Skip to main content

രണ്ട് മിനിക്കഥകള്‍

 

വെള്ള മന്ദാരം

രാത്രിക്ക് കട്ടി കൂടി കൂടി വരുന്നു. ഞാൻ എന്തിനോ, ആർക്കോ വേണ്ടി കാത്തിരിക്കുന്നു… രാത്രിയെപ്പോലെ കാത്തിരിപ്പിൻ്റെ കാഠിന്യവും കൂടുന്നു. മരുഭൂമിയിൽ ദാഹജലത്തിനായി വലയുന്ന മനുഷ്യനെ പോലെ ഞാൻ ലക്ഷ്യബോധമില്ലാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു… മേശപ്പുറത്ത് എന്നെയും നോക്കി ഞാൻ ഇന്നു രാത്രി കഴിക്കേണ്ട ഗുളികകൾ, എനിക്ക് വയ്യ. അവ കഴിച്ചാൽ ഞാൻ ഉറങ്ങേണ്ടതായി വരും. എനിക്ക് ഉറങ്ങണ്ട, ഇനിയുമിനിയും കാത്തിരിക്കണം.

കാത്തിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയ ഏതോ ഒരു നിമിഷം ഞാൻ ഗുളികകളോട് അടിയറവ് പറഞ്ഞ് അവക്ക് കീഴടങ്ങി. പിന്നീടുള്ള കാത്തിരിപ്പ് ഉറക്കത്തിന് വേണ്ടിയായി. ഒട്ടും വൈകാതെ ഉറക്കം എന്നെ ഒരു സർപ്പം പോലെ വരിഞ്ഞു ചുറ്റി. ഞാൻ കട്ടിലിനു നേരെ നടന്നു. ഒരു നിമിഷം ആരുടെയോ ശബ്ദം കേട്ടതുപോലെ എനിക്ക് തോന്നി… കാതങ്ങൾ അകലെ, മേഘങ്ങളിലെ വിള്ളലുകൾക്കിടയിൽനിന്ന് മന്ത്രിക്കുന്നു. ഞാൻ തിരിഞ്ഞ് നോക്കി. എനിക്ക് മുന്നിൽ അയാൾ പറന്നു പോകുന്ന മേഘപാളികൾക്കിടയിലൂടെ ഒഴുകുന്ന നിലാവിൽ കുളിച്ച് നിൽക്കുന്നു.

“ഇല്ല ഇത് സത്യമല്ല” എനിക്ക് പറയണമെന്ന് തോന്നി. പക്ഷേ, പകരം ഞാൻ ആ കണ്ണുകളിലേക്ക് നോക്കുക മാത്രം ചെയ്തു…

“കാത്തിരുന്നു മുഷിഞ്ഞോ?” അയാളുടെ ശബ്ദം, എനിക്ക് ശ്വാസം നിലച്ചതു പോലെ തോന്നി.

ഇയാൾക്ക് വേണ്ടിയാണോ ഞാൻ കാത്തിരുന്നത്? എനിക്കറിയില്ല. എൻ്റെ മിഴിച്ച കണ്ണുകളിൽ ഉറക്കം തിങ്ങി നിന്നു. മഴ പെയ്യുന്നുണ്ടോ? ഉണ്ട്. എൻ്റെ കണ്ണുകൾ മാത്രം നീർച്ചാലുകളായി ഒഴുകുന്നു. എൻ്റെ ഹൃദയത്തിൽ ഇടി വെട്ടി മഴ പെയ്യുന്നു.

ഒരേ സമയം എനിക്ക് അലറി കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി ഓടാനും അയാളുടെ കൈകളിലേക്ക് വീണു പൊട്ടി കരയാനും തോന്നി. ഞാൻ പുസ്തകത്താളിൽ മാത്രം കണ്ട രൂപം എനിക്ക് നേരെ നടന്നു.

“എൻ്റെ സാന്നിധ്യം നീ കൊതിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞില്ലല്ലോ” അയാൾ എൻ്റെ കണ്ണുകളിലേക്ക് ഹൃദ്യമായി നോക്കി.

“ആഗ്രഹിച്ചിരുന്നു, ഇങ്ങനെ ഒരു കൂടിക്കാഴ്ച സ്വപ്‌നത്തിൽ എങ്കിലും നടന്നിരുന്നെങ്കിൽ എന്ന്. ഇപ്പൊൾ സ്വപ്നമോ യാഥാർഥ്യമോ എന്ന് അറിയാത്ത ഈ നിമിഷം തന്നെ തിരഞ്ഞെടുത്തതെന്തിനാണ്?”

“നിൻ്റെ സ്വപ്നത്തിലും യാഥാർഥ്യത്തിലും ഞാൻ കൂടെയുണ്ടാവുമെന്ന് നിന്നെ ബോധ്യപ്പെടുത്താൻ” അയാൾ പറഞ്ഞു നിർത്തുമ്പോൾ, കണ്ണുചിമ്മിയാൽ ഉറങ്ങി പോകുമെന്ന അവസ്ഥയിൽ ഞാൻ എത്തിയിരുന്നു.

