Skip to main content

നിശ്ശബ്ദതയുടെ ഭൗതികശാസ്ത്രം

ചില കലാപ്രദർശനങ്ങൾ കാഴ്ചകൾ സമ്മാനിക്കുന്നു. ചിലത് ചിന്തകൾ. എന്നാൽ അപൂർവമായി ചിലത് കനമേറിയ നിശ്ശബ്ദതയെയാണ് സമ്മാനിക്കുന്നത്. ആത്മ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ The Sound of Silence അത്തരമൊരു അനുഭവമാണ്.

ഉദ്ഘാടന സെഷൻ : സൂര്യ പൊയ്ലിൽ, ശിൽപ്പി  ജോൺസ് മാത്യു, ശിൽപ്പി VK രാജൻ, ജോഷി പേരാമ്പ്ര, സുജിത് സുരേന്ദ്രൻ

കോഴിക്കോട് ബീച്ചിനടുത്തുള്ള ഗുജറാത്തി സ്ട്രീറ്റിലെ പുതു ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന, ജോൺസ് മാത്യുവിന്റെയും വി. കെ. രാജന്റെയും ശിൽപ്പങ്ങൾ രൂപങ്ങളുടെ ഒരു സമാഹാരമല്ല. അവ രൂപം എന്ന ആശയത്തിന്റെ തന്നെ ഒരു പുനർവിചാരമാണ്.

Sculpture and Perception : ഡോ. മുകുന്ദനുണ്ണി ശിൽപ്പവും കാഴ്ചപ്പാടും എന്ന വിഷയം അവതരിപ്പിക്കുന്നു

ഇവിടെ കല്ലും മരവും ലോഹവും വെറും മാധ്യമങ്ങളായി പ്രവർത്തിക്കുകയല്ല, അവ സ്വന്തം സാന്നിധ്യമായി നിലകൊള്ളുകയാണ് ചെയ്യുന്നത്. ശിൽപ്പി അവയിൽ ഒരു രൂപം അടിച്ചേൽപ്പിക്കുന്നില്ല; മറിച്ച് അവയ്ക്കുള്ളിൽ ‘നിശബ്ദ’മായിരിക്കുന്ന രൂപസാധ്യതകളെ ഉണർത്തുകയാണ്. അതുകൊണ്ടുതന്നെ ഈ കൃതികളുടെ കാഴ്ച്ച, നിർമ്മിത വസ്തുക്കളെക്കാൾ ഒരു ജൈവാവസ്ഥയാണ് അനുഭവപ്പെടുത്തുന്നത്.

ശിൽപ്പി : ജോൺസ് മാത്യു

ജോൺസ് മാത്യുവിന്റെ ശിൽപ്പങ്ങളിൽ മനുഷ്യശരീരം അതിന്റെ പരിചിതമായ അതിരുകൾ നഷ്ടപ്പെടുത്തുന്നു. മുഖങ്ങൾ മുഖങ്ങളായും ശരീരങ്ങൾ ശരീരങ്ങളായും തുടരുന്നില്ല. അവ ഓർമ്മകളിലേക്കും സ്വപ്നങ്ങളിലേക്കും ഭയങ്ങളിലേക്കും രൂപാന്തരപ്പെടുന്നു. മനുഷ്യനെ ഒരു സ്ഥിരസത്തയായി കാണുന്ന കാഴ്ചപ്പാടിന് പകരം, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയായി കാണാനുള്ള ക്ഷണം അവ നൽകുന്നു. ഓരോ രൂപവും പൂർത്തീകരണത്തെ നിരസിച്ച് സാധ്യതകളുടെ മേഖലയിലേക്ക് തുറന്നുകിടക്കുന്നു.

