Skip to main content

ഫിദ യാ മഖ്‌ബൂൽ

ഒടുവിൽ,
നിന്റെ കുതിരകൾ മേയുന്ന
ചുമരുകളുമിടിഞ്ഞു വീഴുന്നു…

വിരലുകൾക്കിടയിൽ ബ്രഷുമായി
ചെരിപ്പണിയാ പാദങ്ങളിൽ
നടന്നുചെന്ന വഴിയും മായുന്നു…

ഒരിക്കൽ നിന്റേതുകൂടിയായിരുന്ന നഗരം
നിനക്കറിയാ വേഷപ്പകർച്ചയിലാണ്…

ദൈവാപരാധമെന്ന് മുറവിളിച്ച്
നിന്റെ ചിത്രങ്ങളവർ
തീയിലെറിഞ്ഞതിൽ പിന്നെ
നാടുവിട്ടവനേ,
അന്യ ദേശത്തെ ആറടിമണ്ണിൽ
നീ ലയിച്ചുചേർന്നിട്ടും,
നിന്റെ വിരൽതുമ്പിറുത്തിട്ട ചിത്രങ്ങൾ
നിന്നെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു…

ചിത്രങ്ങൾ പിറന്ന ചുവരുകളെ
ബുൾഡോസറിൻ തുമ്പിക്കൈ കവർന്നിട്ടും,
ക്യാൻവാസുകൾ തീയിലെരിഞ്ഞിട്ടും
മായുന്നില്ല നിൻ കൈച്ചാർത്തുകൾ,
കുതിര കുളമ്പടി താളവും…

***

No Comments yet!

Your Email address will not be published.