Skip to main content

ലിഡിയ ഗ്രിഗൊറിയേവിന്റെ കവിതകൾ

May be an image of text

നമ്മുടെ കുട്ടികൾ ആയിരുന്നിരിക്കുമോ…

നമ്മുടെ കുട്ടികൾ ആയിരുന്നിരിക്കുമോ
ജീവവൃക്ഷത്തിൻറെ അവസാന ചില്ല ഒടിച്ചുകളഞ്ഞത്?
നമ്മുടെ പേരക്കുട്ടികൾ ആയിരിക്കുമോ
ഇനിയൊരിക്കലും ശ്രദ്ധിക്കപ്പെടാത്ത തരത്തിൽ
പൊടിയായ് കാലിന്നടിയിൽ
അവസാനത്തെ മറക്കരുതെന്നെ
ഞെരിച്ചുകളയുക?

അൻറാർട്ടിക്കയിലെ വഴക്കമുള്ള മഞ്ഞുകട്ടകൾക്കുമേൽ
കിതയ്ക്കുന്നു ഓസോണിനുകീഴെ
ശ്വസിക്കാൻ മാലാഖമാർപോലും പണിപ്പെടും!
നമ്മെ സൃഷ്ടിച്ച പ്രപഞ്ചത്തിൻറെ
പ്രഭാവത്തിനൊപ്പം
നമ്മളായിയെന്ന പോലെ.
ശരി – നമ്മളിപ്പോൾ തുല്യരായി.

***

ഞാനെൻറെ ജീവിതത്തെ പാകമുള്ളതാക്കും

ഞാനെൻറെ ജീവിതത്തെ പാകമുള്ളതാക്കും
ഞാനതിനെ ഒതുക്കി
ഒരിക്കൽക്കൂടി തയ്‌ച്ചെടുക്കും
മരത്തോപ്പിൻറെ അതിരുകളിൽ
ഒരു വീട്-
വാതിലിന്നപ്പുറത്തേക്ക് നീളുന്നത്.
വൃത്തിയായി ഒരു പൂന്തോട്ടം തുന്നിയെടുക്കും
അരക്കെട്ടിൽ പൂക്കൾ തുന്നിപ്പിടിപ്പിക്കും
ഒഴുകിനടക്കുന്ന പരാഗം
വീട്ടുരുചിയുടെ മാറ്റുകൂട്ടും.
ഈ മറവിയുടെ മുറികളിൽ
സാന്ത്വനത്തിൻറെ വഴികൾ
കണ്ടെത്തുന്നത് എളുപ്പമല്ല.
നിങ്ങളുടെ കുടുംബക്കല്ലറകളിൽ നിന്ന്
ദൂരെയാണ് നിങ്ങളുടെ വീടെങ്കിൽ പ്രത്യേകിച്ചും.

***

ജനലുകൾ ഉടയ്ക്കുക

ജനലുകൾ ഉടച്ച് സ്വയം പുറത്തേക്കെറിയുക!
അവിടെ ജീവിതമുണ്ട്!
അവിടെ രാത്രിയുണ്ട്!
വൃക്ഷങ്ങൾ വളഞ്ഞിരിക്കുന്നുണ്ട്
രക്തത്തിൽ ചിതറി,
തേങ്ങിയും കരഞ്ഞഞ്ഞുമാവുമെങ്കിലും
തണുവിയർപ്പൊപ്പാൻ
നിങ്ങളുടെ മുഖത്തേക്ക്
കടലാസുപൊതിഞ്ഞ ചൂരലടുപ്പിക്കുന്നതും
വേദന ഒഴിയും വരെ
ഇരുട്ടിൽ ശാന്തമായി കിടക്കുന്നതും
ഉറക്കത്തിലേക്കു വഴുതിയോ
ഉദാസീനമായോ ആവില്ല.

അല്ലെങ്കിൽ നിങ്ങൾക്കിത് പരീക്ഷിക്കാം:
ഒരു ശിഖരത്തിൽ തലകീഴായിക്കിടന്ന്
കവിത സൃഷ്ടിക്കാം
അതുപോലെ
റൊട്ടിക്കഷ്ണങ്ങളെന്നപോലെ
എനിക്ക് മറ്റെല്ലാം ചുറ്റും വിതരണം ചെയ്യാം.
പക്ഷേ, ആരുമത് സ്വീകരിക്കില്ല.
അല്ലെങ്കിൽ നിങ്ങൾക്ക് കാരണമില്ലാതൊഴുകുന്ന
ഈ കണ്ണീരിൻറെ കാരണം കണ്ടെത്താം
എന്നിട്ടവ വറ്റിച്ചുകളയാം.

ഇതെല്ലാം സാധ്യമാവുക
കടന്നുപോകുന്ന കാറുകളുടെ
മുരൾച്ചയും അപസ്വരവും
ഇളവുതിരിക്കുമ്പോൾ മാത്രമാണ്.

***

ഒരു ഭീതി

യാഥാർത്ഥ ഉൾക്കാഴ്ചയുടെ ഉദാത്തതയെ
നിങ്ങൾക്കെങ്ങനെ
നേരിട്ടറിയാനാവും?
ഒരുപക്ഷേ, നിങ്ങൾക്കത്
അനുഭവിക്കാൻ സാധിച്ചേക്കാമെങ്കിലും
നിങ്ങൾക്ക് കലർപ്പില്ലാത്ത ഭയം
വിഭാവനം ചെയ്യാനാവുകയില്ല.
പിന്നെ, എങ്ങനെയാണ് നിങ്ങൾ
യാഥാർത്ഥത്തിൽ
കാണാത്ത ഉണ്മയെ
എപ്പോഴെങ്കിലും അറിയുക?
സ്വന്തം അന്ത്യത്തെ അഭിമുഖീകരിക്കുമ്പോഴല്ലാതെ
മരണം എങ്ങനെയാണെന്ന്
നിങ്ങൾക്കറിയാനേ സാധിക്കുകയില്ല.

***

ലിഡിയ ഗ്രിഗൊറിയേവ്

റഷ്യൻ യുക്രൈനിൽ 1945ൽ ജനനം. കസാൻ സർവകലാശാലയിൽ നിന്ന് ചരിത്ര- ഭാഷാശാസ്ത്രങ്ങളിൽ ബിരുദം. Dream in the Garden, Eternal Theme, Poetry of Dreams, Shards from the Polar Ice: Selected Poems എന്നിവ പ്രധാന കാവ്യസമാഹാരങ്ങൾ. ലോകശ്രദ്ധ നേടിയ ഫോട്ടോ കലാകാരിയും ഫോട്ടോപോയട്രി എന്ന കലാരീതിയുടെ ജനയിതാക്കളിൽ ഒരാളുമാണ്. Mirages of Venice: Faces and Images of Venetian Carnival, The Monet Mania, The Angel of Passion എന്നിവ അവരുടെ അനുവാചകപ്രശംസ നേടിയ ഫോട്ടോപോയട്രി ഉദ്യമങ്ങളാണ്. ഡോക്യുമെൻററികൾ സംവിധാനം ചെയ്തിട്ടുണ്ട്.


വിവ : പി.എസ്. മനോജ് കുമാര്‍

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.