Skip to main content

ഗുരുക്കന്മാർ, ബിമൽ റോയ്‌, വിമർശനം

കല വ്യക്തിപരമാകുന്നതുപോലെ രാഷ്ട്രീയപരവുമാകാം എന്ന് സിനിമയുടെ ഭാഷയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും, സിനിമയുടെ ഭാഷ തന്നെ പുനര്‍നിര്‍വചിക്കുകയും ചെയ്ത പ്രതിഭയായിരുന്നു ഋത്വിക് ഘട്ടക് (1925-1976). സിനിമയിലെ കവിതാത്മക സ്വരം. വിഭജനത്തിന്റെ, ജനിച്ചയിടം നഷ്ടപ്പെടുന്നതിന്റെ, എരിഞ്ഞടങ്ങാന്‍ വിസ്സമ്മതിക്കുന്ന ആഗ്രഹങ്ങളുടെ, വേദനകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഒപ്പിയെടുത്തു. ജുക്തി ടാക്കോ ഗപ്പോ, മേഖേ ദഖാ താര, കോമോള്‍ ഗന്ധാര്‍, സുവര്‍ണ്‍ രേഖ, എന്നിങ്ങനെയുള്ള സിനിമകളിലൂടെ അദ്ദേഹം വ്യക്തിപരമായ ദുഖകഥകളെ കവിത തുളുമ്പുന്ന സിനിമകളാക്കി. റിയലിസം, മിത്ത്, സംഗീതം, രൂപകാലങ്കാരം എല്ലാം അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാനാകും. പിന്നീടു വന്ന തലമുറകളെപ്പോലും സ്വാധീനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമാനിര്‍മ്മാണ രീതി. 1970 ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പക്ഷേ എങ്കിലും ജീവിച്ചിരുന്ന കാലങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ തമസ്‌കരിക്കപ്പെടാനുള്ള ഉത്സുകത അധികമായിരുന്നു എന്ന് കരുതപ്പെടുന്നു. 1975 ല്‍ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണിവിടെ ചേര്‍ത്തിരിക്കുന്നത്.

ഭാഗം 2: പ്രചോദനങ്ങൾ

ചലച്ചിത്ര നിർമ്മാണം എന്ന കലയിൽ താങ്കളെ സ്വാധീനിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്തിട്ടുള്ളതാരാണ്‌? ആ പ്രചോദനം അല്ലെങ്കിൽ സ്വാധീനം താങ്കളുടെ കലയെ എങ്ങനെ ബാധിച്ചു?

ഞാൻ മാത്രമല്ല, ഈ കലയെ ഗൗരവത്തോടെ കാണുന്ന ഏതൊരു വ്യക്തിയേയും, ഈ രംഗത്ത്‌ ബംഗാളിലോ മറ്റിടങ്ങളിലോ ഗൗരവതരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഏതൊരാളേയും, നിങ്ങൾ കേട്ടിട്ടുള്ള ഏതൊരു പേരിനേയും, പ്രചോദിപ്പിച്ചിട്ടുള്ള ഒരു വ്യക്തിയുണ്ട്‌. സഹ്ഗെ ഐസൻസ്റ്റൈൻ എന്നാണയാളുടെ പെര്‌.

Sergei Eisenstein

ഐസൻസ്റ്റൈൻ നമുക്ക്‌ മുന്നിലില്ലായിരുന്നു എങ്കിൽ സിനിമാനിർമ്മണം എന്നതിന്റെ ആദ്യാക്ഷരം പോലും നമുക്കറിയാനാകില്ലായിരുന്നു. അദ്ദേഹമാണു നമ്മുടെയെല്ലാം പിതാവ്‌. ഗോഡ്ഫാദർ. ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ എഴുത്തുകളും സിദ്ധാന്തങ്ങളും, സിനിമകളും ഞങ്ങളെ ഭ്രാന്തുപിടിപ്പിച്ചു. അക്കാലത്ത്‌ അതൊന്നുമത്ര എളുപ്പത്തിൽ ലഭിക്കുന്നവയല്ലായിരുന്നു. ഞങ്ങൾക്ക്‌ അവയെ രഹസ്യമായി കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു. വളരെ ശ്രദ്ധിച്ച്‌ കൈവശം വയ്ക്കേണ്ടിയിരുന്നു. നിങ്ങൾ വേണമെങ്കിൽ സത്യജിത്‌ റെയോട്‌ ചോദിച്ചോളൂ. ഐസൻസ്റ്റൈൻ എന്ന ഈ മനുഷ്യനാണു ഞങ്ങളുടെയെല്ലാം പിതാവെന്ന്‌ അദ്ദേഹവും സമ്മതിക്കും. അദ്ദേഹത്തിൽ നിന്നാണു ഞങ്ങൾ ചലച്ചിത്ര നിർമ്മാണത്തിലെ മുഖ്യപ്രവർത്തനമായ കത്രിക വയ്ക്കുക, എഡിറ്റ്‌ ചെയ്യുക, എന്നതു പഠിച്ചത്‌.

