Skip to main content

അസ്തിത്വം ഒരു സമസ്യ

നമുക്ക് ജയനാരായണന്‍ എന്ന പേരില്‍ ഒരു കഥാകാരനുണ്ടായിരുന്നു. ജയനാരായണന്‍ എഴുതിയ കഥകളില്‍ മലയാളത്തിലെ ആധുനികതാവാദത്തിന്റെ മൂല്യങ്ങളും താല്‍പ്പര്യങ്ങളും മുഴുവന്‍ സമൃദ്ധിയോടെയും പ്രവര്‍ത്തിക്കുന്നതു കാണാന്‍ കഴിയും. അയാള്‍ രചിച്ച കഥകളുടെ ശില്‍പ്പതന്ത്രങ്ങള്‍ ലാവണ്യവാദത്തോടുള്ള കൂറ് നന്നായി പ്രകടിപ്പിച്ചു. ‘സമയം ഒരു സമസ്യ’ എന്ന പേരില്‍ ജയനാരായണന്‍ ഒരു കഥ എഴുതിയിട്ടുണ്ട്. സ്ഥല-കാലങ്ങളെ പഴയ ഓര്‍മ്മകളില്‍ ബന്ധിച്ചു നിര്‍ത്തി തന്റെ അസ്തിത്വത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിമലയുടെ കഥയാണത്. അസ്തിത്വനിരാസത്തിന്റെ ചൂളയില്‍ അവള്‍ ഉരുകുന്നു.

എം. മുകുന്ദന്‍

അസ്തിത്വത്തിന്റെ പ്രശ്‌നങ്ങളെ പ്രമേയമാക്കുന്ന എം. മുകുന്ദന്റെ ‘രാധ, രാധ മാത്രം’ എന്ന കഥയോട് ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്. ആധുനികതാവാദത്തെ മലയാളത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ ‘രാധ, രാധ മാത്രം’ എന്ന കഥയെ ഏറെ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍, അസ്തിത്വവാദത്തിന്റെ ആശയലോകത്തെ കേവലമായി പരാവര്‍ത്തനം ചെയ്യുകയാണ് മുകുന്ദന്റെ കഥ ചെയ്തതെങ്കില്‍ ജയനാരായണന്റെ കഥ ആ ആശയലോകത്തോടുള്ള സര്‍ഗാത്മകമായ ഒരു പ്രതികരണമായിരുന്നു.

കെ.പി. അപ്പന്‍

ഈ സൗന്ദര്യാത്മകയാഥാര്‍ത്ഥ്യത്തെ കെ.പി. അപ്പനെ പോലുള്ള ലാവണ്യവാദികളായ സാഹിത്യവിമര്‍ശകര്‍ പോലും കണ്ടെത്തിയില്ല! ആധുനികതാവാദികളായ നവവിമര്‍ശകരുടെ രചനകളില്‍ ജയനാരായണന്‍ അധികമൊന്നും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. ആധുനികതയുടെ എഴുത്തുകാരില്‍ പ്രശസ്തി നേടിയവരുടെ പിന്നാലെ മാത്രം ആധുനികതാവാദത്തെ സ്ഥാപിക്കാന്‍ ശ്രമിച്ച നവനിരൂപകര്‍ സഞ്ചരിച്ചു. ആധുനികതാവാദത്തിനു താല്‍പര്യമുള്ള ആശയങ്ങളെ അതേപടി കഥയിലേക്കു പരാവര്‍ത്തനം ചെയ്യുകയും പ്രത്യയശാസ്ത്രപ്രചരണം നിര്‍വ്വഹിക്കുകയും ചെയ്ത കഥകളെ ആഘോഷിച്ച നവവിമര്‍ശകര്‍ ആ ആശയങ്ങളെ ഭാവനയിലെ മഹാനുഭവങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുകയും അപരിചിതമായ പുത്തന്‍ വഴികളിലൂടെ സഞ്ചരിച്ച് മലയാളഭാവനയില്‍ ലാവണ്യാത്മകതയുടെ മഹാവാക്യങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്ത ജയനാരായണന്റെ കഥകളെ പരിഗണിക്കാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു. നവവിമര്‍ശകര്‍ പുറമ്പോക്കിലേക്കു തള്ളിയ ആധുനികതാവാദിയെന്ന് ഈ എഴുത്തുകാരനെ കുറിച്ചു പറയണം. ഇത് നമ്മുടെ കഥാസാഹിത്യത്തില്‍ സമീപഭൂതകാലത്തു നടന്ന അവഗണനയുടെ കഥയാണ്.

