പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനും ലോകയാത്രികനുമായ അനിൽകുമാർ എ. വി.യുടെ തിങ്കൾ പംക്തി തുടരുന്നു…
നുറുങ്ങുകൾ‐ 13

ജയിലിലടയ്ക്കപ്പെട്ട മാധ്യമ വ്യവസായി ജിമ്മി ലായിയെക്കുറിച്ച് മാർക്ക് എൽ ക്ലിഫോർഡ് രചിച്ച ജീവചരിത്രം ‘ദി ട്രെബിൾമെയ്‌ക്കർ: ഹൗ ജിമ്മി ലായ് ബികേം എ ബില്യണയർ ആൻഡ് ചൈനാസ് മോസ്‌റ്റ് ഫിയേർഡ് ക്രിട്ടിക്’ (2024) അടക്കം വിലക്കേർപ്പെടുത്തപ്പെട്ട പ്രസിദ്ധീകരണങ്ങൾ വിറ്റുവെന്നാരോപിച്ച് ഹോങ്കോങ്ങിലെ അവസാനത്തെ സ്വതന്ത്ര പുസ്തകശാലകളിലൊന്നായ ഷാം ഷുയി പോയിലെ ബുക്ക് പഞ്ച് സ്റ്റോർ ഉടമ പോങ് യാറ്റ്-മിങ്ങിനെയും മൂന്ന് ജീവനക്കാരെയും 2026 മാർച്ച് 24ന് ദേശീയ സുരക്ഷാ പൊലീസ് അറസ്‌റ്റുചെയ്‌തു. റെയ്ഡ് നടത്തി ചില കൃതികൾ പിടിച്ചെടുത്ത ശേഷം യഥാർഥ സാഹചര്യങ്ങൾക്കനുസൃതമായും നിയമപ്രകാരമുമായി സേന നടപടികൾ സ്വീകരിക്കുമെന്നയായിരുന്നു ഉന്നത പൊലീസ് വക്താവിന്റെ പ്രതികരണം.

ഹോങ്കോങ്ങിന്റെ ആഭ്യന്തര സുരക്ഷാ നിയമമായ സേഫ്ഗാർഡിങ് നാഷണൽ സെക്യൂരിറ്റി ഓർഡിനൻസ് പ്രാദേശികമായി ആർട്ടിക്കിൾ 23 എന്നറിയപ്പെടുന്നു. അന്താരാഷ്ട്ര അവകാശ ഗ്രൂപ്പുകളുടെ മാസങ്ങൾ നീണ്ട ജനാധിപത്യാനുകൂല പ്രതിഷേധങ്ങൾക്ക് ശേഷം 2020- ൽ ചൈന ഏർപ്പെടുത്തിയ വിശാലവും വ്യാപകവുമായ ദേശീയ സുരക്ഷാ നിയമത്തിന്റെ ആ ഉപവകുപ്പിൽ ഏഴ് വർഷംവരെയും ബാഹ്യശക്തിയുമായുള്ള ഗൂഢാലോചന തെളിഞ്ഞാൽ 10 വർഷ വരെയും ശിക്ഷ ലഭിക്കാം. ദേശീയ സുരക്ഷാ നിയമം ലംഘിച്ചതായി സംശയിക്കുന്നവരോട് ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ പാസ്‌വേഡുകൾ നൽകാൻ മജിസ്‌ട്രേറ്റിന്റെ വാറണ്ടുള്ള പൊലീസിന് ആവശ്യപ്പെടാം. ജയിൽ വാസവും പിഴയും വിധിക്കാനുള്ള അവകാശവുമുണ്ട്. പുസ്തകശാലയുടെ കതകിൽ പതിച്ച ചൈനീസ് ഭാഷയിലുള്ള നോട്ടീസിൽ ഇങ്ങനെ എഴുതി: അടിയന്തര സാഹചര്യം കാരണം ഒരു ദിവസത്തേക്ക് വിശ്രമമെടുക്കുകയാണ്, അസൗകര്യത്തിൽ ഖേദിക്കുന്നു. പുസ്തകശാലയിൽ സ്പാനിഷ് ക്ലാസ് നടത്തിയതിന് മൂന്ന് കുറ്റങ്ങൾ ചുമത്തിയതിൽ 2026 ജനുവരി എട്ടിന് കൗലൂൺ സിറ്റി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി കുറ്റക്കാരനല്ലെന്ന് വാദിക്കുകയുമുണ്ടായി പോങ്. തുടർന്ന് അനുകൂല വിധിനേടി. പുതിയ അറസ്‌റ്റ് വാർത്ത പരന്നതോടെ മറ്റ് രണ്ട് സ്വതന്ത്ര സ്റ്റോറുകളും താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. അടച്ചുപൂട്ടിയ ജനാധിപത്യാനുകൂല പത്രം ആപ്പിൾ ഡെയ്‌ലി (1995 ജൂൺ 20‐ 2021 ജൂൺ 24)യുടെ സ്ഥാപകനായ ലായുടെ മറ്റൊരു മീഡിയ ഗ്രൂപ്പായ നെക്സ്റ്റ് ഡിജിറ്റലിന്റെ ഡയരക്ടറായിരുന്നു ന്യൂയോർക്കിൽ താമസിക്കുന്ന ക്ലിഫോർഡ്. റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി അറസ്റ്റുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വാർത്ത