Vsevolod Pudovkin

പിന്നെ പുദോവ്കിനുണ്ട്‌. 1949 ൽ അദ്ദേഹം ഇവിടെ വന്നിരുന്നു. അദ്ദേഹത്തെ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തെ പിന്തുടരണം എന്ന്‌ പാർട്ടിയാണെന്നോട്‌ ആവശ്യപ്പെട്ടത്‌. അദ്ദേഹവുമൊത്ത്‌ സമയം ചിലവിട്ട്‌ അദ്ദേഹത്തിൽ നിന്നു പഠിക്കണമെന്ന്‌. എന്റെ വിദ്യഭ്യാസത്തിന്റെ അടിസ്ഥാനമായ ചിലതെല്ലാം പുദോവ്കിൻ പറഞ്ഞു തരികയുണ്ടായി. സിനിമകൾ നിർമ്മിക്കപ്പെടുകയല്ല. ചലച്ചിത്രനിർമ്മാണം എന്നതൊരു അർത്ഥവുമില്ലാത്തതാണ്‌. സിനിമ കെട്ടിപ്പടുക്കുകയാണ്‌. ഓരോരോ ഇഷ്ടികളായി, ഒരു വീടു കെട്ടിയുണ്ടാക്കുന്നതുപോലെ തന്നെ. അങ്ങനെയാണു നിങ്ങൾ സിനിമകൾ കെട്ടിയുയർത്തുന്നത്‌. ഒരോ ഷോട്ടുകളായി വെട്ടിയൊതുക്കി. അത്‌ നിർമ്മിക്കുകയല്ല, കെട്ടിപ്പടുക്കുകയാണ്‌. ഈ രണ്ട്‌ വ്യക്തികളേയും കൂടാതെ കാൾ ഡ്രെയറുണ്ട്‌. വളരെ മുമ്പ്‌ പൂനയിൽ വച്ച്‌ അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ കണ്ടിരുന്നു. ദ പാഷൻ ഓഫ്‌ ജോൻ ഓഫ്‌ ആർക്‌. ആ സിനിമ കണ്ടതിനു ശേഷം എനിക്ക്‌ എന്തുചെയ്യണമെന്നറിയാതെയായി. എന്റെ ഗുരു എന്ന്‌ എനിക്കവകാശപ്പെടാനാകുന്ന മറ്റൊരാൾ കൂടിയുണ്ട്‌. ലൂയിസ്‌ ബൂന്വേൽ. ഇവരൊക്കെയാണെന്റെ ഗുരുക്കന്മാർ. പിന്നെ മിസ്ഗൂച്ചി…അത്‌ മറന്നു. ഉഗേട്സു മൊണോഗാടറി കണ്ടപ്പോൾ ഞാനാകെ ഉന്മത്തനായി. ഭ്രാന്തനായി. എന്തൊരു സിനിമയാണത്‌. എനിക്ക്‌ സിനിമയെക്കുറിച്ചറിയാവുന്നതെല്ലം ഞാൻ ഇവരിൽ നിന്ന്‌ പഠിച്ചതാണ്‌.

താങ്കൾ കണ്ടിട്ടുള്ള ചില നല്ല സിനിമകളെക്കുറിച്ച്‌ സംസാരിക്കാമോ?

