Skip to main content

കുരീപ്പുഴയുടെ നഗ്നകവിതകള്‍

ചൊവ്വ

പുര നിറഞ്ഞുകവിഞ്ഞു നിന്ന
ഹിന്ദുപ്പെണ്ണിന്റെ സ്വപ്‌നത്തില്‍
ചൊവ്വാഗ്രഹമെത്തി

ഭൂമിയില്‍ നിന്നും
ദശലക്ഷക്കണക്കിനു കി.മീ
ദൂരെയുള്ള ഞാന്‍
നിന്റെ കല്യാണം മുടക്കിയിട്ടില്ല.

നിരപരാധിയെ നോക്കി
പെണ്ണ് കണ്ണു തുടച്ചു
അപരാധികള്‍
കവിടിക്കെട്ടുമായി
ഓടിയൊളിച്ചു.

***

 

കപ്പയൂരപ്പന്‍

പള്ളിപ്പറമ്പില്‍
കപ്പ നടാന്‍ കിളച്ചപ്പോള്‍
കിട്ടിയതാണ്
നാലു കൈയ്യും ലിംഗവുമുള്ള അപ്പന്‍.

അതാ,
പൂണൂലനും
കവിടിക്കാരനും വന്നു
മൈക്കും വഞ്ചിപ്പെട്ടിയും വന്നു

കവിയും വന്നു
കപ്പയൂരപ്പാ, ലോകാധിനാധാ
തൃപ്പാദം കുമ്പിടാന്‍
ലക്ഷം ലക്ഷം…

 

***

കറിയാച്ചന്റെ സംശയം

പള്ളിപ്രസംഗത്തിലെ
ഒരു വാചകം
കറിയാച്ചന്റെ
കഠിനഹൃദയത്തില്‍ തറച്ചു

മണ്ണില്‍ നിന്നെടുക്കപ്പെട്ട നീ
മണ്ണിനോട് ചേരുന്നതുവരെ
നെറ്റിയിലെ വിയര്‍പ്പുകൊണ്ട്
ഭക്ഷണം സമ്പാദിക്കും

ഗൃഹസന്ദര്‍ശന വേളയില്‍
കറിയാച്ചന്‍ ചോദിച്ചു
അച്ഛനും എനിക്കും
രണ്ടുണ്ടോ വേദപുസ്തകം?

***

 

മദ്ധ്യമാര്‍ഗ്ഗം

ദൈവമുണ്ടോ?
ഉണ്ടെന്നു പറഞ്ഞാല്‍
സ്വയം വഞ്ചന…

ഇല്ലെന്നു പറഞ്ഞാല്‍
വധ ഭീഷണി…

മദ്ധ്യമാര്‍ഗ്ഗമാണ് നല്ലത്
ദൈവം ഉണ്ടില്ല…

***

No Comments yet!

Your Email address will not be published.