Skip to main content

ലോഹരുചി

ആകാശത്തുനിന്നുള്ള ആക്രോശം
പൊട്ടിത്തെറിയെന്നപോലെ കാതിലലക്കുന്നു.
ഉറക്കത്തിന്റെ
ഗ്ലാസ്‌ചില്ലുകൾ പുറത്തേക്ക് ചിതറിവീഴുന്നു.
നിശബ്ദതയുടെ ചെറു
അസ്ഥികളാൽ കുമിഞ്ഞു കൂടിയിടം
കബറല്ലല്ലോ എന്ന്
വിരലുകൾകൊണ്ട് ചുറ്റളവ് അളക്കുന്നു.

ഞാനെവിടെയെന്ന്
അടഞ്ഞ വാതിലിലെന്നപോലെ മുട്ടുന്നു,

നെഞ്ചുകനക്കുന്നു.

ജനലിന്റെ അരികിൽ
പ്രഭാതം
പൊട്ടിയ മുട്ടയുടെ
മഞ്ഞപോലെ
പതഞ്ഞു കിടക്കുന്നു.
വെളിച്ചം കണ്ണുകളിൽ
തുന്നിയ നൂലുകൾ പൊട്ടിക്കുന്നു.
ദൂരെയൊരു ചുവന്ന കുതിര അസ്തമയത്തിലേക്ക്
കുതിച്ചു ചാടുന്നു.
കുതിരപ്പാടുകൾ ആകാശത്തിന്റെ നെഞ്ചിൽ
പൊള്ളലായി പതിയുമ്പോൾ മേഘങ്ങൾ പൊള്ളിയ

പത്രങ്ങൾപോലെ
ചുരുണ്ടു വീഴുന്നു.
മരണത്തിലേക്ക്
ഇനിയെത്ര ദൂരമെന്ന് നാവിൻ കീഴെ
ലോഹരുചി ചുരുണ്ടുകിടക്കുന്നു.

ഒരു തകർന്ന മണൽഘടികാരം
കണങ്ങൾ വീഴാതെ മധ്യേതന്നെ
തങ്ങി നിൽക്കുന്നു.
ഭൂമി ചുരുണ്ട മാപ്പുപോലെ
നെഞ്ചിനടിയിൽ വിറക്കുന്നു.

പൊട്ടിത്തെറിയുടെ
പുകയ്ക്കുള്ളിൽ
ഒരു ചെറിയ തീപ്പൊരി
കൈയിലേക്ക്
തട്ടിയിറങ്ങാൻ
ഇനിയും മടിച്ചുനിൽക്കുന്നു.

***

No Comments yet!

Your Email address will not be published.