Skip to main content

ചരിത്രം തിരിയുന്നിടത്തെ നേര്‍ക്കാഴ്ച്ചകള്‍

മൂല്‍രാജ് ശര്‍മ്മയുടെ പഴയ കുടുംബം ചിത്രം.
നടുവില്‍ ഇരിക്കുന്നത് അദ്ദേഹത്തിന്റെ മാതാവ് മായാദേവി.

 

വിരസമായ ഒരു ദിവസത്തിന്റെ ചര്യകളില്‍ മുഴുകിയ നേരത്താണ് മൊബൈല്‍ ശബ്ദിച്ചത്. നമ്പര്‍ കണ്ടതിന് ശേഷം മാത്രം പ്രതികരിക്കുന്ന പതിവില്ലാത്തതിനാല്‍ ഉടന്‍ കാതോടടുപ്പിച്ചു. മറുവശത്ത് നിന്ന് പരിചിതമായ ആ പരുക്കന്‍ ശബ്ദം, ‘ മൈം മൂല്‍രാജ് ശര്‍മ്മാ ബോല്‍ രഹാ ഹൂം.’

മാമാജി. അതായത്, ഭാര്യയുടെ മാതുലന്‍. ഞാന്‍ പ്രത്യുത്തരം കൊടുത്തു, ”നമസ്‌തേ മാമാജീ…’

”നമസ്‌തേ ബേട്ടേ…. ആജ് കാ ഖബര്‍ മിലാ ഹേ ക്യാ?’

ഏതോ ചൂട് വാര്‍ത്തയുമായിട്ടാണ് മാമാജിയുടെ വരവ്.

അതാണ് മാമാജി: 86-ാം വയസ്സിലും ഒരു കാത് എപ്പോഴും രാഷ്ട്രീയ ഗതിവിധികളിലായിരിക്കും. പിന്നെ അറിഞ്ഞ കാര്യം ആരെങ്കിലുമായി ചര്‍ച്ച ചെയ്യാതെ ഇരിക്കപ്പൊറുതിയില്ല.

”സുപ്രീം കോര്‍ട്ട് കാ ഫൈസ്ലാ ആ ഗയാ…”

വീണ്ടും മാമാജിയുടെ ശബ്ദം:

‘നംബര്‍ ദിഖാനേ കേലിയേ സിര്‍ഫ് കല്‍ തക് സമയ് ദിയാ ഹേ…”.

കാര്യം പിടികിട്ടി:

കര്‍ണ്ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള യെദിയൂരപ്പയുടെ ശ്രമമാണ് വിഷയം. സുപ്രീം കോടതിയുടെ ഉത്തരവില്‍ മാമാജി അതീവ സന്തുഷ്ടനാണെന്ന് ആ സ്വരം പറഞ്ഞു. ഫോണ്‍ വെക്കുന്നതിന് മുമ്പ് മാമാജിയുടെ ഒരു ചോദ്യം കൂടി,

”ഈ വാര്‍ത്ത നേരത്തേ അറിഞ്ഞിരുന്നുവോ?”

”ഇല്ല മാമാജി, താങ്കളില്‍ നിന്നാണ് ആദ്യം കേള്‍ക്കുന്നത്.”

ബ്രിട്ടീഷ് ഇന്ത്യയില്‍ അവിഭക്ത പഞ്ചാബിലെ ഇന്ന് പാക്കിസ്ഥാനില്‍ പെടുന്ന ഒരു ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ ജീവിതം അതിന്റെ സായാഹ്നത്തില്‍ നവീ മുംബൈയിലെ ഒരു വൃദ്ധസദനത്തില്‍ എത്തിനില്‍ക്കുന്നു. സംഭവബഹുലമായ ആ ജീവിതത്തിന്റെ നിലയ്ക്കാത്ത ഒഴുക്കും പാച്ചിലുമെല്ലാം ആ മുഖത്ത് നിന്ന് തന്നെ പലതവണ കേട്ടിട്ടുണ്ട്. അനുഭവങ്ങള്‍ ഊതിക്കാച്ചിയ ഒരു ജീവിതം.

