Skip to main content

ആത്മാകഥകൾ

ഒന്ന്

നടവഴിയിലെ രൂപം

നേരം പുലരുന്നതേയുള്ളു. വഴിയിലേക്ക് നേരിയ വെളിച്ചം വന്നുവീഴാൻ തുടങ്ങുന്നു. തലമുടികൾക്കിടയിലെ നെറുക പോലെ നടവഴി മങ്ങി കാണാം. പ്രഭാത പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയിരുന്നു. വഴിയിലെങ്ങും ആരുമില്ല. ഖബറുസ്ഥാന് നടുവിലൂടെയുള്ള നടവഴിയിലൂടെ ആലോചനയിലാണ്ട് യാന്ത്രികമായി നടക്കുകയാണ്. എന്നത്തെയും പോലെ ഹോസ്റ്റലിലെ കാൻറീൻ തന്നെയാണ് ലക്ഷ്യം. പതിവായി കൂടെ നടക്കാറുള്ളവരെല്ലാം നേരത്തെ നടന്നുമറഞ്ഞു.

റൂഹ് വിട്ടുപോയതിനാൽ മണ്ണേറ്റുവാങ്ങിയ മയ്യത്തുകൾക്കിടയിലൂടെയാണല്ലൊ റബ്ബേ നടത്തമെന്ന് ഒരിട പേടിച്ചുപോയി. പള്ളിക്ക് ചുറ്റും ഖബറുകളാണെങ്കിലും മുൻഭാഗത്ത് ഒരു പൂന്തോട്ടം പോലെ മനോഹരമാക്കിയിരിക്കുന്നു. മൂന്ന് വഴികൾക്കിടയിൽ ത്രികോണ, അരമതിലിനുള്ളിലെ തണൽ മരങ്ങളും മറ്റു ചെടികളും കാണുമ്പോൾ അതൊരു പൂന്തോട്ടമാണെന്നേ തോന്നൂ. അവിടെയുള്ള ഖബറുകളെ മറന്നുപോകും.

പലവിധത്തിലായി മരിച്ചവരുടെ ശരീരം ഒരേ വിധം അടക്കം ചെയ്യപ്പെട്ട ഭൂമി. പണ്ട് ഗൾഫിൽ മരിച്ച ആളുടെ ദേഹവും ഈ മണ്ണിലെവിടെയോ ഉണ്ട്. ആധുനിക സൗകര്യങ്ങളൊക്കെ ഉണ്ടാകും മുമ്പാണ് അയാളുടെ മരണം. അന്നൊക്കെ ഗൾഫിൽ മരിച്ചാൽ അവിടെത്തന്നെ അടക്കുന്നതായിരുന്നു പതിവ്. ഒരിക്കൽ ഏകാന്തത തേടി പള്ളിയുടെ മൂന്നാം നിലയിലേക്ക് കയറിച്ചെന്നു. പണിതീരാത്ത ആ നിലയിൽ നെടുനീളൻ പെട്ടി മാത്രമാണുള്ളത്. അഴികളോ പൊളികളോ വെക്കാത്ത ജാലകത്തിലൂടെ പള്ളിക്ക് പുറകിലെ വിശാലമായ ഖബറുസ്ഥാനിലേക്ക് നോക്കിയിരിക്കെ പിന്നിലൊരു അനക്കമുണ്ടായി. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ പള്ളിയിലെ കാര്യക്കാരനാണ്. അയാളാണ് പറഞ്ഞത്, ആ പെട്ടി ഗൾഫുകാരന്റെ മൃതദേഹവുംവഹിച്ചു വന്നതാണെന്ന്. അയാൾ അടപ്പു തുറന്ന പെട്ടിയിൽ കൽക്കരി പോലെന്തോ പാതി നിറഞ്ഞുനിൽപ്പുണ്ടായിരുന്നു. അയാളുടെ വാക്കുകളിൽ നിന്നും മരിച്ചയാളുടെ രൂപവും ഭാവവും മനസ്സിൽ കയറിക്കൂടിയതാണ്. അതോർത്തപ്പോൾ ഉള്ളിലൊരാന്തലുണ്ടായി. ഒറ്റയ്ക്ക് പള്ളി പരിസരത്ത് വരുമ്പോഴും രണ്ടാം നിലയിൽ ഏകാന്തതയിൽ ഇരിക്കുമ്പോഴും ദീർഘമായ പ്രവാസത്തിനൊടുവിൽ ചേതനയറ്റ് നാടണഞ്ഞ അയാളുടെ ചിന്തകൾ ഉണരും.

