Skip to main content

ജോൺ എവെരെറ്റ് മില്ലേയ്‌സ്

ഇംഗ്ലണ്ടിന്റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം 1837 മുതൽ 1901 വരെയുള്ള 63 വർഷങ്ങളെ വിക്ടോറിയ രാജ്ഞി അധികാരത്തിലിരുന്ന കാലഘട്ടം എന്ന അർത്ഥത്തിൽ വിക്ടോറിയൻ കാലഘട്ടം എന്ന് വിളിക്കാറുണ്ട്. ഇംഗ്ളീഷുകാർ ആഭ്യന്തരമായി സമൃദ്ധിയിലായിരുന്നു എന്ന് പറയാവുന്ന, ലോകവ്യാപകമായി അവർക്കു വലിയ സ്വാധീനമുണ്ടായിരുന്ന കാലഘട്ടം. ഈ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖനും പ്രശസ്തനുമായ ഒരു ചിത്രകാരനായിരുന്നു മില്ലേയ്‌സ് (John Everett Millais).

1829 -ൽ ഇംഗ്ലണ്ടിലെ സൗത്ത്ഹാംപ്‌റ്റൺ (Southamton) പട്ടണത്തിൽ ഒരു ധനിക കുടുംബത്തിലാണ് മില്ലേയ്‌സ് ജനിക്കുന്നത്. നന്നേ ചെറുപ്പത്തിൽത്തന്നെ ആ കുട്ടി ചിത്രകലയിൽ അസാധാരണമായ താൽപ്പര്യം കാണിച്ചു. മകന്റെ കലാവാസന മനസ്സിലാക്കിയ മാതാപിതാക്കൾ അവനെ നന്നായി പഠിപ്പിക്കാൻകൂടി ഉദ്ദേശിച്ച് മില്ലേയ്‌സിന്റെ പത്താം വയസ്സിൽ ലണ്ടനിലേക്ക് താമസം മാറി. ലണ്ടനിൽ ആദ്യത്തെ ഒരു വർഷം മില്ലേയ്‌സ് ഒരു മുതിർന്ന ചിത്രകാരന്റെ സ്റ്റുഡിയോയിൽ പരിശീലനം നേടി. തൊട്ടടുത്തവർഷം അദ്ദേഹത്തിന് ബ്രിട്ടീഷ് റോയൽ അക്കാദമിയിൽ പ്രവേശനം കിട്ടി. റോയൽ അക്കാദമിയുടെ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർഥിയായിരുന്നു അദ്ദേഹം.

The Pre-Raphaelite Brotherhood - The Bowes Museum
The Pre-Raphaelite Brotherhood – The Bowes Museum

റോയൽ അക്കാദമിയിലെ ഏതാണ്ട് പത്തുവർഷത്തോളം നീണ്ട പഠനകാലത്ത് മില്ലേയ്‌സ് വില്യം ഹോൾമെൻ ഹണ്ട്, ദാന്തെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയ ശ്രദ്ധേയരായ യുവ ചിത്രകാരന്മാരുമായി സൗഹൃദത്തിലായി. ഈ മൂന്നുപേരും ഇവരുടെ വേറെ ചില സുഹൃത്തുക്കളും ഒത്തുചേർന്ന ചിത്രകാരന്മാരുടെ സ്വകാര്യസംഘം ആണ് പിന്നീട് ‘Pre Raphaelite Brotherhood’ എന്നപേരിൽ പ്രശസ്തരായിത്തീർന്നത്. ചിത്രകലാരംഗത്തെ നവീകരണശ്രമങ്ങളുടെ വക്താക്കളായിരുന്നു പൊതുവിൽ പ്രീ റാഫേലൈറ്റുകൾ. നവോത്ഥാനത്തിനു മുൻപുള്ള, വേറൊരു തരത്തിൽ പറഞ്ഞാൽ റാഫേലിന്റെ കാലഘട്ടത്തിനു മുൻപുള്ള, മധ്യകാല ചിത്രകലയുടെ ലാളിത്യത്തോടുള്ള ഈ സംഘത്തിന്റെ പൊതുവായ ആഭിമുഖ്യമാണ് അവർ പ്രീ റാഫേലൈറ്റുകൾ എന്ന് വിളിക്കപ്പെടാനുള്ള കാരണം. വ്യാവസായിക വിപ്ലവത്തിന്റെ തിക്തഫലങ്ങളോടുള്ള പൊതുവായ എതിർപ്പ്, ചിത്രങ്ങളിൽ സാഹിത്യകൃതികളുടെ സ്വാധീനം, വൈകാരികതീക്ഷ്ണത നിറഞ്ഞ ഭാവനാലോകങ്ങളുടെ ആവിഷ്കാരം, പ്രകൃതിയെ നേരിട്ട് പകർത്താനുള്ള താൽപ്പര്യം, ഇതെല്ലാം പ്രീ റാഫേലൈറ്റുകളുടെ രീതികളായിരുന്നുവെന്ന് സാമാന്യമായി പറയാം. ആ സംഘത്തിലെ ഓരോ ചിത്രകാരനും സ്വതന്ത്രമായ തനതുവ്യക്തിത്വം ഉള്ളവരായിരുന്നു. ഒരാളുടെയും ശൈലി മറ്റൊരാളുടേതുപോലെയല്ല.

