
മലയാള ചലച്ചിത്ര മേഖല ശ്രദ്ധേയമായ നിലയിൽ ചുവടുകളുറപ്പിച്ചു തുടങ്ങിയ കാലഘട്ടം മുതൽ ഒപ്പമുണ്ടായിരുന്ന മുതിർന്ന നിർമാതാവും വിതരണക്കാരനും ജിയോ പിക്ചേഴ്സ് മാനേജിങ് പാർട്ണറും ദീർഘകാലം ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹിയുമായിരുന്ന ജിയോ കുട്ടപ്പൻ (എൻ ജി ജോൺ) ഇനി ഓർമകളുടെ അഭ്രപാളിയിൽ. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടുംബം നവതിയാഘോഷത്തിന്റെ ഒരുക്കങ്ങൾ നടത്തിവരവെയാണ് വിയോഗം. കോട്ടയം ആസ്ഥാനമായി 1939-ൽ ജിയോ പിക്ചേഴ്സ് കമ്പനിക്ക് തുടക്കമിട്ട എട്ടുപറ എൻ എക്സ് ജോർജിന്റെ മകനാണ്.

അച്ഛന്റെ വഴിയിൽ വിതരണ-‐നിർമാണ രംഗത്തേക്ക് കടന്നുവന്ന ജോൺ നമ്മുടെ ഭാഷയുടെ സുവർണ കാലഘട്ടത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായി മാറി. സിനിമാ പട്ടണണമായ ചെന്നൈയിൽ ഫ്രഞ്ച് പുരോഹിതൻ ഫ്രാൻസിസ് ബെർട്രാമും യൂറോപ്യൻ ജെസ്യൂട്ടുമാരും ചേർന്ന് 1925 ജൂലൈ ഏഴിന് നുങ്കമ്പാക്കത്തിലെ സ്റ്റെർലിങ് റോഡിൽ പ്രവർത്തനമാരംഭിച്ച ലയോള കോളേജിലാണ് ബിരുദ കോഴ്സിന് ചേർന്നത്. 1954 ൽ ബിഎസ്സി പൂർത്തിയാക്കുമ്പോഴേക്കും ഇരുന്നൂറിനടുത്ത് സിനിമകളുടെ ദൃശ്യാനുഭവം സ്വായത്തമാക്കിയിരുന്നു. അമേരിക്കയിൽ ജോർജ് ടൗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ സീറ്റ് നേടിയ പ്രവേശന മെമ്മോയ്ക്കു ശേഷം അതുപേക്ഷിച്ചാണ് അച്ഛന്റെ കൂടെ സഹായിയായി മുഴുവൻ സമയ ചലച്ചിത്ര പ്രവർത്തകനാവാൻ മനസുറപ്പിച്ചത്. കായംകുളത്തെ പഴയകാല സിനിമ പ്രദർശന രീതിയായ ടൂറിങ് ടാക്കീസുകൾ ( കൂടാര സിനിമകൾ) അക്കാലത്തെ ഗ്രാമീണ ജനങ്ങളുടെ പ്രധാന വിനോദോപാധിയായിരുന്നു. വലിയ പന്തലുകളോ വൻകിട തുണി കൂടാരങ്ങളോ കെട്ടിയാണ് പ്രവർത്തനം. ഒരു പ്രദേശത്ത് കുറച്ചുകാലം പ്രദർശിപ്പിച്ച ശേഷം മറ്റ് ഗ്രാമങ്ങളിലേക്ക് നീങ്ങും. അക്കാലത്ത് ഉത്സവപ്പറമ്പുകളിലും ഒഴിഞ്ഞ മൈതാനങ്ങളിലും ടൂറിങ് ടാക്കീസുകൾ എത്തുമ്പോൾ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. സ്ഥിരമായ തിയേറ്ററുകളും ആധുനിക വിനോദോപാധികളും വന്നതോടെ ഗ്രാമങ്ങളിലെ ടൂറിങ് ടാക്കീസുകൾ പൂർണമായി അപ്രത്യക്ഷമായി. അത്തരത്തിൽ കായംകുളത്തെ ടാക്കീസിൽ ‘ശൈശവ വിവാഹം’ നിശ്ശബ്ദ സിനിമ കണ്ട അനുഭവത്തിൽ നിന്നാണ് എൻ ജി ജോണിന്റെ ഓർമകളുടെ തുടക്കം. 1939-ൽ അത് പ്രദർശിപ്പിച്ചിരുന്നെന്ന് ചില ആത്മകഥകളിലും കുറിപ്പുകളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. പുതിയകാവ്, പുതിയയിടം, കായംകുളം, നൂറനാട്ട്, കട്ടാനം എന്നിവിടങ്ങളിൽ പുതിയ സൗകര്യങ്ങളുയർന്നു. അദ്ദേഹത്തിന്റെ അച്ഛൻ എൻ എക്സ് ജോർജ് വിതരണത്തിലേക്ക് കാലൂന്നിയതോടെ കുടുംബത്തിന്റെ ചലച്ചിത്രബന്ധം ശക്തമായി.
