ജാതി തിരിക്കാത്ത സ്‌നേഹം
ജാതിചിന്തകള്‍ അന്യം നിന്നിട്ടില്ലാത്ത കാലത്തായിരുന്നു ഞങ്ങളുടെ ബാല്യം. എന്നാല്‍ ഈ ദുഷിപ്പിന്റെ വക്രതയെത്രയെന്നറിയേണ്ട ദൗര്‍ഭാഗ്യം ഞങ്ങള്‍ക്കുണ്ടായിട്ടില്ല. അമ്മത്താവഴിയില്‍ ജാതി ചിന്തകള്‍ കുറച്ചൊക്കെ ശല്യം ചെയ്തിരുന്നുവെങ്കിലും ഞങ്ങളുടെ ബാല്യം അച്ഛന്റെ വീട്ടിലാകകൊണ്ടും അവിടെ ഈ ഭൂതത്തെ എന്നോ ആട്ടിപ്പായിച്ചിരുന്നതുകൊണ്ടുമാണ് ഞങ്ങള്‍ക്കും കുറച്ചൊക്കെ തുറന്ന മനസ് ലഭിക്കുവാനിടവന്നതെന്ന് ഇന്നും ഞാനഹങ്കരിക്കുന്നു.
മൂന്നുനേരം അന്നം കഴിക്കാവുന്ന വീട്ടിലാണെന്റെ ജനനം. അന്നൊക്കെ നായര്‍ വീടിന്റെ ഏതുവരെ ആര്‍ക്ക് പ്രവേശനമുണ്ടെന്നുള്ളതിന് ചില കണക്കുകളുണ്ട്. എല്ലാ നായന്മാരും എല്ലാ നായന്മാരുടേയും വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കില്ലെന്ന ഉപജാതി നീചത്വമുണ്ട്. വീടിന്റെ അടുക്കളയില്‍ ആര്‍ക്ക് പ്രവേശിക്കാം, ഉമ്മറക്കോലായിലാര്‍ക്ക് പ്രവേശിക്കാം എന്നതിനൊക്കെ ചില നാട്ടുനടപ്പുകളുണ്ട്. ഇതെല്ലാം ഞങ്ങളും കേട്ടറിഞ്ഞിരുന്നു. ചിലതെല്ലാം അമ്മവീട്ടില്‍ കണ്ടുമറിഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ വളര്‍ന്നത് അച്ഛന്‍ വീട്ടിലായിരുന്നു. അവിടെ സ്ഥിതി ആകെ വ്യത്യസ്തമായിരുന്നു. കാരണം അമ്മിണിചേച്ചിയായിരുന്നു. അമ്മിണിചേച്ചി അച്ഛന്റെ ജ്യേഷ്ഠസഹോദരിയാണ്.
അന്ന് വീടിന്റെ ഭരണം അമ്മിണിചേച്ചിയും അച്ഛമ്മയുമായിരുന്നു. അച്ഛന്റെ ചെറിയമ്മാവനാണ് തറവാട്ട് കാര്‍ന്നവര്‍. എന്നാല്‍ അടുക്കള പൂര്‍ണ്ണമായും അമ്മിണിചേച്ചിയുടെ ഭരണത്തിലാണ്. അമ്മിണിചേച്ചിയ്ക്ക് തന്റെ യൗവ്വനത്തില്‍ ഒരു സംബന്ധമുണ്ടായെന്നും, അത് കപ്പലില്‍ ജോലിയുണ്ടായിരുന്ന ഒരാളായിരുന്നുവെന്നും ഒരിക്കല്‍ കപ്പലില്‍ ജോലിക്ക് പോയ അയാള്‍ പിന്നെ തിരികെവന്നില്ലെന്നും ഞങ്ങള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നെയൊരു സംബന്ധം അല്ലെങ്കില്‍ കല്ല്യാണം അമ്മിണിചേച്ചിക്കുണ്ടായില്ല. ഒരുപക്ഷേ തന്റെ സംബന്ധക്കാരന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന് അമ്മിണിചേച്ചി മനസില്‍ കുറിച്ചുകാണും. അദ്ദേഹത്തെ മരണം വരെ കാത്തിരുന്നുകാണും.