മാമാജിയുടെ പിതാവ് ഇന്നത്തെ പാക്കിസ്ഥാനിലെ സിയാല്‍കോട്ടിനടുത്ത് ഒരു ഗ്രാമത്തിലെ അമ്പലത്തില്‍ പൂജാരിയായിരുന്നു. വിഭജനത്തിന് തൊട്ട് മുമ്പ് പിതാവിന്റെ അകാലമരണം നടക്കുമ്പോള്‍ മൂല്‍രാജിന് പതിനഞ്ച് വയസ്സ്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. പാക്കിസ്ഥാന് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നുവെങ്കിലും സംഭവങ്ങള്‍ ഇനിയും ഹിംസയിലേക്ക് നീങ്ങിയിട്ടില്ല. സിയാല്‍കോട്ടും ജമ്മുവും തൊട്ടടുത്ത നഗരങ്ങള്‍. ഗ്രാമത്തിനേയും  ജമ്മു ജില്ലയേയും പകുത്തുകൊണ്ട് ഒഴുകുന്ന ചിനാബ് നദി. ഊഹാപോഹങ്ങളും കിംവദന്തികളും ഗ്രാമങ്ങളിലേക്ക് പോലും പടരുന്നു. സര്‍ സിറിള്‍ റാഡ്ക്ലിഫിന്റെ ചുവന്ന പെന്‍സില്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂപടത്തില്‍ കോറാന്‍ തുടങ്ങിയിരുന്നു. സ്‌കൂളില്‍ നിന്ന് വന്നതിന് ശേഷം ആ നാളുകളില്‍ മൂല്‍രാജിന്റെ ദിനചര്യ അവസാനിക്കുന്നത് സ്വയംസേവക ശാഖയിലെ സായാഹ്നങ്ങളിലെ മെയ്യഭ്യാസത്തോടെയാണ്. ഇന്നത്തെപ്പോലെ അന്നും സമൂഹത്തില്‍ സാമുദായിക ധ്രുവീകരണം സംഭവിച്ചുകൊണ്ടിരുന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നു.

ഒരു ദിവസം കേട്ടു, നാട് രണ്ടായി വിഭജിച്ച് വെള്ളക്കാര്‍ സ്ഥലംവിടാന്‍ പോകുന്നുവെന്ന്. ഇതിനിടയില്‍ അമ്മയും ഇളയ അനുജനും അനിയത്തിയും ചിനാബ് കടന്ന് ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ ജമ്മുവിനടുത്ത് ബന്ധുവീട്ടിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു. വീട്ടില്‍ തനിച്ച് മൂല്‍രാജ് മാത്രം. കാലുഷ്യത്തിന്റെ ദിനങ്ങള്‍. ന്യൂനപക്ഷം എല്ലായിടത്തും മതത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. അയല്‍പ്പക്കത്തെ ഹിന്ദുക്കളും സിഖുകളും കൈയില്‍ കിട്ടിയ കൂടും കുടുക്കയും പെറുക്കി ചിനാബ് കടക്കുന്നു. ഇനിയും കൗമാരം കടക്കാത്ത ബാലന് ഒന്നും മനസ്സിലായില്ല.

Partition Images 1947

തൊട്ടടുത്ത വീട്ടിലെ വൃദ്ധന്‍ പറഞ്ഞു, ”മോനേ, ഇനി ഇവിടെ നില്‍ക്കുന്നത് അപകടമാണ്, കൂടെ പോരൂ.”

എന്ത് ചെയ്യണമെന്നറിയാതെ അവന്‍ അവിടെ തന്നെ നിന്നു. പിന്നെയാണ് മനസ്സിലായത്, അയല്‍ക്കാരെല്ലാം സ്ഥലം വിട്ട് കഴിഞ്ഞുവെന്ന്. ഗ്രാമത്തില്‍ ഇത് വരെ കാണാത്ത പരിചയമില്ലാത്ത മുഖങ്ങള്‍. ഒരാളുടെ മുഖത്തും മൃദുലവികാരങ്ങളുടെ തരിമ്പ് പോലും കാണാനില്ല. തുറിച്ചുനോക്കുന്ന കണ്ണുകളില്‍ അവിശ്വാസവും ഭീതിയും മാത്രം. ഇനി ഒന്നും ആലോചിക്കാനില്ല. അവന്‍ നദി കടന്ന് അക്കരെ പറ്റാന്‍ തീരുമാനിച്ചു. ഒറ്റക്ക് പോകുന്നത് കണ്ട് ആരെങ്കിലും ആക്രമിച്ചാലോ എന്ന ഭയം കാരണം വെള്ളം നിറച്ച മൊന്ത കൈയില്‍ പിടിച്ച് പ്രഭാതകര്‍മ്മത്തിന് പോകുന്നത് പോലെ ഓട്ടം തുടങ്ങി.

