Skip to main content

മുതുകാട്ടെ പാട്ടു വീട്ടിലെ വിളക്കണഞ്ഞു; മലപ്പുറം അസീസ് ഭായി ഇനി ഓർമ്മ

“മദീന മുനവ്വറ സൗധമേ
മഹനീയ മഖ്‌ബറ കാക്കണേ
മഹലൂഖ് ജിൻസുകൾക്കോമനേ
മഹ്മൂദിൻ റൗളയെ കാക്കണേ”…

ഈ കഴിഞ്ഞ ഏപ്രിൽ 5 ന് രാത്രി ഈ ഗാനം ഗസൽ ഗായിക നിസ അസീസിയും, ഗായിക മുക്കം സാജിതയും, സൂഫി ഗായകൻ ഇമാം മജ്ബൂറുമെല്ലാം ചേർന്ന് ആലപിച്ചപ്പോൾ പാട്ടിനൊത്ത് പ്രമുഖ തബലിസ്റ്റുകളായ മുജീബും അക്ബറും തബലകൾ പെരുക്കി. സദസ്സിലിരുന്ന് 85കാരൻ ഈ പാട്ട് വേണ്ടുവോളം ആസ്വദിച്ചു. പാട്ട് തീർന്നപ്പോൾ കണ്ണുകളിൽ നേർത്ത നനവ്. മൂന്ന് തലമുറക്ക് സംഗീതം പകർന്നുനൽകിയ മലപ്പുറത്തെ പാട്ട് കാരണവർ ഉസ്താദ് അസീസ്ഭായി ആയിരുന്നു അത്. താൻ എഴുതി സംഗീതം നൽകിയ പാട്ടുകളിൽ ഒന്ന് മക്കളും മരുമക്കളും ചേർന്ന് പാടുമ്പോൾ കൂടെ പാടാൻ മൂന്നാം തലമുറയിലെ ഖദീജ മിന്നയുമുണ്ടായിരുന്നു. ശാരീരിക പ്രയാസങ്ങൾക്കിടയിലും നേർത്ത ശ്വാസത്തിൽ പൂക്കോട്ടൂർ, മാര്യാട് മുതുകാട്ടെ തൻ്റെ വീട്ട് മുറ്റത്തിരുന്ന് അസീസ് ഭായ് അന്ന് അവസാനമായി തൻ്റെ പാട്ട് മക്കളിലൂടെ വീണ്ടും കേട്ടു. അസീസ് ഭായിയുടെ പാട്ടുജീവിതം ആസ്പദമാക്കി മരുമകൻ മുസ്‌തഫ ദേശമംഗലത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യുമെൻ്ററി “മാർക്കോൺസിൻ്റെ” ആദ്യ പ്രദർശനത്തോ ടനുബന്ധിച്ച് നടന്ന സംഗീതവിരുന്നിലാണ് അസീസ് ഭായി എഴുതിയ രണ്ട് പാട്ടുകൾ സ്നേഹദക്ഷിണയായി മക്കൾ ഒരിക്കൽ കൂടി പാടി കേൾപ്പിച്ചത്. സംഗീതത്തിൽ ജീവിച്ച് മലപ്പുറത്തിന്റെ പഴയ പാട്ടുകാരൻ്റെ മടക്കവും പാട്ടിൽ ലയിച്ചാണ്.