മൂന്നുനേരം അന്നം കിട്ടുന്ന വീടുകള്‍ അക്കാലത്ത് ഞങ്ങളുടെ ചുറ്റുവട്ടത്ത് കുറവായിരുന്നു. അതിനാല്‍ തന്നെ കാലത്ത് പത്തുമണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വീടിന്റെ അടുക്കളഭാഗത്ത് തിരക്കധികമാണ്. പലരും വിശേഷങ്ങള്‍ തിരക്കി വരും. നാട്ടുവര്‍ത്തമാനങ്ങള്‍ അമ്മിണിചേച്ചിയെ അറിയിക്കുവാനുള്ള വരവാണെന്നാണ് എല്ലാവരും കരുതേണ്ടത്. എന്നാല്‍ ആ വരവിന് മിക്കവാറും എല്ലാവര്‍ക്കും മറ്റൊരു ലക്ഷ്യം കൂടിയുണ്ട്.
കുറച്ച് വര്‍ത്തമാനം പറഞ്ഞാല്‍ ”കഞ്ഞികുടിച്ച്വോടീ കാര്‍ത്ത്യായന്യേ നീയ്യ്” എന്ന് അച്ഛമ്മയോ അമ്മിണിചേച്ചിയോ ചോദിക്കും. മറുപടി എന്തുമാകട്ടെ അപ്പോഴേക്കും അമ്മിണിചേച്ചി ഒരു കിണ്ണം കഞ്ഞിയുമായി ഹാജരായിട്ടുണ്ടാകും.
അമ്മിണിചേച്ചി കഞ്ഞിയെടുത്ത് കൊടുക്കണമെന്നില്ല. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായിരുന്നു അടുക്കള. അടുക്കളയുടെ വടക്ക് ഭാഗത്ത് ഇന്നത്തെ ഭാഷയില്‍ വിസ്തരിച്ചു പറഞ്ഞാല്‍ ”വര്‍ക്ക് ഏരിയ”, ച്ചാല്‍ ഞങ്ങളുടെ അന്നത്തെ ഭാഷയില്‍ ചായ്പ്. അതിന്റെ ഒരറ്റത്ത് കോഴിക്കൂടാണ്. മറ്റേയറ്റത്ത് പോത്തിനു വെള്ളം കൊടുക്കുന്ന കാടിതൊട്ടി. ഇതിനിടക്കുള്ള ഇറയത്തിന്റെ കഴുക്കോലില്‍ ഒരു കൊട്ട ഞാത്തിയിട്ടിട്ടുണ്ട്. ഇതില്‍ നിറയെ ഉണക്കമീനാണ്. ചാവക്കാട്ടു നിന്നും മുക്കോത്തികളെത്തും. അവര്‍ കുട്ട നിറയ്ക്കും. അമ്മിണിചേച്ചി അല്ലെങ്കില്‍ അച്ഛമ്മ അല്ലെങ്കില്‍ അച്ഛമ്മയുടെ സഹോദരി (ഞങ്ങളവരെ കറുത്തമ്മൂമ്മ എന്ന് വിളിച്ചു) രണ്ടോ മൂന്നോ ഇടങ്ങഴി നെല്ലുവാരി മുക്കോത്തിയ്ക്ക് കൊടുക്കും. ഇതേ ഇറയത്തിന്റെ ഒരോരത്ത് ഒരടുപ്പില്‍ എപ്പോഴും ചൂടായി കിടക്കുന്ന കഞ്ഞിയുണ്ടാകും. കഴുക്കോലുകള്‍ക്കിടയില്‍ കിണ്ണം തിരുകി വച്ചിട്ടുണ്ടാകും. മുക്കോത്തി ഇതിലൊരു കിണ്ണമെടുക്കും. കഞ്ഞിക്കലത്തിലെ ചിരട്ടക്കയിലുപയോഗിച്ച് ആവശ്യത്തിന് കഞ്ഞി കോരിയെടുക്കും. തന്റെ കൊട്ടയില്‍ നിന്നും ഒരു മീനെടുത്ത് ആ അടുപ്പില്‍ തന്നെ ചുട്ടെടുക്കും. വയറു നിറച്ച് കഞ്ഞികുടിച്ച് യാത്രയാകും.
