Skip to main content

ഗാസായിലെയും ഇന്ത്യന്‍ ജാതി സമൂഹ്യങ്ങളിലെയും പലായനങ്ങള്‍

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒമ്പതിലെ ഒരു മെയ് മാസം ഒമ്പതാം തീയതി ഇപ്പോഴും മറക്കില്ല. അന്നാണ് ഞങ്ങളുടെ അച്ഛന്റെ നാട്ടില്‍ വലിയ ഒരു കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായത്. അന്ന് മുക്കാല്‍പങ്കും ഓട് പാറിയ വീട്ടില്‍ അന്ന് കുട്ടികളായ ഞങ്ങള്‍ അടക്കം ഒരു പാട് മനുഷ്യര്‍ ഒരു വീടിന്റെ മൂലയിലിരുന്നു ദൈവത്തിനെ വിളിച്ച് കരഞ്ഞു. പിറ്റേന്ന് രാവിലെ ആയപ്പോള്‍ നാല് ചുറ്റും പുഴയായിരുന്ന ചതുപ്പ് നിറഞ്ഞ ആ പ്രദേശത്തെ വീടിന്റെ മുറ്റത്ത് വരെ വെള്ളം കയറി. അന്ന് രാവിലെ അവിടെ ഉള്ള മനുഷ്യര്‍ മുറ്റത്ത് തോണി ഇറക്കി അക്കരെ കടവില്‍ പോയി കളത്തില്‍ നിന്ന് കുടിവെള്ളം കൊണ്ടുവന്ന് ഓട് പാറിയ വീട്ടില്‍ കഞ്ഞി വെച്ച് കുടിച്ചു.

പിന്നെയും ആ നാട്ടില്‍ പ്രളയങ്ങള്‍ ഉണ്ടായി. പല വര്‍ഷങ്ങളിലും അവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയി. അവിടെനിന്ന് വിദ്യാഭ്യാസം നേടിയ മനുഷ്യര്‍ ആ ദേശം വിട്ടുപോയി, റോഡരികിലൊക്കെ വീട് വെച്ചു. അന്നത്തെ ആ വീട്ടില്‍ അന്നത്തെ തലമുറയില്‍പെട്ട മനുഷ്യര്‍ ഈ കഴിഞ്ഞ വര്‍ഷം വരെ ജീവിച്ചു. അവസാനം അവരും ഞങ്ങളുടെ ആ വീട് ഉപേക്ഷിച്ച് മറ്റൊരു ഇടത്തിലേക്ക് താമസം മാറി.

ഈ കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടയില്‍ അവിടത്തെ മനുഷ്യര്‍ ഒരുപാട് തരത്തില്‍ മാറി, പലരും പലായനം ചെയ്തു. പക്ഷേ ചില മനുഷ്യര്‍ ആ മണ്ണിനോട് കാണിച്ച അപാരമായ സ്‌നേഹം എന്നെയൊക്കെ ഞെട്ടിച്ച് കളഞ്ഞു. എന്റെ ഒരു സഹോദരന്‍ അവിടെ തന്നെ വീട് വെച്ച് താമസിക്കുന്നു. പോകുന്നവരൊക്കെ ആ മണ്ണിനെ ഉപേക്ഷിച്ച് പോകുമ്പോള്‍, ബാക്കി ഉള്ളവരും പലപ്പോഴും തിരിച്ചുവന്നവരുമായിരുന്നു.

മരിക്കുന്നതുവരെ എന്റെ അച്ഛനും, ഞാനും ഇപ്പോഴും ആ മണ്ണിലേക്ക് പോയി ആ സഹോദരന്റെ വീട്ടില്‍ ചെന്നു കുറച്ച് കള്ള് കുടിച്ച് ആ മണ്ണിനോടുള്ള അടുപ്പം പങ്കുവെച്ച് തിരിച്ചുവരും. ഒരു മണ്ണിനോട് സ്വന്തം രക്തം ചേര്‍ന്ന് നില്‍ക്കുന്ന ഫീല്‍ ആണ് അത്. ചത്താലും മറക്കാത്ത ചില മണ്ണുകള്‍ ചില മനുഷ്യര്‍ക്ക് ഉണ്ടാകും.

