‘ഞാന്‍’ ഒരു അജ്ഞാതനഗരത്തില്‍ അനാഥനായി നില്‍ക്കുന്നു. ഭാഷ അറിയില്ല, ബന്ധങ്ങളില്ല, കൈയില്‍ പതിന്നാലു രൂപയുടെ ചെറുസമ്പാദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് പേഴ്‌സിനുള്ളിലായിരുന്നു. വിശപ്പു സഹിയാതെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പോക്കറ്റില്‍ നോക്കുമ്പോള്‍ പേഴ്‌സില്ല. ഇപ്പോള്‍, ഹോട്ടല്‍ ഉടമയും അവിടെ കൂടിയിരുന്ന ജനങ്ങളും ‘എന്നെ’ കാണുന്നത് ഒരു മനുഷ്യനായല്ല. സംശയിക്കേണ്ടുന്ന ഒരു ശരീരം മാത്രമായി ‘ഞാന്‍’ നില്‍ക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ കാഠിന്യം പ്രകടമാവുകയായി. ആള്‍ക്കൂട്ടത്തിന് മനുഷ്യത്വമില്ല. ആള്‍ക്കൂട്ടത്തില്‍ കൂടുന്ന മനുഷ്യനില്‍ നിന്നും മനുഷ്യത്വം ചോര്‍ന്നുപോകുന്നു. ആള്‍ക്കൂട്ടത്തിന്റെ മനസ്സ് മനുഷ്യന്റെ മനസ്സല്ല. അതില്‍ അതിവേഗം ക്രൗര്യം കൂടുകെട്ടുന്നു. ആള്‍ക്കൂട്ടത്തിന്റെ ചിരി ദുഷ്ടശബ്ദമായി മുഴങ്ങുന്നു. ഇവിടെ വ്യക്തികളില്ല; ഒരേ സ്വരത്തില്‍ മുഴങ്ങുന്ന നിര്‍ദ്ദയത മാത്രം. നിസ്സഹായനായ ‘എന്നെ’ നഗ്‌നനാക്കി കണ്ണുകള്‍ ചുരന്നെടുക്കാന്‍ ഒരുങ്ങുകയാണ്, ആ ആള്‍ക്കൂട്ടം. ഈ ക്രൂരരംഗത്തിലേക്ക് അപ്രതീക്ഷിതമായി നീലക്കണ്ണുള്ള ഒരു അന്യന്‍ പ്രത്യക്ഷപ്പെടുന്നു. കഥയുടെ ദിശ മാറ്റുന്നു. അവന്‍ ഹോട്ടല്‍ മുതലാളിക്ക് ‘ഞാന്‍’ കഴിച്ച ഭക്ഷണത്തിന്റെ വില കൊടുക്കുന്നു. ‘ഞാന്‍’ അവനെ ”ദയവ്” എന്നു വിളിക്കുന്നു. പിന്നീടാണ് വെളിപ്പെടുന്നത് ‘എന്റെ’ പേഴ്‌സ് മോഷ്ടിച്ചത് അയാളാണ്. അഞ്ചു പേഴ്സുകള്‍ അവന്റെ പോക്കറ്റില്‍ നിന്നു പുറത്തുവരുന്നു. അതില്‍ ‘എന്റെ’ പേഴ്‌സും ഉണ്ടായിരുന്നു. ബഷീറിന്റെ ‘ഒരു മനുഷ്യന്‍’ എന്ന കഥയുടെ സംഗ്രഹം ഇതാണ്.
