Skip to main content

ആത്മാകഥകൾ

രണ്ട്

പാതിരാവിലെ കാവലാൾ

അർദ്ധ രാത്രി പന്ത്രണ്ട് കഴിഞ്ഞാൽ പിന്നെ മറൈൻ ഡ്രൈവിൽ നിന്ന് പൊലിസ് ആളുകളെ ഒഴിപ്പിക്കും. ആദ്യം ബൈക്കിൽ രണ്ടു പൊലീസുകാർ വരും. പുറകേ ആളുകളോട് ഒഴിഞ്ഞ് പോകാൻ മറാഠിയിൽ മൈക്കിലുടെ വിളിച്ചുപറഞ്ഞ് പൊലിസ്ജീപ്പ് പതിയെ വരും. അവർക്കു പിന്നാലെ ലാത്തിയുമായി മറ്റൊരു സംഘം നടന്നു വരും. ഇനിയും പോകാത്തവരെ ലാത്തിവീശി പേടിപ്പിക്കും.

ആളുകൾ വിട്ടു പോയാലും ബാക്കിയാകുന്ന ചിലരുണ്ട്. അതുവരെ ബലൂണുകളും പൂവുകളും കടലയും കാപ്പിയും ചായയും സിഗരറ്റും വിറ്റു നടന്നവർ. ഉഴിച്ചിലുകാർ. ചെവിതോണ്ടികൾ. പരിസരത്തെ ഗാർഡനിലോ തെരുവിലെ നടപ്പാതകളിലോ അന്തിയുറങ്ങുന്നവർ. ഇവരെയൊക്കെ ഏതോ ഒരു ശക്തി ആപത്തുകളില്ലാതെ കാക്കുന്നുണ്ടെന്നൊരു തോന്നൽ. തെരുവിൽ കിടന്നുറങ്ങുന്ന ഓരോ കുടുംബത്തിനും ഒരു നായ് ഉണ്ടാകും കാവലാളായി.

പതിവുപോലെ എൻ.സി.പി.എയുടെ ഭഗത്ത് നിന്ന് ആളൊഴിപ്പിച്ച് വരുന്നുണ്ട് പോലീസ് ജീപ്പ്. അന്നേരം കടലിനും റോഡിനുമിടയിലെ തിണ്ടിൽ മലർന്നുകിടന്ന് ആകാശത്തിലെ കവിതകൾ കാണുകയായിരുന്നു. ആകാശം കടലിലോ കടൽ ആകാശത്തിലോ കവിത കുറിക്കുന്നുണ്ടെന്ന് കിറുക്കുതോന്നി. അപ്പോഴാണ് പൊലിസ്ജീപ്പ് അടുത്ത് വന്നുനിറുത്തി മൈക്കിലുടെ വിളിച്ചു പറഞ്ഞത്: ‘ ആകാശം നോക്കികിടക്കുന്നവൻ എഴുന്നേറ്റ് പോകണം’. ഇനി സ്ഥലം വീട്ടില്ലെങ്കിൽ ലാത്തി സംഘതിന്റെ ഇരയാകും. അവരെത്തും മുമ്പേ പോകുക തന്നെ.

എഴുന്നേറ്റ് മാഡം കാമ റോഡിലേക്ക് തിരിഞ്ഞ് നടന്നു. നടപ്പാതയിലെ കുടുംബങ്ങളുടെ ഭാണ്ഡം അവിടവിടങ്ങളിലായി കണ്ടു. ആളുകൾ ഒഴിഞ്ഞാപോയാൽ അവരെത്തും. പുലരും വരെ അവിടം അവരുടെ വീടാകും. അവരാരും പാതിരാ ഉറക്കത്തിൽ ആക്രമിക്കപ്പെട്ടതായി കേട്ടിട്ടില്ല. നായ്ക്കൾ അവർക്കു കാവലായി ഉറങ്ങാതെ കിടക്കും.

സെക്രട്ടറിയേറ്റിന് അടുത്തെത്തും മുമ്പാണ് ശ്രദ്ധയിൽപ്പെട്ടത്; ഒരു നായ് പിന്തുടരുന്നു!!!

നടത്തം വേഗത്തിലാക്കിയും, പതുക്കെയാക്കിയും, ഇടക്ക് നിന്നും നായയേ പരീക്ഷിച്ചു. അതെ അത് പിന്തുടരുക തന്നെയാണ്. അപ്പോൾ വെറുതെ ഉള്ളിൽ തോന്നിയ പേരാണ് പപ്പി.

