Skip to main content

കാളിയപ്പകൗണ്ടൻ പുതൂർ – അറിവ് ആയുധമാക്കിയ ഒരു സാമൂഹ്യ വിപ്ലവം

തമിഴ്നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള ആത്തുപൊള്ളാച്ചിയിലെ കാളിയപ്പകൗണ്ടന്‍ പുതൂര്‍ (കാ.ക. പുതൂര്‍) എന്ന ഗ്രാമം ഇന്ന് ആധുനിക ഇന്ത്യയിലെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഉജ്ജ്വലമായ ഒരു പാഠപുസ്തകമാണ്. ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ കരിനിഴല്‍ വീണുകിടന്നിരുന്ന, ജാതീയമായ ഉച്ചനീചത്വങ്ങള്‍ ആഴത്തില്‍ വേരോടിയിരുന്ന ഈ ഗ്രാമം ഇന്ന് സമത്വത്തിന്റെയും യുക്തിചിന്തയുടെയും പുതുപുലരിയിലാണ്. ഭൂമിയുടെ ഉടമസ്ഥരായ കൗണ്ടര്‍, ചെട്ടിയാര്‍, തേവര്‍ വിഭാഗങ്ങളുടെ സമ്പൂര്‍ണ്ണമായ സാമൂഹിക-സാമ്പത്തിക നിയന്ത്രണത്തിലായിരുന്ന ഒരു ഗ്രാമത്തെ, അറിവിന്റെ കരുത്തുകൊണ്ട് ഒരു ജനത എങ്ങനെ വീണ്ടെടുത്തു എന്നതിന്റെ വിസ്മയിപ്പിക്കുന്ന ചരിത്രമാണിത്. ഈ മഹാവിപ്ലവത്തിന് തിരികൊളുത്തിയത് നാഗരാജ് എന്ന ദീര്‍ഘദര്‍ശിയായ യുവാവാണ്. 1986-87 കാലഘട്ടത്തില്‍ പൊള്ളാച്ചിയിലെ പഠനകാലത്ത് തന്തൈ പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട നാഗരാജ്, തന്റെ ഗ്രാമത്തിലെ അരുന്ധതിയാര്‍ (ചക്കിലിയര്‍) ഉള്‍പ്പെടെയുള്ള ദളിത് ജനവിഭാഗങ്ങളുടെ മോചനം ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ചു. പെരിയാറിന്റെയും അംബേദ്കറിന്റെയും വിപ്ലവ വചനങ്ങള്‍ ഗ്രാമമതിലുകളില്‍ കുറിച്ചുകൊണ്ടും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടും അദ്ദേഹം തുടങ്ങിയ ഈ പോരാട്ടം പിന്നീട് ഒരു ഗ്രാമത്തിന്റെയാകെ തലവര മാറ്റിക്കുറിച്ചു.

കാളിയപ്പകൗണ്ടൻ പുതൂർ: അറിവ് ആയുധമാക്കിയ ഒരു സാമൂഹ്യ വിപ്ലവം | NEWSGIL

അറിവില്ലായ്മയാണ് അടിമത്തത്തിന്റെ മൂലകാരണമെന്ന് തിരിച്ചറിഞ്ഞ നാഗരാജ്, ഗ്രാമത്തിലെ വിമോചനത്തിനായി തിരഞ്ഞെടുത്ത പ്രധാന ആയുധം വിദ്യാഭ്യാസമായിരുന്നു. സ്വന്തം വീടിനോട് ചേര്‍ന്ന് കുട്ടികള്‍ക്കായി ആരംഭിച്ച ഒരു ചെറിയ സൗജന്യ ട്യൂഷന്‍ സെന്ററിലായിരുന്നു ആ വിപ്ലവത്തിന്റെ തുടക്കം. 1999-ല്‍ പൂഞ്ചോലെ സമൂഹ കല്‍വി അരക്കട്ടെലൈ (ട്രസ്റ്റ്) രൂപീകരിക്കുകയും ‘തായ് തമിഴ് പള്ളി’ എന്ന വിദ്യാലയം ആരംഭിക്കുകയും ചെയ്തതോടെ ഈ പ്രവര്‍ത്തനം വ്യവസ്ഥാപിതമായി. നാഗരാജിന്റെ ജീവിതപങ്കാളിയായ ശാന്തിയുടെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന ഈ ക്ലാസുകള്‍ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഫലമായി, അപ്പര്‍ പ്രൈമറിക്ക് ശേഷം പഠനം നിര്‍ത്തി കൃഷിയിടങ്ങളിലേക്ക് പണിക്ക് പോയിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് കോളേജുകളില്‍ ഉന്നത പഠനം നടത്തുന്നു. അരുന്ധതിയാര്‍ വിഭാഗത്തിലെ 150 കുടുംബങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം പോസ്റ്റ് ഗ്രാജുവേറ്റുകളും നിരവധി ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഇന്ന് ഈ ഗ്രാമത്തിലുണ്ട്.