മഞ്ഞുരുകി കുത്തിയൊലിച്ചൊഴുകുന്ന ചിനാബ് കടന്ന് മറുകര എത്തിയപ്പോള്‍ ഇരുഭാഗത്തേക്കും ജീവനും കൊണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്ന ആയിരങ്ങളുടെ പ്രവാഹം. ചരിത്രം കണ്ട ഏറ്റവും വലിയ പലായനത്തില്‍ ആ പതിനഞ്ചുകാരനും ഭാഗമായി. സായിപ്പ് ഭൂപടത്തില്‍ കോറിയ വരയുടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഒരു കോടി ജനങ്ങളുടെ കൂട്ട പ്രയാണം. അസഹിഷ്ണുതയുടേയും വിദ്വേഷത്തിന്റേയും എരിതീയില്‍ പത്ത് ലക്ഷത്തോളം മനുഷ്യാത്മാക്കളുടെ ആഹുതി. മനുഷ്യചരിത്രം കണ്ട ഏറ്റവും വലിയ പലായനം.

Partition Images 1947

രണ്ട് ദിവസം തുടര്‍ന്ന ഒരേ ഓട്ടത്തിന് ശേഷം ബന്ധുവീട്ടിലെത്തിയപ്പോള്‍ അറിഞ്ഞു, പലായനം ചെയ്യുന്ന നൂറുകണക്കിന് ജനങ്ങളുടെ കൂട്ടത്തില്‍ അമ്മയും സഹോദരങ്ങളും എങ്ങോ അപ്രത്യക്ഷരായിരിക്കുന്നു. വെറും പതിനഞ്ച് വയസ്സില്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങള്‍ക്ക് ഇനിയും വിരാമമില്ലാതെ അവന്‍ അന്വേഷണം തുടര്‍ന്നു. അരവയറില്‍ വിശ്രമമില്ലാത്ത നെട്ടോട്ടം. മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവില്‍ നൂറ് മൈലുകള്‍ക്കപ്പുറം കപൂര്‍ത്തലക്കടുത്ത് കാലാസംഘ്യ എന്ന കുഗ്രാമത്തില്‍ അമ്മയേയും സഹോദരങ്ങളേയും കണ്ടുമുട്ടുന്നു, അതും ഒട്ടും ആശാവഹമല്ലാത്ത സാഹചര്യത്തില്‍. പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത തദ്ദേശത്തെ മുസ്ലീങ്ങള്‍ വിട്ടുപോയ സ്വത്തുവകകള്‍ കൈയൂക്കുള്ളവര്‍ കൈവശപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കാണെങ്കില്‍ തലചായ്ക്കാന്‍ പോലും ഇടമില്ല. ഒടുവില്‍ ഒഴിഞ്ഞ ഒരു തൊഴുത്തില്‍ താമസം തുടങ്ങി. കൊയ്ത്ത് കഴിഞ്ഞ പാടത്ത് നിലത്ത് വീണുകിടക്കുന്ന നെന്‍മണികള്‍ പെറുക്കിയാണ് മാതാവ് രണ്ട് കുട്ടികളുടെ വിശപ്പടക്കിയിരുന്നത്. മൂത്തമകന്‍ വന്നതോടെ അമ്മക്ക് ആശ്വാസമായി.

ആ പതിനഞ്ച്കാരന്‍ കുടുംബഭാരം ഏറ്റെടുത്തു. ഭാരം ചുമന്നും വണ്ടിവലിച്ചും കിട്ടുന്നത് കൊണ്ട് അടുപ്പ് പുകഞ്ഞു. അവന്റെ കണക്ക് കൂട്ടാനുള്ള കഴിവും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശക്തിയും മനസ്സിലാക്കിയ ഒരു ബനിയ കണക്കെഴുതാനും സാധനം എടുത്തു കൊടുക്കാനും തന്റെ കടയില്‍ നിര്‍ത്തി. താമസം തൊഴുത്തില്‍ നിന്ന് ഒറ്റമുറിയുള്ള വീട്ടിലേക്ക് മാറി.

