വരേണ്യ വ്യവസ്ഥാ ചതുരങ്ങള്‍ക്കുള്ളിലെ സമ്പ്രദായിക സദാചാരങ്ങള്‍ക്ക് കടകവിരുദ്ധമായി ചിത്രം വരച്ചുകൊണ്ടിരുന്ന ഇറ്റാലിയന്‍ ചിത്രകാരനാണ് കാരവാജിയോ. പട്ടിണിക്കാരെയും വേശ്യകളെയും കള്ളന്മാരേയുമൊക്കെ മേരിയും ജീസസും മഗ്ദലനയുമൊക്കെയായി കാന്‍വാസിലേക്ക് രൂപാന്തരപ്പെടുത്തിയ അത്ഭുത ചിത്രകാരന്‍..!

ബറോഖ് കാലഘട്ടങ്ങളിലെ ടെനിബ്രിസം എന്ന പുതിയ കലാരീതികളിലേക്ക് കാരവാജിയൊയെ കൊണ്ടുവന്നത് ആധുനിക നിരൂപകരാണെങ്കിലും സ്‌പോട്ട് ലൈറ്റ് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത അക്കാലത്ത് വസ്തുവിലേക്ക് വെളിച്ചത്തിന്റെ ഏകാഗ്രമായ നിക്ഷേപങ്ങള്‍ കാരവാജിയോ എങ്ങിനെയുണ്ടാക്കിയെടുത്തു എന്ന നിരന്തരമായ അന്വേഷണങ്ങളാണ് അവരെല്ലാവരും ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള മായിക സഞ്ചാരത്തിന്റെ സൂക്ഷ്മതകള്‍ക്ക് ടെനിബ്രിസം എന്ന പേരില്‍ പുതിയ സാങ്കേതിക വ്യാഖ്യാനങ്ങള്‍ ഉണ്ടായിതീര്‍ന്നതും ഇങ്ങനെയാണ്.

ആധുനിക ചിത്രകാരനായ ഡേവിഡ് ഹോക്‌നിയുടെ അഭിപ്രായം, സ്റ്റുഡിയോയില്‍ പലകോണുകളില്‍ കണ്ണാടികള്‍ സ്ഥാപിച്ചിട്ടായിരുന്നു കാരവാജിയോ വെളിച്ചതിന് ഇത്രയേറെ ഏകാഗ്രത വരുത്തിയിരുന്നത് എന്നാണ്. ഒരു പരിധിവരെ വിശ്വസനീയമായത് അതാണെന്ന് നിരൂപകരും പറയുന്നു. മതത്തിനെയോ വ്യക്തികളെയോ അപമാനിക്കുന്നതിനുവേണ്ടി അദ്ദേഹം പലപ്പോഴും ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് ആക്കാലത്തുതന്നെ പള്ളികളും മതസ്ഥാപനങ്ങളും തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കാരവാജിയോയുടെ ആലേഖനങ്ങളുടെ സൂക്ഷ്മതകള്‍ക്ക് മുന്നില്‍ അതെല്ലാം നിഷ്പ്രഭമാവുകയായിരുന്നു.

റോമിലെ സാന്റ മരിയ ചര്‍ച്ചിനകത്തു വരച്ച ദ കണ്‍വെന്‍ഷന്‍ ഓഫ് സൈന്റ്‌റ് പോള്‍ എന്ന ചിത്രത്തില്‍ കുതിര കേന്ദ്ര കഥാപാത്രമാവുകയും സൈന്റ്‌റ് പോളിനെ വളരെ ചെറുതായി ഒട്ടും പ്രാധാന്യമില്ലാത്ത കഥാപാത്രമാക്കുകയും ചെയ്തത് കൂടാതെ കുതിരയുടെ പിന്‍ഭാഗം അടുത്തുള്ള കന്യമറിയത്തിന്റെ ചിത്രത്തിലേക്ക് തിരിച്ചുവെച്ചു എന്നും പിന്നീട് പള്ളി ആരോപിച്ചു.
മന:പൂര്‍വമായ ഈ നടപടി ക്രിസ്ത്യാനിറ്റിക്ക് അവമതിപ്പുണ്ടാക്കിയെന്ന സഭയുടെ ആരോപണങ്ങള്‍ കാരവാജിയോക്കെതിരെയുള്ള ബഹിഷ്‌കരിക്കലുകളായി ക്രമേണ രൂപാന്തരപ്പെട്ടു.
1600 മുതല്‍ അദ്ദേഹത്തിന്റെ മോഡലുകള്‍ കള്ളന്മാരും വേശ്യകളും മാത്രമായിരുന്നു.
സദാചാര വിരുദ്ധരെ മോഡലുകളാക്കിയുള്ള ദൈവരൂപങ്ങള്‍ പള്ളിയിലേക്ക് വേണ്ട എന്ന ശക്തമായ നിലപാടുകളില്‍ മതമേളാലന്‍മാര്‍ ഉറച്ചുനിന്നതോടെ അദ്ദേഹത്തിന്റെ മാനസാന്തരം പ്രതീക്ഷിച്ച മതാധ്യക്ഷന്മാര്‍ കൂടുതല്‍ വ്രണിത ഹൃദയരായി.