എം. മുകുന്ദന്റെ ‘രാധ, രാധ മാത്രം’ ഒരു കൃത്രിമരചനയാണ്. രാധ എന്ന പെണ്‍കുട്ടി അവളെ പരിചയമില്ലാത്ത ഒരു പുരുഷന്റെ അടുത്തു ചെന്ന് കാമുകിയെന്ന ഭാവത്തിലും പ്രായം ചെന്ന ഒരു പുരുഷനും സ്ത്രീയും താമസിക്കുന്ന ഒരു വീട്ടില്‍ ചെന്ന് മകളെന്ന ഭാവത്തിലും സംസാരിക്കുന്നതും ഇവരെല്ലാം അവളെ നിരസിക്കുന്നതുമാണ് കഥയുടെ പ്രമേയം. രാധ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നുവെന്ന കാര്യത്തിലേക്കു നയിക്കുന്ന ജീവിതസന്ദര്‍ഭങ്ങളൊന്നും മുകുന്ദന്‍ സൃഷ്ടിക്കുന്നില്ല. ഇവിടെ, രാധ നേരിടുന്ന അസ്തിത്വനിരാസമോ സ്വത്വപ്രതിസന്ധിയോ കേവലവും കാരണരഹിതവുമാണ്. അസ്തിത്വദുഃഖമെന്ന പ്രത്യയശാസ്ത്രപ്രശ്‌നത്തെ നേരിട്ടു പറയുകയെന്ന രീതിയാണ് മുകുന്ദന്‍ സ്വീകരിക്കുന്നത്. മുകുന്ദന്റെ കഥയിലെ അസ്തിത്വപ്രശ്‌നം അടഞ്ഞ ഒരു വ്യവസ്ഥയില്‍ പരസ്പരബന്ധങ്ങളില്ലാത്ത ലോകത്തെ അസ്തിത്വപ്രശ്‌നമാണ്. കേവലം, അസാദ്ധ്യം, അയഥാര്‍ത്ഥം. അസ്തിത്വപ്രശ്‌നത്തിനു വേണ്ടിയുള്ള അസ്തിത്വപ്രശ്‌നമാണത്. അങ്ങനെ, അത് സൈദ്ധാന്തികമായി സമ്പൂര്‍ണ്ണമായ അസ്തിത്വപ്രശ്‌നമാണ്.

സൈദ്ധാന്തികമായ ഈ സമ്പൂര്‍ണ്ണത ജീവിതബന്ധങ്ങളില്ലാതെ കേവലസിദ്ധാന്തതലത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണ്. മുകുന്ദന്റെ കഥ ജീവിതോന്മുഖമോ മനുഷ്യോന്മുഖമോ ആകാതിരിക്കുകയും പ്രത്യയശാസ്‌ത്രോന്മുഖമായി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആദ്യ വായനയില്‍ തന്നെ അമര്‍ത്തിയ ചിരിയ്ക്കു പ്രേരകമാകുന്നിടത്തോളം ലാഘവം നിറഞ്ഞതാണത്, സാരരഹിതവും. മുകുന്ദന്‍ അസ്തിത്വപ്രശ്‌നത്തെ വളരെ പെട്ടെന്ന്, പൊടുന്നനെയെന്നോണം കൈകാര്യം ചെയ്യുന്നു. രാധയിലെ വിള്ളലിനു മുമ്പ് അതിലേക്കു നയിക്കുന്ന എന്തെങ്കിലും ഉണ്ടാകണമെന്ന് കഥാകാരനു തോന്നുന്നതേയില്ല. രാധയുടെ വൈകാരികപ്രകടനങ്ങള്‍ വായനക്കാരില്‍ ആഘാതം സൃഷ്ടിക്കാന്‍ കഴിയാത്തിടത്തോളം ആവര്‍ത്തനസ്വഭാവം പുലര്‍ത്തുന്നതും അവള്‍ അനുഭവിക്കുന്ന നിരാകരണങ്ങള്‍ കഥാന്ത്യത്തിലേക്ക് ഏകതാനമായി ത്വരിതപ്പെടുത്തുന്നതുമാണ്.