അങ്ങനെ ഒന്നൊന്നരക്കൊല്ലം കടന്ന് പോയി. ആരോ പറഞ്ഞറിഞ്ഞു, കമ്പിളിമില്ലുകളുടെ കേന്ദ്രമായ അമൃത്സറില്‍ മില്ലില്‍ പണിയെടുക്കാന്‍ ആളുകളെ വേണമെന്ന്. നേരേ അമൃത്സറിലേക്ക് വിട്ടു. സുദൃഢമായ ശരീരവും ജോലിചെയ്യുവാനുള്ള ഉത്സാഹവും കണ്ട് മില്ലുടമക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. മാസങ്ങള്‍ക്കുള്ളില്‍ ജോലി സ്ഥിരമായി. അമ്മയേയും സഹോദരങ്ങളേയും കൊണ്ടുവന്ന് നഗരത്തിലെ പ്രാന്തപ്രദേശമായ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഛെഹര്‍ട്ടയില്‍ താമസമാക്കി.

ഈ കാലഘട്ടത്തിലാണ് ബോംബേ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഒരു യുവവക്കീലും അദ്ദേഹത്തിന്റെ കോളേജ് അധ്യാപികയായ ഭാര്യയും മഹാനഗരത്തിലെ സ്വസ്ഥജീവിതവും തിരക്ക് പിടിച്ച ഉദ്യോഗവും വലിച്ചറിഞ്ഞ് വിഭജനത്തിന്റെ ഇരകളായ അഭയാര്‍ത്ഥികളൂം പാവപ്പെട്ട തൊഴിലാളികളും അഭയകേന്ദ്രമാക്കിയ ഛെഹര്‍ട്ടയിലെത്തുന്നത്. സത്യപാല്‍ ഡാംഗും വിമല ബക്കായയും. ഇരുവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് വന്നവര്‍. സത്യപാലിന്റെ വേരുകളും ഇന്ന് പാക്കിസ്ഥാനിലായ അവിഭക്ത പഞ്ചാബില്‍. 1945ല്‍ അദ്ദേഹം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. 1946ല്‍ ബോംബേ നാവികകലാപത്തെ പിന്തുണച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളുടെ നേതൃനിരയിലുണ്ടായിരുന്നു. വിമല ബക്കായ കാഷ്മീര്‍കാരി.

Saifuddin Kitchlew

അമൃത്സര്‍ നേരത്തേ തന്നെ പുരോഗമന ചിന്തകള്‍ക്ക് വളക്കൂറുള്ള മണ്ണ്.  ജാലിയന്‍വാലാബാഗ് സംഭവത്തില്‍ പ്രസിദ്ധനായ ഡോ. സൈഫുദ്ദീന്‍ കിച്ചിലൂ ഇതിനിടയില്‍ ഇടത്പക്ഷ സഹയാത്രികനായി മാറിയിരുന്നു. വിഭജനകാലത്ത് നിസ്സഹായരായ ജനങ്ങളെ ലഹളക്കാരില്‍ നിന്ന് രക്ഷിക്കാനായി ഇടത്പക്ഷ പ്രവര്‍ത്തകര്‍ ചെയ്ത ശ്രമങ്ങളെ  ഇന്നും പഴമക്കാര്‍ ഓര്‍മ്മിക്കുന്നു. ബാബാ ഘന്‍ശ്യാംസിങ്ങ് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് നഗരത്തിലെ പ്രാഗ്ജസ് ചൗക്കില്‍ നടന്ന കൂട്ടക്കുരുതിയില്‍ നിന്ന് 300 ആളുകളെ സാഹസികമായി രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തത് വിഭജനത്തെ കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മില്ലുകളില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനവും അസ്ഥിരമായ സേവനവ്യവസ്ഥകളും ഡാംഗിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം തൊഴിലാളികളുമായി സംവദിച്ചു. അവരെ സംഘടിപ്പിച്ചു. അവകാശങ്ങള്‍ പിടിച്ചെടുക്കാനായി സമരങ്ങള്‍ നടന്നു. മില്ലുടമകള്‍ക്ക് വിറളിപിടിച്ചു. സമരം നയിച്ചവരെ പിരിച്ചുവിട്ടുകൊണ്ട് അരിശം തീര്‍ത്തു. എങ്കിലും സമരത്തെ തളര്‍ത്താനായില്ല. ഒടുവില്‍ ആനുകൂല്യങ്ങളും സ്ഥിരമായ സേവനവ്യവസ്ഥകളും കൊടുക്കേണ്ടിവന്നു.