ഈ മയ്യത്ത്കാട്ടിലൊരു കിണറുണ്ട്. പള്ളിക്കു പുറകിൽ. പലകുറി കേട്ടതുകൊണ്ടുള്ള തോന്നലാവാം, ആ കിണറിലെ വെള്ളത്തിന് പ്രത്യേക രുചി പോലെ. ആത്മാവുകളുടെ രുചിയും മണവുമാണെന്ന് ചിലർ. മയ്യത്തുകളിൽ അവസാനമായി പുരട്ടിയ സുഗന്ധലേപനങ്ങൾ ഒലിച്ചിറങ്ങിയതാണെന്ന് മറ്റൊരു പക്ഷം. ആ കിണറിലെ വെള്ളത്തിൽ കുളിച്ചു വരുമ്പോൾ നൂറാത്മാക്കൾ ശരീരത്തിൽ പറ്റിപ്പിടിച്ച പോലെ തോന്നിയിട്ടുണ്ട്. കുളിപ്പിച്ചുവെച്ച വല്ല്യുപ്പയുടെ മയ്യത്തിലേക്ക് സുഗന്ധലേപനം പുരട്ടിയത് മണത്തിലൂടെയാണ് അറിഞ്ഞത്. വല്യൂപ്പ മരിച്ചിട്ട് രണ്ട് വർഷം തികയുന്നതേയുള്ളൂ.

വല്യുപ്പയിലേക്കമർന്ന മനസ്സിനെ പെട്ടന്നുണർത്തിയത് അപരിചിതമായ ഒരു ചുമയാണ്. പിന്നിൽ നിന്നാണത് കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ ആരെയും കാണുന്നില്ല. ഖബറുകൾക്കടുത്ത് ആരും പ്രാർഥിക്കുന്നതും കാണാനില്ല. ഉള്ളിലൊരാന്തലുമായി നടത്തം തുടർന്നു. അപ്പോഴാണ് വലതു വശത്തുകൂടി എന്നെ മറികടന്ന് ഒരുകാറ്റുപോലെ ഒരാൾ. വെളളവസ്ത്രം. നല്ല ഉയരം. മുഖം തിരിച്ചറിയാനുള്ള വെളിച്ചമായിട്ടില്ല.

 

 

അതിവേഗം മുന്നിലേക്ക് നടന്ന അയാളുടെ നടത്തം പിന്നെ പതുക്കെയായി. രണ്ടു പേരും ഒപ്പത്തിനൊപ്പം. വെള്ളവസ്ത്രമല്ലാതെ മറ്റൊന്നും കാണാനില്ല. പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്ന പതിവുകാരനല്ല. വഴി പരിചയമില്ലാത്തവർക്ക് അങ്ങാടിയിലൊ കോളജ് കാമ്പസിലൊ എത്തുക എളുപ്പവുമല്ല. വഴിയറിയുന്ന സ്ഥിരപരിചിതനെ പോലെയാണ് അയാൾ നടക്കുന്നത്. ഗൾഫിൽ നിന്ന് അവധിക്ക് വന്ന നാട്ടുകാരനായിരിക്കാമെന്ന് മനസ്സ് പറഞ്ഞു.