‘സമയം ഒരു സമസ്യ’ എന്ന ജയനാരായണന്റെ കഥയിലെ വിമലയും അവളെ പരിചയമില്ലാത്ത പുരുഷന്റെ അടുത്തുചെന്ന് കാമുകീഭാവത്തില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍, ഈ കഥ നയിക്കപ്പെടുന്നത് വ്യത്യസ്തമായ മാനങ്ങളിലേക്കാണ്. മുകുന്ദന്റെ കഥയുടെ വരണ്ട ഭാഷയില്‍ നിന്നും ഏറെ വ്യത്യസ്തമായി ജയനാരായണന്റെ രചനയുടെ ഭാഷയും ശൈലിയും വിമലയുടെ ആന്തരികലോകത്തിന്റെ പ്രശ്‌നനിര്‍ഭരമായ അവസ്ഥയെ സാര്‍ത്ഥകമായി ആലേഖനം ചെയ്യുന്നതാണ്. ലോകം നിങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്നതിനെ അവസാനിപ്പിക്കുന്ന നിമിഷത്തിലെ മായ്ചുകളയലിന്റെ പേടിയെ കഥ സമര്‍ത്ഥമായി പകര്‍ത്തുന്നു. വിമലയുടെ നിസ്സഹായതയുടെയും അവിശ്വാസത്തിന്റെയും വൈകാരികഭാരം മൂര്‍ച്ചയുള്ള വ്യക്തതയോടെ ജയനാരായണന്‍ ചിത്രീകരിച്ചിരിക്കുന്നു. വായനക്കാരിയും വിമലയുടെ മാനസികതകര്‍ച്ചയിലേക്ക് നിപതിക്കുന്നുവെന്നു പറയണം. വിമല അനുഭവിക്കുന്ന ഓരോ പ്രഹരവും വായനക്കാരിയും അനുഭവിക്കുന്നു.

ജയനാരായണന്‍ രചിച്ച കഥയ്ക്ക് വിമലയുടെ മനസ്സിന്റെ പ്രശ്‌നസങ്കീര്‍ണ്ണതകളുടെ പശ്ചാത്തലമുണ്ട്. എന്നാല്‍, ഈ തലത്തില്‍ നിന്നു മാറി പൂര്‍ണ്ണമായി അന്യവല്‍ക്കരിക്കപ്പെടുന്ന അനുഭവത്തിലേക്ക് വിമലയും വായനക്കാരും മാറിത്തീരുന്ന അവസ്ഥയുമുണ്ട്. മറ്റുള്ളവരുടെ സാധൂകരണങ്ങളില്ലാത്ത ഐഡന്റിറ്റി ദുര്‍ബ്ബലമായി തീരുന്നത് കഥയില്‍ നാം അനുഭവിക്കുന്നു. നമ്മളെ നിശ്ചയിക്കുന്നത് ആരാണ്? പലപ്പോഴും നമ്മളല്ല നമ്മളെ നിര്‍ണ്ണയിക്കുന്നത്. മറ്റുള്ളവരുടെ നമ്മളെ കുറിച്ചുള്ള ധാരണയാണ്, നാം. ഐഡന്റിറ്റി അസ്ഥിരമായിരിക്കുന്നു. അത് ആന്തരികസ്വത്വമല്ല, മറിച്ച് ഒരു സാമൂഹിക ഉടമ്പടിയായി, സാമൂഹികനിര്‍മ്മിതിയായി മാറ്റപ്പെടുന്നു. അപരനുമായ ബന്ധത്തിലേ ആത്മം സാര്‍ത്ഥകമാകുന്നുള്ളൂ. വിമലയുടെ ജീവിതത്തില്‍ രവിയേട്ടനുമായുള്ള ബന്ധത്തില്‍ സംഭവിച്ച താളം തെറ്റല്‍ അവളെ അലട്ടുന്ന മാനസികമായ പ്രശ്‌നങ്ങളുടെയും തുടര്‍ന്ന് അസ്തിത്വസംബന്ധിയായ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതാണ്. വിമലയുടെ മനസ്സിനും അസ്തിത്വത്തിനും ഇടയില്‍ പരസ്പരം ബന്ധപ്പെടുത്തുന്ന ഘടകങ്ങളുണ്ട്. കഥ വഹിക്കുന്ന ഇത്തരം വിവിധ ഘട്ടങ്ങളിലൂടെയുള്ള വായനക്കാരന്റെ മനോസഞ്ചാരങ്ങളെ ജയനാരായണന്റെ വാക്കുകള്‍ ഭാവുകത്വപരമായി പൊലിപ്പിച്ചെടുക്കുന്നു.

