ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യ പാതിയിൽ തന്നെ കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ ചില ഉൽപ്പന്നങ്ങളുടെ കച്ചവടം വലിയ രീതിയിൽ വർധിച്ചു. അതിൽ ഒന്നാണ് ടേപ്പ് റെക്കോർഡറുകളുടെ പുതിയ മോഡലുകളും സൗണ്ട് ബോക്സുകളും. വളരെ അടിസ്ഥാന വർഗത്തിൽപ്പെട്ട കൗമാരക്കാരും യുവാക്കളും പോലും മൺചട്ടിയിൽ സ്പീക്കറുകൾ ഘടിപ്പിച്ച് തങ്ങളുടേതായ സൗണ്ട് ബോക്സുകൾ ഉണ്ടാക്കി. ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണം ഒരു മ്യൂസിഷ്യനെ അയാളുടെ എല്ലാ പവറുകളോടും കൂടെ കേൾക്കാനായിരുന്നു — എ. ആർ. റഹ്മാൻ.

എ. ആർ. റഹ്മാന്റെ ചന്ദ്രലേഖ എന്ന പാട്ടിലെ ചില ബീറ്റുകൾ, കണ്ണാലനെ എന്ന പാട്ടിലെ ഹമ്മിംഗ്, ഉർവശി എന്ന പാട്ടിലെ, ഉശിലാംപെട്ടി എന്ന പാട്ടിലെ ചില ശബ്ദങ്ങൾ അന്നത്തെ ഞങ്ങളെ പോലുള്ള തലമുറയിലെ മനുഷ്യരെ കൊളുത്തിവലിച്ചു. ഗാനമേളകളെ എ ആർ റഹ്മാൻ അട്ടിമറിച്ചു. ഗാനമേളകളിലെ കലാകാരന്മാര് എ ആർ റഹ്മാൻ പാട്ടുകളിലൂടെ സൂപ്പർ സ്റ്റാറുകൾ ആയി. ബ്രേക്ക് ഡാൻസുകൾ കളിച്ച കോളനികളിലെ കുട്ടികൾ കാമ്പസുകളില് താരങ്ങൾ ആയി. ഞങ്ങളുടെ കൗമാരത്തിൽ ജെന്റിൽമാൻ എന്ന സിനിമയിലെ പാട്ടുകൾ സൗണ്ട് ബോക്സുകളിൽ കേൾക്കാൻ വേണ്ടി മാത്രം ഞങ്ങൾ തിയേറ്ററുകളിലേക്ക് വീണ്ടും വീണ്ടും കയറി. സംഗീത ഉപകരണങ്ങൾ, അതിന്റെ ടെക്നോളജി, അതിലെ പുതിയ ശബ്ദങ്ങൾ, സൗണ്ട് ബോക്സുകൾ തുടങ്ങിയവയെല്ലാം കൂടി ചേർന്ന് കലർന്ന, അതിനൊക്കെ പ്രാധാന്യമുള്ള ഒരു പ്രത്യേക തരത്തിലുള്ള ആസ്വാദനങ്ങളുടെ രൂപഘടനയാണ് എ. ആർ. റഹ്മാൻ എന്ന സംഗീതകാരൻ ആ കാലത്ത് നിർമ്മിച്ചെടുത്തത്.