1850 കളുടെ തുടക്കത്തിൽ മില്ലേയ്‌സ് സുപ്രസിദ്ധ കലാപണ്ഡിതനായ ജോൺ റസ്കിനുമായി പരിചയപ്പെട്ടു. മില്ലേയ്‌സ് റസ്കിനെയും ഭാര്യയേയും മോഡലുകളാക്കി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. 1854 -ൽ റസ്കിനും ഭാര്യ എഫിയും നിയമപരമായി വിവാഹമോചിതരായി. തൊട്ടടുത്ത വർഷം മില്ലേയ്‌സ് എഫിയെ വിവാഹം ചെയ്തു.

നന്നേ ചെറുപ്പത്തിൽത്തന്നെ മില്ലേയ്‌സ് പ്രശസ്തനായി. ഒരു ചിത്രകാരൻ എന്നനിലയിൽ അദ്ദേഹത്തിന് ഇംഗ്ലണ്ടിൽ ധാരാളം ആരാധകരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശനങ്ങളിൽ നല്ല വിലയ്ക്ക് വിറ്റുപോകുകയും ചെയ്തിരുന്നു. വർണശബളമായ, കാല്പനികസ്വഭാവമുള്ള വിഷയങ്ങളും നാടകീയമായ സന്ദർഭങ്ങളുടെ ആവിഷ്കാരങ്ങളും പ്രകൃതിദൃശ്യങ്ങളും ബൈബിൾ സംബന്ധമായ പ്രമേയങ്ങളും മറ്റും മറ്റും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ പ്രശസ്തമായ പെയിന്റിങ്ങുകളുടെ കൂട്ടത്തിൽ കാണാനുണ്ട്.

The Black Brunswicker

1860 -ൽ മില്ലേയ്‌സ് വരച്ച ശ്രദ്ധേയമായ ചിത്രമാണ് ‘The Black Brunswicker’. വികാരനിർഭരമായ ഒരു സ്വകാര്യനിമിഷത്തെ കാൽപ്പനികഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു എന്ന് ഈ ചിത്രത്തെപ്പറ്റി പ്രഥമദൃഷ്ട്യാ പറയാം. എന്നാൽ ഒരു പുനരാലോചനയിൽ ഇത് ഒരു യുദ്ധവിരുദ്ധ ചിത്രംകൂടി ആകുന്നുണ്ട് എന്നതാണ് കൗതുകകരം. വാട്ടർലൂ യുദ്ധത്തിൽ പങ്കെടുക്കാനായി പോകുന്ന ഒരു യുവ ജർമ്മൻ സന്നദ്ധഭടൻ (കറുപ്പുനിറമുള്ള വസ്ത്രം ധരിച്ചിരുന്ന അവർ Black Brunswickers എന്നാണ് അറിയപ്പെട്ടിരുന്നത്) തന്റെ കാമുകിയോട് അഥവാ ഭാര്യയോട് യാത്രചോദിക്കുന്നതാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്ന സന്ദർഭം. ചിത്രം വരയ്ക്കുന്നതിനു നാല്പത്തഞ്ചു വർഷം മുൻപ് 1815 -ൽ നടന്ന വാട്ടർലൂ യുദ്ധത്തിൽ പങ്കെടുത്ത ഭൂരിപക്ഷം ജർമ്മൻ സന്നദ്ധഭടന്മാരും കൊല്ലപ്പെടുകയായിരുന്നു എന്നത് ചരിത്രമാണ്.
39 x 26 ഇഞ്ച് വലിപ്പമുള്ള ഈ എണ്ണച്ചായചിത്രത്തിൽ യുവതിയെ വരയ്ക്കാൻ മോഡലായി മില്ലേയ്‌സ് സ്വീകരിച്ചിരിക്കുന്നത് പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ ചാൾസ് ഡിക്കൻസിന്റെ മകളായ കാത്തെയെ (Katey Dickens) ആണ്.


John Everett Millais - 112 artworks - painting

ജോൺ എവെരെറ്റ് മില്ലേയ്‌സ്
ജനനം :1829
മരണം : 1896

No Comments yet!

Your Email address will not be published.