അറിയില്ലായിരുന്നു ഉമർ
മുറിച്ചിടത്തു നിന്ന് തന്നെ
പുതു നാമ്പുകൾ പൊട്ടി മുളക്കുമെന്ന്.
ഇടവഴികളിൽ ഒരു പൂച്ച,
നിറമുള്ള ലഘു ലേഖകൾ വിതരണം ചെയ്യുന്നു
ആമേന്റെ പേരിൽ അത് ആഹ്വാനം ചെയ്യുന്നു
“എലികൾക്കും അവകാശങ്ങൾ ഉണ്ടെന്ന്.”
വിഷ ലിപ്തമായ പ്രസംഗങ്ങൾ തള്ളിക്കളയണമെന്ന്
എനിക്ക് അറിയില്ലായിരുന്നു ഉമർ
നിന്റെ വാക്കുകളുടെ ആഴം കേൾക്കും വരെ.
***

വിവ : ബിന്ദു ജഗദീഷ്







No Comments yet!