കള്ളന്‍ പണം മോഷ്ടിക്കുന്നു. എന്നാല്‍, താന്‍ ആരില്‍ നിന്നാണോ പണം മോഷ്ടിച്ചത് ആ മനുഷ്യനെ അപമാനത്തില്‍ നിന്നും രക്ഷിക്കുന്നു. മാന്യനായ ഹോട്ടല്‍ ഉടമയാകട്ടെ സ്വാഭാവികമോ നാട്ടുനടപ്പുള്ളതോ നിയമപരമോ ആയ ന്യായം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. പണമില്ലെന്നറിയുമ്പോള്‍ അയാള്‍ അപമാനിക്കാനും ശിക്ഷിക്കാനും ഒരുങ്ങുന്നു. അയാളുടെ പ്രവൃത്തിയില്‍ കരുണയുടെ കണികയില്ല. ഇപ്പോള്‍, കഥാകാരന്‍ ഒരു വിചിത്രനൈതികപര്യായം സൃഷ്ടിക്കുന്നു. പ്രതീക്ഷിക്കാത്ത കൈകളില്‍ നിന്നും കരുണ വരുന്നു. മോഷ്ടാവിന് ദയവ് എന്ന വാക്ക് പര്യായശബ്ദമായി മാറുന്നു. ഒരു നൈതിക പ്രഖ്യാപനമെന്നോണം ‘ദയവ്’ എന്നു വിളിക്കപ്പെടുന്നവന്‍ ദ്വൈതസ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. അയാള്‍ മോഷ്ടാവാണ്. എന്നാല്‍, അയാള്‍ മനുഷ്യത്വമുള്ളവനാണ്. തരംഗവും കണികയുമായിരിക്കുന്ന സൂക്ഷ്മയാഥാര്‍ത്ഥ്യത്തെ പോലെ മനുഷ്യനിലും ദ്വൈതപ്രകൃതം പ്രകടമാകുന്നു. കറുപ്പെന്നോ വെളുപ്പെന്നോ ഉറപ്പിച്ചു പറയാനാകാത്തത്. ഈ വൈരുദ്ധ്യപ്രകാശനം ബഷീറിന്റെ മാനവദര്‍ശനത്തിന്റെ പ്രധാനഭാഗമാണ്.
മനുഷ്യനെ ഒരൊറ്റ നേര്‍രേഖയില്‍ ഒതുക്കാനാവില്ല. കള്ളന്‍ എന്ന ഒറ്റവിശേഷണത്തില്‍ ഒരു മനുഷ്യനെ ബന്ധിക്കുന്നത് മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതയുടെ നിരാസമാണ്. കള്ളന്‍ പേഴ്‌സ് തിരികെ നല്‍കുന്നു.
പണം കൈവശം വച്ചേക്കാമായിരുന്നു. എന്നാല്‍ അവന്‍ പണം മുഴുവന്‍ തിരികെ കൊടുക്കുന്നു. ”ദൈവം നിങ്ങളെ രക്ഷിക്കട്ടെ” എന്നു പറയുന്നു. ഈ വാക്കുകളില്‍ കുറ്റബോധവും കരുണയും സ്വയംരക്ഷയും എല്ലാം ചേര്‍ന്ന ഒരു അജ്ഞാതമനോഭാവം ഉരുവം കൊണ്ടിരിക്കുന്നു. കഥയിലെ ദൈവസ്മരണങ്ങള്‍ ആചാരപരമല്ല. അത്യന്തം സ്വകാര്യമായ ആത്മസംഭാഷണങ്ങളാണ്. കഥയുടെ അന്ത്യത്തില്‍ ബഷീറും ദയവും പരസ്പരം ദൈവാശംസകള്‍ നേരുന്നു. ഇത് മതപരമായ പ്രഖ്യാപനമല്ല, മനുഷ്യര്‍ക്കിടയിലെ ആത്മബന്ധത്തിന്റെ സൂചനയാണ്. ബഷീര്‍ വായനക്കാരനോട് മൗനമായി ചോദിക്കുന്നു: ആ മനുഷ്യനെ കള്ളനാക്കിയത് എന്തായിരിക്കാം? ദാരിദ്ര്യം? സാമൂഹികനിയമങ്ങള്‍?
കരുണയുടെ ചെറിയ തിര മതി ഇരുണ്ട നഗരങ്ങളെ പ്രകാശിപ്പിക്കാനെന്ന വിശ്വാസം വായനക്കാരന്റെ ഹൃദയത്തില്‍ നിശ്ശബ്ദം കഥാകാരന്‍ വിതയ്ക്കുന്നുണ്ട്. മനുഷ്യനെ വിധിക്കുന്നതിനു മുമ്പ്, അവനെ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് അതു നിര്‍ബ്ബന്ധിക്കുന്നു.

