ഇന്ത്യന്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതലോകത്തില്‍ പാരമ്പര്യത്തിന്റെ കാര്‍ക്കശ്യവും മാനവികതയുടെ മൃദുത്വവും ഒരുമിച്ചുചേര്‍ന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു നീലാ ഭാഗവത് (November 29,1942 – April 14,2026). ഗായിക, ഗുരു, ഗവേഷക, ചിന്തക, സംഗീതത്തെ സാമൂഹിക ബോധവുമായി ബന്ധിപ്പിച്ച കലാകാരി, ഇങ്ങനെ പല നിലകളില്‍ അവരെ ഓര്‍ക്കാം. ഗ്വാളിയോര്‍ ഘരാനയുടെ ശാസ്ത്രീയ ശുദ്ധി സംരക്ഷിച്ചുകൊണ്ടുതന്നെ അതിനെ നവീനതയുമായി സംവദിപ്പിച്ച കലാകാരിയായിരുന്നു അവര്‍. അതുകൊണ്ടു തന്നെ നീലാ ഭാഗവത്, ഇന്ത്യന്‍ സംഗീതചരിത്രത്തില്‍ വ്യത്യസ്തമായ ഒരു സ്ഥാനമാണ് സ്വന്തമാക്കിയത്.

1943-ല്‍ ബോംബെയില്‍ ജനിച്ച അവര്‍, നഗരത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അന്തരീക്ഷത്തിലാണ് വളര്‍ന്നത്. സംഗീതത്തോടുള്ള ആകര്‍ഷണം ബാല്യത്തില്‍ തന്നെ പ്രകടമായി. ഗ്വാളിയോര്‍ ഘരാനയുടെ മഹത്തരനായ ഗുരു ശരത്ചന്ദ്ര ആരോല്‍ക്കറുടെ ശിഷ്യയായിയിരുന്നു അവര്‍. ഈ ശിക്ഷണം വെറും സംഗീതാഭ്യാസം മാത്രമല്ലായിരുന്നു. സംഗീതത്തെ ഒരു ആത്മശാസ്ത്രമായി കാണുന്ന ദര്‍ശനപരമായ അഭ്യാസവുമായിരുന്നു. സ്വരത്തിന്റെ ശുദ്ധി, രാഗഭാവത്തിന്റെ ആഴം, ലയത്തിന്റെ കൃത്യത, പദത്തിന്റെ വ്യക്തത, ഇവയെല്ലാം അവര്‍ ഗുരുവില്‍ നിന്ന് ഏറ്റുവാങ്ങി സ്വന്തം സ്വഭാവത്തിലേക്ക് പകര്‍ത്തി.
ഗ്വാളിയോര്‍ ഘരാന ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പുരാതന പാരമ്പര്യങ്ങളില്‍ ഒന്നാണ്. ലളിതവും വ്യക്തവുമായ ആലാപനശൈലി, ഖയാല്‍ ആലാപനത്തിലെ ഭംഗി, സ്വരപ്രയോഗത്തിലെ നിയന്ത്രണം എന്നിവയാണ് ഈ ഘരാനയുടെ മുഖമുദ്രകള്‍. ഈ പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ നീലാ ഭാഗവത് സൂക്ഷ്മമായി സംരക്ഷിച്ചു. അവര്‍ പാരമ്പര്യത്തെ വെറും മ്യൂസിയം വസ്തുവായി കരുതിയില്ല. അതിനു ജീവനുണ്ടെന്ന വിധത്തില്‍ തന്നെ കൈകാര്യം ചെയ്തു. കാലം ഉയര്‍ത്തുന്ന ചോദ്യങ്ങളോടും പുതിയ തലമുറയുടെ സംവേദനങ്ങളോടും സംഗീതം സംസാരിക്കണമെന്നായിരുന്നു അവരുടെ നിലപാട്.