മേല്‍പറഞ്ഞത് മീന്‍ കൊണ്ടുവരുന്ന മുക്കോത്തിയുടെ മാത്രം കഥയല്ല. ആ കഞ്ഞിക്കലം ഒഴിയാറില്ല. അതില്‍ നിന്നും കഞ്ഞികോരിക്കുടിക്കാത്തവര്‍ അന്ന് ഞങ്ങളുടെ ഭാഗത്ത് കുറവായിരുന്നു. ആരെങ്കിലും കഞ്ഞി കുടിക്കാനെത്തിയില്ലെങ്കില്‍ ഒരു തോര്‍ത്ത് രണ്ടാം മുണ്ടാക്കി അമ്മിണിചേച്ചി അവരുടെ വീട്ടിലെത്തും. അവരുടെ ജാതി, മത ചിന്തകളോ മറ്റെന്തെങ്കിലും ചിന്തകളോ അമ്മിണിചേച്ചിയെ അപ്പോള്‍ അലട്ടിയില്ല.
”എന്താണ്ട്യേ ഇന്ന് കണ്ടില്ല്യാലോ… സുഖല്ല്യേ നെണക്ക്?” അമ്മിണി ചേച്ചി തിരക്കും.
അവര്‍ക്ക് സുഖമില്ലെങ്കില്‍ അവരുടെ മക്കളെ വിളിച്ച് അവരുടെ വീട്ടിലേക്കാവശ്യമുള്ള കഞ്ഞിയെത്തിക്കും. കാശുവേണമെങ്കില്‍ അതും കൊടുക്കും. അങ്ങിനെ തനിക്കാകാവുന്ന രീതിയില്‍ അമ്മിണി ചേച്ചി എല്ലാവര്‍ക്കും വാരിക്കോരി കൊടുത്തു. അമ്മിണി ചേച്ചിയുടെ ആരോഗ്യം നശിക്കുന്നതുവരേക്കും, അമ്മിണിചേച്ചി ഭരണം കൈവിടുന്നതുവരേക്കും വാരിക്കോരി കൊടുത്തു. ലഭിച്ചവരാരും അമ്മിണിചേച്ചിയെ മറന്നില്ല.
എന്നാല്‍ കൂട്ടുകുടുംബവ്യവസ്ഥിതി കഴിഞ്ഞതോടെ അമ്മിണി ചേച്ചി ഭരണഭാരമൊഴിഞ്ഞു. തറവാട് പുതുക്കിപ്പണിതതോടെ, കോഴിക്കൂടും മീന്‍ കൊട്ടയും കഞ്ഞിക്കലവുമിരുന്നിടം പുതുക്കിയ വീടിന്റെ മുന്‍വശമായി. അമ്മിണിചേച്ചി ഉള്ളിലേക്ക് വലിഞ്ഞു. വിശേഷങ്ങളന്വേഷിക്കും, കയ്യിലുള്ളത് കൊടുക്കും. അപ്പോഴേക്കും ചുറ്റുവട്ടങ്ങളില്‍ നിന്നും കഞ്ഞിക്കലം ലക്ഷ്യമാക്കി വരുന്ന ആവശ്യക്കാരുടെ എണ്ണത്തിലും നല്ല കുറവ് വന്നിരുന്നു. കഞ്ഞിക്കലവും ഉണക്കമീനിന്റെ കുട്ടയുമെല്ലാം പഴംകഥകളായിക്കഴിഞ്ഞിരുന്നു.
എന്നിട്ടും ഒരു തലമുറയുടെ മനസില്‍ അമ്മിണിചേച്ചി, അമ്മിണിയോപ്പോള്‍, അമ്മിണ്യേമ്മ, അമ്മണിയമ്പ്രാള്‍, അമ്മിണി സ്‌നേഹമായി തന്നെ നിലനിന്നു. അമ്മിണിചേച്ചിയ്ക്ക് സുഖമില്ലെന്നറിഞ്ഞാല്‍ എല്ലാമുപേക്ഷിച്ചോടിയെത്തി.