തൊഴിലാളി സമരത്തിലൂടെ മൂല്‍രാജ് മില്ലുടമകള്‍ക്കിടയില്‍ കുപ്രസിദ്ധനായി. ഒരു മില്ലിലും ജോലിക്കെടുക്കില്ല എന്ന നിലവരെയെത്തി. മാതാവ്, അനുജന്‍, വളര്‍ന്ന് വരുന്ന അനിയത്തി. ഈ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവാത്ത അവസ്ഥ. ഛെഹര്‍ട്ടയില്‍ നിന്നാല്‍ ഇനി കാര്യങ്ങള്‍ നടക്കില്ല. അദ്ദേഹം സത്യപാല്‍ ഡാംഗിന്റെ അനുവാദം വാങ്ങി അഹമ്മദാബാദിലേക്ക് തിരിച്ചു. അവിടെ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തുണ്ട്. പക്ഷേ എത്തുന്നതിന് മുമ്പ് തന്നെ വാര്‍ത്ത പരന്നിരുന്നു: അമൃത്സറില്‍ നിന്ന് ഒരാള്‍ വരുന്നുണ്ട്. തൊഴിലാളി നേതാവാണ്. കുഴപ്പക്കാരനാണ് എന്നൊക്കെ. മൂല്‍രാജിനെതിരേ വാതിലുകള്‍ കൊട്ടിയടഞ്ഞു.

ഇനിയുള്ളത് മുംബൈയാണ്. ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരുന്നതില്‍ തെറ്റില്ല എന്ന് തോന്നി. നേരെ അങ്ങോട്ട് തിരിച്ചു. സത്യപാല്‍ ഡാംഗ് മുംബൈയിലെ തന്റെ സുഹൃത്തിനെഴുതിയ ശുപാര്‍ശക്കത്തും കൂടെ കരുതിയിരുന്നു.

Satyapal Dang

ഈ കത്തുമായി ചെന്ന് നേരിട്ട് കാര്യം പറഞ്ഞു: താന്‍ തൊഴിലാളി പ്രവര്‍ത്തകനാണ്. എങ്കിലും ഇപ്പോള്‍ കുടുംബചുമതലകള്‍ക്ക് മുന്‍തൂക്കം കൊടുക്കേണ്ട അവസ്ഥയിലാണ്. ഒരു തൊഴില്‍ കിട്ടിയേ തീരൂ.

അങ്ങനെ മുംബൈയിലെ ഹക്കോബാ മില്ലില്‍ സൂപ്പര്‍വൈസറായി ചേര്‍ന്നു. തൊഴിലിലെ അറിവും ശുഷ്‌ക്കാന്തിയും കണ്ട് മില്ലുടമ മാസ്റ്ററായി ഉദ്യോഗക്കയറ്റം നല്‍കി.

വര്‍ഷങ്ങള്‍ കടന്ന് പോയി. ഛെഹര്‍ട്ട മുനിസിപ്പാലിറ്റി ആയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം പിടിച്ചെടുത്തു. സത്യപാല്‍ ഡാംഗ് ചെയര്‍മാനായി. മില്ലിലെ സമരരംഗത്ത് സന്തതസഹചാരിയായിരുന്ന സുഹൃത്തിന് മൂല്‍രാജ് സഹോദരിയെ വിവാഹം ചെയ്തുകൊടുത്തു. അനുജന് യമുനാനഗറില്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ്സ് തുടങ്ങാന്‍ ലോറി വാങ്ങാനുള്ള ഉപായവും അയാളുടേത് തന്നെ.

1965ലെ ഇന്തോ-പാക്ക് യുദ്ധത്തില്‍ ഛെഹര്‍ട്ടയിലും ശത്രുബോംബ് വീണ് ജീവാപായവും നാശനഷ്ടങ്ങളുമുണ്ടായി. ഭരണസമിതി ശ്ലാഘനീയമായ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തി. സ്ത്രീകളൂം പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികള്‍ക്ക് വേണ്ടി പല ക്ഷേമപരിപാടികളും നടപ്പാക്കി മാതൃകാമുനിസിപ്പാലിറ്റിയെന്ന യശസ്സ് നേടി. ഇതിനിടയില്‍ മൂല്‍രാജ് വിവാഹിതനായി. മില്ലുടമയുടെ പേരിലായിരുന്ന കോട്ടണ്‍ ഗ്രീന്‍ ഹൗസിംഗ് ബോര്‍ഡിലെ ചെറിയ ഫ്‌ലാറ്റ് താമസിക്കാനായി കിട്ടിയതും അമ്മയെ കൂടെ കൊണ്ടുവന്നു. എവിടെനിന്നോ തുടങ്ങിയ ജീവിതം കരയ്ക്കടുത്തു എന്ന് തോന്നാന്‍ തുടങ്ങി.