പര്‍വ്വതത്തിന്റെ താഴ്‌വരയില്‍ ക്രൂരത ഒരു നിത്യസംഭവമാണെന്ന വിവരണത്തോടെയാണ് കഥ തുടങ്ങുന്നത്. കഥയില്‍ ആള്‍ക്കൂട്ടം ഒരു പ്രധാന കഥാപാത്രവുമാണ്. ആള്‍ക്കൂട്ടത്തിന്റെ നിഷ്ഠൂരത വ്യക്തിയുടെ കരുണയെ വിഴുങ്ങുന്നു. ഹോട്ടലിലുണ്ടായിരുന്ന അമ്പതു പേര്‍ ഒരുമിച്ചു ചിരിക്കുന്നു. എന്നാല്‍ പാലത്തില്‍ ഒറ്റയ്ക്കു നിന്ന് ഇതു കാണുന്ന കള്ളന്‍ കരുണ കാണിക്കുന്നു. ആള്‍ക്കൂട്ടത്തിനു പെട്ടെന്ന് നൈതികബോധം നഷ്ടപ്പെടുന്നു. ഒറ്റയ്ക്കു നില്‍ക്കുന്ന മനുഷ്യന്‍ അതിനെ തിരിച്ചുപിടിക്കുന്നു.
ട്രൗസറിന്റെ ബട്ടണ്‍ അഴിക്കുന്ന നിമിഷം ‘ഞാന്‍’ ഭാവനയില്‍ കാണുന്നത് ആത്മാവറ്റ ഒരു നഗ്‌നശരീരത്തെ. മനുഷ്യന്റെ പരമനിസ്സഹായതയാണത്. ജീവിതം ആ നിമിഷത്തില്‍ അവസാനിച്ചിരുന്നെങ്കില്‍ എന്നു തോന്നുന്ന സന്ദര്‍ഭം. ഇപ്പോഴാണ് ദൈവം ആവശ്യമായി വരുന്നത്, ദൈവത്തെ സ്മരിക്കുന്നതും. അതിരുകള്‍ ലംഘിക്കപ്പെട്ട ഈ നിമിഷത്തില്‍ കരുണ എത്തുന്നു. അത് നിയമത്തിന്റെ ന്യായബുദ്ധിയില്‍ നിന്നല്ല, മോഷ്ടിച്ചവന്റെ മന:സാക്ഷിയില്‍ നിന്ന്. കഥ മനുഷ്യമനസ്സിന്റെ മഹാവൈരുദ്ധ്യത്തെ എഴുതുന്നു. കഥ മനുഷ്യനെ ഒരു വൃത്തത്തില്‍ കാണുന്നു. ആ വൃത്തത്തില്‍ ക്രൂരതയും കരുണയും ഒരുമിച്ചു ഭ്രമണം ചെയ്യുന്നു.
കഥയിലെ നായകന്‍ പ്രവാസജീവിതത്തിലാണ്. ആ നഗരത്തിലെ ഭാഷയും സംസ്‌കാരവും അയാള്‍ക്ക് അന്യമാണ്. മനുഷ്യബന്ധങ്ങളെക്കാള്‍ പണത്തിനു മൂല്യം കല്‍പ്പിക്കുന്ന നാഗരികതയുടെ പ്രതീകമായി നഗരം. ഇവിടെ, അയാള്‍ അപമാനിക്കപ്പെടാന്‍ തുടങ്ങുമ്പോള്‍ അന്യമായ ഭാഷ കൂടുതല്‍ അന്യമാകുന്നു. വാക്കുകളില്ലാതെ അയാള്‍ കുഴങ്ങുന്നു. ബഷീര്‍ പ്രവാസജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെയാണ് എഴുതുന്നത്. അന്യദേശത്ത് നിസ്സഹായാവസ്ഥയിലാകുന്ന മനുഷ്യന് ശബ്ദവും ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. നഗ്‌നനാക്കുമെന്ന ഭീഷണി ഒരു അധികാരപ്രകടനമാണ്. ഒരാളുടെ ശരീരത്തെ നിയന്ത്രിക്കുന്നതിനുള്ള ശ്രമം അവന്റെ ആത്മഗൗരവത്തെ നിയന്ത്രിക്കുന്നതിനു തുല്യമാണ്. മനുഷ്യന്‍ വ്യക്തിയെന്ന നിലയില്‍ നിന്നും പ്രദര്‍ശനവസ്തുവെന്ന നിലയിലേക്കു മാറ്റപ്പെടുകയാണ്. ആള്‍ക്കൂട്ടത്തിന്റെ ചിരി അതിനെ ഒരു ക്രൂരനാടകമാക്കി തീര്‍ക്കുന്നു. ഭയം മനുഷ്യനെ യുക്തിയില്ലാത്ത സമര്‍പ്പണത്തിലേക്ക് തള്ളുന്നു.