സമകാലിക കലാകാരന്മാരുടെ ചിത്രങ്ങള്‍ക്കെതിരെ അതിവിമര്‍ശനങ്ങളും കായികമായ ഏറ്റുമുട്ടലുകളും പതിവായ ഒരു കലുഷിത യൗവ്വനമായിരുന്നു അദ്ദേഹത്തിന്റേത്. ഡെത്ത് ഓഫ് ദ വെര്‍ജിന്‍ എന്ന ചിത്രം പള്ളി നിരോധിച്ചത് ആ ചിത്രത്തില്‍ മേരിക്ക് വേണ്ടി മോഡല്‍ ആയി ഉപയോഗിച്ചത് ഒരു അഭിസാരികയെയാണ് എന്നതും മേരിയെ ആവിഷ്‌കരിച്ചത് ദൈവിക പ്രഭാവങ്ങളൊട്ടുമില്ലാതെയുമാണ് എന്ന രണ്ട് കാരണങ്ങളാലായിരുന്നു.

നവോത്ഥാന കാലഘട്ടത്തില്‍ മതസ്ഥാപനങ്ങള്‍ കലയിലിടപെടുന്നത് ഇങ്ങനെയൊക്കെയായിരുന്നു.
1606 ല്‍ സ്വന്തം മോഡല്‍ ആയ റെനൂസിയോ തോമസ്സോണിയുമായുണ്ടായ കലഹത്തില്‍ തോമസ്സോണി വധിക്കപ്പെടുകയും കാരവാജിയൊയെ പോപ്പ് മരണശിക്ഷക്ക് വിധിക്കുകയും ചെയ്തു.
പക്ഷെ അദ്ദേഹം എങ്ങിനെയാണ് മരിച്ചതെന്ന ദുരൂഹത ഇന്നും കാര്യമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്.

കാരവാജിയോക്കുണ്ടായ ഒറ്റപ്പെടലുകളുടെ ഈ അവസരങ്ങളിലാണ് ലോക ക്ലാസ്സിക്കുകളായ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. നാര്‍സിസസ്, മെഡ്യുസ, സപ്പര്‍ അറ്റ് എമ്മസ്സ് തുടങ്ങി ചരിത്ര പ്രസിദ്ധമായ ഈ ചിത്രങ്ങളുണ്ടായത് ഈ ഒളിവ് ജീവിതത്തിലാണ്.
പോപ്പ് വിധിച്ച മരണശിക്ഷക്ക് വഴിപ്പെടാത്ത മുപ്പത്തെട്ട് വര്‍ഷത്തിന് ശേഷം ദാരുണമായ മറ്റെന്തോ ആണ് അദ്ദേഹത്തിന്റെ മരണത്തിനാധാരം എന്നാണ് ചരിത്രം പറയുന്നത്.

കാരവാജിയൊ നവോത്ഥാന കലക്കുണ്ടാക്കിവെച്ച ശേഷിപ്പുകളുടെ മഹത്വം ഇന്നും അളന്നുതിട്ടപ്പെടുത്താനായിട്ടില്ല. സോവാനോ വിന്‍സെറ്റി എന്ന ചരിത്രാന്വേഷകന്റെ പഠനങ്ങളില്‍ കാരവാജിയൊയുടെ തലയോട്ടിയില്‍ കണ്ട മാരകമായ ലെഡിന്റെ അംശം അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കണ്ടെത്തിയെന്ന സ്വാഭാവികതകളല്ലാതെയുള്ള ശാസ്ത്രീയ കാരണങ്ങളൊന്നും കണ്ടെത്താന്‍ ചരിത്രത്തിനിതുവരെ ആയിട്ടില്ല. സമൂഹത്തിലെ അടിസ്ഥാന മനുഷ്യരോടെടുത്തു നില്‍ക്കുകയും വരേണ്യവര്‍ഗ്ഗ മേലാളന്മാരെ നിരന്തരം ആസ്വസ്ഥമാക്കികൊണ്ടിരിക്കുകയും ചെയ്ത
കാരവാജിയോയുടെ മരണം ഇന്നും അജ്ഞാതമായി തന്നെ നമ്മളെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു.

CARAVAGGIO
(1571 – 1610 )







No Comments yet!