ശരിയാണെങ്കിൽ ജേണലസ്‌റ്റെന്ന നിലയിലെ പ്രവർത്തനങ്ങളുടെ പേരിലും സ്വതന്ത്രമായ അഭിപ്രായപ്രകടനം പ്രോത്സാഹിപ്പിച്ചതിനാലും കാരാഗൃഹത്തിലായ ഒരാളെക്കുറിച്ചുള്ള പുസ്തകം വിൽക്കുന്നത് രാജ്യദ്രോഹമാവുന്നത് ദുഃഖകരവും വിരോധാഭാസവുമായ വ്യാഖ്യാനമാണെന്നായിരുന്നു പ്രതികരണം. ഹോങ്കോങ്ങിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ തുടർച്ചയായ അടിച്ചമർത്തലാണിത്. ആവിഷ്കാര‐സംസാര സ്വാതന്ത്ര്യങ്ങളുടെ പാരമ്പര്യത്തിൽനിന്ന് എത്രത്തോളം പിന്നോക്കം പോയെന്ന് ഇത് കാണിക്കുന്നു, പുസ്തകങ്ങളും പ്രസിദ്ധീകരണവും സ്വതന്ത്ര ബിസിനസുകൾ മാത്രമല്ല; മുഴുവൻ സമൂഹത്തിന്റെയും സാംസ്കാരിക അടിത്തറയാണെന്നും കൂട്ടിച്ചേർത്തു. ഹോങ്കോങ്ങിലെ ഷ്യൂങ് വാനിലുള്ള സ്വതന്ത്ര പുസ്തകശാലയായ മൗണ്ട് സീറോ സമൂഹ മാധ്യമങ്ങളിലെ അജ്ഞാത പരാതിപരമ്പരയെ തുടർന്ന് 2024- ൽ അടച്ചുപൂട്ടിക്കുകയുണ്ടായി. സ്വതന്ത്ര പുസ്തകശാലകളെയും പ്രസാധകരെയും ഒരേസമയം നികുതി അന്വേഷണങ്ങൾക്ക് വിധേയമാക്കുന്നുവെന്നാണ് മീഡിയ ചൈനീസ് ഇന്റർനാഷണലിന്റെ മിങ് പാവോ ന്യൂസ്, ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത്‌ത്സെ സാൻ-തായിയും ആൽഫ്രഡ് കണ്ണിങ്‌ഹാമും ചേർന്ന് 1903-ൽ സ്ഥാപിച്ച സൗത്ത് ചൈന മോർണിങ് പോസ്റ്റ്, 1967 നവംബർ 19ന് പ്രക്ഷേപണം ആരംഭിച്ച ചാനൽ ശൃംഖലയായ ടെലിവിഷൻ ബ്രോഡ്കാസ്റ്റ്സ് ലിമിറ്റഡ് (ടിവിബി) എന്നിവ റിപ്പോർട്ട് ചെയ്‌തത്.
ദേശീയ സുരക്ഷാ നിയമപ്രകാരം ചുമത്തിയ ഏറ്റവും വലിയ ശിക്ഷ
നഗരത്തിലെ ഏറ്റവും വലിയ ദേശീയ സുരക്ഷാ കേസിൽ വിദേശ സേനകളുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി 78 കാരനായ ശതകോടീശ്വരനായ ലായിയ്‌ക്ക് രണ്ടു പതിറ്റാണ്ട് തടവ് ശിക്ഷ വിധിച്ചത് – 2026 ഫെബ്രുവരിയിലാണ്. ബീജിങ് ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരം ഇതുവരെ ചുമത്തിയതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ. സേഫ്ഗാർഡിങ് നാഷണൽ സെക്യൂരിറ്റി ഓർഡിനൻസ് രാജ്യദ്രോഹം, കലാപം, അട്ടിമറി, ബാഹ്യ ഇടപെടൽ, രഹസ്യങ്ങളുടെ ചോരണം, ചാരവൃത്തി എന്നിവ ലക്ഷ്യമിടുന്നു. അത് 16 ദിവസം വരെ മുൻകൂർ തടങ്കലിൽ വയ്ക്കാൻ അനുവദിക്കും. പ്രതികൾക്ക് അഭിഭാഷകരുമായുള്ള ബന്ധം നിയന്ത്രിക്കാനും ജീവപര്യന്തം തടവ് വരെ ശിക്ഷകൾ നൽകാനും വ്യവസ്ഥയുമുണ്ട്. ബഹുജന പ്രതിഷേധങ്ങൾക്കിടയിൽ 2003-ൽ ആർട്ടിക്കിൾ 23 റദ്ദാക്കി. എന്നാൽ 2024 മാർച്ച് 23-ന് നഗരത്തിലെ പ്രതിപക്ഷ രഹിത നിയമസഭയിൽ വേഗം പാസാക്കുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത് പ്രബലമാക്കി. മനുഷ്യാവകാശ സംഘടനകൾ, പാശ്ചാത്യ രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ എന്നിവ ആ നിയമത്തെ അവ്യക്തവും സമൂഹത്തെ പിന്നോക്കം തള്ളുന്നതെന്നുമാണ് വിലയിരുത്തിയത്.