 

വി. കെ. രാജന്റെ കൃതികൾ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നു. പ്രകൃതിയുടെയും സംസ്കാരത്തിന്റെയും അതിർത്തികൾ അവിടെ മാഞ്ഞുപോകുന്നു. വിത്തുകളെപ്പോലെയും പക്ഷികളെപ്പോലെയും പുരാതന ചിഹ്നങ്ങളെപ്പോലെയും തോന്നിപ്പിക്കുന്ന രൂപങ്ങൾ ഒരേസമയം പല അർത്ഥങ്ങളിലേക്ക് വ്യാപിക്കുന്നു. മരത്തിന്റെ അടരുകളും കല്ലിന്റെ ധാതുശരീരവും ശിൽപ്പത്തിന്റെ ഭാഗമാകുമ്പോൾ, മനുഷ്യന്റെ ഇടപെടലും പ്രകൃതിയുടെ സ്വാഭാവികതയും പരസ്പരം ലയിക്കുന്നു. രൂപങ്ങൾ അവയുടെ ഉത്ഭവത്തെ മറക്കുന്നില്ല; മറിച്ച് അതിനെ പ്രകടമാക്കുന്നു.

ശിൽപ്പി : VK രാജൻ

ഈ പ്രദർശനത്തിലെ ശ്രദ്ധേയമായ ഘടകം ശൂന്യതയുടെ ഉപയോഗമാണ്. പല കൃതികളിലും രൂപത്തെക്കാൾ പ്രധാനമായി മാറുന്നത് അതിനുള്ളിലെ ഒഴിവിടങ്ങളാണ്. നിറഞ്ഞിരിക്കുന്നതിനെക്കാൾ സംസാരിക്കുന്നത് ശൂന്യമായ ഇടങ്ങളാണ്. അവിടെയാണ് നിശ്ശബ്ദത ഒരു സൗന്ദര്യശാസ്ത്ര ഘടകത്തിൽ നിന്ന് അനുഭവത്തിന്റെ കേന്ദ്രത്തിലേക്ക് മാറുന്നത്.

 

കടലിനടുത്തുള്ള ഗ്യാലറിയുടെ ശാന്തതയിൽ ഈ ശിൽപ്പങ്ങൾക്ക് ചുറ്റും നടക്കുമ്പോൾ, പേര് സൂചിപ്പിക്കുന്നത് പോലെ ‘നിശ്ശബ്ദതയുടെ ഒരു സംഗീതം’ നമുക്ക് അനുഭവപ്പെടും. ഗ്രാനൈറ്റ് കഷണങ്ങൾ വെറും കല്ലുകളല്ല, മറിച്ച് അവ കാലത്തിന്റെ അടയാളങ്ങളാണ്.

ഒരേ മാധ്യമത്തെ (Granite) രണ്ട് കലാകാരന്മാർ രണ്ട് വ്യത്യസ്ത ദാർശനിക തലങ്ങളിൽ സമീപിച്ചിരിക്കുന്നത് കാണുന്നത് കൗതുകകരമാണ്. ഒരുപക്ഷേ ഈ പ്രദർശനത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയം അതിന്റെ നിശ്ശബ്ദതയാണ്. ശബ്ദം നിറഞ്ഞ ഒരു കാലത്ത് ഇവ ഒന്നും പ്രഖ്യാപിക്കുന്നില്ല. മുദ്രാവാക്യങ്ങൾ വിളിക്കുന്നില്ല. പകരം, കാണുന്നവനെ, തന്റെ ഉള്ളിലേക്ക് തിരികെ അയക്കുന്നു.

The Sound of Silence എന്ന തലക്കെട്ട് അതിനാൽ ഒരു രൂപകമല്ല. ഈ പ്രദർശനത്തിന്റെ പ്രവർത്തനരീതിയാണ് അത്. ഇവിടെ നിശ്ശബ്ദത അഭാവമല്ല; സാന്നിധ്യമാണ്. ശബ്ദത്തിന് മുമ്പുള്ളതും വാക്കുകൾക്ക് ശേഷമുള്ളതുമായ ഒരു പ്രദേശം. ഈ ശിൽപ്പങ്ങൾ, കാഴ്ച്ചക്കാരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നില്ല. അവ കേൾക്കാൻ ആവശ്യപ്പെടുന്നു. പുറത്തെ ലോകത്തെ അല്ല, സ്വന്തം ഉള്ളിൽ ഇപ്പോഴും ഉച്ചരിക്കപ്പെടാതെ കിടക്കുന്ന നിശ്ശബ്ദതയെ!

പ്രദർശനം ജൂൺ 25 വരെ തുടരും.

No Comments yet!

Your Email address will not be published.