Skip to main content

ഹാലുസിനേഷൻ

മഴപ്പെയ്ത്തിനിടയില്‍
ഒരു കഷ്ണം വെയില്‍
ചിതറി വീഴുന്നു.

വെയിലും മഴയും
കുറുക്കന്റെ കല്യാണണമെന്ന്
വാതില്ക്കല് കാല് നീട്ടിയിരുന്ന
അമ്മമ്മ.

ശരിയാണ് കുറസോവയുടെ സിനിമ*
സ്‌കൂളില്‍ വച്ച്കണ്ടത് ഞാനും ഓര്‍ത്തു.
ദാ നോക്കൂ അമ്മമ്മ
കൈ ചൂണ്ടി.

കുറുക്കന്മാര്‍ നിരനിരയായി
ഓരിയിട്ട് മുറ്റത്തുകൂടെ
നടക്കുന്നു, ഒത്ത നടുവിലായി
കല്യാണ ചെക്കനും പെണ്ണും.
വാതിലിന്റെ മറവിലൂടെ
പറഞ്ഞുമാത്രം കേട്ടിട്ടുള്ള
കുറുക്കന്റെ കല്യാണം
മുഴുവനായി ഒപ്പിയെടുത്തു.
അമ്മയെയും അനിയത്തിയെയും
അധികം ഒച്ച പൊങ്ങാതെ
വിളിച്ച് കൈ ചൂണ്ടി,
കുറുക്കന്റെ കല്യാണം.

മഴവില്ലെന്ന് കുലുങ്ങിച്ചിരിച്ച്
അനിയത്തി അകത്തേക്കോടി,
അമ്മമ്മ മരിക്കുന്നത് വരെ
ഇതേ പ്രാന്ത് അവര്‍ക്കും
ഉണ്ടായിരുന്നെന്ന് ദേഷ്യപ്പെട്ട്
അമ്മ അടുക്കളയിലേക്ക്
ധൃതിപ്പെട്ടു.

അമ്മമ്മ വീണ്ടും
മുറ്റത്തേക്ക് കൈചൂണ്ടി
എനിക്കിപ്പോഴും കാണാം
ഒരു കൂട്ടം കുറുക്കന്മാര്‍
മഴച്ചാറ്റലിനിടയിലൂടെ
വെയില്‍ച്ചീള് പോലെ
മിന്നിമറയുന്നു.

***

* വാതില്ക്കല് – ഉമ്മറപ്പടി

* സിനിമ ( അകിര കുറസോവയുടെ ഡ്രീംസ് (1990) എന്ന ആന്തോളജി സിനിമയിലെ
sunshine through rain എന്ന ചലച്ചിത്രം)

No Comments yet!

Your Email address will not be published.