പുസ്തകശാലകൾക്കെതിരായ ഭീഷണികൾ ചൈനയുടെ വാഗ്ദാനത്തിന്റെ ലംഘനം
പുസ്തകശാലകൾക്കെതിരായ ഭീഷണികൾ വ്യതിയാനമല്ല, മറിച്ച് തുടർച്ചയായ അടിച്ചമർത്തലിന്റെ ഭാഗമാണെന്നും ബ്രിട്ടൻ ഹോങ്കോങ്ങിനെ ചൈനയ്‌ക്ക് തിരികെ നൽകിയശേഷം സ്വാതന്ത്ര്യം നിലനിർത്തുന്നത് തുടരുമെന്ന ചൈനയുടെ വാഗ്ദാനത്തിന്റെ ലംഘനമാണെന്നും ഹോങ്കോങ്ങിലെ സ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റി ഫൗണ്ടേഷൻ വിമർശിച്ചു. ബ്രിട്ടീഷ് സൈന്യം ചൈനീസ് കോട്ടകൾ നശിപ്പിച്ച 1841 ജനുവരി ഏഴിന്റെ രണ്ടാം ചുൻപി യുദ്ധത്തോടെ തുടങ്ങിയ ഒന്നാം കറുപ്പ് യുദ്ധ (1839–1842) ത്തെ തുടർന്ന് ആരംഭിച്ച 156 വർഷത്തെ കൊളോണിയൽ ഭരണം അവസാനിപ്പിച്ച് 1997 ജൂലൈ ഒന്നിന് അർധരാത്രി ബ്രിട്ടൻ ഔദ്യോഗികമായി ഹോങ്കോങ് ചൈനയ്ക്ക് കൈമാറി. ഇരുവാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരായ മാർഗരറ്റ് താച്ചറും ഷാവോ സിയാങ്ങും ഒപ്പുവച്ച 1984- ലെ സംയുക്ത പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയ അത് ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ എന്ന തത്വത്തിന് കീഴിൽ പ്രത്യേക ഭരണ മേഖലയായി ചൈനീസ് പരമാധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 1982 സെപ്‌തംബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും ഹോങ്കോങ് ഗവർണർ എഡ്വേർഡ് യൂഡും ചൈനീസ് പ്രധാനമന്ത്രി ഷാവോ സിയാങ്ങുമായും പരമോന്നത നേതാവ് ഡെങ് സിയാവോപിങ്ങുമായും കൂടിക്കാഴ്ച നടത്താൻ ബീജിങ്ങിൽ എത്തിയതോടെയാണ് ഔപചാരിക ചർച്ചകൾ ആരംഭിച്ചത് . 1982 ഒക്ടോബർ മുതൽ 1983 ജൂൺ വരെയുള്ള ചർച്ചകളുടെ പ്രാരംഭ ഘട്ടത്തിൽ പരമാധികാരത്തിന്റെ പ്രശ്നമായിരുന്നു പ്രധാന തർക്കവിഷയം. 99 വർഷത്തെ പാട്ടക്കാലാവധി അവസാനിക്കുമ്പോൾ ഹോങ്കോങ് ദ്വീപ്, കൊവ്‌ലൂൺ, ന്യൂ ടെറിട്ടറികൾ എന്നിവയുൾപ്പെടെ മുഴുവൻ പ്രദേശവും തിരികെ നൽകുന്നതിനുള്ള നിബന്ധനകൾ നിശ്ചയിച്ചു. 2047 വരെ 50 വർഷത്തേക്ക് ഹോങ്കോങ്ങിന് മുതലാളിത്ത വ്യവസ്ഥ, അതിന്റെ ജീവിതരീതി,വിദേശകാര്യങ്ങളിലും പ്രതിരോധത്തിലും ഒഴികെ ഉയർന്ന സ്വയംഭരണാവകാശം എന്നിവ നിലനിർത്തുമെന്ന് ചൈന വാഗ്ദാനം ചെയ്തു. ചടങ്ങിൽ ചാൾസ് രാജകുമാരൻ, ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ, വിദേശകാര്യ സെക്രട്ടറി ബ്രിട്ടീഷ് സർ ജെഫ്രി ഹോവ് തുടങ്ങിയവരുൾപ്പെടെ പ്രമുഖർ പങ്കെടുത്തു. 1992 ജൂലൈ ഒമ്പത് മുതൽ 1997 ജൂൺ 30 വരെ ഹോങ്കോങ്ങിന്റെ 28-ാ‐മത്തെയും അവസാനത്തെയും ബ്രിട്ടീഷ് ഗവർണറായിരുന്ന അവസാന ക്രി സ്റ്റഫർ ഫ്രാൻസിസ് പാറ്റൻ കൈമാറ്റത്തിന് തൊട്ടുമുമ്പ് യാത്രയായി പ്രദേശത്ത് ബ്രിട്ടീഷ് സാന്നിധ്യം അവസാനിപ്പിച്ചു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തതെങ്കിലും, കൈമാറ്റം ഭാവി സ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയാക്കി. 2020 ൽ ബീജിങ് പുതിയ ദേശീയ സുരക്ഷാ നിയമം പാസാക്കിയത് ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ എന്ന ക്രമീകരണം അടിസ്ഥാനപരമായി മാറ്റിമറിച്ചു.