1967ല്‍ പഞ്ചാബില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ വെസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഗുരുമുഖ്‌സിങ്ങ് മുസാഫിറിനെ 10000 വോട്ടിന് തോല്‍പ്പിച്ച് സത്യപാല്‍ ഡാംഗ് എംഎല്‍ഏ ആയി. പിന്നീട് കൂട്ടുമന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായി ചുമതലയേറ്റു. സൈക്കിളില്‍ മാത്രം യാത്ര ചെയ്യുന്ന മന്ത്രി എന്ന് അദ്ദേഹം അറിയപ്പെട്ടു.

റോഡപകടത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മരണശേഷം വിഷാദരോഗിയായി മാറിയ സഹോദരിയുടെ ചുമതല കൂടി മൂല്‍രാജിന് ഏറ്റെടുക്കേണ്ടി വന്നു. അവരെ മുംബൈയില്‍ കൊണ്ടുവന്ന് താമസിക്കാനുള്ള ഏര്‍പ്പാട് ചെയ്തതിന് ശേഷം ഒരു മില്ലില്‍ എംബ്രോയിഡറി ചെയ്യാനുള്ള ജോലിയില്‍ ചേര്‍ത്തു.

80കള്‍ പഞ്ചാബിനെ സംബന്ധിച്ചിടത്തോളം നേരം വെളുക്കാത്ത ഒരു നീണ്ട രാത്രിയായിരുന്നു. ഛിദ്രശക്തികളുടെ അഴിഞ്ഞാട്ടം ഏറെ നാശങ്ങള്‍ സമ്മാനിച്ചത് ഇടത് പക്ഷത്തിനാണ്. ഭീകരവാദത്തെ ചെറുത്ത് പ്രതിരോധിക്കാനായിരുന്നു ഇടത് പക്ഷത്തിന്റെ തീരുമാനം. മറ്റു രാഷ്ട്രീയകക്ഷികളും പ്രവര്‍ത്തകരും മാളത്തില്‍ ഒളിച്ചപ്പോള്‍ അവര്‍ ജനപക്ഷത്ത് നിന്ന്‌കൊണ്ട് ഭീകരവാദത്തെ ചെറുത്തു. അതിന് വന്‍വില കൊടുക്കേണ്ടി വന്നുവെന്നത് പിന്നീടുള്ള ചരിത്രം.  നൂറിലധികം നേതാക്കളും പ്രവര്‍ത്തകരും രക്തസാക്ഷികളായി. ഒരു യുവ നേതൃത്വനിര അങ്ങനെ അപ്രത്യക്ഷമായി. ഖാലിസ്ഥാന്‍വാദികളുടെ ഹിറ്റ്‌ലിസ്റ്റിലെ മുന്‍നിരയില്‍ സത്യപാല്‍ ഡാംഗിന്റെ പേരുമുണ്ടായിരുന്നു. ഛെഹര്‍ട്ടയില്‍ ഏകതാ ഭവനിലെ പാര്‍ട്ടി ഓഫീസിനടുത്ത് വെച്ച് അദ്ദേഹത്തെ വധിക്കാന്‍ വന്ന രണ്ടുപേര്‍ ബീഎസ്എഫിന്റെ തോക്കിനിരയായി. സുരക്ഷ കണക്കിലെടുത്ത് ഏകതാ ഭവനില്‍ നിന്ന് അദ്ദേഹം തന്റെ പ്രവര്‍ത്തനം പുത്‌ലീഘറിലെ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റി. The Genesis of Terrorism, Terrorism in Punjab എന്നീ ആധികാരിക പുസ്തകങ്ങള്‍ എഴുതി. വിമലാ ഡാംഗിന്റെ നേതൃത്വത്തില്‍ പഞ്ചാബ് സ്ത്രീസഭ  ഭീകരവാദത്തിന് ഇരയായവരുടെ പുനരധിവാസവും, വിധവകളുടെ  സംരക്ഷണവും, കുട്ടികളുടെ  വിദ്യാഭ്യാസവും ഏറ്റെടുത്തു.