”ഒന്ന് മുണ്ടീം പറഞ്ഞൂം ഇരിക്ക്യാലോ ന്റെ കുട്ട്യേ…. ന്ന് ഞങ്ങള് ഇങ്ങന്യൊക്കെ കഴീണ്ടെങ്കി അതിന് ഒരു കാരണം അമ്മിണ്യമ്പ്രാള് തന്നട്ട്ള്ള കഞ്ഞിവെള്ളാ”
പ്രായം എണ്‍പതു കഴിഞ്ഞിട്ടാണമ്മിണിചേച്ചി പോയത്. വളരെക്കാലം സുഖമില്ലാതെ വീടിന്നകത്തു തന്നെ കഴിച്ചുകൂട്ടി. ഒരു പക്ഷേ അമ്മിണി ചേച്ചി പോയപ്പോള്‍ ഞങ്ങള്‍ വീട്ടിലെ കുട്ടികളെക്കാള് ദുഃഖിച്ചത് അന്നത്തെ കഞ്ഞിവെള്ളത്തിന്റെ സ്വാദനുഭവിച്ചവരായിരുന്നു.

കാമഭ്രാന്ത്
”ദേ ഡാ ആന വരുണൂ”.
സാവിത്രിയെ കണ്ടാല്‍ ജനം ആര്‍ത്തുവിളിക്കും. ആന എന്നു കേട്ടാല്‍ സാവിത്രിയ്ക്ക് കലി കയറും. അവര്‍ തെറി വിളിക്കും. തന്നെ ആന എന്നു വിളിച്ചവരെ തല്ലാന്‍ ചെല്ലും. അപ്പോള്‍ മറുഭാഗത്തു നിന്ന് മറ്റൊരു കൂട്ടം ”ഇങ്ങട് സെറ്റ്വീരാനേ” എന്നാര്‍ക്കും. സാവിത്രി അങ്ങോട്ട് തിരിയും. ഒരു കാലത്ത് ചൂണ്ടല്‍ സെന്ററിലേയും പരിസരപ്രദേശങ്ങളിലേയും സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു ഇത്. സ്‌കൂള്‍ വിട്ട നേരത്താണ് സാവിത്രി വഴിയില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ പിന്നെ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉത്സവമാണ്. ചിലര്‍ കല്ലെടുത്തെറിയും. സാവിത്രി അവരെ ഓടിച്ചിട്ട് പിടിക്കുവാന്‍ ശ്രമിക്കും. നാലുഭാഗത്തു നിന്നും ”ആന ആന” എന്ന വിളികളുണ്ടാകും. സാവിത്രി അവരെ തെറികൊണ്ട് അഭിഷേകം ചെയ്യുന്നുണ്ടാകും.
അരാന്റമ്മയ്ക്ക് പ്രാന്തുവന്നാല്‍ കാണാന്‍ നല്ല ചേല് എന്നാണ്. വഴിയില്‍ ഈ ബഹളത്തില്‍ പെടുന്ന സാവിത്രിയോട് ആരും അനുകമ്പ കാണിച്ചില്ല. എന്നാല്‍ വേലിക്കിപ്പുറത്തുനിന്ന് പലപ്പോഴും സ്ത്രീകള്‍ സാവിത്രിയുടെ സഹായത്തിനെത്തുമായിരുന്നു. അവര്‍ സാവിത്രിയെ ശല്യപ്പെടുത്തുന്നവരെ ചീത്തവിളിക്കും. ചൂണ്ടലിലെ പ്രശസ്തമായ തറവാടുകളിലൊന്നിലാണ് സാവിത്രി ജനിച്ചത്. മനസിന്റെ സമനില തെറ്റിയ അവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടുന്നതാണിങ്ങനെയുള്ള ബഹളങ്ങളില്‍ കലാശിക്കുന്നതെന്നും വീട്ടില്‍ ശല്യമാകുമ്പോള്‍ ഇറക്കിവിടുന്നതാണെന്നും നാട്ടുകാരുടെ ഇടയില്‍ രണ്ട് പക്ഷമുണ്ടായിരുന്നു.