സ്റ്റാൻലി ജയിലിലെ ഏകാന്തവാസം
ചൈനയിൽ രാഷ്ട്രീയ പുസ്തകങ്ങളുടെ വിൽപ്പനയ്‌ക്ക് പേരുകേട്ട കോസ്‌വേ ബേ ബുക്‌സിലെ അഞ്ച് പുസ്തക വിൽപ്പനക്കാരുടെ 2015-ലെ തിരോധാനം ആദ്യം റിപ്പോർട്ടുചെയ്ത പത്രങ്ങളിൽ ഒന്നാണ് ഇപ്പോൾ പ്രവർത്തനം സ്‌തംഭിപ്പിച്ച ലായുടെ ആപ്പിൾ ഡെയ്‌ലി. പഴയ ഗതാഗത കേസിന്റെ പേരിൽ അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഗുവാങ്‌ഡോംഗ് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. ഞെട്ടിപ്പിച്ച സംഭവത്തെ ഹോങ്കോങ്ങിനെ സംബന്ധിച്ച ചൈന-‐ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനത്തിന്റെ ഗുരുതര ലംഘനമാണെന്നാണ് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് വിലയിരുത്തിയത്. പുസ്തക വിൽപ്പനക്കാരിൽ ഒരാളായ ലാം വിങ് കീ ഹോങ്കോങ്ങിലേക്ക് മടങ്ങി, എട്ട് മാസം തന്നെ തടങ്കലിൽ പാർപ്പിച്ചെന്നും നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നും പറഞ്ഞത് ലോകമെമ്പാടുമുള്ള വാർത്തകളിൽ ഇടം നേടി. സംരംഭകൻ, മാധ്യമ പ്രവർത്തകൻ, സ്വാതന്ത്ര്യ-ത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ജിമ്മി ലായ് ആദ്യം നാല് വർഷം ഹോങ്കോങ്ങിൽ രാഷ്ട്രീയ തടവുകാരനായിരുന്നു. ആ സമയത്തിന്റെ ഭൂരിഭാഗവും സ്റ്റാൻലി ജയിലിൽ ഏകാന്തവാസത്തിൽ. പുരുഷ തടവുകാരെ പാർപ്പിക്കാൻ 1937 ജനുവരിയിൽ തുറന്നപ്പോൾ സ്റ്റാൻലിയിലെ ഹോങ്കോങ് ജയിൽ എന്നറിയപ്പെട്ട അത് 1993-ൽ ഔദ്യോഗികമായി നിർത്തുംവരെ വധശിക്ഷ നടപ്പാക്കിയ കാരാഗൃഹമായിരുന്നു. അവസാന വധശിക്ഷ 1966 നവംബറിൽ. അതുവരെ 122 പേരെ തൂക്കിലേറ്റി, രണ്ടാം ലോക യുദ്ധത്തിൽ ഹോങ്കോങ്ങ് അധിനിവേശ സമയത്ത് ജാപ്പനീസ് സൈന്യം കൊലപ്പെടുത്തിയ ധാരാളം തടവുകാരെ കണക്കിൽ പ്പെടുത്തിയിട്ടില്ല. ഒരുകാലത്ത് തൂക്കുമരം സ്ഥാപിച്ചിരുന്ന സ്ഥലം ഇപ്പോൾ ജയിൽ ആശുപത്രി.
പ്രമുഖ അമേരിക്കൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മാർക്ക് എൽ ക്ലിഫോർഡിന് കിഴക്കൻ ഏഷ്യയിൽ ബിസിനസിലും പത്രപ്രവർത്തനത്തിലും നീണ്ട കരിയറുണ്ട്. 28 വർഷം ഹോങ്കോങ്ങിൽ ചെലവഴിച്ച് ജിമ്മി ലായ് കമ്പനിയുടെ ബോർഡംഗമായി. ഹോങ്കോങ്ങിലെ സ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റി ഫൗണ്ടേഷൻ ഗ്രൂപ്പിന്റെ പ്രസിഡന്റുമായും സേവനമനുഷ്‌ഠിച്ചു. ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ഏഷ്യ ബിസിനസ് കൗൺസിൽ എക്സിക്യൂട്ടീവ് ഡയരക്ടറും ഏഷ്യൻ ബിസിനസ്, പരിസ്ഥിതി പ്രശ്നങ്ങൾ, ഹോങ്കോങ് രാഷ്ട്രീയം തുടങ്ങിയവയിലെ വൈദഗ്ധ്യത്താൽ ശ്രദ്ധേയനാവുകയും ചെയ്‌തു. ഹോങ്കോങ്ങിലെ ദി സ്റ്റാൻഡേർഡ്, സൗത്ത് ചൈന മോർണിങ് പോസ്റ്റ് (എസ്‌സിഎംപി) എന്നിവയുടെ മുൻ എഡിറ്റർ-ഇൻ-ചീഫ്. ബിസിനസ് വീക്കിന്റെ ഏഷ്യൻ റീജിയണൽ എഡിറ്റർ. ഹോങ്കോങ്ങിലും സോളിലും ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിലും ജോലി ചെയ്തു. ഹോങ്കോങ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡി, കൊളംബിയ യൂണിവേഴ്സിറ്റിയിലെ വാൾട്ടർ ബാഗെഹോട്ട് ഫെലോഷിപ്, യുസി ബെർക്ക്‌ലിയിൽ നിന്ന് ഓണേഴ്‌സ് ചരിത്ര ബിരുദംതുടങ്ങിയവ നേടിയ ക്ലിഫോർഡ് ടുഡേ ഹോങ്കോങ്, ടുമോറോ ദി വേൾഡ്: വാട്ട് ചൈനാസ് ക്രാക്ക്‌ഡൗൺ റിവീൽസ് എബൗട്ട് ഇറ്റ്‌സ് പ്ലാൻസ് ടു എൻഡ് ഫ്രീഡം എവരിവേർ, ദി ഗ്രീനിങ് ഓഫ് ഏഷ്യ: ദി ബിസിനസ് ഓഫ് ഏഷ്യ കേസ് ഫോർ സോൾവിങ് ഏഷ്യാസ് എൻവയൺമെന്റൽ എമർജൻസി, ട്രബിൾഡ് ടൈഗർ: ബിസിനസ്‌മെൻ, ബ്യൂറോക്രാറ്റ്‌സ്, ആൻഡ് ജനറൽസ് ഇൻ സൗത്ത് കൊറിയ തുടങ്ങിയ കൃതികളുടെ രചയിതാവുമാണ്.