ഇന്ത്യയിൽ ഗ്ലോബലൈസേഷന്റെ കടന്നുവരവോടുകൂടിയാണ് എ. ആർ. റഹ്മാൻ എന്ന സംഗീതകാരനും രൂപപ്പെടുന്നത്. ഏതാണ്ട് ഒരേ കാലത്തായിരുന്നു എ. ആർ. റഹ്മാൻ റോജ എന്ന സിനിമയിലൂടെ കടന്നുവരികയും ഇന്ത്യയിൽ ഗ്ലോബലൈസേഷൻ നടപ്പിലാക്കപ്പെടുകയും ചെയ്തത്. അതുവരെ തമിഴ് സിനിമയിൽ ഇളയരാജ മുതലായവർ നിർമ്മിച്ച തമിഴ് ദേശങ്ങളുടെ ലോക്കാലിറ്റികളുടെ ഫോക് രൂപങ്ങളായ ശബ്ദങ്ങളെ ആസ്വദിച്ചിരുന്ന തമിഴ് ജനതയ്ക്ക് റോജയിലെ ബീറ്റുകളുടെ ശബ്ദങ്ങൾ (ഡിജിറ്റൽ മിക്സ് ചെയ്തത്) ഒരു അട്ടിമറി അനുഭവമായിരുന്നു. ഇളയരാജയിൽ നിന്ന് വ്യത്യസ്തമായി, തമിഴ് ലോക്കൽ കൾച്ചറിൽ നിന്ന് മാറി, അത് ഇന്ത്യ മുഴുവൻ വ്യാപകമായി. റോജയിലെ പാട്ടുകൾ ഹിന്ദിയിലേക്കും ഡബ് ചെയ്യപ്പെട്ടു. ഇന്നും തമിഴ്നാട്ടിലേക്ക് പോയാൽ ഇളയരാജയുടെ പാട്ടുകൾ ബസുകളിലും പൊതു ഇടങ്ങളിലുമെല്ലാം കേൾക്കാം. അദ്ദേഹത്തിന്റെ ലോക്കൽ കൾച്ചറുകളിൽ നിന്നുള്ള നാടോടി ശബ്ദങ്ങളെ തമിഴ് സംസ്കാരം ഇന്നും കൈവിടുന്നില്ല.
ഗ്ലോബലൈസേഷന്റെ വികാസത്തോടുകൂടി, പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ എ. ആർ. റഹ്മാന്റെ ശബ്ദങ്ങൾ മനുഷ്യരെ കീഴടക്കിയെന്ന് പറയാം. റോക്ക്, പോപ്പ് തുടങ്ങിയ സംസ്കാരങ്ങളെയും ഇന്ത്യൻ ഫോക്, ഹിന്ദുസ്ഥാനി കൾച്ചർ എന്നിവയെയും മിക്സ് ചെയ്ത ഗ്ലോബൽ ശബ്ദങ്ങളെ വിന്യസിക്കുന്ന ഒരു രീതി ആയിരിക്കാം എ. ആർ. റഹ്മാൻ പരീക്ഷിച്ചത്. അതുകൊണ്ടുതന്നെ ഇളയരാജയെ പോലെ സൗത്ത് ഇന്ത്യയിൽ മാത്രം നിൽക്കാതെ എ. ആർ. റഹ്മാൻ പല ദേശങ്ങളിലും സ്വീകാര്യനായി. പക്ഷേ, യൂടുബ് സപ്പൊറ്റീഫൈ അങ്ങനെ (എന്നിക്കറിയാത്ത) പുതിയ അനേകം സംഗീതങ്ങളുടെ മീഡിയകൾ രൂപപ്പെടുന്ന 2010-ന് ശേഷമുള്ള കാലത്ത് പുതിയ തലമുറകൾ കൂടുതൽ മ്യൂസിക് വൈബുകളിലേക്ക് ആകർഷിക്കപ്പെട്ടു. ലോകത്തുള്ള പലതരം മ്യൂസിക് ജെ നറുകളിലേക് അവർ എക്സ്പോസ് ചെയ്യപ്പെട്ടു. ഗാംഗ്നം സ്റ്റൈൽ മുതൽ കൊറിയൻ ഹിപ്-ഹോപ്പ് വഴി ഇവിടെ കേരളത്തിൽ വേടൻ വരെ പുതിയ തലമുറകളെ ഇൻഫ്ലുവൻസ് ചെയ്തു. ഇത് എ. ആർ. റഹ്മാൻ അടക്കമുള്ളവർ സൃഷ്ടിച്ചുവച്ച ശബ്ദരൂപീകരണങ്ങളുടെ ഇന്ത്യൻ സമൂഹത്തിലെ തുടർച്ചയായ വളർച്ചയുടെ പരിനാമാവുമായിരുന്നു. എ ആർ റഹ്മാന് അടക്കമുള്ളവരുടെ സ്റ്റേജ് ഷോകളും വിപ്ലവങ്ങൾ സൃഷട്ടിച്ചു.