Vimala Dang

90കളില്‍ നാം കാണുന്നത് ഒരു പുതിയ പഞ്ചാബാണ്. വൈചാരികമായും രാഷ്ട്രീയമായും ഉള്ളിലേക്ക് വലിഞ്ഞ, പരിവര്‍ത്തനത്തിന് നേരേ മുഖം  തിരിച്ച, പുത്തന്‍ സാമ്പത്തികനയത്തിന്റെ മുന്നോടിയായ ഉപഭോക്തസംസ്‌ക്കാരത്തെ ആശ്ലേഷിച്ച, യുവാക്കള്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയായ പഞ്ചാബ്. ഡാംഗ് ദമ്പതികള്‍ നേതൃസ്ഥാനത്ത് ഇരിക്കുന്നതിന് പ്രായപരിധി വേണം എന്ന തത്വം സ്വീകരിച്ച് പാര്‍ട്ടിയിലുള്ള സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു. ഒരു ജീവിതകാലം  മുഴുവല്‍ നിസ്വരായി ജീവിച്ച അവര്‍ ഒരു പഴയ പാര്‍ട്ടി സഖാവിന്റെ വീട്ടിലെ ഒരു മുറിയില്‍ ഒതുങ്ങിക്കൂടി. മില്ലുകളിലെ പഴയ തൊഴിലാളി സഖാക്കള്‍ സ്വന്തം വീടുകളിലെ ചായ്പ്പില്‍ പവര്‍ലൂമുകള്‍ സ്ഥാപിച്ച് ഓര്‍ഡര്‍ പ്രകാരം തുണിയുണ്ടാക്കി വന്‍മില്ലുകള്‍ക്ക് വിറ്റ് താരതമ്യേന സമ്പന്നന്മാരായി മാറി. 50 വര്‍ഷം മുമ്പ് ഛെഹര്‍ട്ടയില്‍ ചെങ്കൊടിയേന്തിയ തലമുറ ആഗ്രഹങ്ങളും അതിമോഹവുമുള്ള പുതിയ തലമുറക്ക് വഴിമാറി കൊടുത്തു. സത്യപാല്‍ ഡാംഗും വിമലാ ഡാംഗും പലതവണ ജയിച്ച അമൃത്സര്‍ വെസ്റ്റ് മണ്ഡലം പിന്നീട് ഒരിക്കലും ചെങ്കൊടിയെ വിജയാഹ്ലാദപ്രകടനം നടത്താന്‍ അനുവദിച്ചില്ല. ഛെഹര്‍ട്ട മുനിസിപ്പാലിറ്റി അമൃത്സര്‍ നഗരസഭയില്‍ ലയിച്ചു.

2009ല്‍ വിമലാ ഡാംഗ് അന്തരിച്ചു. 2013ല്‍ സത്യപാലും. ഛെഹര്‍ട്ടയുടെ ഒരു കാലഘട്ടം അങ്ങനെ അവസാനിച്ചു. ഷഷ്ഠിപൂര്‍ത്തിയായതോടെ മൂല്‍രാജ് ശര്‍മ്മ ഔദ്യോഗികമായി വിരമിച്ചുവെങ്കിലും നിഷ്‌ക്രിയ ജീവിതം ഇഷ്ടപ്പെട്ടില്ല. പിന്നെയും പത്ത് വര്‍ഷത്തോളം അദ്ദേഹം ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലിചെയ്തു. മക്കളെല്ലാം പൊതുമേഖലയില്‍ ജീവനക്കാരായി കുടുംബജീവിതം നയിക്കുന്നു. ഭാര്യ പത്ത് വര്‍ഷം മുമ്പ് ദിവംഗതയായി.

മൂല്‍രാജ് ശര്‍മ്മ 90ന്റെ മികവില്‍ തന്റെ സഹോദരിയോടൊപ്പം

ആരോഗ്യമുള്ളിടത്തോളം കാലം ആര്‍ക്കും ഭാരമാവരുത് എന്ന പിടിവാശി കാരണം അദ്ദേഹം ഇന്ന് നവീ മുംബൈയിലെ ഒരു വൃദ്ധസദനത്തിലാണ്. സദനത്തിലെ എല്ലാ ആഘോഷങ്ങളിലേയും സജീവസാന്നിധ്യമാണ്. ചടങ്ങുകളില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ളതിനാല്‍ സംഘാടകര്‍ വിഷമത്തിലാണ്. ഇപ്പോള്‍ അദ്ദേഹത്തെ കൊണ്ട് പാട്ട് പാടിക്കാനാണ് അവര്‍ക്ക് താല്പര്യം.