ജീവിതം സംഭവബഹുലവും അതിസാഹസികവും
കമ്യൂണിസ്റ്റ് ഭരണം ഏറ്റെടുത്തശേഷം തകർന്ന സമ്പന്ന ബിസിനസ് കുടുംബത്തിൽ 1947-ൽ ഡിസംബർ എട്ടിന് ചൈനീസ് കാന്റണിൽ ഗ്വാങ്‌ഷൗവിൽ ജനിച്ച ലായി(ലായ് ചീ-യിങ്)യുടെ ജീവിതം സംഭവബഹുലവും അതിസാഹസികവുമായിരുന്നു. ഏഴ് വയസുള്ളപ്പോൾ രാഷ്ട്രീയ പ്രക്ഷുബ്ധതയിൽ കുടുംബം ചിതറിപ്പോയി. ഇരട്ട സഹോദരിയെയും മാനസിക വൈകല്യമുള്ള സഹോദരിയെയും സംരക്ഷിക്കാൻ വീട്ടുപകരണങ്ങൾ വിൽക്കാനിറങ്ങി. തുടർന്ന് സിനിമാശാലകൾക്കും ട്രെയിൻ സ്റ്റേഷനുകൾക്കും സമീപം ചെറുകിട കച്ചവടത്തിലേക്ക് തിരിഞ്ഞു. അപ്പോഴും കുടുംബം ആശ്രയിച്ചിരുന്നത് അവന്റെ തുച്ഛവരുമാനം 12‐ാം വയസിൽ മത്സ്യബന്ധന ബോട്ടിന്റെ പിടിയിൽ തൂങ്ങി ഹോങ്കോങ്ങിലേക്ക് രക്ഷപ്പെട്ടു. ദുഷ്‌കരവും അപകടകരവുമായിരുന്ന യാത്രയിൽ ഒപ്പമുണ്ടായവർ വഴിയിലുടനീളം ഛർദ്ദിച്ച് അവശരായി. ട്രെയിൻ സ്റ്റേഷനിൽ ലഗേജ് ചുമന്ന് പണം നേടി. മാസം എട്ട് യുഎസ് ഡോളർ സമ്പാദിക്കുകയും സ്വയം ഇംഗ്ലീഷ് പഠിക്കുകയും ചെയ്തു. കയ്യുറ നിർമാണ ഫാക്ടറിയിൽ നിലത്ത് കടന്നുറങ്ങി ബാലവേലക്കാരനായി തുടങ്ങിയ അദ്ദേഹം കഠിനാധ്വാനത്തിന്റെ കരുത്തിൽ മാനേജരായി ഉയരുകയും 1975-ൽ ഹോങ്കോങ് ഓഹരികളിൽ നിന്ന് ലഭിച്ച വർഷാന്ത ബോണസ് സ്വരൂപിച്ച് പാപ്പരായ വസ്ത്ര ഫാക്ടറിയായ കോമിറ്റെക്സ് വാങ്ങുകയും ചെയ്തു. അവിടെ സ്വെറ്ററുകൾ ഉത്പാദിപ്പിച്ച് കയറ്റുമതി തുടങ്ങി. ജെസി പെന്നി, മോണ്ട്ഗോമറി വാർഡ് തുടങ്ങി മറ്റ് യുഎസ് റീട്ടെയിലർമാർ ഉപഭോക്താക്കളിൽ ഉൾപ്പെട്ടിരുന്നു.
സമ്പാദ്യം ഉപയോഗിച്ച് 1981 ൽ പ്രശസ്ത വസ്ത്ര ശൃംഖല ഗിയോർഡാനോ സ്ഥാപിച്ചു. അറിവിനോടുള്ള അടങ്ങാത്ത ദാഹം അദ്ദേഹത്തിന്റെ പ്രത്യേകത. ആസ്‌ത്രേലിയൻ-‐ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്‌കാര ജേതാവുമായ ഫ്രെഡറിക് ഹായെക്, മിൽട്ടൺ ഫ്രീഡ്മാൻ, റൂപർട്ട് മർഡോക്ക് പോലുള്ള പത്രപ്രവർത്തകർ, ആത്മീയ ജീവിതം രൂപപ്പെടുത്താൻ സഹായിച്ച കർദ്ദിനാൾ ജോസഫ് സെൻ ഉൾപ്പെടെയുള്ള കത്തോലിക്കാ ബുദ്ധിജീവികൾ തുടങ്ങിയവർ സഹജമായ വിശ്വാസങ്ങൾക്ക് സൈദ്ധാന്തികാടിത്തറ നൽകി. 1970-കളിൽ ന്യൂയോർക്കിലേക്കുള്ള യാത്രയിൽ സുഹൃത്ത് നൽകിയ ഹായെകിന്റെ ‘ദി റോഡ് ടു സെർഫ്‌ഡം’ എന്ന കൃതി ഏറെ ആകർഷിക്കുകയും മിക്കപ്പോഴും ഉദ്ധരിക്കുകയും ചെയ്യുമായിരുന്നു. ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്‌ലി ആരംഭിച്ച് ചൈനീസ് വിമർശനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1989- ലെ ടിയാനൻമെൻ സ്‌ക്വയർ പ്രതിഷേധങ്ങൾ അത് കടുപ്പിച്ചു. കൂട്ടക്കൊലയെ തുടർന്ന് ജിമ്മി ലായുടെ വസ്ത്ര കമ്പനി ഗിയോർഡാനോ, ചൈനീസ് നേതാവ് ഡെങ് സിയാവോപിങ്ങിനെ വിമർശിക്കുകയും അദ്ദേഹത്തിന്റെ രാജിക്ക് ആഹ്വാനം ചെയ്യുന്ന ടീ-ഷർട്ടുകൾ ഇറക്കുകയും ചെയ്‌തു. ആ ടി-ഷർട്ട് കാംപെയ്‌ൻ കമ്യൂണിസ്റ്റ് പാർടിക്കെതിരായ ആദ്യകാല ധിക്കാരമായി അടയാളപ്പെടുത്തി. തുടർന്ന് ബീജിങ്ങിലെ ഗിയോർഡാനോ സ്റ്റോർ അടച്ചുപൂട്ടി, രണ്ട് വർഷത്തിനുള്ളിൽ ഷാങ്ഹായിൽ 11 സ്റ്റോറുകൾക്കുകൂടി താഴിട്ടു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ നിരോധിച്ചു. ജൂൺ നാലാമത്തെ സംഭവം എന്നറിയപ്പെടുന്ന വിദ്യാർഥി പ്രതിഷേധങ്ങൾ 1989 ഏപ്രിൽ 15 മുതൽ ജൂൺ നാലു വരെ ബീജിങ്ങിലെ ടിയാനൻമെൻ ചത്വരം പ്രകമ്പനംകൊള്ളിച്ചു. സമാധാനപരമായ പരിഹാരത്തിന് പ്രകടനക്കാരും സർക്കാരും ആഴ്ചകൾ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ജൂൺ മൂന്നിന് രാത്രി മൂന്ന് ലക്ഷം സൈനികരെ വിന്യസിക്കുകയുണ്ടായി. നാലിന് പുലർച്ചെ പ്രധാന നഗര പാതകളിലൂടെ നീങ്ങിയ സൈന്യം രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകൾ നടത്തി നിരവധിയാളുകളെ വധിച്ചു. – കൂട്ടക്കൊലപാതകങ്ങളിൽ ഏറെയും ചാങ്ങാൻ അവന്യൂവിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലായിരുന്നു. ടിയാനൻമെൻ സ്‌ക്വയർ അടിച്ചമർത്തലിന് നിർദേശം നൽകിയ പ്രധാനമന്ത്രി ലി പെങ്ങിനോട് മരിച്ചുകളയുകയെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർടിയ്‌ക്ക് നൽകിയ മോശം സേവനത്തിന് പ്രീമിയം ഈടാക്കുന്ന കുത്തകയെന്നും 1994-ലെ പംക്തിയിൽ വിശേഷിപ്പിച്ചശേഷം ലായിയുടെ റീട്ടെയിൽ ബിസിനസ് വരിഞ്ഞുമുറുക്കി, അത് ഗിയോർഡാനോയിലെ ഓഹരി വിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1990-ലാണ് നെക്സ്റ്റ് മാഗസിൻ (ആദ്യം നെക്സ്റ്റ് മീഡിയ) തുടങ്ങി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഉറച്ച ശബ്ദമായി നിന്നത്.

അംബ്രല്ല മൂവ്‌മെന്റ് എന്ന് വിളിക്കപ്പെട്ട പ്രതിഷേധം
2014 ലെ അംബ്രല്ല മൂവ്‌മെന്റി(കുട പ്രസ്ഥാനം)ലും തുടർന്ന് ജനാധിപത്യ അനുകൂല പ്രകടനങ്ങളിലും ലായ് പങ്കുചേർന്നു. യഥാർഥസാർവത്രിക വോട്ടവകാശം, സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ എന്നിവ ആവശ്യപ്പെട്ട് 79 ദിവസം നീണ്ട വിദ്യാർഥി മുന്നേറ്റമായിരുന്നു 2014 സെപ്റ്റംബർ–ഡിസംബർ മാസങ്ങളിലെ ഹോങ്കോങ് കുട പ്രസ്ഥാനം. ഹോങ്കോങ്ങിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ചൈനയുടെ നിയന്ത്രണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി അവ. പൊലീസിന്റെ കണ്ണീർ വാതകവും കുരുമുളക് സ്‌പ്രേയും ഒഴിവാക്കാൻ പ്രതിഷേധക്കാർ കുടകൾ ഉപയോഗിച്ചതിനാലാണ് ആ പേര് പതിഞ്ഞത്. വലിയ ഉറപ്പുകളൊന്നും ലഭിക്കാതെ പ്രതിഷേധം ഡിസംബർ 15 ന് അവസാനിച്ചു, എന്നാലത് പുതുതലമുറ രാഷ്ട്രീയ പ്രവർത്തകരെ ഉണർത്തുകയും 2019-‐20 ലെ കൈമാറ്റ വിരുദ്ധത ഉൾപ്പെടെ ഭാവി പ്രതിഷേധങ്ങൾക്ക് അടിത്തറയിടുകയും ചെയ്തു. ജോഷ്വ വോങ്ങ് തുടങ്ങി നിരവധി നേതാക്കൾ പിന്നീട് നിയമനടപടികൾ നേരിട്ടു. മറ്റുള്ളവർ നാടുകടത്തപ്പെട്ടു. ലായ് കുറച്ചുനാളത്തേക്ക് അറസ്റ്റിലായി. 2019- ൽ പുതിയ കർശന നിയമങ്ങൾ നിർദ്ദേശിച്ചതിനാൽ ജനങ്ങൾ വീണ്ടും തെരുവിലിറങ്ങിയപ്പോൾ അദ്ദേഹവും പങ്കെടുത്തു. ആപ്പിൾ ഡെയ്‌ലി സത്യസന്ധമായ വാർത്തകൾ പ്രസിദ്ധീകരിച്ചു. അടുത്ത വർഷം വിയോജിപ്പുകൾ അടിച്ചമർത്താൻ ചൈന ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയശേഷം ഹോങ്കോങ് മരിച്ചുവെന്നാണ് ലായ് അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചത്.