ഏറ്റവും നല്ല സിനിമയേതെന്ന്‌ ഞാൻ പറയണമെന്നാണോ? ബാറ്റിൽഷിപ്‌ പൊടെംകിൻ. അതിനേക്കാൾ മികച്ച ഒരു സിനിമ ഇതുവരെയുണ്ടായിട്ടില്ല. തീർച്ചയായുമില്ല. അതിലെ ഒഡെസ സ്റ്റെപ്സ്‌ എന്ന രംഗം – അതിനേക്കാൾ മഹത്തരമായി ഒരാൾക്കും ഇനി ചിത്രീകരിക്കാനാകില്ല. ആ സിനിമ എഡിറ്റിങ്ങ്‌ സിനിമയ്ക്കെന്തു ചെയ്യുന്നു എന്നു പറയുന്നതാണ്‌. കത്രിക എവിടെ വയ്ക്കുന്നു, എഡിറ്റിങ്ങ്‌ എങ്ങനെ ചെയ്യുന്നു എന്നതിനെക്കുറിച്ച്‌. കത്രികയാണു സിനിമ. എപ്പോൾ വെട്ടിക്കളയണം എന്ന തീരുമാനം. എത്ര ഫ്രെയിമിനു ശേഷം വെട്ടണം എന്ന തീരുമാനം. സിനിമ മൊത്തമായി തന്നെ അതിനെ ആശ്രയിച്ചിരിക്കുന്നു. ബാറ്റിൽഷിപ്‌ പൊടെംകിനെക്കാൾ മഹത്തരമായി ആരും ഒന്നും സൃഷ്ടിച്ചിട്ടില്ല.

 

ഭാഗം 3: സിനിമാനിർമ്മാണത്തിലെ വെല്ലുവിളികളും സിനിമാ വിമർശനങ്ങളും

താങ്കളുടെ അനുഭവത്തിൽ സിനിമാനിർമ്മാണത്തിലെ ഏറ്റവും വിഷമമേറിയ വശം ഏതാണ്‌, എന്തുകൊണ്ട്‌?

എന്റെ അനുഭവത്തിൽ സിനിമാനിർമ്മാണത്തിൽ ആകെ ഒരേയൊരു വശമേ വിഷമകരമായിട്ടുള്ളു. ഒന്നേയൊന്ന്‌. മറ്റൊന്നുമില്ല. അത്‌ സാമ്പത്തികമാണ്‌. പണം സ്വരൂപിക്കുക അതിനെ കൈകാര്യം ചെയ്യുക എന്നത്‌ വലിയ വെല്ലുവിളിയാണ്‌. അതിനു ശേഷം എന്റെ തൊഴിലാളികൾ, ടെക്നീഷ്യൻസ്‌, കലാകാരന്മാർ എല്ലാം മഹത്തായ ഒരു കലാസൃഷ്ടിക്കു വേണ്ടി ജീവൻ സമർപ്പിക്കും. പണം ലഭിക്കുകയും അതിനെ കൈകാര്യം ചെയ്യുകയുമാണ്‌ വലിയ തടസ്സം. മറ്റൊന്നുമില്ല.

എന്തുകൊണ്ടാണത്‌ അത്ര ബുദ്ധിമുട്ടുള്ളതാകുന്നത്‌?

നമ്മുടെ സാമൂഹ്യ ഘടന മൂലം. അല്ലാതെന്താ? അതിനെക്കുറിച്ച്‌ സംസാരിക്കാൻ തുടങ്ങിയാൽ ആദ്യം എനിക്ക്‌ മാർക്സിസത്തെക്കുറിച്ച്‌ പറയേണ്ടി വരും. കുറേ തെമ്മാടികളും തന്തയില്ലാത്തവരും പണമെല്ലാം തട്ടിയെടുത്ത്‌ എല്ലാവിധ അശ്ളീലകളും വേണ്ടാതീനങ്ങളും ചെയ്യുന്നു. അവരാണെല്ലാ വൈഷമ്യങ്ങളുമുണ്ടാക്കുന്നത്‌. ഈ കരിഞ്ചന്തക്കാരെ അടക്കി നിർത്താനാകുമെങ്കിൽ എല്ലാതിനും പോംവഴിയാകും. നിങ്ങൾക്കും അതെല്ലാം കാണാമാല്ലോ. പതിനൊന്നായിരം കോടി വെള്ളപ്പണം ഇന്ന്‌ നമ്മുടെ രാജ്യത്ത്‌ ലഭ്യമായുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. അതേ സമയം കള്ളപ്പണം മുപ്പത്തി മൂന്നായിരം കോടിയും. അതെല്ലാം കരിഞ്ചന്തയിലാണ്‌.

സിനിമാനിർമ്മാണവുമായി അതിനെന്തു ബന്ധം?