ഉറക്കമുണർന്നപ്പോൾ എൻ്റെ വലതു കയ്യിൽ അയാളുടെ കൈകളില്ല പകരം മന്ദാരപൂക്കൾ മാത്രം! വെള്ള മന്ദാരം!!

***

ഒളിവിടം

നിനക്കെന്നോട് ദേഷ്യമുണ്ടോ?” പെട്ടന്നുള്ള അയാളുടെ ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചു, എങ്കിലും പതറാതെ ഞാൻ ഉത്തരം നൽകി:

“എന്തിന്?”

“വെറുതേ”

“വെറുതേ ദേഷ്യം തോന്നെ? എന്താ ശിവ പറയണേ? കാരണമില്ലാതെ ദേഷ്യം തോന്നേണ്ടതില്ലലോ…”

എൻ്റെ മറുപടിയുടെ താളത്തിൽ എൻ്റെ കണ്ണുകളിൽ അയാൾ എന്തോ തിരയുന്നുണ്ടെന്നെനിക്ക് തോന്നി…

“ശെരി, എന്തെങ്കിലും കാരണം ഉണ്ടെന്നിരിക്കട്ടെ, നീ എന്നെ വെറുക്കുമോ?”

അന്നേരം ആ കണ്ണുകളിൽ എനിക്ക് പെയ്യാൻ തുടങ്ങുന്ന ഒരു കാർമേഘം കാണാനാവുന്നുണ്ടായിരുന്നു.

“സ്നേഹിക്കുന്നവരെ വെറുക്കാനാവുമോ? കാരണമെന്താണെങ്കിലും സ്നേഹം അതിനേക്കാളൊക്കെ മുകളിലാമ്പോൾ എനിക്കെങ്ങനെയാണ് നിന്നെ വെറുക്കാൻ സാധിക്കുക?”

പെട്ടന്ന് അയാൾ നിധി കണ്ടെത്തിയെന്ന ഭാവത്തിൽ എന്നെ നോക്കി. എൻ്റെ കണ്ണുകളിൽ നിന്ന് എന്തെങ്കിലും വായിച്ചെടുക്കാനാവുമെന്ന് അയാൾ കരുതുന്നുണ്ടോ? എന്താണയാൾ എൻ്റെ കണ്ണുകളിൽ തിരയുന്നത്?

“അപ്പോൾ താൻ എന്നെ സ്നേഹിക്കുന്നുണ്ടോ?”

ഈ ലോകത്തിൽ നിന്നും ഓടിയൊളിക്കാൻ അയ്യാൾ എൻ്റെ കണ്ണുകളിൽ ഒരിടം കണ്ടെത്തുകയാണ്!

“പിന്നെ, സ്നേഹിക്കാതെ?”

“മറ്റാരെക്കാളും?” ആ ചോദ്യം എൻ്റെ കണ്ണുകളെ അയാളിൽ നിന്നും പറിച്ചെടുത്ത് കടലിലേക്ക് ഇറ്റിറ്റു വീഴുന്ന അസ്തമയ സൂര്യനിലേക്കെത്തിച്ചു.

“എനിക്കറിയില്ല…”

“എനിക്കറിയാം!” മരിക്കാൻ പോകുന്നൊരു മനുഷ്യൻ്റെ ശാന്തതയോടെ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു…

“അല്ലെങ്കിലും ചില ചോദ്യങ്ങളുടെ ഉത്തരം പറയാതെ അറിയേണ്ടതാണ്…”

“ഈ ഉത്തരം ഞാൻ ഈ ലോകത്തോട് അലറിക്കരഞ്ഞു പറയട്ടെ? ആരാണെന്നെ വിശ്വസിക്കുക?”

“ഞാൻ! ഞാൻ വിശ്വസിക്കും…”ഹൃദയം പൊട്ടുന്ന വേദനയോടെ അയാൾ എന്നെ നോക്കി. അയാളുടെ പ്രാണൻ ആ കണ്ണുകളിൽ വന്നു നിന്ന് അലമുറയിട്ട് കരയുന്നുണ്ടോ?

“വാടിപോയൊരു പൂവിനെ എങ്ങനെയാണ് ചിത്രശലഭം സ്നേഹിച്ചതെന്ന് ആൾക്കാർ ചോദിച്ചാൽ?”

“ഞാനെൻ്റെ ജീവിതം കൊണ്ട് മറുപടി പറയും!!”

***

ദേവനന്ദ ടി.പി.  ശ്രീ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജ് ഒന്നാംവർഷ ഡിഗ്രി ഇംഗ്ലീഷ് വിദ്യാർഥിനിയാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

3 Replies to “രണ്ട് മിനിക്കഥകള്‍”

  1. പ്രതിഭ തന്നെ എന്റെ കുട്ടി 🫰🏻

Your Email address will not be published.