ദിവസങ്ങള്‍ക്ക് മുമ്പ് മാമാജി വീണ്ടും വിളിച്ചു,

”ബേട്ടേ, രണ്ടാഴ്ച്ച കഴിഞ്ഞ് ഗോറേഗാവില്‍ പല വൃദ്ധാശ്രമങ്ങളൂം പങ്കെടുക്കുന്ന ഒരു ചടങ്ങുണ്ട്. ഇവിടെ നിന്ന് ഞാനാണ് പോകുന്നത്. സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ഒരു ഗാനം   വേണം. സാഹിറിന്റേത് എങ്കില്‍ വളരെ നല്ലത്.”

സാഹിര്‍ എന്നാല്‍ സാഹിര്‍ ലുധിയാന്‍വി. അദ്ദേഹം പണ്ട് മുതലേ സാഹിറിന്റെ ആരാധകനാണ്. ഒരു പഴയ പാട്ട് ഓര്‍മ്മയില്‍ നിന്ന് പൊടിതട്ടിയെടുത്തു. വിദ്യാര്‍ത്ഥികളും അധ്യാപകനും തമ്മിലുള്ള സംവാദമായ ഞാന്‍ കേള്‍പ്പിച്ച യുഗ്മഗാനത്തിലെ ഒടുവിലത്തെ വരികള്‍ ഇങ്ങനെ പോകുന്നു:

അബ് തോ ദേശ് മേം ആസാദീ ഹേ, അബ് ക്യോം ജനതാ ഫര്യാദീ ഹേ?

കബ് ജായേഗാ ദൗര്‍ പുരാനാ, കബ് ആയേഗാ നയാ ജമാനാ?

(ഇന്ന് രാജ്യം സ്വതന്ത്രമാണ്, എന്നിട്ടും എന്ത് കൊണ്ടാണ് ജനങ്ങള്‍ കരയുന്നത്?

പഴഞ്ചന്‍ സമ്പ്രദായങ്ങള്‍ എന്നാണ് മാറുക, പുതിയ യുഗം എന്ന് വരും?)

സദിയോം കീ ഭൂഖ് ഔര്‍ ബേകാരീ, ക്യാ ഏക് ദിന്‍ മേം ജായേഗാ?
ഇസ് ഉജ്‌ഡേ ഗുല്‍ശന്‍ മേം രംഗത് ആത്തേ ആത്തേ ആയേഗാ.
യേ ജോ നയേ മന്‍സൂബേ ഹേ, യേ ജോ നയേ താമീറേം ഹേ;
ആനേവാലേ ദൗര്‍ കീ കുഛ് ധുന്ദ്‌ലീ ധുന്ദ്‌ലീ തസ്വീറേം ഹേ.
തും ഹീ രംഗ് ഭരോഗേ ഇസ് മേം, തും ഹീ ഇന്‌ഹേം ചംകാവോഗേ;
നവ് യുഗ് ആപ് നഹീം ആയേഗാ, നവ് യുഗ് കോ തും ലാവോഗേ….

(നൂറ്റാണ്ടുകളിലെ വിശപ്പും കഷ്ടപ്പാടും ഒറ്റ ദിവസം കൊണ്ട് തീരുമോ?
ഈ വരണ്ടുണങ്ങിയ പൂങ്കാവനം തളിര്‍ക്കാന്‍ ഇനിയും സമയമുണ്ട്.
ഈ പദ്ധതികളും ഈ നിര്‍മ്മാണങ്ങളും
വരാന്‍ പോകുന്ന നാളെയുടെ മങ്ങിയ ചിത്രങ്ങളാണ്.
ഈ ചിത്രങ്ങള്‍ക്ക് നിറം പകരേണ്ടത് നിങ്ങളാണ്
പുതിയ യുഗം സ്വയം വരില്ല, വരുത്തേണ്ടത് നിങ്ങളാണ്.)

‘ഇങ്ങനെ വേണം പാട്ട്..!” മാമാജിയുടെ കണ്ണുകളില്‍ തിളക്കം!

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.