പഠിച്ചുയര്‍ന്ന മുന്‍കാല വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ‘യാളിസ് ട്രസ്റ്റ്’ രൂപീകരിച്ച് പുതിയ തലമുറയെ സഹായിക്കുന്ന രീതിയും ഇവിടെയുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ സീനിയേഴ്‌സ് ആയ കുട്ടികള്‍ തങ്ങളുടെ ജൂനിയേഴ്‌സിനെ പഠിപ്പിക്കാനും മുന്നോട്ടു വരുന്നു. ശാന്തിയുടെയും നാഗരാജിന്റെയും അസാന്നിധ്യത്തിലും ക്‌ളാസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നതും അതുകൊണ്ടാണ്. പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി തങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ഇവിടെയുള്ള കുട്ടികളില്‍ പുതുതലമുറയില്‍ കാണാറുള്ളു ഫോണിന്റെ അമിത ഉപയോഗം കാണാന്‍ കഴിയുന്നില്ല. ഈ വിദ്യാഭ്യാസ മാതൃക കണ്ടറിഞ്ഞാണ് തമിഴ്നാട് സര്‍ക്കാര്‍ ‘ഇല്ലം തേടി കല്‍വി’ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്.

കാളിയപ്പകൗണ്ടൻ പുതൂർ: അറിവ് ആയുധമാക്കിയ ഒരു സാമൂഹ്യ വിപ്ലവം | NEWSGIL

കാ.ക. പുതൂരിലെ സാമൂഹ്യ വിപ്ലവത്തില്‍ നാഗരാജിന് കരുത്തുറ്റ തുണയായി നിന്നത് അദ്ദേഹത്തിന്റെ മാതാവ് കാവേരിയമ്മയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ ആ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ധൈര്യം നല്‍കിയത് ഇവരാണ്. കേവലം ഒരു വീട്ടമ്മ എന്ന നിലയില്‍ ഒതുങ്ങിക്കൂടാതെ, ഫ്യൂഡല്‍ പ്രമാണിമാരുടെ അപ്രമാദിത്വത്തെയും അന്ധവിശ്വാസങ്ങളെയും അവര്‍ സധൈര്യം ചോദ്യം ചെയ്തു. ഗ്രാമത്തിലെ മദ്യശാലയ്ക്കെതിരെയും കമ്മ്യൂണിറ്റി ഹാള്‍ സ്ഥാപിക്കുന്നതിനും വേണ്ടി നടന്ന ഐതിഹാസികമായ പോരാട്ടങ്ങളില്‍ കാവേരിയമ്മ മുന്‍പന്തിയില്‍ നിന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നാല് തവണയാണ് അവര്‍ ജയിലിലായത്. ദളിത് ജനതയുടെ പൊങ്കല്‍ ആഘോഷത്തെ ‘സമത്വ പൊങ്കല്‍’ എന്ന പേരില്‍ പൊതുനിരത്തിലേക്ക് കൊണ്ടുവന്നതും ഇവരുടെ നേതൃത്വത്തിലാണ്. ഭരണകൂടം റോഡിലെ പൊങ്കല്‍വെക്കല്‍ നിരോധിച്ചപ്പോള്‍, സ്ത്രീകള്‍ താലൂക്ക് ഓഫീസിന് മുന്നില്‍ പൊങ്കല്‍ വെച്ച് പ്രതിഷേധിച്ചത് നാടുവാഴിത്ത സംസ്‌കാരത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. 2022 ഒക്ടോബര്‍ 15-ന് അന്തരിച്ച കാവേരിയമ്മ, തന്റെ മരണശേഷവും ആചാരങ്ങളുടെ ചങ്ങല പൊട്ടിക്കുന്ന വിപ്ലവത്തിനാണ് തിരികൊളുത്തിയത്. ഫ്യൂഡല്‍ പതിവുകള്‍ തെറ്റിച്ചുകൊണ്ട് സ്ത്രീകളാണ് അവരുടെ ശവമഞ്ചം ചുമന്നത്. തന്റെ ഭൗതിക ശരീരം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിക്കൊണ്ട് യുക്തിചിന്തയുടെ വലിയൊരു സന്ദേശം അവര്‍ ബാക്കിവെച്ചു.