നീലാ ഭാഗവതിന്റെ സംഗീതത്തില്‍ പ്രത്യേകമായി കാണപ്പെട്ടത് പദാര്‍ത്ഥബോധമായിരുന്നു. പലപ്പോഴും ശാസ്ത്രീയ സംഗീതാവതരണങ്ങളില്‍ പദങ്ങള്‍ പിന്നിലേക്കു പോകുകയും രാഗവികാസം മുന്‍പന്തിയിലാകുകയും ചെയ്യാറുണ്ട്. എന്നാല്‍ അവര്‍ പാടിയപ്പോള്‍ ഓരോ വാക്കിനും അര്‍ത്ഥമുണ്ടായിരുന്നു; ഓരോ അക്ഷരത്തിനും ഭാവമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ സംഗീതം ശാസ്ത്രീയമാത്രമല്ല, സാഹിത്യപരവുമായ അനുഭവമായി മാറി. ഒരു കവിത സ്വരത്തിലേക്ക് മാറുമ്പോള്‍ എത്ര സൂക്ഷ്മത വേണമെന്നത് അവര്‍ കാണിച്ചുതന്നു.
കവിതയ്ക്ക് സംഗീതത്തിലൂടെ പുതുജീവന്‍ നല്‍കിയത് അവരുടെ വലിയ സംഭാവനയാണ്. പുരാതന ബന്ദിഷുകള്‍, ഭക്തിഗാനങ്ങള്‍, സാമൂഹിക ബോധമുള്ള പദ്യങ്ങള്‍, സ്ത്രീസ്വരത്തെ പ്രതിനിധീകരിക്കുന്ന രചനകള്‍, ഇവയെല്ലാം അവര്‍ തെരഞ്ഞെടുത്തും അവതരിപ്പിച്ചും ശ്രദ്ധേയയാക്കി. ഒരു പാട്ട് ആലപിക്കുമ്പോള്‍ അതിന്റെ സാഹിത്യവും ആശയവും സംഗീതത്തോട് തുല്യമായി പ്രേക്ഷകരിലേക്കെത്തിക്കണമെന്ന് അവര്‍ വിശ്വസിച്ചു.

ഈ പശ്ചാത്തലത്തിലാണ് കബീറിന്റെ കവിതകളുമായുള്ള അവരുടെ ബന്ധം പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിന് ശേഷമാണവര്‍ കബീര്‍ കവിതകളിലേക്ക് ആകൃഷ്ടയാകുന്നത്. കബീര്‍ പറഞ്ഞത് ഭക്തിയുടെ പേരിലുള്ള ആചാരങ്ങളെയോ മതഭിത്തികളെയോ കുറിച്ചല്ല; ഉള്ളറയിലെ സത്യത്തെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും കുറിച്ചായിരുന്നു. ജാതി-മത ഭേദങ്ങള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച കവിയായിരുന്നു കബീര്‍. നീലാ ഭാഗവതിന്റെ കലാസങ്കല്‍പ്പത്തോടും ഈ ചിന്തകള്‍ ഏറെ അടുത്തിരുന്നു. അതിനാല്‍ അവര്‍ കബീര്‍ പദങ്ങള്‍ ആലപിക്കുമ്പോള്‍ അത് ഒരു ഭജനത്തിന്റെ പതിവ് പരിധി വിട്ട് ആത്മചിന്തയുടെ ആഴത്തിലേക്ക് കടന്നുപോകുന്ന അനുഭവമായി മാറി. അവരുടെ അവതരണത്തില്‍ കബീറിന്റെ ലാളിത്യവും തീവ്രതയും ഒരുപോലെ പ്രത്യക്ഷപ്പെട്ടു.

സ്ത്രീസ്വാതന്ത്ര്യവും സാമൂഹിക നീതിയും സംബന്ധിച്ച ചോദ്യങ്ങള്‍ക്കും നീലാ ഭാഗവത് തന്റെ കലയില്‍ സ്ഥാനം നല്‍കി. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതരംഗം ഏറെക്കാലം പുരുഷകേന്ദ്രിതമായിരുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീകളുടെ അനുഭവങ്ങളും വികാരങ്ങളും സാമൂഹിക പ്രതിസന്ധികളും കലയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്ന് അവര്‍ കരുതി. അതുകൊണ്ടുതന്നെ അവരുടെ പരിപാടികള്‍ വെറും സംഗീതവിരുന്നുകളല്ലായിരുന്നു; ചിന്തയുടെ വേദികളുമായിരുന്നു. സംഗീതം സമൂഹത്തില്‍ നിന്ന് വേര്‍പെട്ടുനില്‍ക്കേണ്ടതില്ലെന്ന് അവര്‍ തെളിയിച്ചു.