ഞാൻ പറഞ്ഞത്‌ സിനിമയെക്കുറിച്ച്‌ മാത്രമല്ല. നമ്മുടെ സമൂഹത്തെക്കുറിച്ചു കൂടിയാണ്‌. സമ്പദ്‌ വ്യവസ്ഥയെക്കുറിച്ച്‌. ഈ കരിഞ്ചന്തക്കാർ അതെല്ലാം കയ്യടക്കിയിരിക്കുന്നു. എല്ലാഭാഗത്തുനിന്നും വരുന്നത്‌ അവരുടെ പണമാണ്‌. ഭാരത സർക്കാർ പോലും അത്‌ സമ്മതിച്ചിരിക്കുന്നു. ഇന്ന്‌ ഒരു രൂപയുടെ യഥാർത്ഥ മൂല്യം, നിരന്തരം വീഴ്ച്ചകൾക്ക്‌ ശേഷം മുപ്പത്തിയാറു പൈസയായിരിക്കുന്നു. ചവാൻ അത്‌ സമ്മതിച്ചിട്ടുണ്ട്‌. സത്യത്തിൽ അത്‌ ഇരുപത്തിയഞ്ചു പൈസ മാത്രമാണ്‌. ഒരു രൂപയുടെ മൂല്യം ഇരുപത്തിയഞ്ചു പൈസ. വിലക്കയറ്റം മൂലം ജനങ്ങൾക്ക്‌ ഭക്ഷണം കഴിക്കാനാകുന്നില്ല. ഈ ദാരിദ്ര്യം ഇവിടുത്തെ വ്യവസ്ഥയെ തുറന്ന്‌ കാണിച്ചിരിക്കുന്നു. എന്തു പറയണം എന്നറിയില്ല. സിനിമയ്ക്ക്‌ പ്രത്യേകതകളൊന്നുമില്ല. അവയും ഈ ചതുരംഗത്തിലെ ഒരു കരു മാത്രം.

മഹത്തായ ഒരു സാഹിത്യ സൃഷ്ടി സിനിമയാക്കുമ്പോൾ ഒരു കലാകരനഭിമുഖീകരിക്കുന്ന വിഷമതകൾ എന്തൊക്കെയാണ്‌?

ഈ രാജ്യത്ത്‌ മഹത്തായ സാഹിത്യം എന്നു പറയാൻ അത്രയൊന്നുമുണ്ടായിട്ടില്ല. ഉള്ളതുവച്ച്‌ നിങ്ങൾ സിനിമ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. സാഹിത്യം ഒരു കലാരൂപമാണ്‌. സിനിമ മറ്റൊരു കലാരൂപം. അതിനാൽ സാഹിത്യമുപയോഗിച്ച്‌ തിരക്കഥ തയ്യാറാക്കുമ്പോൾ അതിനെ കമ്പോടുകമ്പ്‌ പിന്തുടരാനാകില്ല. അതു ശരിയുമല്ല. സിനിമ പ്രാഥമികമായും കാഴ്ചയാണ്‌. കാണാനാകുന്ന കലാരൂപം. അത്‌ മനസ്സിലുണ്ടാകണം. ശബ്ദം രണ്ടാം സ്ഥാനത്തേ വരുന്നുള്ളു. അതിനും പ്രാധാന്യമുണ്ട്‌, ഇല്ലെന്നല്ല. ചിത്രങ്ങളെ മുന്നോട്ടു നയിക്കാൻ അതു സഹായിക്കും. സാഹിത്യം എന്നത്‌ വായനയ്ക്ക്‌ വേണ്ടിയുള്ളതാണ്‌. മഹത്തായ ഒരു സാഹിത്യ സൃഷ്ടി വായിക്കുമ്പോൾ നിങ്ങൾക്ക്‌ വലിയ സന്തോഷം തോന്നും….വാക്കുകൾക്കായി ശുദ്ധീകരിക്കപ്പെട്ട നിങ്ങളുടെ രുചിയിൽ നിന്ന്‌ ഉത്ഭവിക്കുന്നതാണത്‌. എന്നാൽ സിനിമ ഒരു പെർഫോമിങ്ങ്‌ ആർട്ട്‌ ആണ്‌. അത്‌ കാണുന്നതും കേൾക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. അതിനാൽ അതിനനുസരിച്ച്‌ മാറ്റങ്ങൾ നിങ്ങളും വരുത്തണം. അതു കാരണം എഴുത്തുകാരനു ഭ്രാന്തെടുക്കും എന്നൊക്കെ പറഞ്ഞാൽ എനിക്കതിനു മറുപടിയില്ല. ഒരു മാധ്യമത്തെ മറ്റൊന്നിലേക്ക്‌ പരിവർത്തനം ചെയ്ത്‌ അത്‌ ആസ്വാദ്യകരമാക്കണമെങ്കിൽ അതിൽ മാറ്റങ്ങൾ വേണ്ടി വരും എന്നവർ മനസ്സിലാക്കണം.