എന്നെ ഏറ്റവും കൂടുതല്‍ ഷോക്ക് അടിപ്പിച്ച ഗാസയിലെ ഒരു ചിത്രം അവിടെനിന്ന് ഒരു പൊട്ട വാനില്‍ കിടക്കയൊക്കെ മുകളില്‍ ഇട്ട് പലായനം ചെയ്യുന്ന ഒരു കുടുംബത്തിന്റെ ഒരു ഫോട്ടോ ആയിരുന്നു. അത് പ്രളയകാലത്തും അല്ലാത്തപ്പോഴും ഞങ്ങള്‍ പലപ്പോഴും കണ്ടതായിരുന്നു. ഞങ്ങളുടെ മണ്ണില്‍ നിന്ന് പലപ്പോഴും യുദ്ധത്തില്‍ അല്ലെങ്കിലും ഞങ്ങളടക്കം പലരും ജീവിതം കുരുപ്പിടിപ്പിക്കാന്‍ വേണ്ടി പലവിധ പലായനങ്ങളും നടത്തിയിട്ടുണ്ട്. ഓരോ ട്രാന്‍സ്ഫറുകള്‍ വരുമ്പോഴും ഞങ്ങള്‍ ഇങ്ങനെ കിടക്ക കെട്ടിയിട്ടുണ്ട്. ഒരേ സമയം വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്ത അടിമത്ത ഭൂമിയില്‍ നിന്നു ജീവിതം പിടിക്കാനുള്ള ഓട്ടങ്ങള്‍ കേരളത്തിലെ കോളനികളില്‍ ജീവിച്ച മനുഷ്യര്‍ ഇങ്ങനെ ഓടിയിട്ടുണ്ട്. കടം കയറിയും പ്രളയത്തിലും അടിമജീവിതം മടുത്തും കുടകിലേക്കും പലായനം ചെയ്ത പല കഥകളും ഞങ്ങളുടെ നാട്ടില്‍ നിന്നും ഞങ്ങളും കേട്ടിട്ടുണ്ട്.

അപ്പോഴൊക്കെ തങ്ങളുടെ മണ്ണ് വിട്ടുപോകുന്ന വേദന ആ മനുഷ്യര്‍ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. ഏറ്റവും അവസാനം ഞങ്ങളുടെ വീട് വിട്ടു അവിടത്തെ അവസാന മനുഷ്യരും അവിടം വിട്ടുപോകുന്നതോടുകൂടി അടിമത്തത്തില്‍ തുടങ്ങി പിന്നീട് വളര്‍ന്ന മൂന്നോ നാലോ തലമുറയുടെ ചരിത്രം ആ മണ്ണിനോട് ചേര്‍ത്ത് വെച്ച് അവസാനിക്കുകയാണ്. പലായനം ലോകത്ത് പലവിധ ങ്ങളിലായിരിക്കാം. അതിലെ ഏറ്റവും ഭീകരമായ ഗാസയിലെ പലായനങ്ങള്‍ ഇവിടെ മറ്റൊരു ജ്യോഗ്രഫിയില്‍ നിന്ന് ഫീല്‍ ചെയ്യുന്നത്, ഞങ്ങളുടെ രക്തത്തില്‍ ഉള്ളവര്‍ അങ്ങനെ പലവിധ പലായനങ്ങളില്‍ ജീവിച്ചതുകൊണ്ടുമാകാം. ഒരു പട്ട വണ്ടിയുടെ മുകളില്‍ കിടക്ക കെട്ടുന്ന സീന്‍ പലപ്പോഴും ജീവിതത്തില്‍ നേരിട്ട് കണ്ടതുകൊണ്ടാകാം.