‘ഹായ് പപ്പി’. അതതിന് ബോധിച്ചു. വാലാട്ടി ആ ഇഷ്ടമറിയിച്ചു. പിന്നെ നടത്തം ഒന്നിച്ചായി. മനസ്സിൽ വന്നതെല്ലാം അതിനോട് പറഞ്ഞു പറഞ്ഞ് നടന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ പൊലിസുകാരെ കണ്ടതും നിശബ്ദരായി.

സെക്രട്ടറിയേറ്റ് കഴിഞ്ഞതും പപ്പി മുന്നിൽകയറി ഓടി. കുറച്ചകലെ ചെന്നു നിന്ന് തിരിഞ്ഞ് നോക്കി. നടക്കുക തന്നെയാണെന്ന് ഉറപ്പുവരുത്തും പോലെ. അത് തിരിച്ചോടി വന്നു. പിന്നെ പിന്നിലായി നടത്തം. പപ്പിക്ക് മുന്നേ നടക്കുമ്പോൾ തിരിഞ്ഞ് നോക്കുന്നുണ്ടൊ എന്നത് പരീക്ഷിച്ചു. തിരിഞ്ഞുനോക്കി പപ്പിയെന്ന് വിളിക്കുമ്പാൾ വാലാട്ടി ഓടിവന്നു.

മാഡം കാമ റോഡിൽ നിന്ന് യൂണിവേഴ്സിറ്റി റോഡിലേക്ക് തിരിഞ്ഞപ്പോൾ വീണ്ടുമത് മുന്നിൽ കയറി ഓടി.

ആ രാത്രി ഗല്ലികളിലെ നായ്കൾ കുരച്ചില്ല. അവരെയൊക്കെ പപ്പിയുടെ സാന്നിധ്യം നിശബ്ദരാക്കി. മുംബൈ തെരുവുകളിൽ അർദ്ധരാത്രികളിൽ നായ്ക്കൾ സജീവമാണ്. അവർക്ക് അവരുടേതായ ടെറിട്ടറികളുണ്ട്. അതിരുകടന്നു വരുന്ന മറ്റു നായ്ക്കളെയോ അപരിചിതരായ ആളുകളെയോ അവർ അവിടെനിന്നും തുരത്തും. നിത്യവും കാണുന്ന രൂപങ്ങളെ കണ്ടാൽ കുരക്കുമെങ്കിലും പിന്തുടർന്ന് പേടിപ്പിക്കില്ല. ആ വഴി കടന്നു തീരും വരെ അവർ കുരച്ചുകൊണ്ടിരിക്കും. അവരുടെ ടെറിട്ടറികളിലൂടെയാണ് പപ്പിയുമൊത്തുള്ള നടത്തം. ദൂരെ നിന്ന് നോക്കിയതല്ലാതെ ആരും കുരച്ചില്ല. ചാടിവന്നു പേടിപ്പിച്ചില്ല. കാവലാളായി പപ്പി ഒപ്പം നടന്നു. ഹൈക്കോടതിയുടെ കവാടങ്ങളിൽ നിറച്ചചാക്കുകളാൽ തീർത്ത അരക്കോട്ടയിൽ തോക്കുകളുമായി ജാഗരൂകരായ പൊലീസുകാരെയും കടന്ന് നടന്നു.

ഫ്ളാറ്റിെൻറ അടുത്തെത്തിയപ്പോൾ പപ്പിക്ക് കൊടുക്കാനൊന്നുമില്ലല്ലോ എന്ന് സങ്കടമായി. കെട്ടിടത്തിലെ പടികൾ കയറിപോകുന്നത് നോക്കി ഗല്ലിയിൽ പപ്പിയിരുന്നു. പടികൾ ഓടികയറി മുറിയിൽ കുതിച്ചെത്തി ജനൽ തുറന്ന് തെരുവിലേക്ക് നോക്കിയപ്പോൾ അവിടെയെങ്ങും പപ്പിയില്ല!! ഗല്ലിയുടെ രണ്ടറ്റത്തുമില്ല. എത്ര വേഗത്തിൽ കുതിച്ചാലും ഗല്ലിവിട്ട് മറയേണ്ട സമയമായിട്ടില്ല. ഉള്ളിലുടെ ഒരാന്തൽ അരിച്ചുകയറി.

(തുടരും…)

***

ചിത്രീകരണം : ഇമ ബാബു

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.