കലാപരമായ അതുല്യതയും ഒരു ശരാശരി സിനിമാ പ്രേമി അതു മനസ്സിലാക്കുന്നതിനുമിടയിലെ വിടവ്‌ നമ്മൾ നിരീക്ഷിക്കേണ്ടതാവശ്യമാണെന്ന്‌ കരുതുന്നുണ്ടോ?

ഇല്ല. ഇല്ല. ഇത്തരം നിസ്സാര ചോദ്യങ്ങൾ ആവശ്യമില്ല.

എന്തുകൊണ്ടാണങ്ങനെ പറഞ്ഞത്‌? എന്തൊക്കെയുണ്ടെങ്കിലും താങ്കൾ ചില നല്ല സിനിമകൾ ചെയ്യുന്നുണ്ട്‌. പക്ഷേ ഭൂരിപക്ഷമാളുകളിലേക്കതെത്തുന്നില്ല. ഇങ്ങനെയൊരു സന്ദർഭത്തിൽ ആശയവിനിമയം സംഭവ്യമാക്കാൻ, ഈ വിടവൊന്നു നികത്താൻ, നമുക്കെന്തു ചെയ്യാനാകും? നമ്മൾ അതിനെക്കുറിച്ചാലോചിക്കണ്ടേ? പ്രേക്ഷകർ ചിന്തിക്കുകയും മനനം ചെയ്യുകയും വേണ്ടേ?

പ്രാഥമികമായി, ഇതിനെക്കുറിച്ചൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ആരെന്റെ സിനിമ സ്വീകരിക്കും ആരില്ല എന്നതിനെ അടിസ്ഥാനപ്പെടുത്തിയല്ല ഞാൻ എന്റെ ജീവിതം ജീവിക്കുന്നതെന്നതാണാദ്യത്തെ കാര്യം. രണ്ടാമത്തേത്‌ ഇത്തരം ചോദ്യങ്ങൾ മൂല്യമില്ലാത്തതാണെന്നതും. വിവേകമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കുക.

സിനിമയെ മനസ്സിലാക്കുന്നതിൽ വിമർശകരുടെ സ്ഥാനമെന്താണ്‌? ഇവിടത്തെ വിമർശകർ എങ്ങനെയുള്ളവരാണ്‌?

വിമർശകന്റെ ഭാഗധേയം വളരെ പ്രാധാന്യമുള്ളതാണ്‌. വളരെ വളരെ പ്രാധാന്യമുള്ളത്‌. ആരാണൊരു വിമർശകൻ? സർഗ്ഗാത്മകതയുള്ള കലാകാരനും പ്രേക്ഷകനും ഇടയിലെ പാലമാണയാൾ. പക്ഷേ നമ്മുടെ രാജ്യത്ത്‌ അത്തരത്തിലുള്ള വിമർശകരില്ല. ഉണ്ടായിരുന്ന ഒന്നു രണ്ടുപേർ തന്നെ ഇപ്പോൾ വിൽക്കപ്പെട്ടിരിക്കുന്നു. ചില വാണിജ്യ പത്രമാസികൾ അവരെ വാങ്ങിയിരിക്കുന്നു. ഇപ്പോൾ സത്യമെഴുതാൻ അവർക്ക്‌ ധൈര്യമില്ല. അവർ ഉത്തരവുകൾ അനുസരിക്കുന്നു. വിമർശനം എത്ര അമൂല്യമാണെന്ന്‌ അതിനാൽ തന്നെ എനിക്ക്‌ നിങ്ങളെ ഇപ്പോൾ ബോധ്യപ്പെടുത്താനാകുന്നില്ല. അതിനായി ഞാൻ ശ്രമിക്കുന്നുമില്ല.

George Bernard Shaw

ജോർജ്ജ്‌ ബർണാഡ്‌ ഷാ, ഒരു നാടകൃത്താകുന്നതിനും മുമ്പ്‌ ഇംഗ്ളീഷ്‌ നാടകങ്ങളെ വിമർശിച്ചിരുന്നു. അന്ന്‌ ലണ്ടൻ നഗരം അദ്ദേഹത്തെ വട്ടമിട്ടു. അത്‌ യഥാർത്ഥ എഴുത്തായിരുന്നു. ഇവിടെ അങ്ങനെ എഴുതാനുള്ള ധീരതയൊന്നും ആർക്കുമില്ല. ചെയ്യാനാകുന്ന ചിലരൊക്കെയുണ്ട്‌. ഒന്നു രണ്ടുപേരെ എനിക്കറിയാം. സരോജ്‌ സെൻഗുപത വളരെ ഗൗരവത്തിൽ എഴുതാറുണ്ടായിരുന്നു. അയാളെ ചവുട്ടിപ്പുറത്താക്കി. മറ്റൊരാളുണ്ടായിരുന്നു….പേരു മറന്നു…ആനന്ദബസാറിലാണയാൾ….