ഇന്ന് കാ.ക. പുതൂര്‍ കേവലം ആചാരങ്ങള്‍ ഉപേക്ഷിച്ച ഒരു ഗ്രാമമല്ല, മറിച്ച് യുക്തിവാദം ഒരു ജീവിതരീതിയായി സ്വീകരിച്ച മനുഷ്യരുടെ നാടാണ്. ഇരുപത്തിയഞ്ചിലധികം കുടുംബങ്ങള്‍ പൂര്‍ണ്ണമായും യുക്തിവാദ ആശയങ്ങള്‍ ഉള്‍ക്കൊണ്ടും നൂറിലധികം പേര്‍ പെരിയാറിന്റെ ചിന്തകള്‍ പിന്തുടര്‍ന്നും ഇവിടെ സാഹോദര്യത്തോടെ ജീവിക്കുന്നു. മിശ്രവിവാഹങ്ങള്‍ ഇവിടെ ആര്‍ക്കും അത്ഭുതമല്ല; ജാതിയോ ആചാരങ്ങളോ താലിയോ ഇല്ലാതെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി ഇവിടെ സാധാരണമാണ്. അമ്പലങ്ങള്‍ തുറന്നു വച്ചിട്ടും അവിടെ ആരാധന ക്കായി പോകുന്നവരുടെ എണ്ണം പരിമിതമാണ്. ശ്മശാനങ്ങളിലെയും കുളിക്കടവുകളിലെയും വിവേചനങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ദളിത് സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം മതപരിവര്‍ത്തനമല്ല, മറിച്ച് അറിവും യുക്തിചിന്തയുമാണെന്ന് ഈ ഗ്രാമം ഉറക്കെ പ്രഖ്യാപിക്കുന്നു.

കാളിയപ്പകൗണ്ടൻ പുതൂർ: അറിവ് ആയുധമാക്കിയ ഒരു സാമൂഹ്യ വിപ്ലവം | NEWSGIL

ജാതിവിരുദ്ധപോരാട്ടങ്ങളില്‍ രക്തസാക്ഷികളായ പോരാളികളുടെ സ്മാരകം ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യം ജാതിവിരുദ്ധതയാണെന്ന് ഇതിലൂടെ അവര്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ്. അതോടൊപ്പം തന്നെ തിരുവള്ളുവരുടെ വലിയൊരു കട്ടൌട്ടും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രാഷ്ട്രീയ നിലപാട് ഇല്ലാത്ത വിജയ് എന്ന സിനിമ നടന്റെ പാട്ടുകളൊന്നും ഈ ഗ്രാമത്തില്‍ കേള്‍ക്കാനും കഴിയുന്നില്ല.

ജാതി പേരിലുള്ള ഗ്രാമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ ഗ്രാമം ഇപ്പോള്‍ അറിയപ്പെടുന്നത് കാളിയപ്പപുതുര്‍ എന്നാണ്. ശീതീകരിച്ച ഹാളുകളില്‍ നടക്കുന്ന ബൗദ്ധിക ചര്‍ച്ചകള്‍ക്കപ്പുറം, സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചാല്‍ എങ്ങനെ ഒരു വിപ്ലവം സാധ്യമാക്കാം എന്നതിന്റെ ജീവിക്കുന്ന മാതൃകയാണ് നാഗരാജും ശാന്തിയും സഹോദരങ്ങളായ വെങ്കിടാചാലം, മാരീശ്വരന്‍ എന്നിവരും ഉദയഗിരിയും അടങ്ങുന്ന സംഘം കെട്ടിപ്പടുത്ത ഈ ഗ്രാമം. മാറ്റത്തിനായി കൊതിക്കുന്ന ഏതൊരാള്‍ക്കും ഈ പോരാട്ട ചരിത്രം വലിയൊരു പ്രചോദനമാണ്.


Courtesy : https://newsgil.in/

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.