2019 ലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല ക്യാമ്പിന് പ്രത്യേകിച്ച് ഡെമോക്രാറ്റിക് പാർടിക്ക് മുഖ്യ സംഭാവന നൽകിയവരിൽ പ്രധാനിയായ ലായ് ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയതിനെ തുടർന്ന് 2020 ആഗസ്‌ത് 10 ന് അറസ്റ്റിലായി, ആപ്പിൾ ഡെയ്‌ലി 2021-ൽ അടച്ചുപൂട്ടി. നിശബ്ദനാക്കാനുള്ള ശ്രമങ്ങൾക്കിടയിലും പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായി തുടർന്നു. അതിനുള്ള ആദരരമായി വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ആൻഡ് ന്യൂസ് പബ്ലിഷേഴ്‌സിന്റെ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം അംഗീകാരം, റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ ഫ്രീഡം ഓഫ് പ്രസ് അവാർഡ്, കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ 2021 ലെ ഗ്വെൻ ഇഫിൽ പ്രസ് ഫ്രീഡംപുരസ്‌കാരം എന്നിവ നേടി. ജയിലിലായിരിക്കെയാണ് ഗോൾഡൻ പെൻ ഓഫ് ഫ്രീഡം അവാർഡ് സ്വീകരിച്ചത്. 2022 ഏപ്രിലിൽ സമാധാന നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് ഹോങ്കോങ് പൗരന്മാരിൽ ലായും ഉൾപ്പെട്ടു. ജിമ്മി ലായുടെ ദത്തെടുക്കൽ നഗരമായ ഹോങ്കോങ് ഭൂമിയിലെ ഏറ്റവും ഊർജസ്വലവും ചലനാത്മകവും സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർടി നിയന്ത്രണത്തിലായ ശേഷം ആ സാന്ത്വനം തകിടംമറിഞ്ഞു. രാഷ്ട്രീയ കുറ്റങ്ങൾ ചുമത്തി 1900- ആളുകളെ ജയിലിലടച്ചു. വിചാരണ ചെയ്യപ്പെടാത്ത 4000 പേർ കൂടി അഴികൾക്കുള്ളിൽ കഴിയുന്നുണ്ട്; ഉന്നത പ്രൊഫസർമാർ, പത്രപ്രവർത്തകർ, അഭിഭാഷകർ തുടങ്ങിയവർ.
ഹോങ്കോങ്ങിലെ വിളക്കുകാലിൽ തൂങ്ങിക്കിടക്കുന്നതാണ് ഇഷ്ടം
ഹോങ്കോങ്ങിനു ചുറ്റും കുരുക്ക് മുറുകിയപ്പോൾ ലായ്ക്ക് ഉടൻ സ്ഥലം വിടാമായിരുന്നു; ക്യോട്ടോയിലും തായ്‌പേയിലും ലണ്ടനിലും പാരീസിലും അപ്പാർട്ടുമെന്റുകളുണ്ട്; അവയിൽ ഏതിലേക്കെങ്കിലും. ദയവായി പോകൂവെന്ന് അഭ്യർഥിച്ചവരോടുള്ള മറുപടി, ഓടിപ്പോയെന്ന് കമ്യൂണിസ്‌റ്റുകാർ പറഞ്ഞു തൃപ്തിപ്പെടുത്തുന്നതിനെക്കാൾ ഹോങ്കോങ്ങിലെ വിളക്കുകാലിൽ തൂങ്ങിക്കിടക്കുന്നതാണ് ഇഷ്ടമെന്നാണ്. രാഷ്ട്രീയ നേതൃത്വം ഒരിക്കലും ആഗ്രഹിച്ചില്ലെങ്കിലും മാധ്യമ പ്രവർത്തകനും ഏറ്റവും തുറന്നുപറയുന്ന ഹോങ്കോങ്ങിലെ ബിസിനസ് വ്യക്തിയും എന്ന നിലയിൽ കടമയുണ്ടെന്ന് തോന്നി. മനോഹരങ്ങളായ സ്ഥലങ്ങളിലൊന്നിലേക്ക് പോകുമ്പോൾ ഹോങ്കോങ്ങിലെ മറ്റ് 75 ലക്ഷം ആളുകളെ അവരുടെ വിധിയിലേക്ക് വിടാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. തത്വബോധവും ബോധ്യവുമുള്ള ലായിയെ അതുകൊണ്ടാണ് ജീവിതകാലം മുഴുവൻ ജയിലിലിടാൻ ചൈന ആഗ്രഹിച്ചത്. വളരെക്കാലമായി പ്രമേഹം അലട്ടുന്നു. ജയിലിൽ കോവിഡ് ബാധിച്ചു. വിജയകരമല്ലാത്ത തിമിര ശസ്ത്രക്രിയയ്‌ക്കും വിധേയനായി. എന്നിട്ടും തോറ്റുകൊടുക്കാൻ തയ്യാറായില്ല. ജയിലിലേക്ക് പോകുംമുമ്പ് ലായ് സോവിയറ്റ് ഗുലാഗിൽ ഒമ്പത് വർഷം ചെലവഴിച്ച ഇസ്രയേൽ നേതാവ് നതാൻ ഷാരൻസ്കി ഷാരൻസ്കിയുമായി ദീർഘ സംഭാഷണം നടത്തി. എനിക്ക് എപ്പോൾ ശാരീരികമായി സ്വതന്ത്രനാകുമെന്ന് തീരുമാനിക്കാൻ കഴിഞ്ഞില്ല, – അത് തടവുകാരെ ആശ്രയിച്ചിരിക്കും. എന്നാൽ ആന്തരികമായി സ്വതന്ത്രമായി ജീവിക്കാൻ പരമാവധി ശ്രമിക്കാമെന്നാണ് നിരവധി ഇസ്രയേലി സർക്കാരുകളിൽ മന്ത്രിയായും (1996–2005) ജൂത ഏജൻസി ചെയർമാനായും സേവനമനുഷ്ഠിച്ച ഷാരൻസ്കി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പ്രശസ്തനായ ഷാരൻസ്കി പിന്നീട് അമേരിക്കൻ നടനും നിർമാതാതാവും രണ്ട് അക്കാദമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ തുടങ്ങിയവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച നടൻ മൈക്കൽ കിർക്ക് ഡഗ്ലസുമായി ജൂത സ്വത്വത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടു.