ജ്യോതിർമൊയിയാണോ?

അല്ല. അല്ല.

എൻ.കെ.ജി?

അല്ല. എൻ. കെ. ജിയല്ല. മറ്റൊരാൾ. എനിക്കയാളുടെ പേരോർമ്മവരുന്നില്ല. ഓർമ്മ വന്നാൽ ഞാൻ പറയാം. ഇവർ രണ്ടുപേർ മാത്രമേ വിമർശകരായുള്ളു. പിന്നെയുള്ളത്‌ ഇപ്പോൾ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ പത്രാധിപരായിരിക്കുന്ന ശ്യാംലാൽ. അദ്ദേഹവും ഒരു സിനിമാ വിമർശകനായിരുന്നു. അദ്ദേഹത്തെ പിന്നെ അവർ എഡിറ്ററാക്കി. ഈ വർഷം അദ്ദേഹത്തിനു പത്മശ്രീയോ മറ്റോ ലഭിക്കുകയുണ്ടായി. ഇതൊക്കെയാണു യാഥാർത്ഥ്യം. ഈ രാജ്യത്ത്‌ വിമർശകരെ ആരും ബഹുമാനിക്കാറില്ല. ചിലർക്കെല്ലാം സത്യസന്ധമായി പ്രവർത്തിക്കണം എന്ന ആഗ്രഹമുണ്ടാകാറുണ്ട്‌. അവരെ പെട്ടെന്ന്‌ നീക്കിക്കളയും. ബാക്കിയുള്ളവരെക്കുറിച്ച്‌ പറയുന്നതിൽ എന്തർത്ഥമാണുള്ളത്‌? സിനിമകളെ വിമർശിക്കണമെങ്കിൽ ആദ്യം ആ മാധ്യമത്തെ മനസിലാക്കണം. വേണ്ടേ? അങ്ങനെയുള്ളവർക്കേ ഈ പ്രക്രിയയുടെ മഹത്വം മനസിലാക്കാനാകൂ. ഞാൻ അതിനെക്കുറിച്ചൊന്നും കൂടുതൽ പറയുന്നില്ല. വെറുതെ വൈഷമ്യങ്ങളിലേക്കിറങ്ങുന്നില്ല. പറയാൻ വന്നത്‌ എനിക്കതറിയാം എന്നാണ്‌. അയാളുടെ പേരെനിക്ക്‌ ഓർമ്മവരുന്നില്ലല്ലോ….അയാളാണിന്ന്‌ ഇന്ത്യയിൽ ഏറ്റവും മികച്ചവൻ…ആനന്ദബസാറിൽ….ഇപ്പോൾ ദേശിൽ…അവിടെയെത്തിയതിനു ശേഷം അവർ അയാളെക്കൊണ്ട്‌ എഴുതിക്കുന്നില്ല.

സെബബ്രത?

അല്ല. സെബബ്രതയല്ല. ഇത്‌ വിചിത്രമായിരിക്കുന്നു. ചിലപ്പോഴൊക്കെ ചില പേരുകൾ പാടെ മറന്നുപോകുന്നു.

സാംസ്കാരിക പ്രസ്ഥാനങ്ങളെയെടുത്താൽ സിനിമ എന്ന മാധ്യമത്തിനെത്ര പ്രാധാന്യമുണ്ട്‌?

സിനിമ വളരെ പ്രധാനപ്പെട്ട ഒരു മാധ്യമാണെന്ന്‌ എനിക്ക്‌ തോന്നുന്നു. എന്നാൽ നമ്മൾ അതിനെ അതനുസരിച്ച്‌ ഉപയോഗിക്കുന്നുണ്ടോ? എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ നിങ്ങൾക്കെല്ലാം അറിയാമല്ലോ? ഇതൊക്കെ ചർച്ച ചെയ്യുന്നതിൽ എന്തർത്ഥം? ഈ രാജ്യത്ത്‌ സിനിമ വിലകുറഞ്ഞ ആനന്ദത്തിനായുള്ള ഒരു ഭ്രാന്തൻ ഉപകരണമായിരിക്കുന്നു. അതുകൊണ്ടു തന്നെ ഈ രാജ്യത്തെ സിനിമയുടെ ഭാവിയെക്കുറിച്ച്‌ എനിക്ക്‌ ആകുലതയുണ്ട്‌. ഭാവിയിൽ എന്തു സംഭവിക്കും എന്നെനിക്കറിയില്ല.