ശ്ലഥമായിരിക്കുന്ന തന്റെ ഓര്‍മ്മകളിലൂടെ വിമല ഐഡന്റിറ്റി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. രവിയേട്ടനാണ് അവളുടെ ഓര്‍മ്മകളുടെ അടിസ്ഥാനതന്തു. നിങ്ങളുടെ ഓര്‍മ്മകള്‍ ആരും പങ്കിടുന്നില്ലെങ്കില്‍, അവ ഏതെങ്കിലും യാഥാര്‍ത്ഥ്യത്തെ വഹിക്കുന്നുണ്ടോ? സ്വത്വത്തെ ആധാരമാക്കിയുള്ള വിമലയുടെ ഓര്‍മ്മ ശക്തിയില്ലാത്തതായി മാറിത്തീരുന്നതാണ് നാം വായിക്കുന്നത്. തന്റെ സ്വത്വം സൂക്ഷിക്കുന്ന ഓര്‍മ്മ നിരസിക്കപ്പെടുമ്പോള്‍ തനിക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയില്ലെന്ന നിലയിലേക്ക് വിമല എത്തുന്നുണ്ടോ? കാലം ഒരു വൃത്തമായി അവളെ വളയുന്നു. വിമലയുടെ കഥ യാഥാര്‍ത്ഥ്യത്തെ അസ്ഥിരപ്പെടുത്തുന്നു. യഥാര്‍ത്ഥലോകമായി വിമല കാണുന്നത് മറ്റുള്ളവരുടെ ലോകമായിരിക്കുന്നില്ല. ഇതൊരു മാനസികതകര്‍ച്ചയാണോ? വിമല ഒരു സമാന്തര യാഥാര്‍ത്ഥ്യത്തിലാണോ? ലോകം തന്നെ തകരാറിലാണോ?

വ്യത്യസ്തമായി നിലകൊള്ളുന്ന അവള്‍ക്കും പുറം ലോകത്തിനും പൊതുവായി പങ്കുവയ്ക്കാന്‍ കഴിയാത്തത് പെരുകുന്നത് നാം അറിയുന്നു. അവളുടെ സത്യം മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. അവളെ തിരിച്ചറിയാന്‍ കഴിവില്ലാത്ത ബാഹ്യലോകത്തിന്റെ വിസമ്മതം അവളുടെ അഹംബോധത്തിന്റെ സ്ഥിരതയില്‍ വീണ്ടും വിള്ളലുണ്ടാക്കുന്നു. അവളുടെ അഹം ഈ ബാഹ്യവൈരുദ്ധ്യത്താല്‍ ആക്രമിക്കപ്പെടുന്നു.
അപരന്റെ നോട്ടത്തിലൂടെയാണ് ഐഡന്റിറ്റി രൂപപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നതെന്ന് ലക്കാന്‍ വാദിക്കുന്നുണ്ട്. ”കണ്ണാടി ഘട്ടം” എന്നത് ശാരീരികരൂപത്തെക്കുറിച്ചല്ല, മറിച്ച് അപരന്റെ അംഗീകാരത്തെക്കുറിച്ചാണ്: അപരന്‍ എന്നെ ഒരു സ്ഥിരതയുള്ള വ്യക്തിയായി കാണുന്നതിനാലാണ് ഞാന്‍ നിലനില്‍ക്കുന്നത്. രവിയേട്ടന്‍ വിമലയെ തിരിച്ചറിയാത്ത നിമിഷത്തില്‍ അവളുടെ ജീവിതത്തില്‍ ആ പ്രതീകാത്മകക്രമം തകരുന്നു. ഭാഷ, കുടുംബം, സാമൂഹികവേഷങ്ങള്‍ എന്നിവയുടെ ലക്കാനിയന്‍ ഘടനയില്‍ അവള്‍ക്ക് അവളുടെ സ്ഥാനം നഷ്ടപ്പെടുകയോ മാറ്റിമറിക്കപ്പെടുകയോ ചെയ്യുന്നു.

