Skip to main content

ഓ സര്‍വശക്തനേ, നിങ്ങള്‍ക്ക് അനുശോചനങ്ങള്‍

ഓ പ്രഭോ,
ഞങ്ങളുടെ പ്രതിജ്ഞകളില്‍ ഞാന്‍ ആണയിടുന്നു.
ഒരു കയ്യില്‍ ചന്ദനത്തിിരിയും
മറുകയ്യില്‍ തീപ്പെട്ടിയുമായി
താഴേക്കുള്ള സൂചികയുടെ
ഗോവണി ഇറങ്ങുമ്പോള്‍
ഞങ്ങള്‍ക്ക് അവകാശപ്പെട്ട
ധാന്യത്തിനായി കാത്തുനില്‍ക്കുമ്പോള്‍
നിങ്ങള്‍ കാറ്റിനെ തന്നെ പിടിച്ചെടുക്കുന്നു.
അതിനായി ഞങ്ങള്‍ നിങ്ങളെ നമിക്കുന്നു.

കുതിച്ചു പായുന്ന വെള്ളക്കുതിരയില്‍ നിന്നുയരുന്ന
ധൂളികള്‍ ചാര ഉരുളകളായി
ഞങ്ങളുടെ പാത്രങ്ങളില്‍ അദ്ഭുതകരമായി പ്രത്യക്ഷപ്പെടുമ്പോള്‍
നിങ്ങള്‍ വില കൂടിയ ഉള്ളി പോലെ കമ്പോളത്തില്‍
വന്നെത്തുന്നു.

നിങ്ങളെ തിരിച്ചറിയാത്ത
നിര്‍ഭാഗ്യവാന്മാരായ ആത്മാക്കളോട്
നിങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു
‘ഇവിടെ തുപ്പരുത്’.
അതിനാല്‍ ഓ പ്രഭോ
ഞങ്ങളുടെ അഗാധമായ
പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.

ഞങ്ങളുടെ പേരക്കുട്ടികളുടെ മക്കള്‍ക്ക് നിങ്ങളുടെ പേരിടുമ്പോള്‍
ആദ്യത്തെ തളിരില മുളക്കുന്നത് സസൂക്ഷ്മമം വീക്ഷിച്ചു കൊണ്ട്
ഞങ്ങള്‍ ഭൂമിയിലേക്ക് വിത്തുകള്‍ എറിയുന്നു.
പക്ഷെ, വ്യാജ വിത്തുകള്‍ വില്‍ക്കുന്നവര്‍
പകല്‍ വെളിച്ചത്തില്‍
കൈക്കൂലിയില്‍ ആറാടുമ്പോള്‍
നിങ്ങള്‍ ഒരു
കോഴിയുടെ രൂപത്തില്‍ വന്നെത്തി
പുതു നാമ്പുകള്‍ കൊത്തി തിന്നുന്നു.
നിങ്ങളുടെ ആ ദിവ്യമായ
അവതാരത്തിന് മുന്നില്‍
ഞങ്ങളുടെ അളവില്ലാത്ത ആദരവ് അര്‍പ്പിക്കുന്നു.

ഓ യജമാനനെ
ആകാശത്തു ഉത്സവ വിളക്കുകള്‍ പൂക്കുമ്പോള്‍
നിങ്ങളുടെ പേര് ഉരുവിടാത്ത നാവുകള്‍
പിഴുതെറിയപ്പെടുമ്പോള്‍
നിങ്ങളുടെ
ആജ്ഞാനുവര്‍ത്തികളുടെ
ശമ്പളം ഒരു രഹസ്യം അല്ലാതാവുന്നു.
ഗര്‍ഭ പാത്രത്തിലേക്ക്
നഖങ്ങള്‍ ആഴ്ത്തിയവരെ
കോടതിക്ക് മുന്നിലേക്ക് വലിച്ചിഴക്കാന്‍ ധൈര്യം കാണിച്ച സ്ത്രീയെ
പാഞ്ഞടുത്ത ട്രക്കിന്റെ
ചക്രങ്ങള്‍ക്കടിയില്‍ നിശബ്ദയാക്കിയവര്‍ക്ക് ജാമ്യം കൊടുത്ത്
അവരെ സര്‍വതന്ത്ര സ്വതന്ത്രരാക്കുന്ന
ഉദാരരൂപന് മുന്നില്‍
ഞങ്ങള്‍ തല കുനിക്കുന്നു.

ഞങ്ങള്‍ വയലുകളില്‍ പണി എടുക്കുമ്പോള്‍
ഭൂമി ഉഴുതു മറിക്കുമ്പോള്‍
ലഘുലേഖകള്‍ ഞങ്ങളുടെ കയ്യില്‍ തന്ന് നല്ല വിളവ് നല്‍കാന്‍ പ്രാര്‍ത്ഥിക്കാനായി
പള്ളിയിലേക്ക് വിളിക്കുന്നു.
ദൈവം അവരെ രക്ഷിക്കട്ടെ.
പട്ടിണി കിടക്കുന്ന കൊക്കുകള്‍ വരണ്ട ഭൂമിയില്‍ കൊത്തി പെറുക്കുമ്പോള്‍
ഞങ്ങളുടെ കലപ്പകള്‍
വാ തുറക്കരുതെന്ന്
വിശ്വസിക്കുന്നവരെ നീ
ചേര്‍ത്തു നിര്‍ത്തുന്നു.
നിന്റെ ദിവ്യമായ ഭവനത്തിലേക്ക്
അവരെ ക്ഷണിക്കുന്നു.
അതിനായി ഞങ്ങളുടെ
നല്ല നമസ്‌കാരങ്ങള്‍ സ്വീകരിച്ചാലും.

ഓ പിതാവേ, വൃദ്ധരായവര്‍, കാത്തു നിന്ന് ക്ഷീണിച്ച്, അവരുടെ അവസാനത്തെ കരുതല്‍ ശേഖരവും ശൂന്യമാകുമ്പോള്‍
മേല്‍ വിലാസമില്ലാത്തവന്
കത്തുകള്‍ അവശേഷിപ്പിക്കുമ്പോള്‍
വരൂ ഒരിക്കലെങ്കിലും
ഞങ്ങളുടെ കൂടെ നിരാഹാരം കിടക്കാന്‍.

കാരണം, പരിഹരിക്കപ്പെടാതെ പോവുന്നത്
വെറും പ്രേമ വിവാദങ്ങളല്ല
മൃതരായവരുടെ
നിശബ്ദമാക്കപ്പെട്ട ശ്വാസമാണ്
നിനക്കുള്ള പ്രകീര്‍ത്തന ഭജനകളായി ഉയരുന്നത്.
അതിനായി, ഞങ്ങളുടെ അഗാധമായ അനുശോചനങ്ങള്‍.


വിവ: ബിന്ദു ജഗദീഷ്

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.