അവരുടെ മറ്റൊരു വലിയ സംഭാവന ഗുരുപാരമ്പര്യത്തിന്റെ സംരക്ഷണമാണ്. ഗുരു ശരത്ചന്ദ്ര അരോള്‍ക്കറില്‍ നിന്ന് ലഭിച്ച അപൂര്‍വ ബന്ദിഷുകളും രേഖകളും അവര്‍ സ്വകാര്യ സ്വത്തായി സൂക്ഷിച്ചില്ല. സംഗീതലോകത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ അവ പൊതുവേദിയിലേക്കു കൊണ്ടുവന്നു. അറിവ് പങ്കുവെച്ചാല്‍ മാത്രമേ പാരമ്പര്യം നിലനില്‍ക്കൂ എന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. ഇന്നത്തെ കാലത്ത് അപൂര്‍വമായ ഈ മനോഭാവം, അവരെ വെറും കലാകാരിയല്ല ഒരു സംസ്‌കാരസംരക്ഷകയാക്കി മാറ്റുന്നു.
നീലാ ഭാഗവത് അധ്യാപികയായും അനേകം പേരുടെ ജീവിതത്തില്‍ വെളിച്ചമായി. യുവഗായകരെയും വാദകരെയും അവര്‍ പ്രോത്സാഹിപ്പിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ഗുരുവിനേക്കാള്‍ സാധ്യതകള്‍ തിരിച്ചറിയുന്ന മാര്‍ഗദര്‍ശകയായിരുന്നു അവര്‍. വിദ്യാര്‍ത്ഥികളോട് അവര്‍ പഠിപ്പിച്ചതും വെറും സ്വരങ്ങള്‍ അല്ല; കേള്‍വിയുടെ സംസ്‌കാരവും ക്ഷമയും അന്വേഷണവുമായിരുന്നു. ഒരു രാഗം പാടുന്നതിന് മുമ്പ് അത് ഉള്ളില്‍ കേള്‍ക്കാന്‍ പഠിക്കണം എന്നായിരുന്നു അവരുടെ പാഠം.
അവരുടെ അവസാനകാലം പോലും സംഗീതത്തോടുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമായിരുന്നു. ശ്വാസകോശത്തെ ബാധിച്ച ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ് എന്ന ഗുരുതര രോഗം അവരെ ശാരീരികമായി ബലഹീനയാക്കിയെങ്കിലും മനസ്സിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഓക്‌സിജന്‍ സഹായത്തോടെയും ചികിത്സയോടെയും അവര്‍ വീട്ടില്‍ കഴിയേണ്ടി വന്നു. എങ്കിലും സംഗീതശ്രവണവും ചിന്തയും വിദ്യാര്‍ത്ഥികളുമായുള്ള സംവാദവും അവര്‍ അവസാനിപ്പിച്ചില്ല. ഈ വര്‍ഷം ജനുവരി 17-ന് പൂനെയില്‍ നടന്ന വസന്തോത്സവ് വേദിയില്‍, ഓക്‌സിജന്‍ പിന്തുണയോടെ യാത്രചെയ്‌തെത്തി, വസന്ത് റാവ് ദേശ്പാണ്ഡെയുടെ സ്മരണാര്‍ത്ഥം നല്‍കിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി. അത് വെറും പുരസ്‌കാരസ്വീകരണമല്ലായിരുന്നു; കലാകാരിയുടെ അവസാന വന്ദനമായി പലരും പിന്നീട് ഓര്‍ത്തെടുത്തു. ശ്വാസം മങ്ങിയപ്പോഴും സ്വരം മങ്ങിയില്ലെന്നതിന് അതായിരുന്നു തെളിവ്.
ഹൃദയഭേദകമായ യാദൃശ്ചികതയായി, ഇതേ രോഗം-ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ്-ഒരു വര്‍ഷം മുമ്പ് ഉസ്താദ് സക്കീര്‍ ഹുസയിനേയും അപഹരിച്ചിരുന്നു. നീലാ ഭാഗവതിന്റെ ജീവിതകാലത്തെ ഏറ്റവും വലിയ ആശ്രയമായിരുന്ന ശ്വാസം തന്നെയാണ് അവസാനം അവരുടെ ശത്രുവായത്. അവരുടെ ജീവിതപങ്കാളിയായ അമരേന്ദ്ര ധനേശ്വര്‍ ഓര്‍ക്കുന്നതുപോലെ, അവസാന മാസങ്ങളില്‍ അവര്‍ കൂടുതലായും വീട്ടില്‍ കഴിയേണ്ടിവന്നു. ഓക്‌സിജന്‍ സഹായവും മരുന്നുകളും ആശ്രയിച്ചിരുന്നെങ്കിലും മനസ്സ് സംഗീതത്തോട് ചേര്‍ന്നുനിന്നു. കേള്‍ക്കുകയും ചിന്തിക്കുകയും, ജീവിതമൊട്ടാകെ തങ്ങളെ നിര്‍വചിച്ച ‘സുര്‍’ പിടിച്ചുനിര്‍ത്തുകയും ചെയ്ത ദിവസങ്ങളായിരുന്നു അത്.