കഥ ഒരു ഓര്‍മ്മയായി പറയപ്പെടുന്നു. കാലം കടന്നുപോയാലും ആ മനുഷ്യനെ നായകന്‍ മറക്കില്ല. ഓര്‍മ്മ ഇവിടെ സംഭവത്തിന്റെ രേഖയല്ല; നന്ദിയുടെ സ്മാരകമാണ്. മനുഷ്യജീവിതത്തിലെ ചെറിയ കരുണകള്‍ക്കു പോലും ദീര്‍ഘായുസുണ്ട്.
കഥയുടെ ഘടന സൂക്ഷ്മമായി ഐറണി കൊണ്ടു നെയ്‌തെടുത്തിരിക്കുന്നു. കള്ളന്‍ രക്ഷകനും കരുണയുള്ളവനുമാകുന്നു. നിയമത്തെ പ്രതിനിധീകരിക്കുന്ന ഹോട്ടല്‍ ഉടമ ക്രൂരതയുടെ മുഖമായി മാറുന്നു. ഈ മറിച്ചിടല്‍ ബഷീറിന്റെ ഹാസ്യാത്മകദാര്‍ശനികതയുടെ പ്രത്യേകതയാണ്.
അത് വായനക്കാരനെ വിഷാദം കലര്‍ന്ന ചിരിയിലേക്കും ചിന്തയിലേക്കും നയിക്കുന്നു. ‘എനിക്കു പേരില്ല’ എന്ന കള്ളന്റെ വാക്കുകളിലും ഐറണി നിറയ്ക്കപ്പെട്ടിട്ടുണ്ട്. സമൂഹം അവനെ പേരു ചൊല്ലി വിളിക്കുന്നില്ല.
അവന്റെ പ്രവൃത്തിയാല്‍ മാത്രം വിളിക്കപ്പെടുകയും തിരിച്ചറിയുകയും ചെയ്യുന്നു. അവന് ‘ദയവ്’ എന്ന പേരുനല്‍കുന്ന നായകന്‍ സമൂഹത്തിന്റെ ലേബലുകളെ മറികടക്കുന്ന വിധത്തിലാണ് പ്രതികരിക്കുന്നത്.