ഒരു വ്യവസായം എന്ന നിലയിൽ സിനിമ മൂലധനം ആവശ്യപ്പെടുന്നതാണ്‌. അതിൽ പിന്നെ എത്രകണ്ട്‌ വിമതത്തം കാണിക്കാനാകും?

തീർത്തും ശാരിയാണ്‌. എന്നാൽ അതെല്ലാം സിനിമ ആരു നിർമ്മിക്കുന്നു എന്നതിനെ ആശ്രയിക്കുന്നു. ഒരു കലാകാരൻ ഭയമില്ലാത്തവനാണെങ്കിൽ, അല്ലാതെ നട്ടെല്ലില്ലാത്തവനല്ല എങ്കിൽ, അവന്‌ അല്ലെങ്കിൽ അവൾക്ക്‌, എന്തും ചെയ്യാനാകും. അവരുടെ സിനിമകളിൽ അവർ ഈ വിശ്വത്തിന്റെ മുഴുക്കെ അവസ്ഥയും ക്ളേശങ്ങളും ഒപ്പിയെടുക്കാനാകും. അവരങ്ങനെയല്ലെങ്കിലോ? സാധാരണ നിലയിൽ അവരതു ചെയ്യുകയില്ല. അതുകൊണ്ടാണ്‌ നമ്മുടെ സിനിമ ഇങ്ങനെ അസംബന്ധമായത്‌.

ഭാഗം 4: ബിമൽ റോയിയെക്കുറിച്ചുള്ള ഓർമ്മകൾ

താങ്കളുടെ സിനിമാ നിർമ്മാണത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ, ബോംബെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരുന്നു. ആ അനുഭവങ്ങളെക്കുറിച്ച്‌ പറയാമോ?
വ്യവസായത്തിന്റെ ഏതു വശങ്ങളെക്കുറിച്ച്‌? പ്രത്യേകിച്ചും ബിമൽ റോയിക്കൊപ്പം ജോലി ചെയ്യുമ്പോഴത്തെ അനുഭവങ്ങളെക്കുറിച്ച്‌.

ബിമൽ റോയിയെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങേണ്ടത്‌ ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്‌. അദ്ദേഹം എത്ര മഹാനായ സിനിമാനിർമ്മാതാവിയിരുന്നു എന്നതല്ല എനിക്ക്‌ പ്രാധാന്യമുള്ളത്‌. ഒരു മനുഷ്യൻ എന്ന നിലയിലുള്ള മഹത്വമാണ്‌. എന്റെ കസിൻ സുധീഷ്‌ ഘട്ടക്കാണദ്ദേഹത്തെ ധാക്കയിൽ നിന്ന്‌ ഇവിടേക്ക്‌ കൊണ്ടുവന്നത്‌. അസിസ്റ്റന്റായി. അതും മൂന്നാമത്തെയാളായി. അക്കാലത്ത്‌ ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. സിനിമയെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ബിമൽദാ എന്നെ അക്കാലത്ത്‌ ന്യു തിയറ്ററിലേക്ക്‌ കൊണ്ടുപോകാറുണ്ട്‌. അന്നു ഞങ്ങൾക്കായി കാവൽക്കാർ പടിവാതിൽ തുറന്നു കൊടുക്കുക എന്നതൊന്നും അത്ര എളുപ്പമല്ല. സെറ്റിനകരികിലേക്ക്‌ അവർ ആരേയും കടത്തി വിടില്ല. അതിലിന്നും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു എന്നല്ല. അതെന്തോ ആകട്ടെ, ഞാൻ ബിമൽദായ്ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്‌. അപ്പോഴേക്കും എൻ.ടി (ന്യു തിയറ്റർ) സാവധാനത്തിൽ അസ്തമിച്ചു തുടങ്ങിയിരുന്നു. ബിമൽദാ ഭരത്ലഖ്മിയിൽ വച്ച്‌ തഥാപി എഴുതിയപ്പോൾ ഞാനായിരുന്നു മുഖ്യ സഹായി. ബെദെനി അതിനു മുമ്പായിരുന്നു. അതിനു മുമ്പു തന്നെ ബിമൽദാ ഒരു സിനിമാട്ടോഗ്രാഫർ എന്നതിൽ നിന്നു മാറി സംവിധായകനായിട്ടുണ്ടായിരുന്നു. ഉദയർ പാഥെ, അറിയാമല്ലോ. അതൊരു വലിയ ഹിറ്റായി. ബിമൽദ എന്നെ പ്രോത്സാഹിപ്പിച്ചു. എന്നോട്‌ വലിയ സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച്‌ നിങ്ങൾ ചർച്ച ചെയ്തോളൂ, വിമർശിച്ചോളൂ. എന്നാൽ അദ്ദേഹം ഏതു തരത്തിലുള്ള മനുഷ്യനായിരുന്നു എന്ന്‌ എനിക്കറിയാം. അഞ്ജൻഗഡ്‌…അതിനു ശേഷം…ഞാൻ ബിമൽദായ്ക്കൊപ്പം യാത്ര ചെയ്യാറുണ്ട്‌. കഠിനമായി അദ്ധ്വാനിക്കാറുണ്ട്‌. അത്ര മാത്രം. എന്റെ കുടുംബസുഹൃത്തായിരുന്നു അദ്ദേഹം. അതിലുപരി എന്തുപറയാനാ? എന്തെങ്കിലും പറഞ്ഞാൽ അതെല്ലാം പക്ഷപാദമുള്ളതാകും. അദ്ദേഹത്തെക്കുറിച്ച്‌ സംസാരിക്കുക എന്നാൽ ഞങ്ങളുടെ കുടുംബത്തെക്കുറിച്ച്‌ സംസാരിക്കുക എന്നാണ്‌. ഞങ്ങളുടെ സ്വന്തം ചരിത്രം പറയുക എന്നാണ്‌.