ആന്റണി മിത്രദാസ് ഒരുക്കിയ ‘ദയാളൻ’ (1941 ഡിസംബർ 20 )
തമിഴ്, മലയാളം, സിംഹള ഭാഷകളിലായി ചിത്രങ്ങൾ സംവിധാനംചെയ്ത ആന്റണി മിത്രദാസ് പി യു ചിന്നപ്പ, ടി ആർ മഹാലിംഗം, കെ വി ജയഗൗരി തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ ‘ദയാളൻ’ (1941 ഡിസംബർ 20) സിനിമയിലൂടെ ബിസിനസ് സാധ്യത മനസിലാക്കിയ ജോർജ് പിന്നീട് റബർ കച്ചവടം നിർത്തി എ വി മെയ്യപ്പൻ അടക്കമുള്ള പ്രധാന നിർമാതാക്കളുടെ ചിത്രങ്ങൾ കേരളത്തിൽ വിതരണംചെയ്ത് സ്ഥാപനം വളർത്തി. മിത്രദാസിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങൾ ബാല്യസഖി, അവകാശി, പിഴയ്ക്കും വഴി എന്നിവ. പ്രേം നസീറിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു അവകാശി. തമിഴ് ഹിറ്റ് ചിത്രം ഏഴൈ പദും പാദുവിന്റെ റീമേക്കാണ് ദുപ്പതഗെ ഡുക (1956). രണ്ടാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യസേവനത്തിന്റെ കടമ ബോധ്യപ്പെട്ടതിനാൽ 1942-‐45 കാലഘട്ടത്തിൽ പട്ടാളത്തിൽ ചേരുകയും സിങ്കപ്പൂരിലും ചിറ്റഗോങ്ങിലും സേവനമനുഷ്ഠിക്കുകയും ചെയ്തു. യുദ്ധാവസാനം സിനിമാ ജീവിതം പുനരാരംഭിക്കുകയും കുറച്ച് ചിത്രങ്ങൾ സംവിധാനം ചെയ്യുകയുമുണ്ടായി. 2017 ഫെബ്രുവരി 20 ന് ചെന്നൈയിൽ 103‐ാം വയസ്സിലായിരുന്നു നിര്യാണം. എ വി. മെയ്യപ്പ ചെട്ടിയാർ അല്ലെങ്കിൽ എ വി എം എന്നും അറിയപ്പെടുന്ന അവിച്ചി മെയ്യപ്പ ചെട്ടിയാർ ചെന്നൈയിലെ വടപളനിയിൽ എവിഎം പ്രൊഡക്ഷൻസ് സ്ഥാപിച്ച നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു; എസ് എസ് വാസൻ, എൽ വി പ്രസാദ് എന്നിവരോടൊപ്പം ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ മൂന്ന് ഉടമകളിലൊരാളും. വാഴ്കൈ, ബഹാർ പരാശക്തി, ഹം പഞ്ചി ഏക് ദാൽ കേ, ഭൂകൈലാസ്, കളത്തൂർ കണ്ണമ്മ, സെർവർ സുന്ദരം, മേജർ ചന്ദ്രകാന്ത് എന്നിവയാണ് എവിഎമ്മിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. 1930 കളിലും 1940 കളിലും നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്,അല്ലി അർജുന, ഭൂകൈലാസ് , സബാപതി , ശ്രീ വള്ളി, നാം ഇരുവർ തുടങ്ങിയവ.