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളെ ലളിതാനുഭവങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന ബഷീറിന്റെ ‘ഒരു മനുഷ്യന്‍’ എന്ന കഥ മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ദാര്‍ശനികപ്രബന്ധമായി വായിക്കാവുന്നതാണ്. മനുഷ്യന്റെ അന്തസ്സ് സ്വഭാവസിദ്ധമെങ്കിലും അത് സംരക്ഷിക്കപ്പെടുന്നത് സാമൂഹികമായ സമീപനങ്ങളിലൂടെയാണ്. അതിന്റെ സാമൂഹികപരമായ ആശ്രിതത്വത്തെ ഗ്രഹിക്കുക പ്രധാനമാണ്. മനുഷ്യാന്തസ്സിനെ പുകഴ്ത്തിയ തത്ത്വചിന്തകരുടെയും കവികളുടെയും സ്വരങ്ങള്‍ ഈ കഥയിലെമ്പാടും അവയുടെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ആത്മീയ പ്രതിദ്ധ്വനികളായി ആ സ്വരങ്ങള്‍ നാം കേള്‍ക്കുന്നു. നായകന്‍ ഭാവനയില്‍ കാണുന്ന ‘കണ്ണില്ലാത്ത നഗ്‌നനായ മനുഷ്യന്‍’ എന്ന ദൃശ്യം ആത്മഗൗരവത്തിന്റെ പരമാവധി നഷ്ടത്തെ സൂചിപ്പിക്കുന്നതാണ്. മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്ന ശക്തി പലപ്പോഴും ഔദ്യോഗിക നൈതികതയില്‍ നിന്നല്ല, കരുണയില്‍ നിന്നാണ് ഉരുവം കൊള്ളുന്നത്. കള്ളനും ഇരയും തമ്മിലുള്ള സംഭാഷണം മനുഷ്യാന്തസ്സിന്റെ സാര്‍വ്വജനീനതയെ വെളിപ്പെടുത്തുന്നു. സാമൂഹികപദവികള്‍ വ്യത്യസ്തമായാലും ഇരുവരും ഒരേ മനുഷ്യാവസ്ഥയില്‍ പങ്കാളികളാണ്. ”ദൈവം നിങ്ങളെയും എന്നെയും എല്ലാവരെയും രക്ഷിക്കട്ടെ” എന്ന വാക്യം വ്യക്തിപരമായ അനുഭവമെന്ന നില വിട്ട് സാര്‍വ്വജനീനപ്രാര്‍ത്ഥനയായി ഉയരുന്നു.
ഓരോ വ്യക്തിയുടെയും ഉള്ളില്‍ ഒരു അനവദ്യമായ മൂല്യമുണ്ടെന്നറിയുകയും മനുഷ്യനെ ഒരു ഉപാധിയായല്ല സ്വയം ഒരു ലക്ഷ്യമായി കാണണമെന്നു വാദിക്കുകയും ചെയ്ത ഇമ്മാനുവല്‍ കാന്റ് മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിച്ചെങ്കിലും കാന്റിന്റെ മാനവചിന്തയില്‍ വിള്ളലുകളുണ്ടായിരുന്നു. കൊളോണിയലിസവും യൂറോപ്പിനെ കേന്ദ്രീകരിക്കുന്ന വ്യവഹാരങ്ങളും മാനവികതയെ കുറിച്ചുള്ള പാശ്ചാത്യസങ്കല്‍പ്പനങ്ങളെ വിഭാഗീയവും നിര്‍വീര്യവുമാക്കിയിരുന്നു. ഫ്രാന്‍സ് ഫാനന്‍ ഇതു തുറന്നുകാണിക്കുന്നുണ്ട്. കൊളോണിയലിസം അടിസ്ഥാനപരമായി അക്രമാസക്തമായതിനാല്‍, മാനവികതയുടെ പുനഃസ്ഥാപനത്തിന് കോളനിവല്‍ക്കരിക്കപ്പെട്ട ‘വസ്തുവിനെ’ വീണ്ടും മനുഷ്യനാക്കി മാറ്റണമെന്നും അതിന് അക്രമവിരുദ്ധതയുടെ ഒരു ശുദ്ധീകരണശക്തി ആവശ്യമാണെന്നും ഫാനന്‍ എഴുതുന്നു. ബഷീറിന്റെ കഥ ഈ ആശയത്തോട് എങ്ങനെയൊക്കെയോ ചേര്‍ന്നു നില്‍ക്കുന്നു. ആധുനികത മുന്നോട്ടുവച്ച മനുഷ്യസങ്കല്‍പ്പനത്തിന്റെ പരിമിതികളെ ബഷീറിന്റെ ആഖ്യാനം അതിന്റെ അബോധത്തില്‍ തിരിച്ചറിയുന്നു. നിയമം, സാമൂഹികക്രമം, നൈതികത എന്നിവയെ കുറിച്ചുള്ള വലിയ വിശ്വാസങ്ങള്‍ തകരുന്നു. ചെറിയ വ്യക്തിഗത അനുഭവം സത്യമായി ഉയരുന്നതും കാണുക. യാഥാര്‍ത്ഥ്യത്തിനും നൈതികതക്കും പൊതുവായ ഏകകേന്ദ്രങ്ങളില്ലെന്നു തിരിച്ചറിയപ്പെടുന്നു.