അയാൾ കടന്നു പോകെട്ടേ എന്നു കരുതി നടത്തം പതുക്കെയാക്കി. അയാളും നടത്തം പതുക്കെയാക്കി. നെഞ്ചിൽ പെരുമ്പറമേളം തുടങ്ങി. വേഗത്തിൽ കടന്നു പോയേക്കാമെന്ന് രണ്ടടി നീട്ടിവെച്ചപ്പോൾ അതാ അയാളും, അതിവേഗം, ഒന്നിച്ച്. നിന്നു. അയാളും. അയാൾ രണ്ടടി മുന്നിലായിരുന്നു. പെട്ടെന്ന് പിന്നോട്ട് നടന്ന് മുഖ്യ റോഡിലേക്കുള്ള വഴി പിടിക്കാമെന്ന് ആലോചിക്കുമ്പോഴേക്കും പുറകിൽ മറ്റൊരു കാറ്റ് രൂപപ്പെടുന്നതായി തോന്നി. ആകെ ഒരു വിറയൽ. പുറകോട്ടും മുന്നോട്ടുമല്ലാതെ പിന്നെ വഴിയില്ല. വലതുഭാഗത്ത് മതിലും ഇടതുഭാഗത്തെ അര മതിലിനപ്പുറം മയ്യത്ത് കാടുമാണ്. കുറച്ചുകൂടി മുന്നോട്ടു പോയാൽ കാന്റീന് പുറകിലേക്കുള്ള കുറുക്കുവഴിയുണ്ട്. രണ്ടും കൽപ്പിച്ചു മുന്നോട്ടു തന്നെ നടന്നു. അയാളും ഒപ്പം. നെഞ്ചിടിപ്പ് കൂടി കാല് തളരാൻ തുടങ്ങി. പ്രഭാതത്തിന്റെ തണുപ്പ് ശരീരം അറിയുന്നതേയില്ല. വിയർക്കുകയാണ്.

കാണാതെ പഠിച്ച രക്ഷാസൂക്തങ്ങൾ പേടിച്ചരണ്ട തൊണ്ടയിൽ കുരുങ്ങിനിന്നു. ഒറ്റ കുതിപ്പെന്നപോലെ ഒരൊറ്റ ചോദ്യമായിരുന്നു: ‘ആരാ ? മുമ്പ് കണ്ടിട്ടില്ലല്ലൊ ? ’

വരണ്ട തൊണ്ടയിൽ നിന്ന് കഷ്ടിച്ചാണ് ശബ്ദം പുറത്തുവന്നത്.

അയാൾ തന്റെ നടത്തംമാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് തോന്നി. മറുപടിയൊന്നുമില്ല. കാല് തളർന്നു. വീഴുമെന്ന് പേടിതോന്നി.

ചോദ്യം ആവർത്തിച്ചപ്പോൾ അതുവരേ കേട്ടിട്ടില്ലാത്ത പരുക്കൻ ശബ്ദത്തിൽ ‘എനക്കിന്റെ ഭാഷ തിരീന്നില്ല’ എന്നുംപറഞ്ഞ് അയാൾ നടത്തം വേഗത്തിലാക്കി.

കാലുകളിൽ വിറകൂടി. നടത്തം കുഴയുന്നുവെന്ന തോന്നൽ. ഹോസ്റ്റലിലേക്ക് തിരിയുന്ന വഴിയും കടന്ന് അയാൾ നിന്നു. അയാൾ തിരിഞ്ഞു നോക്കും മുമ്പേ ഹോസ്റ്റൽ വഴിയിലേക്ക് ഒരൊറ്റ കുതിപ്പായിരുന്നു. കാന്റീൻ മുറ്റത്തു നിന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആ തൂവെള്ള വസ്ത്രം അവിടെയെങ്ങുമില്ല. അങ്ങാടിയിലേക്ക് തിരിയുന്ന അറ്റംവരെ വഴി വിജനവുമാണ്. പിന്നെ അയാൾ എങ്ങുപോയി!!!!

നെഞ്ചിൽ പെരുമ്പറ.

പള്ളിക്കാട്ടിലേക്ക് വെളിച്ചം വീഴുന്നതേയുള്ളൂ….

(തുടരും…)

***

ചിത്രീകരണം : ഇമ ബാബു

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.