ഉദയാ‐ മെറിലാൻഡ് സ്റ്റുഡിയോകൾ
ആലപ്പുഴ ജില്ലയിൽ പാതിരപ്പള്ളിയിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ സിനിമാ സ്റ്റുഡിയോയായ ഉദയ, 1950 – ൽ മുൻ തിരുവനന്തപുരം മേയറും ബിസിനസുകാരനുമായ പി സുബ്രഹ്മണ്യം പടുത്തുയർത്തിയ മെറിലാൻഡ് എന്നിവ സജീവമാകുംമുമ്പ് ജോൺ ചലച്ചിത്ര മേഖലയിലുണ്ടായിരുന്നു. 1947 ൽ സംവിധായകനും നിർമാതാവുമായ കുഞ്ചാക്കോയും ചലച്ചിത്ര വിതരണക്കാരൻ കെ വി കോശിയുമാണ് അതിന്റെ തുടക്കക്കാർ. ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള വ്യവസായത്തിന്റെ ക്രമേണയുള്ള മാറ്റത്തെ അത് സ്വാധീനിച്ചു. ആദ്യ ചിത്രം വെള്ളിനക്ഷത്രം (1949 ). സുബ്രഹ്മണ്യം 70 ചിത്രങ്ങൾ നിർമിച്ചു, അതിൽ 59 എണ്ണം സംവിധാനം ചെയ്തു. 1951-‐ 79 കാലയളവിൽ ഏറെ സജീവം. അന്ന് മെറിലാൻഡിന്റെ പ്രധാന എതിരാളി ഉദയയാണ്. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മദ്രാസിലും ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയിലുമായി വ്യാപിച്ചിരുന്ന സമയത്താണ് സുബ്രഹ്മണ്യം നേമത്ത് സ്ഥലം വാങ്ങുന്നത്. 1950ല് പൂർത്തിയായ മെറിലാൻഡ് 1952ൽ ‘ആത്മസഖി’ നിർമിച്ചു. കഥയും സംഭാഷണവും കെ പി കൊട്ടാരക്കര. സംവിധാനം ജി ആർ റാവു. സത്യൻ, വീരൻ, എം എൻ നമ്പ്യാർ, മുതുകുളം രാഘവൻ പിള്ള, കെ പി കൊട്ടാരക്കര, മുത്തയ്യ, ബി എസ് സരോജ,പങ്കജവല്ലി, മിസ് കുമാരി, സി ആർ ലക്ഷ്മി, കുമാരി തങ്കം, അമ്പലപ്പുഴ മീനാക്ഷി, എൻ ആർ തങ്കം എന്നിങ്ങനെ താരനിബിഡം.