ഒരു സംഭവത്തിന് ഏകമാത്രമായ നൈതികവായന അസാദ്ധ്യമാണ്. യാഥാര്‍ത്ഥ്യത്തിന്റെ ബഹുലതയേയും വ്യക്തിത്വത്തിന്റെ അനിശ്ചിതാവസ്ഥയേയും കുറിച്ചുള്ള ധാരണകള്‍ വിപുലമാകുന്ന കാലത്തിനു മുന്നേ ബഷീറിന്റെ കഥ ഏഴുതപ്പെട്ടിരുന്നു. കള്ളന്‍/ നല്ലവന്‍ എന്നിങ്ങനെ സമൂഹം നിര്‍മ്മിക്കുന്ന വിരുദ്ധദ്വന്ദ്വങ്ങളിലുള്ള ലേബലുകള്‍ വ്യര്‍ത്ഥമാണെന്ന നിലയിലേക്ക് ലോകബോധം ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞിട്ടുണ്ടല്ലോ? സമൂഹം നിര്‍മ്മിക്കുന്ന അറിവും അധികാരവും ചേര്‍ന്നാണ് ഇത്തരം ലേബലുകള്‍ രൂപപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മനുഷ്യശരീരത്തിന്റെ നിയന്ത്രണം അധികാരപ്രകടനമാണെന്ന ഫൂക്കോയുടെ നിദര്‍ശനത്തിന് ബഷീറിന്റെ കഥ വലിയ തെളിവുകള്‍ ഹാജരാക്കുന്നു. മനുഷ്യനെക്കുറിച്ചുള്ള അന്തിമസത്യങ്ങളില്ല; അനുഭവങ്ങളുടെ പല സ്വരങ്ങളേയുള്ളൂ എന്ന തിരിച്ചറിവിലാണ് കഥയുടെ ദീര്‍ഘപ്രഭ. മിഷേല്‍ ഫൂക്കോ ലിംഗവിഭജനത്തിന്റെ മതിലുകളെ ചൂണ്ടിക്കാണിക്കുന്നതിനു മുന്നേ തന്നെ മതിലുകള്‍ എന്ന രൂപകത്തിലൂടെ ലിംഗവിഭജനത്തെ സാഹിത്യത്തില്‍ ആവിഷ്‌ക്കരിച്ച ബഷീര്‍ മാനവികതയുടെ സങ്കല്‍പ്പനങ്ങളെ കുറിച്ചുള്ള പുതിയകാലത്തിന്റെ സന്ദേഹപാഠങ്ങളെ ‘ഒരു മനുഷ്യന്‍’ എന്ന കഥയിലൂടെ മുന്നോട്ടു വച്ചിരുന്നു. ബഷീറിന്റെ ലാളിത്യം നിറഞ്ഞ രചന ഒരു നൈതികദീപസ്തംഭമായി നില്‍ക്കുന്നു. മനുഷ്യജീവിതത്തിലെ ലളിതസംഭവങ്ങളുടെ അരികുകളിലൂടെ നിരീക്ഷിച്ച് അവയില്‍ നിന്നും ആഴമുള്ള അര്‍ത്ഥങ്ങള്‍ നീര്‍മ്മിക്കുന്നതില്‍ ബഷീര്‍ അതുല്യനായിരുന്നു. മലയാളത്തിലെ ലാളിത്യമിയന്ന തനതായ ഭാഷയുടെ എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല, മഹാദാര്‍ശനികനായ എഴുത്തുകാരന്‍ എന്ന നിലയിലും ബഷീര്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്.







No Comments yet!