മലപ്പുറം അസീസ് ഭായും കുടുംബാംഗങ്ങളും

കഷ്ടപ്പാടിൻ്റെ കയിപ്പ് സംഗീതം കൊണ്ട് മധുരമാക്കിയ അസീസ് ഭായിയെ മലപ്പുറത്തുകാർക്ക് സുപരിചതമാണ്. ഒരുകാലത്ത് തലത്ത് മഹ്മൂദ്, കിഷോർ, മന്നാഡേ, ബാബ സൈഗൾ, മുകേഷ്, റഫി സാബ് ഉൾപ്പെടെയുള്ളവരുടെ ഹിന്ദി പാട്ടുകൾ മലപ്പുറത്തിന് പാടികേൾപ്പിച്ച അസീസ് ഭായിയുടെ പാട്ടുകൾ പോലെ മധുരമാണ് സംഗീതജീവിതവും. ഒൻപത് മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം പിതാവിനൊപ്പം പാട്ടിൻ്റെ കൂട്ടുകാർ. സംഗീതം കൊണ്ട് പൊതിഞ്ഞ അപൂർവ കുടുംബം. ഇടക്കിടക്ക് മാര്യാട്ടെ മുതുകാട്ട് വീട്ടിൽ അസീസ്ഭായിയുടെ ചുറ്റുമിരുന്ന് കുടുംബം സംഗീത വിരുന്ന് ഒരുക്കും. ഗസലുകളും, ഖവാലികളും, പാടിപ്പതിഞ്ഞ ഹിന്ദി, മലയാളം സിനിമാപ്പാട്ടുകളും, മാപ്പിളപ്പാട്ടുകളും, സൂഫി ഗാനങ്ങളും മാത്രമാവില്ല ഹിന്ദുസ്ഥാനി സംഗീതത്തിലെ രാഗവിസ്താരങ്ങളും കീർത്തനങ്ങളുമൊക്കെയായി നേരം പുലരുവോളം പാടി തിമർക്കും. മക്കൾ ചേർന്ന് തബലയും, കീ ബോർഡും, ഹാർമോണിയവും, മാൻഡലിനും, വയലിനും, ഗിറ്റാറും, സിത്താറുമൊക്കെ ശ്രുതിചേർക്കാൻ പരസ്പരം മൽസരിക്കും. അപൂർവ കാഴ്ചയാണ് ഈ കുടുംബവും അസീസ് ഭായിയുടെ ജീവിതവും.

റേഡിയോ പ്രക്ഷേപണം അതൃപ്പമായ കാലം. 1970കൾക്ക് മുന്നെ മലപ്പുറം കോട്ടപ്പടിയിലെ കൊച്ചു റേഡിയോ മെക്കാനിക്ക് കടയിൽ നിന്ന് മലപ്പുറം അസീസ് ഭായിയുടെ പാട്ടുപെട്ടിയിൽ നിന്ന് ഹിന്ദി ഗാനങ്ങൾ പുറത്തേക്ക് ചാടുമ്പോൾ കൂടെ അസീസ് ഭായിയും എറ്റുപാടും. സംഗീതത്തോടുള്ള അതിരറ്റ കമ്പം കാരണം മക്കളെയും ആ വഴി തിരിച്ചു വിട്ടു. തുടക്കത്തിൽ കോട്ടപ്പടിയിൽ റിങ്കോ സ്റ്റാർ മ്യൂസിക് സംഘത്തിൽ പാടിയ അസീസ് പിന്നീട് രാഗ് തരംഗ് എന്ന പേരിൽ മ്യുസിക് സംഘമുണ്ടാക്കി. അസീസ് തന്നെയായിരുന്നു ഹിന്ദി പാട്ടുകൾ കൂടുതൽ പാടിയത്. മലപ്പുറത്ത് തന്നെ ഉള്ള അബ്ദുല്ല, ലത കൂറ്റനാട്, തങ്കം ഉൾപ്പെടെ ഗായകരും കുടെ. ഗഫൂർ കെ ഖയ്യാം, ഹറൂൻ, ബഷീർ, കോത, കുഞാൻ, ഹാഷിം ഉൾപ്പെടെയുള്ളവർ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തു. പിന്നീട് പ്രശസ്ത സംഗീതജ്ഞൻ വിൻസന്റ് മാസ്റ്റർ രാഗ്തരംഗിൽ എത്തിയതോടെ ഈ സംഗീതക്കൂട്ടായ്മക്ക് മാറ്റ് കൂടി. ഹിന്ദുസ്ഥാനി സംഗീതം അസീസ് ഭായി കുടുതൽ പഠിച്ചതും വിൻസൻ്റ് മാസ്റ്ററിൽ നിന്നിയിരുന്നു. 1975 ൽ തുടങ്ങിയ രാഗ് തരംഗ് 2000 വരെ സജീവമായിരുന്നു. മൂത്ത മകൾ നിസ പാടി തുടങ്ങിയതോടെ വേദികളിൽ മകളും സജീവമായി. ഏഴ്
വയസ്സു മുതൽ നിസ പാടി തുടങ്ങിയിരുന്നു.

