മലയാള ജനകീയ നാടകവേദിക്ക് മറക്കാനാകാത്ത കലാവ്യക്തിത്വവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന മധുമാസ്റ്ററുടെ പേരില്‍ കള്‍ച്ചറല്‍ ഫോറം കേരള ഏര്‍പ്പെടുത്തിയ മൂന്നാമത് മധുമാസ്റ്റര്‍ അവാര്‍ഡ് പ്രശസ്ത നാടക നടന്‍ അടാട്ട് ഗോപാലന്.

മൂന്നാമത് മധുമാസ്റ്റര്‍ അവാര്‍ഡാണ്, മലയാള നാടകവേദിയില്‍ മൂന്നു ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗോപാലന്‍ അടാട്ടിനു സമര്‍പ്പിക്കുന്നത്. മലയാള നാടകചരിത്രത്തില്‍ വലിയ വഴിത്തിരിവു സൃഷ്ടിച്ച അന്തരിച്ച നാടക സംവിധായകന്‍ ജോസ് ചിറമ്മലിന്റെ റൂട്ട് നാടകസംഘത്തോടോപ്പം 1987ല്‍ സഞ്ചരിച്ചുതുടങ്ങിയ ഗോപാലന്‍ അടാട്ട് വിവിധ ദേശീയ അന്തര്‍ദ്ദേശീയ വേദികളില്‍ അഭിനയമികവിനാല്‍ ശ്രദ്ധിക്കപ്പെട്ട കലാകാരനാണ്. മലയാള ചലച്ചിത്ര രംഗത്തും ഗോപാലന്‍ അടാട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
നവംബര്‍ 7 നു വൈകുന്നേരം 4 മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന മധുമാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് റവല്യൂഷണറി കള്‍ച്ചറല്‍ ഫോറം അഖിലേന്ത്യാ കണ്‍വീനര്‍ തുഹിന്‍ ദേബ് (ഛത്തീസ്ഗഡ്) അവാര്‍ഡ് സമര്‍പ്പണം നടത്തും. പ്രശസ്തി പത്രവും ഫലകവും 10000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. നാടക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കും.
ഗാസയിലെ വംശഹത്യക്കെതിരെ പ്രതിഷേധിച്ചും പലസ്തീന്‍ ജനതയോട് ഐക്യപ്പെട്ടുകൊണ്ടും പലസ്തീന്‍ ഗാനങ്ങളുടെ ആവിഷ്‌കാരം സംഘടിപ്പിക്കും.

തുടര്‍ന്ന് രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി, ”സത്യപ്പുല്ല്” പ്രദര്‍ശിപ്പിക്കും. പരിപാടിയില്‍ സംവിധായകനും പങ്കാളിയാകും.

1948 ഒക്ടോബര്‍ 12 ന് കോഴിക്കോട് അത്താണിക്കലിലായിരുന്നു ജനനം. സ്‌കൂള്‍ കാലഘട്ടത്തിനു ശേഷം കോഴിക്കോട് ട്രൈയിനിംഗ് കോളേജില്‍ നിന്നും അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. നക്‌സല്‍ പ്രസ്ഥാനങ്ങളുമായി അടുക്കുന്നത് ഇക്കാലയളവിലാണ്. വയാനാട് കൈനാട്ടി എല്‍പി സ്‌കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. നക്‌സല്‍ പ്രസ്ഥാനങ്ങളുമായുള്ള സജീവ ഇടപെടലുകളെ തുടര്‍ന്ന് അദ്ദേഹം ജയില്‍ വാസമനുഷ്ഠിച്ചു. കേസില്‍ നിന്ന് വിട്ടയച്ച ശേഷം കോഴിക്കോട് ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അധ്യാപകനായിരുന്നു.
കേരളത്തിൽ ഇടതുപക്ഷ ബദൽരാഷ്ട്രീയ നാടകപ്രസ്ഥാനത്തിനു തുടക്കമിട്ടവരിലൊരാളാണ്. മീഞ്ചന്ത ഗവ.ആർട്സ് കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ നാടകത്തിൽ ഹാസ്യവേഷമഭിനയിച്ചാണ് അരങ്ങിലെത്തിയത്. എസ്എഫ്ഐയുടെ ആദ്യ രൂപമായ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ അംഗമായി സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1971ൽ അദ്ദേഹം തന്നെ ആരംഭിച്ച റെഡ് ഫൈറ്റേഴ്സ് എന്ന സംഘടനയുടെ ബാലവിഭാഗത്തിനുവേണ്ടിയാണ് ആദ്യമായി നാടകമെഴുതിയത്. 1971ൽ വയനാട്ടിലെ കൈനാട്ടി എൽപി സ്കൂളിൽ താൽക്കാലിക അധ്യാപകനായി ചേർന്നു. പിന്നീടു മീനങ്ങാടി സ്കൂളിൽ അധ്യാപകനായി സ്ഥിരനിയമനം കിട്ടി. അടിയന്തരാവസ്ഥക്കാലത്ത് നക്സലൈറ്റ് ഗറില്ലാ സ്ക്വാഡിന്റെ വയനാട്ടിലെ സെക്രട്ടറിയായിരുന്നു. പലിശക്കാർക്കെതിരായ മണി ആക്‌ഷനിൽ പങ്കെടുത്തതിനു രണ്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞു. ആറു മാസത്തോളം പൊലീസിന്റെ രഹസ്യക്യാംപിൽ അനധികൃത തടവിലായിരുന്നു. നക്സൽ തടവുകാർ ജയിൽമോചനത്തിനു ശേഷം രൂപീകരിച്ച സാംസ്കാരിക വേദിക്കായി മധു മാഷ് രചിച്ച ‘പടയണി’ നാടകം സംസ്ഥാനത്തൊട്ടാകെ അവതരിപ്പിക്കപ്പെട്ടു. മാക്സിം ഗോർക്കിയുടെ രചനയെ ആസ്പദമാക്കി എഴുതി സംവിധാനം ചെയ്ത ‘അമ്മ’യിലൂടെയാണ് അക്കാലത്തു വിദ്യാർഥിയായിരുന്ന നടൻ ജോയ് മാത്യു അരങ്ങിലെത്തിയത്. കറുത്ത വാർത്ത, കലിഗുല, മൂട്ട, ക്രൈം, സുനന്ദ, സ്പാർട്ടക്കസ്, പുലിമറിഞ്ഞ കുട്ടൻമൂസ് തുടങ്ങിയവയാണു മറ്റു പ്രധാന നാടകങ്ങൾ. സംവിധായകൻ ജോൺ ഏബ്രഹാമിന്റെ അടുത്ത സുഹൃത്തായിരുന്നു. പി.എ.ബക്കറിന്റെ ‘സംഘഗാനം’, രവീന്ദ്രന്റെ ‘ഒരേ തൂവൽപക്ഷികൾ’, കെ.പി.കുമാരന്റെ ‘തോറ്റം’, ജോയ് മാത്യുവിന്റെ ‘ഷട്ടർ’, രഞ്ജിത്തിന്റെ ‘ലീല’ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. 33 കൊല്ലത്തെ അധ്യാപന ജീവിതത്തിൽ 16 വർഷം സസ്പെൻഷനിലായിരുന്നു. 1984ൽ അധ്യാപകജോലി തിരികെ ലഭിച്ചു. 2004ൽ കുറ്റ്യാടി വേളം ചെറുകുന്ന് ഗവ. എൽപി സ്കൂളിൽ നിന്നു പ്രധാനാധ്യാപകനായി വിരമിച്ചു.







No Comments yet!