2026 ഏപ്രില്‍ പതിനാലാം തിയതി, 83-ആം വയസ്സില്‍ അവര്‍ വിടവാങ്ങിയപ്പോള്‍ സംഗീതലോകത്തിനു നഷ്ടമായത് ഒരു ഗായികയെ മാത്രമായിരുന്നില്ല. പാരമ്പര്യത്തെ മനുഷ്യസ്പര്‍ശത്തോടെ കൈകാര്യം ചെയ്ത ഒരു ഗുരുവിനെയും, കവിതയെ സ്വരത്തില്‍ ഉണര്‍ത്തിയ കലാകാരിയെയും, സംഗീതത്തെ സമൂഹവുമായി വീണ്ടും ബന്ധിപ്പിച്ച ചിന്തകയേയുമെല്ലാമായിരുന്നു. മരണവാര്‍ത്തായറിഞ്ഞ രാഹുല്‍ ദേശ്പാണ്ഡെ പറഞ്ഞത്, ”ഗുരുതുല്യമായ ആധാരങ്ങളെ നാം ഒന്നൊന്നായി നഷ്ടപ്പെടുകയാണ്,” എന്നായിരുന്നു. പലരുടെയും വികാരത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളായിരുന്നു അത്. നീലാ ഭാഗവതിന്റെ സാന്നിധ്യം ഒരു പ്രഗത്ഭ കലാകാരിയുടേതു മാത്രമല്ലായിരുന്നു; സംശയങ്ങള്‍ മൂടുമ്പോഴും സൂക്ഷ്മതകള്‍ മങ്ങിയപ്പോഴും സംഗീതജ്ഞര്‍ സമീപിച്ചിരുന്ന ഉദാരമനസ്‌കയായ മാര്‍ഗദര്‍ശകയുടേതുമായിരുന്നു. ഒരു പദം പാടുന്നതില്‍ മാത്രമല്ല, അതിനെ മനസ്സിലാക്കുന്നതിലും അവര്‍ വഴികാട്ടിയിരുന്നു.
തബല വിദ്വാന്‍ അനീഷ് പ്രധാന്‍ ഓര്‍ക്കുന്നത് തന്റെ ജീവിതപാത തന്നെ മാറ്റിയ ഒരു ആദ്യസന്ദര്‍ശനമാണ്. ഒരിക്കല്‍ അവരുടെ വീട്ടിലെത്തിയപ്പോള്‍ അവര്‍ തന്നെ ഹാര്‍മോണിയം കൈയിലെടുത്ത്, അദ്ദേഹത്തെ വായിക്കാന്‍ പ്രോത്സാഹിപ്പിച്ചു. ആ അംഗീകാരം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ രൂപപ്പെടുത്തി. പിന്നീട് നിരവധി സംഗീതയാത്രകള്‍ക്കും സഹകരണങ്ങള്‍ക്കും വാതില്‍ തുറന്നതും അവര്‍ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ”കഴിഞ്ഞ ആഴ്ച അവരെ സന്ദര്‍ശിക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു,” എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നഷ്ടത്തിന്റെ വേദന നിറഞ്ഞുനില്‍ക്കുന്നു.

നീലാ ഭാഗവതിന്റെ സംഗീതത്തില്‍ നിരന്തരം അന്വേഷിക്കുന്ന ഒരു പണ്ഡിതമനസ്സിന്റെ മുദ്രയുണ്ടായിരുന്നു. ശുഭ മുഡ്ഗല്‍ നിരീക്ഷിച്ചതുപോലെ, അവരുടെ കല ഒരിക്കലും ഒറ്റപ്പെട്ടിരുന്നില്ല. കാലത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പ്രവാഹങ്ങളെ അത് ഉള്‍ക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്തു. പലപ്പോഴും അതില്‍ വ്യക്തമായ സ്ത്രീപക്ഷ ദൃഷ്ടികോണുമുണ്ടായിരുന്നു. കൈവശം വെക്കലിനെക്കാള്‍ പകര്‍ന്നുനല്‍കലിനും ഉടമസ്ഥതയെക്കാള്‍ പാരമ്പര്യനിലനില്‍പ്പിനുമായിരുന്നു അവര്‍ നല്‍കിയ മുന്‍ഗണന.