അസീസ് ഭായ് – ഏപ്രില്‍ 5ന് വീട്ടുമുറ്റത്തിരുന്ന് മരുമകന്‍ മുസ്തഫ ദേശമംഗലം സംവിധാനം ചെയ്ത മൽകോൺസ് ഡോക്യൂമെന്ററി കാണുന്നു.

കോടൂർ മങ്ങാട്ടുപുലമാണ് അസീസ് ഭായിയുടെ നാട്. പിന്നീട് ഏറെ കാലം കോട്ടപ്പടി യിലും,കുറ്റിപുളിയിലുമായി വാടക വീട്ടിൽ താമസം. പിന്നീട് പൂക്കോട്ടൂർ മാരിയാട് വീട് വെച്ച് താമസം മാറി. വിപ്ലവഗാനങ്ങൾ പാടുമായിരുന്നെങ്കിലും കൂടുതൽ പ്രിയം ഹിന്ദിപ്പാട്ടുകളായിരുന്നു. പാടുന്നതോടൊപ്പം പാട്ടെഴുത്തിലും ഇദ്ദേഹം കഴിവ് തെളിയിച്ചതാണ്. മദീനാ മുനവ്വറ സൗദമേ മഹമൂദിൻ മഖ്ബറ കാക്കണേ… ആലമാകെ പടച്ച ഇലാഹേ അഭയം നൽകിടണേ… നീലമേലാപ്പിൽ നിന്നും വെള്ളിത്താരങ്ങൾ മിന്നും രാവിൽ ഈ കല്യാണരാവിൽ… തുടങ്ങിയ ശ്രദ്ധേയ പാട്ടുകൾക്ക് പിറവി നൽകിയത് അസീസ് ഭായി ആണ്. മക്കളെല്ലാം സംഗീതവുമായി ബന്ധപ്പെട്ടവരാണ്. പ്രശസ്ത ഗസൽ ഗായിക നിസ അസീസി, സൂഫി ഗായകൻ ഇമാം മജ്ബൂര്‍ തബലിസ്റ്റുകളായ മുജീബ് റഹ്മാൻ, അക്ബർ മലപ്പുറം, നസീബ്, ഓർഗനിസ്റ്റ് സലീൽ ഗായികമാരായ ഹസീന, റാഹത്തുന്നീസ അടക്കം മക്കളെല്ലാം പിതാവി സംഗീതവഴിയിൽ സജീവം. വി.എം കുട്ടിയുടെ സംഘത്തിലുടെ ശ്രദ്ധേയമായ ഗായിക മുക്കം സാജിത ഈ കുടുംബത്തിലെ മരുമകളാണ്. മൂന്നാമത്തെ മകൻ മുഹമ്മദ് സലീലിൻ്റെ ഭാര്യയാണ്. മകൾ നിസ അസീസിയുടെ മകൻ റാസി ശ്രദ്ധേയ സിത്താർ വാദകനാണ്. തമിഴ്, തെലുങ്ക് സിനിമകളിലും വെബ് സീരീസുകളിലുമൊക്കെ ശ്രദ്ധികപ്പെട്ട റാസി, എ.ആർ. റഹ്മാന്റെ സഹോദരി റൈഹാനകൊപ്പം പാടിയിട്ടുണ്ട്. മലപ്രം സദീർ എന്ന പേരിൽ അസീസ് ഭായിയെ ആദരിച്ചിരുന്നു. സംഗീതത്തിന് വേണ്ടി ജീവിച്ച് നിശബ്ദമായി സംഗീതയാത്ര നയിച്ച് മൂന്ന് തലമുറക്ക് സംഗീതം പകർന്ന ഉസ്‌താദ് അസീസ് ഭായിക്ക് ഇനി മാര്യാട് കുഞ്ഞിക്കുളം ജുമുഅ മസ്ജിദ് പള്ളിമണ്ണിൽ അന്ത്യ നിദ്ര. നാഥൻ ഖബറിടം വിശാലമാക്കുമാറാക്കട്ടെ… ആമീൻ!

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.