Skip to main content

ആകാശം ഇന്ന് നീലയല്ല

War In The Sky, Painting by Irina Ruocco | ArtMajeur

ആകാശം ഇന്ന് നീലയല്ല
കരിമ്പുക നെയ്ത ശവക്കച്ച
പുതച്ചു നിൽക്കുന്ന ആകാശം,
ഇന്ന് നീലയല്ല.
നിങ്ങൾക്ക് യുദ്ധം ഒരധികാര ചതുരംഗം,
അധിനിവേശ കരുനീക്കം .
ഞങ്ങൾക്കത്, തലമുറകളുടെ കുരുതി.

കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറയുന്നു,
രക്തം നിങ്ങളുടെ വാതിലുകളിൽ എത്തുന്നില്ല.

ചോരയുറഞ്ഞ തെരുവുകൾ നിങ്ങൾക്കന്യമാണ് ,
നിങ്ങളുടെ പദചലനങ്ങൾ മാർബിൾ നിലങ്ങളിൽ മാത്രം!

കുഴിച്ചുമൂടാത്ത ശരീരങ്ങളുടെ ഗന്ധം
അധികാരത്തിന്റെ ദന്തഗോപുരങ്ങളിൽ എത്തുകയില്ല.

നിങ്ങൾ കരാറുകളിൽ ഒപ്പിടുമ്പോൾ,
ഞങ്ങൾ കണ്ണീർ കൊണ്ട് ശവപ്പെട്ടികളിൽ ഒപ്പ് വെക്കുന്നു.
മരണം പത്രങ്ങളിൽ സംഖ്യകളാകുമ്പോൾ,
നിലത്ത് അത് കൈവിരൽ തിരയുന്ന അറ്റുപോയ കൈകൾ,

വെള്ളം ചോദിക്കുന്ന വായില്ലാത്ത അധരങ്ങൾ,
കണ്ണുകളില്ലാത്ത മുഖങ്ങൾ,
പേരുകളില്ലാത്ത ശരീരങ്ങൾ.

ഞങ്ങളുടെ ചോരയാൽ ഈ യുദ്ധവും
ചരിത്രത്തിൽ അടയാളപ്പെടും.

ഒടുവിലീ പോർക്കളം നിശ്ശബ്ദമാകും,
സിംഹാസനങ്ങൾ വീണ്ടും ദാഹിച്ചു തുടങ്ങും,

പുതിയ അധിനിവേശ ലഹരികൾ,
പിടിച്ചടക്കലിന്റെ വന്യമായ ഉന്മാദം.

മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതു
പരിചിതമായ ഭൂമിയുടെ ഏറ്റുപറച്ചിലുകൾ!

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.