ഉദയർ പാഥെ എങ്ങനെയാണ്‌ വർത്തമാനകാല ബംഗാളി സിനിമാരംഗത്തെ ആകെ മാറ്റിമറിച്ചത്‌?

ഞാൻ വിമർശിക്കുകയാണു വേണ്ടതെങ്കിൽ… ഉദയർ പാഥെയിലൂടെ ബിമൽദാ ബംഗാളി സിനിമ അതുവരെ കിടന്നിരുന്ന ആഴങ്ങളിലെ വിഴുപ്പിൽ നിന്ന്‌ പുറത്തെടുത്തു. എന്നാൽ ഇന്ന്‌ ആ സംഭാഷണങ്ങൾ കേട്ടാൽ അസംബന്ധമെന്നും നിലവാരമില്ലാത്തതെന്നും തോന്നും. അതെല്ലാം ജ്യോതിർമൊയി ചെയ്തതാണ്‌. അദ്ദേഹം ഭാഷയെ വല്ലാതെ അലങ്കരിച്ചു. അങ്ങനെ അതൊന്നും യഥാർത്ഥമല്ലെന്ന തോന്നലുണ്ടായി. ഒരു കൃത്രിമത്വം വന്നു. ബിമൽദായ്ക്ക്‌ ഇതിലും നന്നായി ചെയ്യാനാകുമായിരുന്നു. ഉദാഹരണത്തിനായി, “ഒരു ചെറിയ സൂചിയുപയോഗിച്ച്‌…”

“ദാരിദ്ര്യം പോലെയുള്ള ഒരു രാക്ഷസനോട്‌ നമുക്കെങ്ങനെ പോരാടാനാകും?”

അതെ. അതൊക്കെ അസംബന്ധമാണ്‌. തീർത്തും വിഴുപ്പ്‌. അതൊക്കെ ആ തെമ്മാടി ജ്യോതിർമൊയിയുടേതാണ്‌. അദ്ദേഹമാണ്‌ തിരക്കഥ എഡിറ്റ്‌ ചെയ്ത്‌ ഇതെല്ലാം കൂട്ടിച്ചേർത്തത്‌.

എന്തിനാണിങ്ങനെ പേരുകൾ ഉപയോഗിക്കുന്നത്‌?

(ചിരിച്ചുകൊണ്ട്‌), അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്‌ സുഹൃത്തേ. ദുരിതമനുഭവിക്കുന്ന പാവങ്ങൾ.

***

(തുടരും…)


വിവര്‍ത്തനം : സുരേഷ് എം.ജി.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ഗുരുക്കന്മാർ, ബിമൽ റോയ്‌, വിമർശനം”

  1. മൊത്തമായി ഉൾക്കൊള്ളാനൊത്തില്ല എങ്കിലും ഏറെ കുറെ മനസ്സിലാക്കാനായി അഭിനന്ദനങ്ങൾ ❤️

Your Email address will not be published.