1977 ജൂൺ മൂന്നിന് മിനിമോൾ എന്ന ചിത്രം ഒരുക്കിയായിരുന്നു ജിയോ പിക്ചേഴ്സ് സാന്നിധ്യമറിയിച്ചത്. പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ സംഭാഷണമെഴുതി ജെ ശശികുമാർ സംവിധാനംചെയ്ത അതിൽ പ്രേം നസീർ, അടൂർ ഭാസി,ബഹദൂർ, വിധുബാല, ഉണ്ണിമേരി, ശങ്കരാടി, സുകുമാരി, ശ്രീലത എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നൽകി. 1970 കളിലും 1980 കളിലും തിരക്കഥാകൃത്തും ഗാനരചയിതാവും പാപ്പനംകോട്. 1967 ലെ ഇന്ദുലേഖയിലൂടെ രചനാ പ്രവേശനം. ഗാനരചന, തിരക്കഥ, കഥ, സംഭാഷണം എന്നിവയുൾപ്പെടെ നൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി വിദേശത്ത് നിർമിച്ച ഏഴാം കടലിനക്കരെയും ജിയോയുടേത്. തിരക്കഥ എ ഷെരീഫ്. അമേരിക്കയിൽ ചിത്രീകരിച്ച് ഐ വി ശശി സംവിധാനംചെയ്ത് 1979 ആഗസ്ത് 31ന് ആദ്യ പ്രദർശനം നടത്തിയ അത് ഏറെ ചർച്ചയായി. എം ജി സോമൻ, കെ ആർ വിജയ, സീമ, രവികുമാർ, വിധുബാല, പി ഭാസ്കരൻ, ജനാർദ്ദനൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. അമേരിക്കൻ കലാകാരന്മാരായ ഹെൻറി മാർസൽ നിക്കോളാസായും ബ്രേക്കിങ് ഐസ് (1990) എന്ന ചിത്രത്തിലൂടെ പിന്നീട് പ്രശസ്തനായ ജോ വാഡിഗ്ടൺ ചെറിയ സഹകഥാപാത്രമായും ഭാഗഭാക്കായി. മലയാള സിനിമയുടെ സാങ്കേതിക വളർച്ചയിലും ജോണിന്റെ സംഭാവനകൾ ഏറെ വിലപ്പെട്ടവ. ഏഴാം കടലിനക്കരെ സിനിമാ ചരിത്രത്തിൽ പുതിയ ഏടാണ് കുറിച്ചത്. വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായി മാറി അത്. പ്രധാന ലൊക്കേഷൻ മാൻഹട്ടൻ. കാനഡയിലെ ഒണ്ടാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്താണ് പി ഭാസ്കരൻ രചിച്ച് വാണി ജയറാം, ജോളി അബ്രഹാം എന്നിവർ ആലപിച്ച “സുരലോക ജലധാര’എന്ന ഗാനരംഗം പകർത്തിയത്. സംഗീത നിർവഹണം എം എസ് വിശ്വനാഥൻ.
ഐ വി ശശിയുമായുള്ള അഭേദ്യമായ കൂട്ടുകെട്ട്
ഐ വി ശശിയുമായുള്ള കൂട്ടുകെട്ടിലാണ് ജോണിന്റെ ഒട്ടുമിക്ക സംരംഭങ്ങളും പിറന്നത്. ഈനാട്, മീൻ, ഏഴാം കടലിനക്കരെ, ഇനിയും പുഴയൊഴുകും, ഇനിയെങ്കിലും, ഇന്നല്ലെങ്കിൽ നാളെ, ഇത്രയും കാലം തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ. ടി ദാമോദരൻ രചിച്ച് മണിരത്നം സംവിധാനംചെയ്ത് മോഹൻലാൽ, സുകുമാരൻ, രതീഷ്, സബിത ആനന്ദ്, അശോകൻ, ബാലൻ കെ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984 -വിഷു ദിവസം തിയറ്ററിലെത്തിയ ‘ഉണരൂ’വിൽ മണിരത്നത്തിന്റെ മൂത്ത സഹോദരൻ ഗോപാലരത്നം വെങ്കിടേശ്വരൻ (ജിവി) സഹ നിർമാതാവായിരുന്നു. ഇളയരാജ സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലെ അനഭിലഷണീയ പ്രവണതകൾ പ്രതിപാദിച്ച അത് മണിരത്നത്തിന്റെ ഒരേയൊരു മലയാളം സംഭാവനയും. അപ്പോഴേക്കും ‘പല്ലവി അനു പല്ലവി’ (1983 ജനുവരി ഏഴ്) എന്ന ഒറ്റ കന്നഡ ചിത്രം മാത്രമേ സംവിധാനം ചെയ്തിരുന്നുള്ളൂ. അനിൽ കപൂർ, ലക്ഷ്മി, കിരൺ വൈരാലെ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. സംഗീതം ഇളയരാജയും ഛായാഗ്രഹണം ബാലു മഹേന്ദ്രയും. മൂന്ന് കർണാടക സംസ്ഥാന അവാർഡുകൾ (തിരക്കഥ, ഛായാഗ്രാഹകൻ, സംഭാഷണം) നേടിയതാണ് ജിയോ കുട്ടപ്പനെ അദ്ദേഹത്തിലേക്ക് എത്തിച്ചത്.

