Skip to main content

മാർച്ച് 26 – മഹാനായ തൊഴിലാളി നേതാവും, ഐതിഹാസികമായ പുന്നപ്ര വയലാർ സമര നായകന്മാരിൽ ഒരാളുമായ ടി.വി. തോമസ് ഓർമ്മദിനം

ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
‘എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ…
നാടുഭരിക്കാനറിയില്ലെങ്കില്‍
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ…
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
ചെങ്കൊടി ഞങ്ങള്‍ താഴ്ത്തിക്കെട്ടും
ചാത്തന്‍ പൂട്ടാന്‍ പൊയ്‌ക്കോട്ടെ…
തമ്പ്രാനെന്ന് വിളിപ്പിക്കും..
പാളേല്‍ കഞ്ഞി കുടിപ്പിക്കും….’

May be an image of smiling

കേരളത്തിന്റെ തെരുവുകളില്‍ 67 വര്‍ഷങ്ങള്‍ക്കു മുമ്പ് മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ നിന്നുള്ള ചില വരികളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ചുവടെ ചേര്‍ത്തിരിക്കുന്നത് ടിവി തോമസിന്റെ ടിവികെ എഴുതിയ ജീവചരിത്രത്തിലെ സുപ്രധാനമായ ഒരു സന്ദര്‍ഭമാണ്. ഈ രണ്ട് സന്ദര്‍ഭങ്ങളിലെയും വരികള്‍ക്കിടയില്‍ ഉണ്ട് ടിവി ആരായിരുന്നു എന്ന്.

തൊഴിലാളികള്‍ക്കും തൊഴിലാളിവിരുദ്ധര്‍ക്കും ടിവി എന്തായിരുന്നു എന്ന്…
‘കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി. ടിവിതോമാസിനെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്തു.ആലപ്പുഴ നഗരത്തിലെ സെന്റ് ജോര്‍ജ്ജ് സ്ട്രീറ്റിന് സമീപമുള്ള തോടിന്റെ ഒരുഭാഗത്തായി വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നു. അവിടെ ഓടിക്കൂടിയവരില്‍ സര്‍ സിപിയുടെ പട്ടാളത്തിന്റെ ക്രൂരത കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ആകൂട്ടത്തില്‍ ഉണ്ടായിരുന്നു. പന്ത്രണ്ടോളം വാഹനങ്ങളിലെത്തിയ പട്ടാളക്കാരാണ് രാവിലെ വീട് വളഞ്ഞത്. അകത്ത് സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. അക്ഷോഭ്യനായി ടിവി ഇറങ്ങിവന്നു. പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ വരാം. പട്ടാളക്കാര്‍ സമ്മതം മൂളി.കുറച്ചു കഴിഞ്ഞു തല ഉയര്‍ത്തി നട്ടെല്ല് നിവര്‍ത്തി പതറാതെ ടിവി ഇറങ്ങിവരുന്നു. നൂറുകണക്കിന് പട്ടാളക്കാരുടെ അകമ്പടിയോടെ നടന്നുവരുന്ന ടിവിയെ ശ്വാസം അടക്കിക്കൊണ്ട് ജനക്കൂട്ടം നോക്കിനിന്നു. വീട്ടുസാധനങ്ങള്‍ പട്ടാളക്കാര്‍ തല്ലിത്തകര്‍ത്തു. 12 പശുക്കളെയും എരുമകളെയും മുനിസിപ്പാലിറ്റി വക സ്ഥലത്താക്കി. ഭക്ഷണം കിട്ടാതെ അവ ചത്തൊടുങ്ങി. കുടുംബാംഗങ്ങള്‍ വേറെ താമസസ്ഥലം തിരക്കിയിറങ്ങി. ടിവി പതറിയില്ല. തലചായ്ക്കാന്‍ ഒരിടം സ്വന്തമായില്ലാത്ത പതിനായിരങ്ങള്‍ അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നു….’

ആലപ്പുഴ തൈപ്പറമ്പുവീട്ടില്‍ ടി.സി. വര്‍ഗീസിന്റെയും പുറക്കാട് കദളിപ്പറമ്പില്‍ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ടിവി തോമസ് ജനിച്ചു. ആലപ്പുഴയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജിലും എറണാകുളം മഹാരാജാസ് കോളജിലും ഉപരിപഠനം. 1930-ല്‍ ബി.എ. ബിരുദവും 1935-ല്‍ മദിരാശിയില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി. ആലപ്പുഴ കോടതിയില്‍ വക്കീലായി. ദീര്‍ഘകാലം ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവി അലങ്കരിച്ചിട്ടുണ്ട്.

1952-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് തിരു-കൊച്ചി നിയമസഭയില്‍ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. 1952-54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവും ആയിരുന്നു.
കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957-ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.വി.തോമസ് ആലപ്പുഴയില്‍ നിന്നും വിജയിച്ചു. അതുവരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവായിരുന്ന ടി.വി.തോമസ് തന്നെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മുഖ്യമന്ത്രി ആകുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും മാധ്യമങ്ങളൊക്കെ അങ്ങിനെയാണ് എഴുതിയിരുന്നതെങ്കിലും ഇ എം എസ് നമ്പൂതിരിപ്പാടാണ് മുഖ്യമന്ത്രി ആയത്. മുഖ്യമന്ത്രി ആയില്ലെങ്കിലും അദ്ദേഹം തൊഴില്‍ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു. 1967 ലെ തെരഞ്ഞടുപ്പിലും വിജയിച്ച് വ്യവസായ വകുപ്പ് മന്ത്രിയായി. 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായിരുന്നു.

ഇലക്ട്രോണിക് വ്യവസായത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കെല്‍ട്രോണ്‍ തുടങ്ങിയതടക്കം ഇന്നുള്ള ഒട്ടുമിക്ക മിക്ക പൊതുമേഖലാ വ്യവസായങ്ങള്‍ക്കും തുടക്കം കുറിച്ചത് ടി.വി തോമസ് ആണ്. വാളയാര്‍ സിമന്റ്‌സ്, കൊല്ലത്തെ ടൈറ്റാനിയം കോംപ്ലക്‌സ് , കേരള ടെക്‌സ്റ്റെയില്‍ കോര്‍പ്പറേഷനും തുണിമില്ലുകളും, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍, ഗ്ലാസ്സസ്, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ്, ഫോം മാറ്റിങ്‌സ് ഇന്ത്യ, ഓട്ടോ കാസ്റ്റ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ബാംബു കോര്‍പ്പറേഷന്‍, കശുവണ്ടി കോര്‍പ്പറേഷന്‍, ടെല്‍ക്ക് ഇവയെല്ലാം ടി.വി.യുടെ സംഭാവനകളാണ്.

Kerala High Court Revives Two KELTRON Subsidiaries After Two Decades, Recalls Winding Up Orders

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബീഡിത്തൊഴിലാളികള്‍ക്കായി ദിനേശ് ബീഡി സഹകരണ പ്രസ്ഥാനത്തിന് രൂപംകൊടുത്തതും ടിവിയെന്ന ഭരണാധികാരിയുടെ കഴിവാണ്.  നാളെയുടെ മറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെല്‍ട്രോണിന് അദ്ദേഹം രൂപം നല്‍കി. 1973 ല്‍ വിവര സാങ്കേതിക വിദ്യയെ കുറിച്ച് ആര്‍ക്കും വളരെ അറിവ് ഉണ്ടായിരുന്നില്ല. അന്നാണ് വ്യവസായ മന്ത്രിയായിരുന്ന ടി.വി.തോമസ്സ് കെല്‍ട്രോണ്‍ എന്ന സ്ഥാപനത്തിന് രൂപം നല്‍കിയത്. സാങ്കേതിക വിദ്യയും മൂലധനവും തേടി അദ്ദേഹം ജപ്പാന്‍ യാത്ര നടത്തിയപ്പോള്‍ അതിന്റെ പേരില്‍ കേരളത്തില്‍ അന്ന് വിവാദവുമുണ്ടാക്കിയിരുന്നു പ്രതിപക്ഷം.കുറഞ്ഞ ചെലവില്‍ ടെലിവിഷന്‍ നിര്‍മ്മാണം മാത്രമല്ല ഐ.എസ്.ആര്‍.ഒ. പ്രതിരോധ വകുപ്പ് എന്നിവയ്ക്കുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് വരെ കെല്‍ട്രോണ്‍ കടന്ന് കയറി.ഇലക്ടോണിക് ഉല്‍പ്പന്നങ്ങളുടെ രാജാവായ ജപ്പാന്‍ പോലും കെല്‍ട്രോണിന് മുന്നില്‍ മുട്ടുമടക്കിയ ചരിത്രവുമുണ്ട്. ജര്‍മ്മനിയും ജപ്പാനുമായി ഈ രംഗത്ത് മത്സരിച്ച് മുന്നേറിയതാണ് കെല്‍ട്രോണും കൊച്ചു കേരളവും. ഒരു കാലത്ത് ഏഷ്യയിലെ നമ്പര്‍ വണ്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനിയും കെല്‍ട്രോണായിരുന്നു. എന്നാല്‍ മാറി മാറി വന്ന ഭരണാധികാരികള്‍ ടി.വി.തോമസ്സിന്റെ കാഴ്ച്ചപ്പാട് പിന്തുടര്‍ന്നില്ല.

കയര്‍, ട്രാന്‍സ്പോര്‍ട്ട്, ബോട്ട് ക്രൂ തുടങ്ങി നിരവധി മേഖലകളിലെ ട്രേഡ് യൂണിയനുകളുടെ നേതാവായി ഉയര്‍ന്നുവന്ന ടിവിയെന്ന ഭരണാധികാരിയുടെ കഴിവിനോടൊപ്പം, ആത്മാര്‍ഥത നിറഞ്ഞ ഒരു തൊഴിലാളി നേതാവിന്റെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് ആ കാലഘട്ടത്തില്‍ കേരളം കണ്ടത്.
ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ ജീവിതത്തിന്റെ കണ്ണുനീരും വേദനകളും അനുഭവിച്ചറിഞ്ഞ മഹാനായ തൊഴിലാളി നേതാവ് വ്യവസായവകുപ്പും തൊഴില്‍ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ കേരളത്തിന്റെ ചരിത്രത്തില്‍ മറ്റേതൊരു വ്യവസായവകുപ്പ് മന്ത്രിയെക്കാള്‍ മികച്ചരീതിയില്‍ ആ വകുപ്പ് കൈകാര്യം ചെയ്തതില്‍ തീര്‍ച്ചയായും അത്ഭുതപ്പെടാന്‍ ഒന്നുമില്ല.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.