”ചുമപ്പ് കാമത്തിന്റെ വര്‍ണ്ണമാണ്. സൂര്യന്‍ കാമത്തിന്റെ പ്രതീകവും. സൂര്യനില്‍ കാമം ഉണരുമ്പോള്‍ പ്രഭാതവും സൂര്യനില്‍ കാമം അണയുമ്പോള്‍ സന്ധ്യയും. സത്യമായും സൂര്യന്‍ സ്വന്തം അസ്തിത്വത്തിന്റെ അര്‍ത്ഥം തേടുന്നത് ഭൂമിയിലാണ്. ഭൂമിയില്‍ ജനിക്കുവാന്‍ ശപിക്കപ്പെട്ട ഞാന്‍ എന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥം തേടുന്നത് എവിടെ? എന്തില്‍? നിന്നിലാണോ? നീ എന്റെ ഭൂമി ആകുമോ, വിമലാ? ഞാന്‍ സൂര്യനാണ്. നീ എന്റെ ഭൂമി…

അപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല. വാക്കുകള്‍ പെയ്തു പെയ്തു തോര്‍ന്നതും മൗനം ആളിപ്പടര്‍ന്നു കത്തിയതും. രോമരാജികള്‍ നിറഞ്ഞ കൈകള്‍ എന്റെ അരക്കെട്ടിനെ ചുറ്റിവരിഞ്ഞതും പൊടുന്നനെ ആ കൈകള്‍ എന്നെ നിങ്ങളുടെ നെഞ്ചിലേക്ക് കോരിയൊഴിച്ചതും മാത്രം ഞാന്‍ അറിഞ്ഞു. ഞാന്‍ ഞെട്ടി. കുതറി ഒഴിഞ്ഞുമാറി. അരുതു രവ്യേട്ടാ, ആളുകള്‍ കാണും. ഞാന്‍ പറഞ്ഞു.”