പലതരം ശബ്ദങ്ങളിലേക്ക് ആൽഫ, സീ ജനറേഷനുകൾ വ്യാപകമായി തുറന്നുവെക്കപ്പെട്ടതോടെ എ. ആർ. റഹ്മാൻ സ്വാഭാവികമായും പിന്നിലായി എന്ന തോന്നൽ ഉണ്ടാകാം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ മുതൽ ഇന്നുവരെ ഏകദേശം മുപ്പത് വർഷത്തിനിടെ എ. ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവർ രൂപപ്പെടുത്തിയ ശബ്ദങ്ങളുടെ പരിണാമദശയിൽ സംഭവിച്ച മാറ്റങ്ങളുമാകാം ഇത്. ഇന്നലെ കേളവൻസ് എന്ന മ്യൂസിക് ബാൻഡിന്റെ ജോൺസൺ മാഷിന്റെ പാട്ടുകളുടെ റീമിക്സുകൾ കേട്ടുകൊണ്ടിരുന്നപ്പോൾ, അതിലെ ചെണ്ട, തിമില, ഓടക്കുഴൽ പോലുള്ള ശബ്ദങ്ങൾ ഇങ്ങനെ കൊളുത്തിവലിച്ചപ്പോഴാണ് ശബ്ദങ്ങളെക്കുറിച്ച് ഇത്തരമൊരു തോന്നൽ ഉണ്ടായത്. പൊന്മുട്ട ഇടുന്ന താറാവ് എന്ന സിനിമയിലെ “തീയിലൊരുക്കി”, വരവേൽപ്പ് എന്ന സിനിമയിലെ “വെള്ളാരം പൂമാല മേലെ” എന്ന പാട്ടിലെ ചില ശബ്ദങ്ങൾ കേരളത്തിന്റെ നാടൻ ദേശസങ്കൽപ്പത്തിലേക്ക് വല്ലാതെ കൊളുത്തിവലിക്കുന്നവയാണ്. ഒരുപക്ഷേ മലയാളി പ്രവാസത്തിന്റെ പരമാവസ്ഥയിൽ നിൽക്കുമ്പോഴാണ് നാട്ടിലേക്ക് തിരിച്ചു വിളിക്കുന്ന ഇത്തരം പാട്ടുകൾ രൂപപ്പെടുന്നത്. ഇത്തരം ശബ്ദങ്ങളെ പലവിധത്തിൽ ടെക്നോളജിയിലൂടെ, ഗ്ലോബലൈസേഷനിലൂടെ, ഡിജിറ്റലൈസേഷനിലൂടെ അട്ടിമറിച്ച ഒരു ചരിത്രം കൂടിയാണ് എ. ആർ. റഹ്മാന്റേത്.

സംഗീതം എന്നാൽ ജന്മവാസന, ശുദ്ധസംഗീതം, രക്തത്തിൽ അലിഞ്ഞുചേർന്ന പാരമ്പര്യം എന്നൊക്കെയുള്ള ഓഞ്ഞ സവർണ്ണവാദങ്ങളെ തകർത്തുകൊണ്ട്, ടെക്നോളജി, ഗ്ലോബലൈസേഷൻ, വിദേശ ശബ്ദങ്ങളുടെ മിക്സിംഗ് എന്നിവയിലൂടെ സംഗീതത്തിന്റെ “അശുദ്ധി” യിലൂടെ കൂടി ഒരു കാലഘട്ടത്തിൽ സഞ്ചരിച്ച ഒരാളായിരുന്നു എ. ആർ. റഹ്മാൻ. പക്ഷേ, എ.ഐ പോലുള്ള അതിവിശാലവും കോംപ്ലക്സുമായ ടെക്നോളജികളിലൂടെ ഓരോ മനുഷ്യനും സംഗീതകാരനാകുന്ന ഒരു കാലഘട്ടത്തിൽ, സംഗീതത്തിന്റെ ശബ്ദത്തിലേക്കും അതിന്റെ കൾച്ചറിലേക്കും എ. ആർ. റഹ്മാൻ എങ്ങനെ എക്സ്പോസ് ചെയ്യപ്പെടുന്നു എന്നത് പഠിക്കപ്പെടേണ്ടതുണ്ട്. അതിനനുസരിച്ചായിരിക്കാം ആ മഹാനായ സംഗീതകാരന്റെ ഇനി മുന്നോട്ടുള്ള യാത്ര.
അതുപോലെ, പുതിയ ഭജനസംഘങ്ങളുടെ ശബ്ദങ്ങൾക്ക് വിളക്ക് കത്തിച്ച്, അതിന്റെ ചില ശബ്ദങ്ങളുടെ ലഹരിയുടെ താളത്തിനനുസരിച്ച് “രാധ തൻ പ്രേമത്തിനോട്” പുതിയ തലമുറ തലയാട്ടുന്ന ഒരു കാലത്തുകൂടിയാണ് എ. ആർ. റഹ്മാൻ സഞ്ചരിക്കുന്നത് — അത് വേറൊരു അവസ്ഥ തന്നെയാണ്. പക്ഷേ ഇതെഴുത്തുമ്പോഴും എന്റെ അമ്മയുടെ ഫോൺ റിംഗ് ടോൺ റോജയിലെ ചിന്ന ചിന്ന ആസയാണ്.







No Comments yet!