എത്ര കാലം സാവിത്രിയങ്ങിനെ തെരുവില്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നറിയില്ല. ഇടക്ക് കാണാതാകും. വീണ്ടും പ്രത്യക്ഷപ്പെടും. മുഷിഞ്ഞ വസ്ത്രം അലസമായി ശരീരത്തില്‍ പാറുന്നുണ്ടാകും. പലനാളായിട്ടും വെള്ളം കാണാത്ത ശരീരവും തലമുടിയും സാവിത്രിയുടെ മാനസിക നില എല്ലാവര്‍ക്കും വ്യക്തമാക്കുന്നതായിരുന്നു. ഇങ്ങിനെയൊക്കെയുള്ള സാവിത്രിയെ ഒരു ദിവസം വഴിയില്‍ കാണുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നു. ആരുടേയോ മൃഗ തൃഷ്ണ സാവിത്രിയുടെ ഗര്‍ഭപാത്രത്തില്‍ വിത്തു വിതച്ചു. മാനസിക നില തെറ്റിയ ഒരു സ്ത്രീയാണെന്നോ, താനവരോട് എന്തു ചെയ്യുന്നുവെന്ന് അവര്‍ മനസിലാക്കുന്നുണ്ടാകില്ലെന്നോ വിവേചിച്ചറിയുവാന്‍ കഴിവില്ലാത്ത, തന്റെ കാമാസക്തി തീര്‍ക്കുവാന്‍ എന്തിനേയും ഉപയോഗിക്കുന്ന മൃഗം. (സദാചാരത്തെക്കുറിച്ച് വേണ്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് ഇന്നും മലയാള മണ്ണില്‍ രണ്ടാമതൊന്ന് ആലോചിച്ച് ചെയ്യേണ്ടതായി തുടരുന്നു.) സാവിത്രിയേക്കാള്‍ ഭ്രാന്തുള്ള ഒരു പുരുഷനേ സാവിത്രിയെ പ്രാപിക്കുവാന്‍ ഇച്ഛിക്കുകയുള്ളു.
ഭ്രാന്തിയായ സാവിത്രി പ്രസവിച്ചു കാണും. ആ കുഞ്ഞിന് എന്തു സംഭവിച്ചു എന്നറിയില്ല. മാസങ്ങള്‍ കഴിഞ്ഞ് സാവിത്രി വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ അവശയായിട്ടുണ്ടായിരുന്നു. അവര്‍ക്ക് പരിചയമുള്ള സ്ത്രീകളുള്ള വീട്ടില്‍ കയറി ഭക്ഷണം ചോദിക്കുമായിരുന്നു.
അപ്പോഴേക്കും അവര്‍ ”ആനമ്പ്രാളേ” എന്ന വിളി അവഗണിക്കുവാന്‍ പഠിച്ചിരുന്നു.
എന്നാല്‍, നിറഗര്‍ഭിണിയായിരുന്നപ്പോഴും നാട്ടുകാരുടെ ”ആനേ..” വിളിയെ തന്റേതായ വായ്ത്താരികൊണ്ടെതിര്‍ക്കുകയും, എതിര്‍ത്തു ക്ഷീണിക്കുമ്പോള്‍ വേലിക്കപ്പുറത്തു നിന്ന് വീട്ടിലെ സ്ത്രീകളോട് ”കൊറച്ച് വെള്ളം തരോ” എന്ന് ദയനീയമായി ചോദിക്കുകയും ചെയ്തിരുന്ന സാവിത്രി ഒരോര്‍മ്മയായി നില്‍ക്കുന്നു.
സാവിത്രി എന്ന് എവിടെവച്ച് തെരുവുകളില്‍ നിന്നും അപ്രത്യക്ഷമായി എന്നെനിക്കറിയില്ല. അങ്ങിനെയങ്ങിനെ സാവിത്രിയെ തെരുവില്‍ കാണാതായി… ആരും ശ്രദ്ധിച്ചില്ല. അവരെ പ്രാപിച്ച പുരുഷന്‍ പോലും അവരെ മറന്നു കാണും. (അയാളാരെന്നോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നൊ എനിക്കറിയില്ല.) എന്നാല്‍ അയാളില്‍ കുമിഞ്ഞു കൂടിയിരുന്ന മൃഗതൃഷ്ണ ഇന്നും ഈ മണ്ണില്‍ നിന്നും മാഞ്ഞുപോയിട്ടില്ലെന്ന് പലപ്പോഴും പല വാര്‍ത്തകളും വായിക്കുമ്പോള്‍ തോന്നാറുണ്ട്.
(ഇടവഴിപ്പച്ചകള്‍ എന്ന പുസ്തകത്തില്‍നിന്ന്)
ഇടവഴിപ്പച്ചകള്‍
രചന : സുരേഷ് എം.ജി.
പ്രസാധനം : റീഡേഴ്‌സ് കഫെ
വില : 140 രൂപ








No Comments yet!