സിനിമാകാരിയും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗത്തിന്റെ മുന്‍ ഡീനുമായ അഞ്ജലി മോണ്ടീറോക്ക് ഈ നഷ്ടം ഏറെ വ്യക്തിപരമാണ്. സിനിമ, സ്ത്രീപക്ഷ മാധ്യമപ്രവര്‍ത്തനം, ബൗദ്ധിക സംവാദങ്ങള്‍ എന്നിവയെല്ലാം പങ്കിട്ട സൗഹൃദമായിരുന്നു അവരുടേത്. ”കേള്‍ക്കാനും പാടാനും മനസ്സിലാക്കാനും അവര്‍ എന്നെ പഠിപ്പിച്ചു. എനിക്കറിയാത്ത വാതിലുകള്‍ അവര്‍ തുറന്നു തന്നു,” എന്നാണ് അവര്‍ ഓര്‍ക്കുന്നത്. വേദിക്കപ്പുറത്തേക്കും വ്യാപിച്ച സ്വാധീനമാണ് നീലാ ഭാഗവതിനെ വ്യത്യസ്തയാക്കിയത്.
ഗ്വാളിയോര്‍ ഘരാനയുടെ പാരമ്പര്യവംശവുമായി ബന്ധപ്പെട്ട ഗായിക മീത പണ്ഡിറ്റ് പറഞ്ഞത്, ”ഗ്വാളിയോര്‍ ഘരാന എന്നാലര്‍ത്ഥം കൃത്യതയും പാരമ്പര്യവും എന്നാണ്. നീലാ ഭാഗവത് ആ പൈതൃകത്തെ ആദരിച്ചു; അതേ സമയം അതിനെ സാവധാനമായി പുതുക്കി. വ്യക്തിത്വം, ലിംഗനീതി, സാമൂഹിക നീതി എന്നീ ചോദ്യങ്ങളുമായി അത് സംവദിക്കാന്‍ അവര്‍ അനുവദിച്ചു; എന്നാല്‍ അതിന്റെ സൗന്ദര്യഹൃദയം ഒരിക്കലും നഷ്ടപ്പെട്ടില്ല,” എന്നായിരുന്നു.
നീലാ ഭാഗവത് ഇന്ന് ഓര്‍മ്മിക്കപ്പെടുന്നത് ശാസ്ത്രീയ കാര്‍ക്കശ്യവും ഹൃദയത്തിന്റെ ചൂടും ഒന്നിപ്പിച്ച ശബ്ദമായാണ്. ഗ്വാളിയോര്‍ ഘരാനയുടെ അഭിമാനമായി. അതേസമയം അവര്‍ അതിന്റെ ചുവരുകള്‍ തുറന്ന് ലോകത്തോട് സംസാരിപ്പിക്കുകയും ചെയ്തു. സ്വരത്തില്‍ ശാസ്ത്രവും മനസില്‍ കരുണയും പദങ്ങളില്‍ ചിന്തയും നിറഞ്ഞ ആ കലാജീവിതം ഇന്ത്യന്‍ സംഗീതചരിത്രത്തില്‍ എന്നന്നേക്കുമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ചില വേര്‍പാടുകള്‍ ഒരു അധ്യായം അവസാനിപ്പിക്കുന്നു; ചിലത് ഒരു സമ്പ്രദായത്തിന്റെ തന്നെ നട്ടെല്ല് ശിഥിലമാക്കുന്നു. പിന്നില്‍ അവശേഷിക്കുക ഓര്‍മ്മകള്‍ മുഴങ്ങുന്ന ഒരു മൗനമാണ്.
ഹിന്ദുസ്ഥാന്‍ ടൈംസില്‍ യോഗേഷ് പവാര്‍ എഴുതിയ കുറിപ്പിനോട് കടപ്പാട്.








No Comments yet!