രാഷ്ട്രീയ പ്രമേയങ്ങളിൽ തിളങ്ങിയ മറ്റൊരു ചിത്രമാണ് ടി ദാമോദരൻ എഴുതി ഐ വി ശശിസംവിധാനം ചെയ്ത് 1982 ഏപ്രിൽ 14ന് ഇറങ്ങിയ ‘ഈ നാട്’. മമ്മുട്ടി,രതീഷ്,കുതിരവട്ടം പപ്പു,ടി ജി രവി,കൃഷ്ണചന്ദ്രൻഎന്നിവർ അഭിനയിച്ച ചിത്രം വൻ സാമ്പത്തിക നേട്ടം കൊയ്യുകയും 1982ലെ മികച്ച മലയാള സിനിമയ്ക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയുമുണ്ടായി. ജിയോ കുട്ടപ്പൻ എന്ന നിർമാതാവ് ഇല്ലായിരുന്നെങ്കിൽ ഐ വി ശശി എന്ന സംവിധായകൻ വിസ്മയാവഹങ്ങളായ നേട്ടങ്ങൾ കൈവരിക്കുമായിരുന്നില്ല. ‘ഈ നാട്’ പോലുള്ളവ അദ്ദേഹത്തിന്റെ യാത്രയിലെ ദീപസ്തംഭങ്ങൾ. മലയാളത്തി രാഷ്ട്രീയ സിനിമയുടെ തലക്കുറി തിരുത്തിക്കുറിച്ച അത് 125 ദിവസം തുടർച്ചയായി ഓടി. പിന്നീട് ഇതര ഭാഷകളിലേക്കും മൊഴിമാറ്റി. തമിഴിൽ സുരേഷ്, സുലക്ഷണ എന്നിവരെ പ്രധാനികളാക്കി രാമ നാരായണൻ 1983 ൽ ‘ഇത് എങ്കനാട് സംവിധാനം ചെയ്തു. 1982-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് പത്മാലയ പിക്ചേഴ്സ് നിർമിച്ച ‘ഇത് എങ്ക നാട്’. സംവിധായകൻ പി സാംബശിവ റാവു. ഘട്ടമനേനി കൃഷ്ണ, ചന്ദ്രമോഹൻ, രാധിക, ശ്രീധർ, ജമുന, കൃഷ്ണകുമാരി, കൈകാല സത്യനാരായണ, അല്ലു രാമലിംഗയ്യ, കൊങ്ങര ജഗ്ഗയ്യ തുടങ്ങിയവർ കഥാപാത്രങ്ങൾ. ഹിന്ദിയിൽ ‘യെ ദേശ്’ 1984-ൽ പുറത്തിറങ്ങി. ടി രാമറാവു സംവിധാനംചെയ്ത് പി മല്ലികാർജുന റാവു നിർമിച്ചു. ജിതേന്ദ്ര (ചന്ദ്ര മോഹൻ ആസാദ്), കമൽഹാസൻ, ഗീത (പാനി) സീനത്ത് അമൻ (സുമതി )എന്നിവർ അഭിനേതാക്കൾ. സംഗീതം ആർ ഡി ബർമൻ. വരികൾ ആനന്ദ് ബക്ഷി. കുമാർ സാനുവിന്റെ ആദ്യ ഗാനവും സൗണ്ട് ട്രാക്കിലുണ്ട്. ഷഷ്ഠിപൂർത്തി വർഷമായ 2014ൽ കമൽഹാസൻ (ജനനം: 1954 നവംബർ ഏഴ്)സ്വന്തം സിനിമാ സപര്യയെ സ്വാധിച്ച 60 രചനകൾ അടിവരയിട്ടതിൽ ‘യെ ദേശ്’ ഉണ്ടായിരുന്നു. വൻ താരനിരയോടൊപ്പം ഇൻസ്പെക്ടർ മാത്തൂർ എന്ന പ്രധാന വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിൽ പെൺപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ആദ്യ രചനകളിലൊന്നാണ് ടി ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജിയോ മൂവീസിന്റെ ബാനറിൽ ഐ വി ശശി സംവിധാനംചെയ്ത ഇന്നല്ലെങ്കിൽ നാളെ(1982). ഫെമിനിസ്റ്റാശയങ്ങൾ ആ നാളുകളിൽ മുളപൊട്ടിയതേയുള്ളൂ. പുരുഷകേന്ദ്രിത അവസ്ഥയിൽ സമൂഹത്തിൽ പ്രണയത്താൽ വഞ്ചിക്കപ്പെട്ട,അവഗണിക്കപ്പെട്ട, പീഡനത്തിനിരയായ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണതിൽ. നിരവധി കഥാതന്തുക്കൾ കോർത്തിണക്കിയ സിനിമ രണ്ടാം പ്രസവം കാത്തിരിക്കുന്ന സുശീല കഴിയുന്ന ആശുപത്രിയിൽ നിന്നാണ് ആരംഭിക്കുന്നത്. ഭർത്താവ് മധുവിനെയും കുടുംബത്തെയും നിരാശരാക്കി അവർ വീണ്ടും മകളെ പ്രസവിക്കുന്നു. ചോരക്കുഞ്ഞിനെ നോക്കുകപോലും ചെയ്യാതെ ആശുപത്രി വിടുന്നതാണ് ഒറ്റ വരി വിശദീകരണം. രതീഷ്, ലാലു അലക്സ്, മമ്മൂട്ടി, വിജയരാഘവൻ, ബാലൻ കെ നായർ, വിൻസെന്റ്, രവീന്ദ്രൻ, ടി ജി രവി,വനിത, സുരേഖ തുടങ്ങിയ നീണ്ട താരനിരയും പ്രത്യേകത.

ചെല്ലമ്മ ജോസഫിന്റെ കഥയും കെ ടി മുഹമ്മദിന്റെ തിരക്കഥയും
പ്രമീള (1966)അപസ്വരങ്ങൾ (1971)വേനൽ (1977)ആഴത്തിൽ അഗ്നി (1979) അനുരാഗം (1980)വെറുതെ കുറെ മഴത്തുള്ളികൾ (1983)തുടങ്ങിയ നോവലുകൾ രചിച്ച ചെല്ലമ്മ ജോസഫിന്റെ കഥയും കെ ടി മുഹമ്മദിന്റെ തിരക്കഥയും ആസ്പദിച്ച് ഭദ്രൻ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ നിർമിച്ചതും ജിയോ കുട്ടപ്പൻ. മധു, മമ്മൂട്ടി, ലക്ഷ്മി, രതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ. വരികൾ പുതിയങ്കം മുരളിയും സംഗീതം ശ്യാമും. ആരോമലേ നിലാവിൽ നീ പാടൂ…,ഇന്ദ്രനീല… എന്നീ ഗാനങ്ങൾ ആലപിച്ചതാകട്ടെ യേശുദാസും. ‘ഉണരൂ’, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ചിത്രീകരണങ്ങൾ ഒരേ സമയത്തായിരുന്നു. ഇരു ചിത്രങ്ങളും പരാജയങ്ങളായി. അത് ജിജോ കുട്ടപ്പനെ ഉലച്ചു. പ്രമുഖ നിർമ്മാതാവും ചാർട്ടേഡ് അക്കൗണ്ടന്റുമായ ജി വെങ്കിശടശ്വര 2003 മെയ് മൂന്നിന് ജീവനൊടുക്കിയതും സിനിമാ സംരംഭങ്ങളിലെ നഷ്ടത്തെത്തുടർന്നുണ്ടായ കനത്ത ബാധ്യത കാരണമാണത്രെ. ചെന്നൈയിലെ ചേത്പുട്ടിലെ ഹാരിങ്ടൺ റോഡിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിവി ഫിലിംസിന്റെയും സുജാത പ്രൊഡക്ഷൻസിന്റെയും പ്രൊമോട്ടറുമായിരുന്ന അദ്ദേഹം മൗനരാഗം , അഗ്നി നച്ചത്തിരം , അഞ്ജലി , ദളപതി തുടങ്ങിയ പ്രശംസ നേടിയ തമിഴ് ചിത്രങ്ങൾ നിർമിക്കുകയുണ്ടായി.
പ്രതിസന്ധികളിലും കലാമൂല്യവും ജനപ്രിയതയും കൈകോർത്തുനിന്ന ചിത്രങ്ങളായിരുന്നു ജിയോ കുട്ടപ്പന്റെ സങ്കൽപ്പങ്ങൾ നിറയെ. കഥാകാരനും നാടകകൃത്തും ചലച്ചിത്ര പ്രവർത്തകനും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത മാനി മുഹമ്മദ് എന്ന കെ എ മുഹമ്മദ് മാനിയുടെ കഥ, തിരക്കഥ,സംഭാഷണം എന്നിവയ്ക്ക് എം കൃഷ്ണൻ നായർ സംവിധാനം ഒരുക്കിയ രജനീഗന്ധി( 1980 ജൂലൈ 11)യും എടുത്തുപറയേണ്ടത്. മധു-, ലക്ഷ്മി-, അടൂർ ഭാസി-, മണവാളൻ ജോസഫ്-, ശ്രീലത – ഭാരതി,പ്രതാപചന്ദ്രൻ-, കുതിരവട്ടം പപ്പു-, പറവൂർ ഭരതൻ- തുടങ്ങിയവർ അഭിനേതാക്കൾ. തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച ശരശയ്യയിലാണ് സത്യൻ അവസാനമായി എത്തിയത്. അദ്ദേഹം 1971 ജൂൺ 15ന് നിര്യാതനായതിനാൽ ജൂലൈ രണ്ടിനായിരുന്നു റിലീസിങ്. മധു, ഷീല, ജയഭാരതി,അടൂർ ഭാസി, എസ് പി പിള്ള, ആലുമ്മൂടൻ, എൻ ഗോവിന്ദൻ കുട്ടി, തോപ്പിൽ കൃഷ്ണപ്പിള്ള എന്നിർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഗാനരചന – വയലാർ രാമവർമയും സംഗീതം – ജി ദേവരാജനും 1971-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ അതിന്റെ വിതരണവും ജിയോ പിക്ചേഴ്സ്.