നിശബ്ദനാക്കാൻ ലക്ഷ്യമിട്ടുള്ള ആവർത്തിച്ചുള്ള ഭീഷണികൾ
ഹോങ്കോങ്ങിലെയും തായ്‌വാനിലെയും ഏറ്റവും സ്വാധീനമുള്ളതും വിവാദപരവുമായ മാധ്യമ സംരംഭകരിൽ ഒരാളായി ലായ് ഉയർന്നുവന്നു. ടാബ്ലോയിഡ് ഊർജത്തെ രാഷ്ട്രീയ റിപ്പോർട്ടിങ്ങുമായി സംയോജിപ്പിക്കുന്ന വായനക്കാരെ കേന്ദ്രീകരിച്ചുള്ള ബഹുജന-വിപണി സമീപനത്തിന് അദ്ദേഹം തുടക്കമിട്ടു. വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ 2020-ൽ ആപ്പിൾ ഡെയ്‌ലിയുടെ ഇംഗ്ലീഷ് പതിപ്പ് ആരംഭിച്ചു. 2001-ൽ നെക്സ്റ്റ് മാഗസിന്റെ തായ്‌വാനീസ് പതിപ്പും ഇറക്കി. യുഎസ്എ ടുഡേ , ദി സൺ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു അവയെല്ലാം. വാഹന ഇടിച്ചുകയറ്റൽ, വസതിയിൽ രഹസ്യായുധങ്ങൾ ഒളിച്ചുവെക്കൽ, വീടും മാധ്യമ ആസ്ഥാനവും ലക്ഷ്യമിട്ടുള്ള പെട്രോൾ ബോംബാക്രമണങ്ങൾ എന്നിവ ഉൾപ്പെടെ നിശബ്ദനാക്കാൻ ലക്ഷ്യമിട്ടുള്ള ആവർത്തിച്ചുള്ള ഭീഷണികളുണ്ടായി. വർഷങ്ങളായി ഹോങ്കോങ്ങിലെ ബീജിങ് അനുകൂല വ്യവസായികളും പ്രമുഖ കോർപ്പറേറ്റുകളും ലായിയുടെ ഔട്ട്‌ലെറ്റുകൾക്ക് പരസ്യങ്ങൾ നിഷേധിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനങ്ങളാൽ ജിമ്മി ലായിയുടെ ജീവിതം നിർവചിക്കപ്പെട്ടതും പുസ്തകവൽക്കരിക്കപ്പെട്ടതുമാണ്. ഒരു ദിവസം ഒരു ആപ്പിൾ കഴിച്ചാൽ നുണയന്മാർ അകന്നു നിൽക്കും‐1995-ൽ തന്റെ ജനാധിപത്യാനുകൂല പ്രസിദ്ധീകരണമായ ആപ്പിൾ ഡെയ്‌ലിയുടെ അരങ്ങേറ്റത്തിന് തൊട്ടുമുമ്പ് ജിമ്മി ലായ് പോസ് ചെയ്തു. താൻ മാധ്യമങ്ങളിൽ വിശ്വസിക്കുന്നു യഥാർഥ വിവരങ്ങൾ കൈമാറുന്നതിലൂടെ യഥാർഥത്തിൽ സ്വാതന്ത്ര്യം നൽകുകയാണെന്നായിരുന്നു 2020 ൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. 1997-ലെ ബ്രിട്ടീഷ് കൈമാറ്റത്തിനു ശേഷവും ആപ്പിൾ ഡെയ്‌ലിയും നെക്സ്റ്റ് മാഗസിനും ചൈനീസ് സർക്കാരിനെ വിമർശിക്കുന്നത് തുടർന്നു. ബിസിനസ് സമൂഹത്തിലെ പലരും എതിർപ്പ് ഒഴിവാക്കാൻ ശ്രമിച്ച സമയത്ത് ലായിയുടെ പ്രസിദ്ധീകരണങ്ങൾ വായനക്കാർ പലപ്പോഴും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് കൊണ്ടുവന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. – 2021 ജൂണിൽ ആപ്പിൾ ഡെയ്‌ലി ഓഫീസുകൾ റെയ്ഡ് ചെയ്തു. അടുത്ത ആഴ്ച പ്രസിദ്ധീകരണം നിർത്തിവെപ്പിച്ചു. 2025 ഡിസംബറിൽ മൂന്ന് ജഡ്ജിമാർ ലായ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി, വിദേശ സേനകളുമായുള്ള ഗൂഢാലോചനയ്ക്ക് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2019 ൽ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ കാണാൻ അമേരിക്കയിലേക്ക് പോയെന്നതും ഉപയോഗിച്ച തെളിവുകളിൽ ഉൾപ്പെടുന്നു. ലായിയുടെ മോചനത്തിന് നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 2026 ജനുവരിയിൽ ചൈന സന്ദർശിച്ചപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തങ്ങളുടെ പൗരനായ ലായിയെ മോചിപ്പിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് അഭ്യർഥിക്കുകയുണ്ടായി. ദേശീയ സുരക്ഷാ നിയമം വിയോജിപ്പുകളെ കുറ്റകരമാക്കിയെന്നും പലരെയും പ്രദേശം വിട്ടുപോകാൻ പ്രേരിപ്പിച്ചെന്നുമാണ് ലായുടെ ശിക്ഷ തെളിയിച്ചതെന്ന് ബ്രിട്ടീഷ് സർക്കാർ പരസ്യ പ്രസ്‌താവനയുമിറക്കി.







No Comments yet!