പലസ്തീന്‍ ദൃശ്യതയില്‍ വരുന്ന Five Broken Cameras, No Other Land എന്നീ രണ്ട് ഡോക്യുമെന്ററികള്‍ കാണാന്‍ കഴിയുമ്പോള്‍ മനുഷ്യരുടെ ഡിസ്‌പ്ലേസ്‌മെന്റിന്റെ ഭീകരത എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റും. സ്വന്തം രക്തത്തില്‍ ചേര്‍ത്ത് വെച്ച് മണ്ണില്‍ കെട്ടിപ്പടര്‍ത്തിയ ജീവിതങ്ങളെ, വീടുകളെ ബുള്‍ഡോസര്‍ കൊണ്ട് വന്ന് ഇസ്രായേലി പട്ടാളക്കാര്‍ തകര്‍ത്തുതരിപ്പണമാക്കി, പിന്നീട് ടെന്റുകളില്‍ ജീവിക്കുന്നവരുടെ ഗതി കേടുകള്‍, പലായനങ്ങള്‍ അത്രക്കും ഉള്ളുലക്കുന്ന രീതിയിലാണ് ഈ സിനിമകള്‍ ചിത്രീകരിച്ചത്.

അതിനെതിരെ പ്രതികരിച്ച മനുഷ്യരെ വെടിവെച്ച് കൊള്ളുന്ന യഥാര്‍ത്ഥ ജീവിതം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഒരു സിനിമാക്കാരന്റെ ക്യാമറകള്‍ തകര്‍ന്നുപോകുന്നത്. ഗാസയിലെ ജനങ്ങളോടൊപ്പം നില്‍ക്കുന്നത്, പലസ്തീനിലെ ജനങ്ങളോടൊപ്പം നില്‍ക്കുന്നത്, അവരുടെ പലായനങ്ങളുടെ വേറൊരു രൂപങ്ങള്‍ ഇവിടെ കാണുന്നത് കൊണ്ടുകൂടിയാണ്. മനുഷ്യര്‍ രക്തത്തിലൂടെയും യുദ്ധത്തിലൂടെയും അടിമത്തത്തിലൂടെയും ചേര്‍ത്ത് വെച്ച മണ്ണിനെ വിട്ടുപോകുന്ന പലായനങ്ങള്‍ ലോകത്തിലെ പല ഇടത്തും മനുഷ്യര്‍ അനുഭവിക്കുന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയില്‍ ഡിസ്‌പ്ലേസ് ചെയ്ത ഭൂമികളില്‍ ജീവിച്ച മനുഷ്യര്‍ – കീഴാളര്‍, ദളിതര്‍, അങ്ങനെ ഉള്ള മനുഷ്യരാണ് ഏറ്റവും കൂടുതല്‍ പലായനം ചെയ്യപ്പെട്ടിട്ടുള്ളത്. പലസ്തീനിലെ മനുഷ്യര്‍ അവരുടെ മണ്ണിനെ വിട്ട് കുട്ടികള്‍ അടക്കം മരിച്ചു വീഴുമ്പോള്‍ പലായനം ചെയ്യുമ്പോള്‍, അതിനോട് നില്‍ക്കാന്‍ തോന്നുന്നത് ഒരു ജാതി-വംശീയ സമൂഹത്തില്‍ അതുപോലുള്ള പലായനജീവിതം അനുഭവിച്ചതുകൊണ്ടാകാം.

ഇന്ത്യയിലെ ജാതിവംശീയതയില്‍ സ്വന്തം മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നവരുടെ കൂട്ടത്തിലെ ഒരു മനുഷ്യനെന്ന നിലയില്‍ അത്, ഗാസയിലെ മണ്ണിനുവേണ്ടി പോരാടുന്ന അവിടെനിന്നു പലായനം ചെയ്യപ്പെട്ട മനുഷ്യരുടെ കൂടെയാണ് ഞാന്‍.

No Comments yet!

Your Email address will not be published.