കടല്‍തീരത്തിരിക്കുന്ന പുരുഷന്റെ അടുത്തുചെന്ന് കാമുകീഭാവത്തില്‍ സംസാരിക്കുന്ന അവളോട് താന്‍ ഇലക്ട്രിക് ബള്‍ബുകള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയുടെ ജനറല്‍ മാനേജരാണെന്നും ഡല്‍ഹിയിലാണെന്നും ഇന്നലെ ഇവിടെ വന്നതേയുള്ളൂവെന്നും പറയുകയും നിങ്ങളെ ഭര്‍ത്താവും മകനും മകളും കാത്തിരിക്കുന്നുണ്ടാകുമെന്ന് അയാള്‍ (രവിയേട്ടന്‍) ഉപദേശിക്കുകയും ചെയ്യുമ്പോള്‍ വിമല പകച്ചു പോകുകയും അസ്വാസ്ഥ്യത്തിനും വ്യാകുലതയ്ക്കും അടിപ്പെട്ടുപോകുകയും ചെയ്യുന്നു. പിന്നീട്, കോളേജില്‍ സഹപാഠിയായിരുന്ന ഉഷാമേനോന്റെ കാറില്‍ സഞ്ചരിക്കുമ്പോള്‍ കൂട്ടുകാരി പഴയ സുഹൃത്തുക്കളുടെ കാര്യങ്ങള്‍ പറയുന്നതു കേള്‍ക്കുന്ന വിമല വിഭ്രാന്തിയുടെ വക്കിലെത്തുന്നു. ഉഷ തന്റെ ഭര്‍ത്താവ് രവിയേട്ടനാണെന്നു പറയുന്നതോടെ വിമല അന്ധാളിപ്പിലും ഉദ്വേഗത്തിലും പെടുന്നു. അവള്‍ വണ്ടി നിര്‍ത്തിച്ച് കൊടുങ്കാറ്റു പോലെ നടക്കുന്നു. വീട്ടിലെത്തുന്ന വിമലയോട് അനിയത്തി പറയുന്നത് തന്റെ ഭര്‍ത്താവ് രവിയേട്ടന്‍ ചേച്ചിയെ അന്വേഷിച്ചിറങ്ങിയെന്നാണ്. വാക്കുകള്‍ സൃഷ്ടിക്കുന്ന അപഗ്രഥനാതീതമായ സമസ്യയിലേക്ക് അവള്‍ നയിക്കപ്പെടുന്നു. വിമലയുടെ ഓര്‍മ്മകളില്‍ കാലം ചാക്രികവലയങ്ങള്‍ നിര്‍മ്മിച്ച് അവളെ തടവിലാക്കുന്നു. വിമലയുടെ അസ്തിത്വപ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ ഇവിടെ വായനക്കാരെ ചില അനുമാനങ്ങളിലേക്കു നയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അസ്തിത്വത്തെ നിഗൂഢപ്രശ്‌നമായി ദമിതമാക്കാനുള്ള സാധാരണമായ ശ്രമങ്ങളില്‍ നിന്നും നമ്മുടെ കഥാകാരന്‍ വഴി മാറി സഞ്ചരിക്കുന്നു. അജ്ഞേയതയുടെയും അനിശ്ചിതത്വത്തിന്റെയും മൂലകങ്ങള്‍ കഥയില്‍ നിറഞ്ഞിരിക്കുമ്പോഴും അസ്തിത്വം അറിയാന്‍ കഴിയാത്തതാണെന്ന കേവലനിലപാടിലേക്ക് കഥ സഞ്ചരിക്കുന്നില്ല!

കഥയിലെ വിമല എന്ന നായികാനാമം ‘മഞ്ഞ്’ എന്ന നോവലിലെ കാത്തിരിപ്പിന്റെ നായികയെ ഓര്‍മ്മിപ്പിക്കും! നിരാശാകരമായ നങ്കൂരമായി ഓര്‍മ്മകള്‍ മാറിത്തീരുന്നത് ഈ രണ്ടു കൃതികളിലും അനുഭവിക്കാന്‍ കഴിയുമല്ലോ? അനുയോജ്യസന്ദര്‍ഭങ്ങളുടെ സൃഷ്ടിയിലൂടെയും കാല്‍പ്പനികതയും ആധുനികതയും കൂടിക്കുഴയുന്ന ഉചിതമായ ഭാഷാശൈലിയിലൂടെയും അസാമാന്യമായ കൈത്തഴക്കത്തോടെയും സ്വത്വത്തിന്റെ പ്രതീകാത്മകമായ അടിത്തറ ശിഥിലമാകുന്നതിന്റെ ആഘാതത്തെ ജയനാരായണന്റെ കഥ ആവിഷ്‌ക്കരിച്ചിരിക്കുന്നു.


(ഈ ലേഖനത്തിന് സുഹൃത്തായ തോമസ് മാത്യു (തൊടുപുഴ)യുമായി വര്‍ഷങ്ങള്‍ക്കു മുന്നേ നടത്തിയ ഒരു സംഭാഷണത്തോട് കടപ്പാടുണ്ട്.)

No Comments yet!

Your Email address will not be published.