സിനിമയും ഞാനും: – 70 വർഷങ്ങൾ
ദക്ഷിണേന്ത്യൻ നിർമാതാക്കൾ, വിതരണക്കാർ, പ്രദർശശാല ഉടമകൾ എന്നിവരുടെ സംഘടനയാണ് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ്(എസ്്െഎഎഫ്സിസി). ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെലുങ്ക്, കർണാടക, കേരള ഘടകങ്ങൾ ഉൾക്കൊള്ളുന്ന അത് 1939 ൽ രൂപംകൊണ്ട കാലംതൊട്ട് ജിയോ പിക്ച്ചേഴ്സ് ഭാഗമായിരുന്നു. 1966-ൽ കുട്ടപ്പൻ കേരള ഫിലിം ചേംബർ അധ്യക്ഷനും സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ നിർവാഹകസമിതി അംഗവുമായിരുന്നു. മലയാള സിനിമയുടെ നിർമാണ-‐വിതരണ മേഖലയിലെ ഏഴ് ദശാബ്ദത്തിന്റെ കയറ്റിറക്കങ്ങൾ സമാഹരിച്ചതാണ് 2012 ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘സിനിമയും ഞാനും-: 70 വർഷങ്ങൾ’ എന്ന കൃതി. നിശ്ശബ്ദ സിനിമയുടെ കാലത്തുനിന്ന് ശബ്ദസിനിമയിലേക്കും പിന്നീട് മദിരാശിയിൽ നിന്ന് കേരളത്തിലേക്കുമുള്ള ചുവടുമാറ്റത്തിന്റെയും നേർസാക്ഷ്യമാണ് പുസ്തകം.

ജിയോ പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച സിനിമകൾ സംബന്ധിച്ച വിലപ്പെട്ട ഓർമകൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് പ്രശസ്ത നിരൂപകൻ പ്രേംചന്ദ് മുഖപുസ്തകത്തിൽ പങ്കുവെച്ച അനുസ്മരണക്കുറിപ്പിൽ. മലയാള ചലച്ചിത്ര ചരിത്രത്തോടൊപ്പം സഞ്ചരിച്ച എൻ ജി ജോണിന്റെ ജീവിതവും യാത്രയും വിശദമായി ഓർത്തെടുക്കുകയുമാണ്. നടന്ന ഏത് സിനിമയുടെയും ചരിത്രം ചികഞ്ഞാൽ അതിന്റെ ഓരങ്ങളിൽ നടക്കാതെ പോയ എത്രയോ എണ്ണത്തിന്റെ അദൃശ്യചരിത്രം മറഞ്ഞുകിടപ്പുണ്ടാവുമെന്നും അദ്ദേഹം വിശദീകരിച്ചു. സിനിമ നടത്തിയെടുക്കലിലെ ഏഴ് പതിറ്റാണ്ടിന്റെ ജയപരാജയങ്ങളുടെ അനുഭവമുള്ള അദ്ദേഹത്തിന്റെ ആത്മകഥപോലൊരു രേഖ മലയാളത്തിൽ അപൂർവമാണെന്നും കൂട്ടിച്ചേർത്തു. 1980- കളുടെ അന്ത്യത്തോടെ ജിയോ പിക്ചേഴ്സ് സാമ്പത്തിക ക്ലേശങ്ങളിലകപ്പെട്ടതോടെ നിർമാണ-‐വിതരണ മേഖലകളിൽനിന്ന് പിന്മാറിയ അദ്ദേഹം എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ ഭാര്യയുമൊത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1954-ൽ ജിയോ മൂവീസിന്റെ ചുമതല ഏറ്റെടുത്ത ശേഷം 1984 വരെയുള്ള മൂന്ന് ദശാബ്ദത്തിനുള്ളിൽ 90 സിനിമകൾ വിതരണം ചെയ്തു. ചില തിരിച്ചടികൾ വിടാതെ പിന്തുടർന്നെങ്കിലും പിന്മാറിയിരുന്നില്ല. മദിരാശിയിലെ കോടമ്പക്കം തെന്നിന്ത്യൻ സിനിമാ തലസ്ഥാനമായിരുന്ന കാലം പതുക്കെ അസ്തമിച്ചു. പിന്നെയും പലതിന്റെയും ഉപദേശകനായും ആസൂത്രകനായുമൊക്കെ പിന്നണിയിൽ ഉണ്ടായെങ്കിലും മാറിയ സിനിമ ജിയോ കുട്ടപ്പന്റെ കൈകളിൽനിന്ന് തെന്നിപ്പോയിരുന്നു.







No Comments yet!